ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ എന്‍ഡിആര്‍എഫിന്റെ 20-ാമതു സ്ഥാപക ദിനച്ചടങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.
എന്‍ഡിഐഎമ്മിന്റെ സൗത്ത് കാമ്പസ്, എന്‍ഡിആര്‍എഫിന്റെ പത്താം ബറ്റാലിയന്‍, റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററിന്റെ സുപോള്‍ കാമ്പസ് എന്നിവ ഉള്‍പ്പടെ ഏകദേശം 220 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടിലും ശ്രീ അമിത് ഷാ നിര്‍വ്വഹിച്ചു.
ദുരന്ത നിവാരണ രംഗത്ത് സമീപനം, പ്രവര്‍ത്തനരീതി, ലക്ഷ്യം എന്നീ മൂന്നു വീക്ഷണങ്ങളിലും വിപ്ലവകരമായ മാറ്റങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്നു.
ദുരന്തനിവാരണ രംഗത്ത് ഇന്ത്യ ഇന്ന് ഒരു ആഗോള ശക്തിയായി മാറി.
ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്‍ഡിആര്‍എഫ് അതിന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു.
അത്യാഹിതം ഇല്ലാതാക്കുക എന്ന മോദി സര്‍ക്കാരിന്റെ ലക്ഷ്യം കൈവരിക്കാന്‍ എന്‍ഡിആര്‍എഫ്, എന്‍ഡിഎംഎ, എഐഡിഎം എന്നിവ സമ്പൂര്‍ണ്ണ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
ദുരന്തസമയത്ത് എന്‍ഡിആര്‍എഫ് സംഘം എത്തുന്നത് ആളുകള്‍ക്ക് സുരക്ഷിതത്വബോധം നല്‍കുന്നു.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, സിഡിആര്‍ഐ സ്ഥാപിച്ചതിലൂടെ ദുരന്ത പ്രതിരോധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോക നേതൃനിരയിലേക്ക് ഉയര്‍ന്നു.
ആന്ധ്രാപ്രദേശി
Posted On:
19 JAN 2025 6:01PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ, ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ (NDRF) 20-ാമത് സ്ഥാപക ദിനച്ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങില്‍ ശ്രീ അമിത് ഷാ നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും ഏകദേശം 220 കോടി രൂപയുടെ മറ്റ് പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (NIDM) സൗത്ത് ക്യാമ്പസ്, എന്‍ഡിആര്‍എഫിന്റെ പത്താം ബറ്റാലിയന്‍, സുപോള്‍ കാമ്പസിലെ പ്രാദേശിക പ്രതികരണ കേന്ദ്രം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഹൈദരാബാദിലെ നാഷണല്‍ പോലീസ് അക്കാദമിയില്‍ പുതിയ 'ഇന്റഗ്രേറ്റഡ് ഷൂട്ടിംഗ് റേഞ്ചിന്റെ' തറക്കല്ലിടലും തിരുപ്പതിയിലെ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി കെട്ടിടത്തിന്റെ ഉദ്ഘാടനവും ആഭ്യന്തരമന്ത്രി നിര്‍വഹിച്ചു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ശ്രീ എന്‍. ചന്ദ്രബാബു നായിഡു, കേന്ദ്ര വ്യോമയാന മന്ത്രി ശ്രീ കെ. രാംമോഹന്‍ നായിഡു, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശ്രീ ബന്ദി സഞ്ജയ് കുമാര്‍, ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹന്‍, എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ ശ്രീ പീയൂഷ് ആനന്ദ് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്‍ഡിആര്‍എഫ് രക്ഷാപ്രവര്‍ത്തനത്തിനെത്തും, മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നരേന്ദ്ര മോദി സർക്കാർ സഹായത്തിനെത്തുമെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ തന്റെ പ്രസംഗത്തില്‍ പറഞ്ഞു. 2014 മുതല്‍ 2019 വരെയുള്ള അഞ്ചു വര്‍ഷക്കാലത്ത് സംസ്ഥാനത്തിന്റെ അപാരസാധ്യതകള്‍ക്കു കനത്ത തിരിച്ചടിയായി മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍ ആന്ധ്രാപ്രദേശിനു നേരിടേണ്ടി വന്നു. ഈ കാലയളവിലെ വികസന നഷ്ടം നികത്താനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മുഖ്യമന്ത്രി ശ്രീ എന്‍. ചന്ദ്രബാബു നായിഡുവും ആന്ധ്രാപ്രദേശിന്റെ വളര്‍ച്ച മൂന്നിരട്ടി വേഗത്തിലാണു മുന്നോട്ടു കൊണ്ടുപോകുന്നത്. മികച്ച ഭരണ, സാമ്പത്തിക, വികസന തന്ത്രങ്ങളിലൂടെ സംസ്ഥാനത്തെ മുന്നോട്ടു നയിക്കുന്ന ശ്രീ ചന്ദ്രബാബു നായിഡുവിനെ ശ്രീ അമിത് ഷാ പ്രശംസിക്കുകയും കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ പ്രധാന മന്ത്രി നരേന്ദ്രമോദി മൂന്നു ലക്ഷം കോടി രൂപയുടെ നിക്ഷേപങ്ങളും സഹായവും സാധ്യമാക്കിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റിന്റെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കാനും ആന്ധ്രാപ്രദേശിന്റെ അഭിമാനത്തിന്റെ പ്രതീകമായി അതിന്റെ പദവി നിലനിര്‍ത്താനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി 11,000 കോടി രൂപ അനുവദിക്കുന്നതിന് അടുത്തിടെ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ കാര്യം ശ്രീ ഷാ എടുത്തു പറഞ്ഞു. സംസ്ഥാന തലസ്ഥാനമെന്ന നിലയില്‍, ശ്രീ ചന്ദ്രബാബു നായിഡു വിഭാവനം ചെയ്യുകയും പ്രധാനമന്ത്രി മോദി തറക്കിടില്‍ ചടങ്ങോടെ (ഭൂമി പൂജ) ഉദ്ഘാടനം ചെയ്യുകയും ചെയ്ത, അമരാവതിയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടും അദ്ദേഹം എടുത്തു പറഞ്ഞു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ ഈ സ്വപ്‌ന പദ്ധതിയെ അവഗണിച്ചതിനെ അദ്ദേഹം വിമര്‍ശിച്ചു.
അമരാവതി പദ്ധതിക്ക് ഹഡ്കോയും ലോകബാങ്കും വഴി 27,000 കോടി അനുവദിച്ചുകൊണ്ട് അമരാവതി സംസ്ഥാന തലസ്ഥാനമെന്ന ശ്രീ ചന്ദ്രബാബു നായിഡുവിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ആറ് മാസത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്വരിതപ്പെടുത്തിയെന്ന് അമിത് ഷാ പറഞ്ഞു. പുതിയ റെയില്‍വേ സോണിന് തറക്കല്ലിട്ടിട്ടുണ്ടെന്നും ആന്ധ്രാപ്രദേശിന്റെ ജീവനാഡിയായി കണക്കാക്കുന്ന പോളവാരത്തില്‍ നിന്നുള്ള വെള്ളം 2028-ഓടെ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു. 1,600 കോടി രൂപ ചെലവില്‍ എയിംസ് ആശുപത്രി പദ്ധതിയുടെ തുടക്കവും വിശാഖപട്ടണത്തെ ഹരിത ഹൈഡ്രജന്റെ കേന്ദ്രമാക്കാന്‍ 2 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുന്നതിനെയും ശ്രീ ഷാ പരാമര്‍ശിച്ചു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍, ഏകദേശം 1.2 ലക്ഷം കോടി രൂപയുടെ ഹൈവേ, അടിസ്ഥാന സൗകര്യ പദ്ധതികള്‍ ആന്ധ്രാപ്രദേശിന് അനുവദിച്ച കാര്യവും കേന്ദ്ര ആഭ്യന്തര ,സഹകരണ മന്ത്രി ചൂണ്ടിക്കാട്ടി. ആന്ധ്രാപ്രദേശിന്റെ ദ്രുതഗതിയിലുള്ള വികസനം ഉറപ്പാക്കാന്‍, ചന്ദ്രബാബു നായിഡുവിനൊപ്പം, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദശകത്തില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് (NIDM) വഴി ദുരന്ത നിവാരണ രംഗത്തു കാര്യമായ പുരോഗതി കൈവരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു. ഫലപ്രദമായ ദുരന്തനിവാരണം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍, പോലീസ് സ്റ്റേഷനുകള്‍, എന്‍സിസി, സ്‌കൗട്ട്‌സ് കേഡറ്റുകള്‍ എന്നിവ മുതല്‍ കേന്ദ്രസർക്കാർ വരെ സുഗമമായ ഏകോപനത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ദുരന്തനിവാരണത്തിന്റെ സമീപനത്തിലും പ്രവര്‍ത്തനരീതിയിലും ലക്ഷ്യങ്ങളിലും വിപ്ലവകരമായ മാറ്റം കൊണ്ടുവന്നതിന് പ്രധാനമന്ത്രി മോദിയെ ശ്രീ ഷാ പ്രശംസിച്ചു. മുന്‍കാലങ്ങളിലെ ദുരിതാശ്വാസ കേന്ദ്രീകൃത സമീപനം രക്ഷാകേന്ദ്രീകൃതമായി മാറിയത്, മോദിജി പ്രധാനമന്ത്രിയായ 2014 മുതലുള്ള സമഗ്ര മാറ്റത്തെ രേഖപ്പെടുത്തുന്നു. പ്രതികരണത്തിലുപരി സജീവ ഇടപെടല്‍ തന്ത്രങ്ങളിലൂടെ അത്യാഹിതം ഇല്ലാതാക്കുന്നതിനു പുറമേ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനുള്ള മാറ്റമായി വേണം ഇതിനെ കാണാന്‍. കൂടുതല്‍ ഫലപ്രദമായ ദുരന്തനിവാരണവും ജീവരക്ഷയും ഉറപ്പുവരുത്തുന്നതിലും ഈ ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിലും എന്‍ഡിആര്‍എഫ്, എന്‍ഡിഎംഎ, എന്‍ഐഡിഎം എന്നിവ തമ്മിലുള്ള യോജിപ്പോടെയുള്ള സഹകരണം ശ്രീ ഷാ അംഗീകരിച്ചു.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇന്ത്യയ്ക്കകത്തു മാത്രമല്ല ആഗോളതലത്തില്‍ തന്നെ വിശ്വസനീയമായ ഒരു സംഘടനയായി എന്‍ഡിആര്‍എഫ് സ്ഥാനം ഉറപ്പിച്ചതായി ശ്രീ അമിത് ഷാ പ്രസ്താവിച്ചു. ദുരന്തസമയത്ത് എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എത്തുന്നത് ജനങ്ങള്‍ക്ക് സുരക്ഷിതത്വ ബോധം ഉറപ്പുനല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, രണ്ട് വലിയ കൊടുങ്കാറ്റുകളില്‍ അത്യാഹിതം ഒഴിവാക്കുക എന്ന ലക്ഷ്യം എന്‍ഡിആര്‍എഫ് വിജയകരമായി കൈവരിച്ചതായി അദ്ദേഹം എടുത്തുപറഞ്ഞു. നേപ്പാള്‍, ഇന്തോനേഷ്യ, തുര്‍ക്കി, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ എന്‍ഡിആര്‍എഫിന്റെ ശ്രമങ്ങള്‍ അതത് രാഷ്ട്രത്തലവന്മാര്‍ വ്യാപകമായി അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ടെന്ന് ശ്രീ ഷാ ചൂണ്ടിക്കാട്ടി. എന്‍ഡിആര്‍എഫിന്റെ ദുരന്ത നിവാരണ നയങ്ങൾ പ്രാവര്‍ത്തികമാക്കുന്നത് ഇന്ന് ദുരന്തനിവാരണത്തില്‍ ഇന്ത്യയെ ആഗോള ശക്തിയായി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ദുരന്തനിവാരണത്തിനായി 12-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ച 12500 കോടി രൂപ, 14-ാം ധനകാര്യ കമ്മീഷന്‍ 61000 കോടി രൂപയായി വര്‍ദ്ധിപ്പിച്ചത് ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയാണു കാട്ടുന്നതെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനു കീഴില്‍ ദുരന്ത പ്രതിരോധനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇന്ത്യ ലോക നേതൃനിരയിലേക്ക് ഉയര്‍ന്ന കാര്യം അദ്ദേഹം പരാമര്‍ശിച്ചു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ സ്ഥാപിച്ച സിഡിആര്‍ഐ (Coalition for Disaster Resilient Infrastructure) ക്കു കീഴില്‍ ഇന്ന് 48 രാജ്യങ്ങള്‍ അതിന്റെ അംഗങ്ങളായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആപ്പുകളും വെബ്സൈറ്റുകളും പോര്‍ട്ടലുകളും സൃഷ്ടിച്ച് ദുരന്തനിവാരണ രംഗത്ത് പൊതുജന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ മോദി സര്‍ക്കാര്‍ നടത്തിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ ഈ ആപ്പുകളുമായി ബന്ധിക്കപ്പെട്ടിട്ടുണ്ടെന്നും എല്ലാ ഭാഷകളിലും ആശയവിനിമയം നടത്താന്‍ ഇവയെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഡയല്‍ 112, കോമണ്‍ അലേര്‍ട്ട് പ്രോട്ടോക്കോള്‍ തുടങ്ങിയ സേവനങ്ങള്‍ ജനങ്ങള്‍ക്ക് വലിയ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു. രണ്ട് സ്ഥാപനങ്ങള്‍ കൂടി ഇന്ന് ഇതുമായി ബന്ധപ്പെട്ട് ചേരുമെന്ന് ശ്രീ ഷാ കൂട്ടിച്ചേര്‍ത്തു. ശ്രീ എന്‍. ചന്ദ്രബാബു നായിഡു കേന്ദ്രത്തിന് സൗജന്യമായി ഭൂമി നല്‍കിയിട്ടുണ്ടെന്നും ഇത് എന്‍ഡിആര്‍എഫിന്റെ പത്താം ബറ്റാലിയനും എന്‍ഐഡിഎമ്മിന്റെ ദക്ഷിണേന്ത്യന്‍ ബ്രാഞ്ചും സ്ഥാപിക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം പരാമര്‍ശിച്ചു.
****
(Release ID: 2094426)
Visitor Counter : 12