വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

1994 ലെ കേബിൾ ടെലിവിഷൻ ശൃ൦ഖല നിയമങ്ങളിൽ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയം പ്രധാന ഭേദഗതികൾ അവതരിപ്പിച്ചു

Posted On: 17 JAN 2025 4:21PM by PIB Thiruvananthpuram
പ്രാദേശിക കേബിൾ ഓപ്പറേറ്റർ (എൽ‌സി‌ഒ) രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായി 1994 ലെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് കേന്ദ്ര വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന മാറ്റത്തോടെ LCO രജിസ്ട്രേഷനുകൾ പൂർണ്ണമായും ഓൺലൈനായി നടത്തും.ഇതിന്റെ രജിസ്ട്രേഷൻ അതോറിറ്റി  ഈ മന്ത്രാലയം തന്നെയായിരിക്കും.
 


ആധാർ, പാൻ, സി‌ഐ‌എൻ, ഡി‌ഐ‌എൻ മുതലായവ ഉൾപ്പെടെ, അപേക്ഷകരുടെ വിശദാംശങ്ങൾ വിജയകരമായി പരിശോധിച്ചുറപ്പിച്ചുകഴിഞ്ഞാൽ, എൽ‌സി‌ഒ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തത്സമയം നൽകും. കൂടാതെ, എൽ‌സി‌ഒ രജിസ്ട്രേഷൻ നിഷേധിക്കുന്നതിനെതിരെ അപ്പീൽ നൽകുന്നതിനും രജിസ്ട്രേഷൻ പുതുക്കുന്നതിനുമുള്ള വ്യവസ്ഥയും ചേർത്തിട്ടുണ്ട്.

നേരത്തെ, എൽ‌സി‌ഒയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പ്രാദേശിക ഹെഡ് പോസ്റ്റ് ഓഫീസിൽ ഓഫ്‌ലൈൻ രീതിയിലാണ് എൽ‌സി‌ഒ രജിസ്ട്രേഷൻ പ്രക്രിയ നടത്തിയിരുന്നത് .ഹെഡ് പോസ്റ്റ്മാസ്റ്റർ ആയിരുന്നു രജിസ്ട്രേഷൻ അതോറിറ്റി.നേരിട്ടുള്ള ഇത്തരം രജിസ്ട്രേഷൻ പ്രക്രിയ ബുദ്ധിമുട്ടുള്ളതും സമയമെടുക്കുന്നതുമായിരുന്നു. കൂടാതെ, രജിസ്ട്രേഷൻ സൗകര്യം ലഭിക്കുന്നതിനുള്ള പ്രദേശങ്ങൾ നിശ്ചിത പ്രവർത്തന മേഖലകളിലേക്ക് പരിമിതപ്പെടുത്തിയിരുന്നു.

 LCO രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഭേദഗതി ചെയ്ത നിയമങ്ങളുടെ പ്രധാന സവിശേഷതകൾ ഇവയാണ്:-

• LCO-കൾ മന്ത്രാലയത്തിന്റെ ബ്രോഡ്‌കാസ്റ്റ് സേവാ പോർട്ടലിൽ (www.new.broadcastseva.gov.in) പുതിയ രജിസ്ട്രേഷനോ, രജിസ്ട്രേഷൻ പുതുക്കലിനോ വേണ്ടി ഓൺലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓൺലൈനായി നൽകും.
•LCO രജിസ്ട്രേഷനുകൾ അഞ്ച് വർഷത്തേക്ക് അനുവദിക്കുകയോ പുതുക്കുകയോ ചെയ്യും;
•രജിസ്ട്രേഷനോ പുതുക്കലിനോ ഉള്ള പ്രോസസ്സിംഗ് ഫീസ് അയ്യായിരം രൂപ മാത്രമാണ് ;
•ഇന്ത്യയിലുടനീളമുള്ള പ്രവർത്തനങ്ങൾക്ക് LCO രജിസ്ട്രേഷൻ സാധുതയുള്ളതായിരിക്കും;
•രജിസ്ട്രേഷൻ കാലഹരണപ്പെടുന്നതിന് കുറഞ്ഞത് 90 ദിവസം മുമ്പ് രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം.
• രജിസ്ട്രേഷൻ അല്ലെങ്കിൽ രജിസ്ട്രേഷൻ പുതുക്കൽ നിരസിക്കുന്ന  
തരത്തിൽ രജിസ്റ്ററിങ് അതോറിറ്റിയുടെ, അതായത് നിയുക്ത സെക്ഷൻ ഓഫീസറുടെ
തീരുമാനത്തിനെതിരെ LCO-കൾക്ക് ഉന്നത അതോറിറ്റിയുടെ, അതായത് അണ്ടർ സെക്രട്ടറിയുടെ (DAS) മുമ്പാകെ,  അപേക്ഷ നിരസിച്ചു 30 ദിവസത്തിനകം അപ്പീൽ നൽകാം.

നിലവിലുള്ള LCO രജിസ്ട്രേഷനുകൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ പറഞ്ഞിരിക്കുന്ന കാലയളവിലേക്ക് സാധുതയുള്ളതായി തുടരും. നിലവിലുള്ള LCO രജിസ്ട്രേഷന് 90 ദിവസത്തിൽ താഴെയാണ് സാധുതയുള്ളതെങ്കിൽ, പുതുക്കുന്നതിനായി അവ പോർട്ടലിൽ ഉടനടി സമർപ്പിക്കേണ്ടതാണ്.

രജിസ്ട്രേഷൻ അനുവദിക്കുന്നതിനും പുതുക്കുന്നതിനും വേണ്ടി പോസ്റ്റ് ഓഫീസുകളിൽ സമർപ്പിച്ചിട്ടുള്ളതും, ഇന്ന് വരെ തീർപ്പുകൽപ്പിച്ചിട്ടില്ലാത്തതുമായ അപേക്ഷകൾ പിൻവലിക്കുകയും പോർട്ടലിൽ അപേക്ഷകൾ സമർപ്പിക്കുകയും വേണം.  

സഹായം ആവശ്യമുണ്ടെങ്കിൽ, പോർട്ടലിൽ ലഭ്യമായ ഹെൽപ്പ്‌ലൈൻ നമ്പറുമായി ബന്ധപ്പെടുകയോ lco.das[at]gov[dot]in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയയ്ക്കുകയോ ചെയ്യാം.

അപേക്ഷകരുടെ വിശദാംശങ്ങൾ ഓൺലൈനായി വിജയകരമായി പരിശോധിച്ചതിന് ശേഷം രജിസ്ട്രേഷൻ/പുതുക്കൽ സർട്ടിഫിക്കറ്റ് തത്സമയം സൃഷ്ടിക്കപ്പെടുന്നു.
ബിസിനസ്സ് നടപടികൾ എളുപ്പമാക്കുന്നതിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായാണ് ഈ മാറ്റം.
 
****

(Release ID: 2093823) Visitor Counter : 21