ആഭ്യന്തരകാര്യ മന്ത്രാലയം
ഗുജറാത്തിലെ വഡ്നഗറിൽ അത്യാധുനിക ആർക്കിയോളജിക്കൽ എക്സ്പീരിയൻഷ്യൽ മ്യൂസിയം, പ്രേരണ സമുച്ചയം, വഡ്‌നഗർ കായിക സമുച്ചയം എന്നിവയുടെ ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിർവഹിച്ചു
ചരിത്രവും ഉത്ഖനനവും ഒത്തുചേരുന്ന ലോകത്തിലെ ഏക മ്യൂസിയമാണ് 'ആർക്കിയോളജിക്കൽ എക്സ്പീരിയൻഷ്യൽ മ്യൂസിയം'
Posted On:
16 JAN 2025 6:47PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഗുജറാത്തിലെ വഡ്നഗറിൽ ഇന്ന് ആർക്കിയോളജിക്കൽ എക്സ്പീരിയൻഷ്യൽ മ്യൂസിയം, പ്രേരണ സമുച്ചയം, വഡ്‌നഗർ കായിക സമുച്ചയം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു. വഡ്നഗറിൽ പൈതൃക സമുച്ചയ വികസന പദ്ധതി, നഗര റോഡ് വികസനം, സൗന്ദര്യവൽക്കരണ പരിപാടി എന്നിവയ്ക്കും അദ്ദേഹം അധ്യക്ഷത വഹിച്ചു. ഈ അവസരത്തിൽ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ യാത്രയെക്കുറിച്ചുള്ള ചലച്ചിത്രവും പുറത്തിറക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ചരിത്രവും ഉത്ഖനനവും ഇത്ര സവിശേഷമായ രീതിയിൽ ഒരുമിച്ച് നിലകൊള്ളുന്ന മറ്റൊരു മ്യൂസിയവുമില്ലെന്നും ജനങ്ങൾ ഇവിടം സന്ദർശിക്കണമെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഇന്നു നടന്ന കായിക സമുച്ചയത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ചും ശ്രീ ഷാ പരാമർശിച്ചു. 2036ലെ ഒളിമ്പിക്സ് അഹമ്മദാബാദിൽ നടത്തണമെന്നാണു പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യമെന്നും അപ്പോഴേക്കും വഡ്‌നഗറിലെ കുട്ടികൾ അതിൽ പങ്കെടുക്കാൻ തയ്യാറാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വഡ്‌നഗർ മൂന്ന് മഹത്തായ മതങ്ങളുടെ ആരാധനാ കേന്ദ്രമായിരുന്നു എന്നും, സ്കന്ദപുരാണം മുതൽ ചമത്കർപുർ, അനർത്പുർ, ആനന്ദ്പുർ, വഡ്‌നഗർ വരെയുള്ള വഡ്‌നഗറിന്റെ യാത്രയാകെ ചിത്രങ്ങൾ സഹിതം ഈ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു. ഗുജറാത്തിൽ നിന്ന് മോഷ്ടിക്കപ്പെട്ട മഹിഷാസുര മർദിനിയുടെ പ്രതിമ ഉൾപ്പെടെ ഏകദേശം 350 കലാസൃഷ്ടികൾ, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി വഡ്‌നഗറിനെയും ഗുജറാത്തിനെയും രാജ്യത്തും ലോകമെമ്പാടും പ്രശസ്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


500 വർഷങ്ങൾക്ക് ശേഷം വഡ്‌നഗറിന്റെ ചരിത്രം എഴുതപ്പെടുമ്പോൾ, മോദിജി ഉൾപ്പെടെ നിരവധി മഹദ്‌ചിന്തകരുടെ ജന്മസ്ഥലമായി അത് നിസ്സംശയമായും ഓർമ്മിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 2500 വർഷത്തെ വഡ്‌നഗർ യാത്ര മ്യൂസിയത്തിന്റെ രൂപത്തിൽ സംരക്ഷിക്കാനും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനും കാരണമായത് പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാടാണെന്ന് അദ്ദേഹം പറഞ്ഞു. വഡ്‌നഗറിന്റെ ചരിത്രം ആഗോള ഭൂപടത്തിൽ ഉൾപ്പെടുത്തുന്നതിൽ ഈ മ്യൂസിയം പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദിജിയുടെ സമർപ്പണവും കർമ്മയോഗവും ഭാവിയിൽ ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് വഡ്‌നഗറിനെ ജിജ്ഞാസയുടെയും അറിവിന്റെയും പരിശീലനത്തിന്റെയും കേന്ദ്രമാക്കി മാറ്റുമെന്നും ശ്രീ ഷാ വ്യക്തമാക്കി.
****
(Release ID: 2093717)
Visitor Counter : 38