പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു


പങ്കെടുത്തവര്‍ പത്ത് വിഷയങ്ങളില്‍ എഴുതിയ മികച്ച ലേഖനങ്ങളുടെ സമാഹാരം പ്രധാനമന്ത്രി പ്രകാശനം ചെയ്തു

ഇന്ത്യയുടെ യുവശക്തി ശ്രദ്ധേയമായ പരിവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുന്നു, വികസിത ഇന്ത്യയെ രൂപപ്പെടുത്തുന്നതിന് നമ്മുടെ യുവാക്കളുടെ ഊര്‍ജ്ജവും നൂതന മനോഭാവവും ഒന്നിപ്പിക്കുന്ന പ്രചോദനാത്മകമായ ഒരു വേദിയായി വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് പ്രവര്‍ത്തിക്കുന്നു: പ്രധാനമന്ത്രി

ഇന്ത്യയുടെ യുവശക്തിയുടെ കരുത്ത് ഇന്ത്യയെ വികസിത രാഷ്ട്രമാക്കും: പ്രധാനമന്ത്രി

ഇന്ത്യ നിരവധി മേഖലകളില്‍ അതിന്റെ ലക്ഷ്യങ്ങള്‍ വളരെ മുമ്പേ കൈവരിക്കുന്നു: പ്രധാനമന്ത്രി

ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് രാജ്യത്തെ ഓരോ പൗരന്റെയും സജീവമായ പങ്കാളിത്തവും കൂട്ടായ പരിശ്രമവും ആവശ്യമാണ്: പ്രധാനമന്ത്രി

ഇന്ത്യയിലെ യുവാക്കളുടെ ആശയങ്ങളുടെ വ്യാപ്തി വളരെ വലുതാണ്: പ്രധാനമന്ത്രി

വികസിത ഇന്ത്യ സാമ്പത്തികമായും തന്ത്രപരമായും സാമൂഹികമായും സാംസ്‌കാരികമായും ശാക്തീകരിക്കപ്പെട്ട ഒന്നായിരിക്കും: പ്രധാനമന്ത്രി

ഇന്ത്യയുടെ യുവശക്തി തീര്‍ച്ചയായും വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കും: പ്രധാനമന്ത്രി

Posted On: 12 JAN 2025 4:53PM by PIB Thiruvananthpuram

സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തില്‍ ആഘോഷിക്കുന്ന ദേശീയ യുവജന ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് 2025 ല്‍ പങ്കെടുത്തു. ഇന്ത്യയിലുടനീളമുള്ള 3,000 ഊര്‍ജസ്വലരായ യുവ നേതാക്കളുമായി അദ്ദേഹം സംവദിച്ചു. തദവസരത്തില്‍ സദസ്സിനെ അഭിസംബോധന ചെയ്യവെ, ഭാരതമണ്ഡപത്തിന് ജീവനും ഊര്‍ജവും പകര്‍ന്ന ഇന്ത്യയുടെ യുവത്വത്തിന്റെ ജീവസ്സുറ്റ ഊര്‍ജ്ജത്തെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യത്തെ യുവജനങ്ങളില്‍ അപാരമായ വിശ്വാസമുണ്ടായിരുന്ന സ്വാമി വിവേകാനന്ദനെ രാജ്യം മുഴുവന്‍ സ്മരിക്കുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിംഹങ്ങളെപ്പോലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്ന യുവതലമുറയില്‍ നിന്ന് തന്റെ ശിഷ്യന്മാര്‍ വരുമെന്ന് സ്വാമി വിവേകാനന്ദന്‍ വിശ്വസിച്ചിരുന്നുവെന്നു ശ്രീ. മോദി കൂട്ടിച്ചേര്‍ത്തു. സ്വാമിജി യുവാക്കളെ വിശ്വസിച്ചതുപോലെ സ്വാമിജിയിലും അദ്ദേഹത്തിന്റെ വിശ്വാസങ്ങളിലും തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് അദ്ദേഹം തുടര്‍ന്നുപറഞ്ഞു. യുവത്വത്തെ കുറിച്ചുള്ള സ്വാമിജിയുടെ കാഴ്ചപ്പാടില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വാമി വിവേകാനന്ദന്‍ ഇന്ന് നമുക്കിടയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യുവാക്കളുടെ ചൈതന്യപൂര്‍ണമായ ശക്തിയും സജീവമായ പ്രയത്‌നവും കണ്ട് പുതിയ ആത്മവിശ്വാസം അദ്ദേഹത്തില്‍ നിറയുമായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഭാരത് മണ്ഡപത്തില്‍ ആതിഥേയത്വം വഹിച്ച ജി-20 പരിപാടിയെ അനുസ്മരിച്ചുകൊണ്ട് ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോക നേതാക്കള്‍ ഇതേ വേദിയില്‍ സംഗമിച്ചതായി പരാമര്‍ശിച്ച ശ്രീ മോദി, ഇന്ന് ഇന്ത്യയിലെ യുവാക്കള്‍ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ റോഡ്മാപ്പ് തയ്യാറാക്കുകയാണെന്ന് ഓര്‍മിപ്പിച്ചു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തന്റെ വസതിയില്‍ വെച്ച് യുവ കായികതാരങ്ങളെ കണ്ടതിനെക്കുറിച്ചുള്ള ഒരു കഥ പങ്കുവെച്ചുകൊണ്ട്, ഒരു കായികതാരം 'ലോകത്തിന്, നിങ്ങള്‍ പ്രധാനമന്ത്രിയായേക്കാം, പക്ഷേ ഞങ്ങള്‍ക്ക് നിങ്ങള്‍ പരമമിത്രമാണ്' എന്ന് പറഞ്ഞതു ചൂണ്ടിക്കാട്ടി. സൗഹൃദത്തിലെ ഏറ്റവും ശക്തമായ കണ്ണി വിശ്വാസമാണെന്ന് പ്രസ്താവിച്ച പ്രധാനമന്ത്രി, ഇന്ത്യയിലെ യുവജനങ്ങളുമായുള്ള തന്റെ സൗഹൃദബന്ധം ഊന്നിപ്പറഞ്ഞു. യുവാക്കളിലുള്ള തന്റെ അപാരമായ വിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചു, ഇത് എന്റെ ഭാരതത്തിന്റെ രൂപീകരണത്തിനും വികസിത് ഭാരത് യംഗ് ലീഡര്‍ ഡയലോഗിന്റെ അടിത്തറയ്ക്കും പ്രചോദനമായി. ഇന്ത്യയുടെ യുവാക്കളുടെ കഴിവ് ഉടന്‍ തന്നെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലക്ഷ്യം നിര്‍ണായകമാണ് എന്നും അത് അസാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് യുവാക്കള്‍ തങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ പുരോഗതിയുടെ ചക്രങ്ങള്‍ തിരിക്കുന്നതിനാല്‍, രാജ്യം അതിന്റെ ലക്ഷ്യത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

'ചരിത്രം നമ്മെ പഠിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു' എന്ന് പറഞ്ഞ ശ്രീ മോദി, വലിയ സ്വപ്നങ്ങളും ദൃഢനിശ്ചയങ്ങളുമുള്ള രാജ്യങ്ങളും വിഭാഗങ്ങളും അവരുടെ ലക്ഷ്യങ്ങള്‍ നേടിയ നിരവധി ആഗോള ഉദാഹരണങ്ങള്‍ എടുത്തുകാണിച്ചു. 1930കളില്‍  യുഎസ്എയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണം ഉദ്ധരിച്ച്, അമേരിക്കക്കാര്‍ പുതിയ കരാര്‍ തിരഞ്ഞെടുക്കുകയും അതുവഴി പ്രതിസന്ധി മറികടക്കുക മാത്രമല്ല അവരുടെ വികസനം ത്വരിതപ്പെടുത്തുകയും ചെയ്തുവെന്ന് ഓര്‍മിപ്പിച്ചു. അടിസ്ഥാന ജീവിത പ്രതിസന്ധികള്‍ നേരിട്ടെങ്കിലും അച്ചടക്കത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും ആഗോള സാമ്പത്തിക, വ്യാപാര കേന്ദ്രമായി മാറിയ സിംഗപ്പൂരിനെയും അദ്ദേഹം പരാമര്‍ശിച്ചു. സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭക്ഷ്യപ്രതിസന്ധി എന്നിവയെ തരണം ചെയ്തതുപോലുള്ള സമാന മാതൃകകള്‍ ഇന്ത്യയിലുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയും സമയപരിധിക്കുള്ളില്‍ അവ നേടുകയും ചെയ്യുന്നത് അസാധ്യമല്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. വ്യക്തമായ ലക്ഷ്യമില്ലാതെ ഒന്നും നേടാനാകില്ലെന്നും ഇന്നത്തെ ഇന്ത്യ ഈ ചിന്താഗതിയില്‍ പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.
കഴിഞ്ഞ ദശകത്തില്‍ നിശ്ചയദാര്‍ഢ്യത്തിലൂടെ ലക്ഷ്യങ്ങള്‍ നേടിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ എടുത്തുകാണിച്ചുകൊണ്ട്, തുറസ്സായ മലമൂത്രവിസര്‍ജ്ജന വിമുക്തമാകാന്‍ ഇന്ത്യ തീരുമാനിച്ചുവെന്നും 60 മാസത്തിനുള്ളില്‍ 60 കോടി പൗരന്മാര്‍ ഈ ലക്ഷ്യം നേടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ മിക്കവാറും എല്ലാ കുടുംബങ്ങള്‍ക്കും ഇപ്പോള്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാണെന്നും സ്ത്രീകളുടെ അടുക്കളകളിലെ പുകയില്‍ നിന്ന് മോചിപ്പിക്കുന്നതിന് 100 ദശലക്ഷത്തിലധികം ഗ്യാസ് കണക്ഷനുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നിശ്ചയിച്ചതിനുമുമ്പേ ഇന്ത്യ അതിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നുവെന്ന് സൂചിപ്പിച്ച ശ്രീ മോദി, കോവിഡ് 19 മഹാവ്യാധി സമയത്ത്, ലോകം വാക്‌സിനുകള്‍ക്കായി പോരാടുമ്പോള്‍, ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ സമയത്തിന് മുമ്പായി ഒരു വാക്‌സിന്‍ വികസിപ്പിച്ചെടുത്തുവെന്ന് ഓര്‍മിപ്പിച്ചു. ഇന്ത്യയിലെ എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കാന്‍ മൂന്നുനാലു വര്‍ഷമെടുക്കുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും, റെക്കോര്‍ഡ് സമയത്തിനുള്ളില്‍ രാജ്യം ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിത ഊര്‍ജത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഉദ്ദേശിച്ചതിനേക്കാള്‍ ഒമ്പത് വര്‍ഷം മുമ്പ് പാരീസ് ഉടമ്പടി പ്രതിജ്ഞാബദ്ധത പാലിക്കുന്ന ആദ്യത്തെ രാജ്യമാണ് ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടി. 2030 ഓടെ പെട്രോളില്‍ 20% എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യവും അദ്ദേഹം പരാമര്‍ശിച്ചു, ഇത് സമയപരിധിക്ക് മുമ്പ് ഇന്ത്യ കൈവരിക്കും. ഈ വിജയങ്ങള്‍ ഓരോന്നും പ്രചോദനമായി വര്‍ത്തിക്കുന്നതായും ഇന്ത്യയെ വികസിത രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'വലിയ ലക്ഷ്യങ്ങള്‍ കൈവരിക്കുക എന്നത് ഗവണ്‍മെന്റ് സംവിധാനത്തിന്റെ മാത്രം ഉത്തരവാദിത്തമല്ല, മറിച്ച് എല്ലാ പൗരന്‍മാരുടെയും കൂട്ടായ പ്രയത്‌നം ആവശ്യമാണ്. ക്വിസ്, ഉപന്യാസ മത്സരങ്ങള്‍, അവതരണങ്ങള്‍ എന്നിവയില്‍ പങ്കെടുത്ത യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗ് ഈ പ്രക്രിയയെ ഉയര്‍ത്തിപ്പിടിക്കുന്നതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

വികസിത ഇന്ത്യ എന്ന ലക്ഷ്യം എറ്റെടുത്ത യുവാക്കളെ അദ്ദേഹം അഭിനന്ദിച്ചു. പുറത്തിറക്കിയ ഉപന്യാസഗ്രന്ഥത്തിലും അദ്ദേഹം അവലോകനം ചെയ്ത പത്ത് അവതരണങ്ങളിലും അതു പ്രതിഫലിച്ചിരുന്നു. യുവാക്കളുടെ പരിഹാരങ്ങള്‍ യാഥാര്‍ത്ഥ്യത്തിലും അനുഭവത്തിലും അധിഷ്ഠിതമാണെന്നും അതു രാഷ്ട്രം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള അവരുടെ വിശാലമായ ധാരണ പ്രകടമാക്കുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. വിദഗ്ധര്‍, മന്ത്രിമാര്‍, നയരൂപകര്‍ത്താക്കള്‍ എന്നിവരുമായുള്ള ചര്‍ച്ചകളില്‍ യുവാക്കളുടെ വിപുലമായ ചിന്തയ്ക്കും സജീവ പങ്കാളിത്തത്തിനും അദ്ദേഹം അഭിനന്ദനം അറിയിച്ചു. യുവ നേതാക്കളുടെ സംവാദത്തില്‍ നിന്നുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും ഇനി രാജ്യത്തിന്റെ വികസനത്തിന് വഴികാട്ടുന്ന ദേശീയ നയങ്ങളുടെ ഭാഗമാകുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. യുവാക്കളെ അഭിനന്ദിച്ച അദ്ദേഹം ഒരു ലക്ഷം പുതിയ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള തന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ സജീവമായി പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിച്ചു.
വികസിത ഇന്ത്യയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെക്കുകയും അതിന്റെ സാമ്പത്തികവും തന്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ ശക്തിയെ ഊന്നിപ്പറയുകയും ചെയ്ത പ്രധാനമന്ത്രി, വികസിത ഇന്ത്യയില്‍ സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും തഴച്ചുവളരുമെന്നും നല്ല വിദ്യാഭ്യാസത്തിനും വരുമാനത്തിനും നിരവധി അവസരങ്ങള്‍ പ്രദാനം ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. അവരുടെ സ്വപ്നങ്ങള്‍ക്ക് തുറന്ന ആകാശം നല്‍കിക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ വൈദഗ്ധ്യമുള്ള യുവതൊഴിലാളി ശക്തി ഇന്ത്യയിലുണ്ടാകുമെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാ തീരുമാനങ്ങളും ചുവടുകളും നയങ്ങളും വികസിത ഇന്ത്യ എന്ന കാഴ്ചപ്പാടുമായി യോജിപ്പിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പ്രസ്താവിച്ചു.
വരുന്ന പതിറ്റാണ്ടുകളില്‍ രാജ്യം ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായി തുടരുമെന്നതിനാല്‍, ഇത് ഒരു കുതിച്ചുചാട്ടത്തിനുള്ള ഇന്ത്യയുടെ നിമിഷമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 'ഇന്ത്യയുടെ ജിഡിപി ഗണ്യമായി ഉയര്‍ത്താനുള്ള യുവാക്കളുടെ കഴിവ് ആഗോള ഏജന്‍സികള്‍ തിരിച്ചറിയുന്നു', ശ്രീ മോദി പറഞ്ഞു. യുവത്വത്തിന്റെ ശക്തിയില്‍ വിശ്വസിച്ച മഹര്‍ഷി അരബിന്ദോ, ഗുരുദേവ് ടാഗോര്‍, ഹോമി ജെ. ഭാഭ തുടങ്ങിയ മഹാന്മാരായ ചിന്തകരെ ഉദ്ധരിച്ചുകൊണ്ട്, ഇന്ത്യന്‍ യുവാക്കള്‍ ലോകമെമ്പാടും തങ്ങളുടെ കഴിവ് പ്രദര്‍ശിപ്പിച്ചുകൊണ്ട് പ്രമുഖ ആഗോള കമ്പനികളെ നയിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. അടുത്ത 25 വര്‍ഷമായ 'അമൃത കാലം' നിര്‍ണായകമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, വികസിത ഇന്ത്യയുടെ സ്വപ്നം യുവാക്കള്‍ സാക്ഷാത്കരിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്റ്റാര്‍ട്ടപ്പ് ലോകത്തെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യയെ എത്തിക്കുന്നതിലും ഉല്‍പ്പാദനരംഗത്ത് മുന്നേറുന്നതിലും ഡിജിറ്റല്‍ ഇന്ത്യയെ ആഗോളതലത്തില്‍ ഉയര്‍ത്തുന്നതിലും കായികരംഗത്ത് മികവ് പുലര്‍ത്തുന്നതിലും യുവാക്കളുടെ നേട്ടങ്ങള്‍ അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യന്‍ യുവാക്കള്‍ അസാധ്യമായത് സാധ്യമാക്കുമ്പോള്‍, ഒരു വികസിത ഇന്ത്യ നിസ്സംശയമായും നേടിയെടുക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്നത്തെ യുവാക്കളെ ശാക്തീകരിക്കാനുള്ള ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞ ശ്രീ മോദി, ഓരോ ആഴ്ചയും ഓരോ പുതിയ സര്‍വ്വകലാശാല ഇന്ത്യയില്‍ സ്ഥാപിക്കപ്പെടുമ്പോള്‍ ഓരോ ദിവസവും ഒരു പുതിയ ഐ.ടി.ഐയും കൂടാതെ എല്ലാ മൂന്നാം ദിവസവും ഒരു അടല്‍ ടിങ്കറിംഗ് ലാബ് തുറക്കുകയും ദിവസവും രണ്ട് പുതിയ കോളേജുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. ഇന്ത്യയ്ക്ക് ഇപ്പോള്‍ 23 ഐഐടികളുണ്ടെന്നും കഴിഞ്ഞ ദശകത്തില്‍ ഐഐടികളുടെ എണ്ണം 9ല്‍ നിന്ന് 25 ആയും ഐഐഎമ്മുകളുടെ എണ്ണം 13ല്‍ നിന്ന് 21 ആയും ഉയര്‍ന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ എയിംസുകളുടെ എണ്ണത്തിലുണ്ടായ മൂന്നിരട്ടി വര്‍ധനയും മെഡിക്കല്‍ കോളജുകളുടെ ഇരട്ടിയോളം വര്‍ധനയും അദ്ദേഹം പരാമര്‍ശിച്ചു. ക്യുഎസ് റാങ്കിംഗില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 2014-ല്‍ ഒമ്പത് ആയിരുന്നത് ഇന്ന് നാല്‍പ്പത്തിയാറായി ഉയര്‍ന്നതോടെ, ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അളവിലും ഗുണനിലവാരത്തിലും മികച്ച ഫലങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ശക്തി ഒരു വികസിത ഇന്ത്യയുടെ സുപ്രധാന അടിത്തറയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 '2047-ഓടെ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിന് ദൈനംദിന ലക്ഷ്യങ്ങളും സ്ഥിരമായ പരിശ്രമങ്ങളും ആവശ്യമാണ്', പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ത്യ ഉടന്‍ തന്നെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ ദശകത്തില്‍, 250 ദശലക്ഷം ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും, രാജ്യം മുഴുവന്‍ ഉടന്‍ ദാരിദ്ര്യമുക്തമാകുമെന്നും ശ്രീ മോദി പറഞ്ഞു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 500 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ ശേഷി ഉല്‍പ്പാദിപ്പിക്കാനും 2030 ഓടെ റെയില്‍വേയുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യമാക്കാനുമുള്ള ഇന്ത്യയുടെ ലക്ഷ്യം അദ്ദേഹം എടുത്തുപറഞ്ഞു.

അടുത്ത ദശകത്തില്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക എന്ന മഹത്തായ ലക്ഷ്യത്തെ ഉയര്‍ത്തിക്കാട്ടുകയും അത് നേടാനുള്ള രാജ്യത്തിന്റെ സമര്‍പ്പണത്തെ ഊന്നിപ്പറയുകയും ചെയ്ത പ്രധാനമന്ത്രി, 2035-ഓടെ ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള പദ്ധതികളോടെ ഇന്ത്യ ഒരു ബഹിരാകാശ ശക്തിയായി അതിവേഗം കുതിച്ചുയരുകയാണെന്ന് അഭിപ്രായപ്പെട്ടു. ചന്ദ്രയാന്‍, ഒരു ഇന്ത്യക്കാരനെ ചന്ദ്രനില്‍ ഇറക്കുക എന്ന ആത്യന്തിക ലക്ഷ്യത്തോടെ ഗഗന്‍യാനിനായി നടന്നുകൊണ്ടിരിക്കുന്ന ഒരുക്കങ്ങള്‍ അദ്ദേഹം ഓര്‍മിപ്പിച്ചു. ഇത്തരം ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് 2047ഓടെ വികസിത ഇന്ത്യക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ദൈനംദിന ജീവിതത്തിൽ സാമ്പത്തിക വളർച്ച ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി, സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് അനുകൂല സ്വാധീനം ചെലുത്തുമെന്ന് വ്യക്തമാക്കി. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ ഇന്ത്യ ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും എന്നാൽ കാർഷിക ബജറ്റ് വിഹിതം ഏതാനും ആയിരം കോടി മാത്രമായിരുന്നുവെന്നും അടിസ്ഥാന സൗകര്യ ബജറ്റ് ഒരു ലക്ഷം കോടിയിൽ താഴെയായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അക്കാലത്ത്, മിക്ക ഗ്രാമങ്ങളിലും ശരിയായ റോഡുകൾ ഇല്ലായിരുന്നുവെന്നും ദേശീയ പാതകളുടെയും റെയിൽവേയുടെയും അവസ്ഥ മോശമായിരുന്നുവെന്നും വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന്റെ വലിയൊരു വിഭാഗത്തിന് ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ട് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായപ്പോൾ ഇന്ത്യയുടെ അടിസ്ഥാന സൗകര്യ ബജറ്റ് രണ്ട് ലക്ഷം കോടി രൂപയിൽ താഴെയായിരുന്നുവെന്ന് ശ്രീ മോദി ചൂടിക്കട്ടി. എന്നിരുന്നാലും, റോഡുകൾ, റെയിൽ‌വേകൾ, വിമാനത്താവളങ്ങൾ, കനാലുകൾ, ദരിദ്രർക്കുള്ള ഭവനങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയിൽ രാജ്യം ഗണ്യമായ പുരോഗതി കൈവരിച്ചു. ഇന്ത്യ അതിവേഗം മൂന്ന് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറിയപ്പോൾ, വിമാനത്താവളങ്ങളുടെ എണ്ണം ഇരട്ടിയാവുകയും വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ അവതരിപ്പിക്കപ്പെടുകയും ബുള്ളറ്റ് ട്രെയിൻ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ തുടങ്ങുകയും ചെയ്തതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോളതലത്തിൽ 5G യുടെ ഏറ്റവും വേഗതയേറിയ വ്യാപനം ഇന്ത്യ കൈവരിച്ചുവെന്നും ആയിരക്കണക്കിന് ഗ്രാമപഞ്ചായത്തുകളിലേക്ക് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സൗകര്യം വ്യാപിപ്പിച്ചുവെന്നും 300,000-ത്തിലധികം ഗ്രാമങ്ങളിലേക്ക് റോഡുകൾ നിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്ക് 23 ലക്ഷം കോടി രൂപയുടെ ഈടില്ലാത്ത മുദ്ര വായ്പകൾ നൽകിയതായും ലോകത്തിലെ ഏറ്റവും വലിയ സൗജന്യ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ആരംഭിച്ചതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കൂടാതെ, പ്രതിവർഷം ആയിരക്കണക്കിന് കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതിനുള്ള പദ്ധതി ആരംഭിച്ചതായും ദരിദ്രർക്കായി നാല് കോടി കെട്ടുറപ്പുള്ള വീടുകൾ നിർമ്മിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്പദ്‌വ്യവസ്ഥ വളരുന്നതിനനുസരിച്ച് വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുകയും, കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും, എല്ലാ മേഖലകളിലെയും എല്ലാ വിഭാഗങ്ങൾക്കും വേണ്ടി ചെലവഴിക്കാനുള്ള രാജ്യത്തിന്റെ ശേഷി വർദ്ധിക്കുകയും ചെയ്തതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇന്ത്യ ഇപ്പോൾ ഏകദേശം നാല് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയാണെന്നും രാജ്യത്തിൻറെ ശേഷി ഗണ്യമായി വർധിക്കുന്നുവെന്നും എടുത്തുപറഞ്ഞുകൊണ്ട്, നിലവിലെ അടിസ്ഥാന സൗകര്യ ബജറ്റ് 11 ലക്ഷം കോടി രൂപയിലധികമാണെന്നും, ഒരു ദശാബ്ദം മുമ്പുള്ളതിനേക്കാൾ ഇത് ഏകദേശം ആറ് മടങ്ങ് കൂടുതലാണെന്നും, 2014 ലെ മുഴുവൻ അടിസ്ഥാന സൗകര്യ ബജറ്റിനേക്കാൾ കൂടുതൽ റെയിൽവേയ്ക്കായി മാത്രം ചെലവഴിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, വർദ്ധിച്ച ഈ ബജറ്റ് വിഹിതം  പ്രകടമാണെന്നും, ഭാരത് മണ്ഡപം അതിന് മനോഹരമായ ഒരു ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിലേക്ക് അതിവേഗം നീങ്ങുകയാണ്, ഇത് വികസനവും സൗകര്യങ്ങളും വളരെയധികം വർധിപ്പിക്കും”, ശ്രീ മോദി പറഞ്ഞു. അടുത്ത ദശകത്തിന്റെ അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പത്ത് ട്രില്യൺ ഡോളർ മറികടക്കുമെന്ന് പ്രവചിക്കുകയും അതിൽ അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. സമ്പദ്‌വ്യവസ്ഥ വളരുമ്പോൾ ഉയർന്നുവരുന്ന നിരവധി അവസരങ്ങളെക്കുറിച്ച് യുവാക്കളെ ബോധ്യപ്പെടുത്തിയ അദ്ദേഹം അവരുടെ തലമുറ രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരിവർത്തനത്തിന് കാരണമാകുക മാത്രമല്ല, അതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളാകുകയും ചെയ്യുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യംഗ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുത്തവർ തെളിയിച്ചതുപോലെ, കംഫർട്ട് സോൺ ഒഴിവാക്കി അതിൽനിന്ന് പുറത്തുകടക്കാനും സാഹസികത ഏറ്റെടുക്കാനും, പ്രധാനമന്ത്രി യുവാക്കളെ ഉപദേശിച്ചു. ഈ ജീവിത മന്ത്രം അവരെ വിജയത്തിന്റെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ നിർണായക പങ്കിനെ അടിവരയിട്ടുകൊണ്ട്, യുവാക്കൾ ഈ പ്രമേയം സ്വീകരിക്കുന്നതിൽ പ്രകടമാക്കിയ ഊർജ്ജം, ഉത്സാഹം, സമർപ്പണം എന്നിവയെ ശ്രീ മോദി പ്രശംസിച്ചു. വികസിത ഇന്ത്യയെക്കുറിച്ചുള്ള ആശയങ്ങൾ വിലമതിക്കാനാവാത്തതും ശ്രേഷ്ഠവും ഏറ്റവും മികച്ചതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ആശയങ്ങൾ രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കാനും, ഓരോ ജില്ലയിലെയും ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും മറ്റ് യുവാക്കളെകൂടി വികസിത ഇന്ത്യയുടെ ഊർജവുമായി ബന്ധിപ്പിക്കാനും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു. പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിക്കുകയും എല്ലാവരും ഈ പ്രതിബദ്ധത നിറവേറ്റാനും അതിനായി ജീവിതം സ്വയം സമർപ്പിക്കാനും ആഹ്വാനം ചെയ്യുകയും ചെയ്തു. ദേശീയ യുവജന ദിനത്തിൽ ഇന്ത്യയിലെ എല്ലാ യുവാക്കൾക്കും അദ്ദേഹം ഒരിക്കൽക്കൂടി ഹൃദയംഗമമായ ആശംസകൾ നേർന്നു.

കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര സഹമന്ത്രിമാരായ ശ്രീ ജയന്ത് ചൗധരി, ശ്രീമതി രക്ഷാ ഖഡ്സെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം
ദേശീയ യുവജനോത്സവം പരമ്പരാഗത രീതിയിൽ നടത്തിവന്ന കഴിഞ്ഞ 25 വർഷത്തെ പാരമ്പര്യത്തിൽ മാറ്റംവരുത്തുക എന്നതായിരുന്നു വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിന്റെ ലക്ഷ്യം. രാഷ്ട്രീയ ബന്ധങ്ങളില്ലാത്ത ഒരു ലക്ഷം യുവാക്കളെ രാഷ്ട്രീയത്തിൽ ഉൾപ്പെടുത്താനും വിക്‌സിത് ഭാരതത്തിനായുള്ള അവരുടെ ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് അവർക്ക് ഒരു ദേശീയ വേദി നൽകാനുമുള്ള പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന ആഹ്വാനത്തിന് അനുസൃതമായിട്ടായിരുന്നു പരിപാടി. ഇതുമായിബന്ധപ്പെട്ട് ഈ ദേശീയ യുവജന ദിനത്തിൽ, രാജ്യത്തിന്റെ ഭാവി നേതാക്കളെ പ്രചോദിപ്പിക്കാനും ശാക്തീകരിക്കാനുമായി സംഘടിപ്പിച്ച ഒന്നിലധികം പരിപാടികളിൽ  പ്രധാനമന്ത്രി പങ്കെടുത്തു. ഇന്ത്യയുടെ വികസനത്തിന് നിർണായകമായ തീമാറ്റിക് മേഖലകളെ പ്രതിനിധീകരിക്കുന്ന പവർപോയിന്റ് അവതരണങ്ങൾ പ്രധാനമന്ത്രിയുടെ മുമ്പാകെ നവീന ആശയങ്ങളുള്ള യുവ നേതാക്കൾ അവതരിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായി യുവ നേതാക്കൾ നിർദ്ദേശിച്ച നൂതന ആശയങ്ങളും പരിഹാരങ്ങളും ഈ അവതരണങ്ങളിൽ പ്രതിഫലിച്ചു. പരിപാടിയിൽ പങ്കെടുത്തവർ പത്ത് വിഷയങ്ങളിലും തയ്യാറാക്കിയ മികച്ച ഉപന്യാസങ്ങളുടെ സമാഹാരവും പ്രധാനമന്ത്രി പുറത്തിറക്കി. സാങ്കേതികവിദ്യ, സുസ്ഥിരത, സ്ത്രീ ശാക്തീകരണം, ഉൽപ്പാദനം, കൃഷി തുടങ്ങിയ വൈവിധ്യമാർന്ന മേഖലകൾ ഈ വിഷയങ്ങളിൽ ഉൾപ്പെടുന്നു.

പ്രധാനമന്ത്രി യുവ നേതാക്കളോടൊപ്പം ഉച്ചഭക്ഷണത്തിനായി ചേർന്നതും സവിശേഷമായി. അവരുടെ ആശയങ്ങളും അനുഭവങ്ങളും അഭിലാഷങ്ങളും അദ്ദേഹവുമായി നേരിട്ട് പങ്കിടാൻ അത് യുവാക്കൾക്ക് അവസരം നൽകി. ഇത്തരത്തിലുള്ള വ്യക്തിപരമായ ആശയവിനിമയം ഭരണനിർവ്വഹണത്തിനും യുവാക്കളുടെ അഭിലാഷങ്ങൾക്കും ഇടയിലുള്ള അകൽച്ച കുറയ്ക്കുകയും അവരിൽ ഉത്തരവാദിത്വവും ആഴത്തിലുള്ള ആത്മബോധവും വളർത്തുകയും ചെയ്യും.

ജനുവരി 11 മുതൽ ആരംഭിച്ച പരിപാടിയിൽ, വിവിധ മത്സരങ്ങൾ, പ്രവർത്തനങ്ങൾ, സാംസ്കാരിക, വിഷയാധിഷ്ഠിത അവതരണങ്ങൾ എന്നിവയിൽ യുവ നേതാക്കൾ പങ്കാളികളായി. ഉപദേഷ്ടാക്കളുടെയും ഡൊമെയ്ൻ വിദഗ്ധരുടെയും നേതൃത്വത്തിൽ നടന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഇതിൽ ഉൾപ്പെടുന്നു. ഇന്ത്യയുടെ കലാപരമായ പൈതൃകം പ്രദർശിപ്പിക്കുന്നതിനൊപ്പം അതിന്റെ ആധുനിക രീതിയിലുള്ള പുരോഗതിവെളിവാക്കുന്ന സാംസ്കാരിക പ്രകടനങ്ങളും നടന്നു.

മെറിറ്റ് അടിസ്ഥാനമാക്കി സൂക്ഷ്മമായി തയ്യാറാക്കിയ മൾട്ടി ലെവൽ സെലക്ഷൻ പ്രക്രിയയായ വിക്‌സിത് ഭാരത് ചലഞ്ചിലൂടെയാണ് രാജ്യത്തെ ഏറ്റവും പ്രചോദിതരും ചലനാത്മകരുമായ യുവശബ്ദങ്ങളെ തിരിച്ചറിയുന്നതിനും വിക്‌സിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുക്കുന്നതിനും നൂതനാശയങ്ങൾ അവതരിപ്പിക്കുന്നതിനുമായി രാജ്യത്തുടനീളമുള്ള 3,000 യുവാക്കളെ തിരഞ്ഞെടുത്തത്. 15 മുതൽ 29 വയസ്സ് വരെ പ്രായമുള്ളവർ പങ്കെടുത്ത മൂന്ന് ഘട്ടങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആദ്യ ഘട്ടമായി  എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള യുവാക്കൾക്കായി 12 ഭാഷകളിലായി നടത്തിയ വിക്‌സിത് ഭാരത് ക്വിസിൽ, ഏകദേശം 30 ലക്ഷം യുവാക്കൾ പങ്കെടുത്തു. ഇതിൽ യോഗ്യതനേടിയവർ രണ്ടാം ഘട്ടമായ ഉപന്യാസ റൗണ്ടിലേക്ക് കടന്നു. ഈ ഘട്ടത്തിൽ  "വിക്‌സിത് ഭാരത്" എന്ന ദർശനം സാക്ഷാത്കരിക്കുന്നതിന് നിർണായകമായ പത്ത് സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ആശയങ്ങളാണ് അവർ അവതരിപ്പിച്ചത്. അതിൽ 2 ലക്ഷത്തിലധികം ഉപന്യാസങ്ങൾ സമർപ്പിക്കപ്പെട്ടു. മൂന്നാം ഘട്ടമായ സംസ്ഥാന റൗണ്ടുകളിൽ, ഓരോ വിഷയത്തിനും 25 മത്സരാർത്ഥികൾ കർശനമായ വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യതനേടി. ഓരോ സംസ്ഥാനവും ഓരോ ട്രാക്കിൽ നിന്നും മികച്ച മൂന്ന് പങ്കാളികളെ കണ്ടെത്തികൊണ്ട് ഡൽഹിയിൽ നടക്കുന്ന ദേശീയ പരിപാടിക്കായി മികച്ച ടീമുകൾ രൂപീകരിച്ചു.

സംസ്ഥാന ചാമ്പ്യൻഷിപ്പുകളിൽ നിന്നുള്ള മികച്ച 500 ടീമുകളെ പ്രതിനിധീകരിച്ചുകൊണ്ട്  വിക്‌സിത് ഭാരത് ചലഞ്ച് ട്രാക്കിൽ നിന്ന് 1,500 പേർ; സംസ്ഥാനതല യുവജനോത്സവങ്ങൾ, സാംസ്കാരിക പരിപാടികൾ, ശാസ്ത്ര സാങ്കേതിക മേഖലയിലെ നവീകരണത്തെക്കുറിച്ചുള്ള പ്രദർശനങ്ങൾ എന്നിവയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പരമ്പരാഗത ട്രാക്കിൽ നിന്ന് 1,000 പേർ; വിവിധ മേഖലകളിൽ വിപ്ലവകരമായ സംഭാവനകൾ കാഴ്ചവെച്ച, ക്ഷണിക്കപ്പെട്ട 500 പാത്ത്ബ്രേക്കർമാർ എന്നിവർ ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിൽ പങ്കെടുത്തു.

-SK-

(Release ID: 2092307) Visitor Counter : 23