സാംസ്‌കാരിക മന്ത്രാലയം
പ്രയാഗ്‌രാജില്‍ നടക്കുന്ന ഹരിത കുംഭമേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന് ഊന്നല്‍ നല്‍കി ആയിരത്തിലധികം പരിസ്ഥിതി സംരക്ഷകരെ അണിനിരത്തും
മഹാകുംഭമേളയുടെ ബോധവത്കരണത്തിനായി പ്രയാഗ്‌രാജ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്വച്ഛതാ രഥ യാത്ര സംഘടിപ്പിച്ചു; ശുചിത്വ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിന് തെരുവു നാടകങ്ങളും സംഗീത പരിപാടികളും അവതരിപ്പിച്ചു.
Posted On:
07 JAN 2025 5:28PM by PIB Thiruvananthpuram
സംസ്‌കാരത്തിനും ആത്മീയതയ്ക്കും ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ ശക്തമായ വിവരണമാണ് പ്രയാഗ്‌രാജിലെ മഹാകുംഭ മേളയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ജനുവരി 31-ന് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള 1000 ലധികം പരിസ്ഥിതി-ജല സംരക്ഷണ പ്രവര്‍ത്തകര്‍ ഒത്തുകൂടുന്ന ഹരിത മഹാകുംഭ മേളയ്ക്ക് നഗരം ആതിഥ്യം വഹിക്കും. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ രക്ഷാധികാരിയായി സേവനമനുഷ്ഠിക്കുന്ന ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിക്കുന്ന ഗ്യാന്‍ മഹാകുംഭ്-2081 ന്റെ ഭാഗമാണ് ഈ അതുല്ല്യ സംഭവം.
ഹരിത മഹാകുഭ മേളയുടെ ഭാഗമായി പ്രകൃതി, പരിസ്ഥിതി, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ദേശീയതലത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കും. അഞ്ച് പ്രകൃതി ശക്തികളുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനും അവ നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുമുള്ള കാഴ്ചപ്പാടുകളും അനുഭവങ്ങളും വിദഗ്ധര്‍ പങ്കുവയ്ക്കും. കൂടാതെ, മഹാകുഭമേളയ്‌ക്കെത്തുന്നവരില്‍ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങളും ഇതിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും ചര്‍ച്ചാ വിഷയമാകും.
ശുചിത്വമുള്ള മഹാകുംഭ മേള എന്ന കാഴ്ച്ചപ്പാട് പിന്തുടര്‍ന്ന്, ഈ ചരിത്ര സംഭവത്തിന്റെ വിജയത്തിനായി സര്‍ക്കാര്‍ ഏജന്‍സികളും ജനപ്രതിനിധികളും തദ്ദേശവാസികളും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു. ഈ ഉദ്യമത്തിന്റെ ഭാഗമായി, ശുചിത്വം പ്രോത്സാഹിപ്പിക്കുന്നതിനും പൊതു അവബോധം വളര്‍ത്തുന്നതിനും പ്രയാഗ്‌രാജില്‍ ആരംഭിച്ച സ്വച്ഛത രഥയാത്രയില്‍ വലിയ തോതിലുള്ള ജനപങ്കാളിത്തം ദൃശ്യമായിരുന്നു.
മഹാകുംഭ മേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പ്രയാഗ്‌രാജിന്റെ ശുചിത്വ സ്വഭാവം പ്രതിഫലിപ്പിക്കുന്നതിനാണ് സ്വച്ഛത രഥയാത്ര ആരംഭിച്ചത്. മഹാകുംഭ് നഗറിലേക്കുള്ള പാത നഗരത്തിലൂടെ കടന്നു പോകുന്നതിനാല്‍, ഈ മഹത്തായ പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്നു പ്രതീക്ഷിക്കുന്ന ദശലക്ഷക്കണക്കിനു സന്ദര്‍ശകര്‍ക്കായി തനതു പരിസ്ഥിതി നിലനിര്‍ത്താന്‍ ഈ ഉദ്യമം ലക്ഷ്യമിടുന്നു.. പരിപാടിക്ക് പ്രാദേശിക ജനങ്ങളില്‍ നിന്ന് ആവേശകരമായ പിന്തുണ ലഭിച്ചു, നിരവധി പേര്‍ സജീവമായി പങ്കെടുത്തു.
നനഞ്ഞത്, ഉണങ്ങിയത് എന്നിങ്ങനെ മാലിന്യങ്ങള്‍ ശരിയായി തരംതിരിച്ച് പ്രത്യേകം ചവറ്റുകുട്ടകളില്‍ നിക്ഷേപിക്കുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിവിധ വര്‍ണ്ണങ്ങളിലുള്ള ചവറ്റുകുട്ടകള്‍ വഹിച്ചുകൊണ്ടുള്ള തെരുവു നാടകങ്ങളുമായി കലാകാരന്മാര്‍ രഥത്തിനൊപ്പം സഞ്ചരിച്ചു. മഹാകുഭ മേള നടക്കുന്ന അവസരത്തില്‍ ശുചിത്വമുള്ള പ്രയാഗ്‌രാജ് നിലനിര്‍ത്തുന്നതിനുള്ള സന്ദേശങ്ങളുമായി യാത്രയിലുടനീളം ശുചിത്വത്തെ അടിസ്ഥാനമാക്കിയുള്ള സംഗീത പരിപാടികളും അവതരിപ്പിക്കപ്പെട്ടു. നഗരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ തങ്ങളുടെ പങ്കിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് ധാരാളം സഫായി മിത്രകളും (ശുചീകരണ തൊഴിലാളികളും) മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരും സജീവമായി പങ്കെടുത്തു.
SKY
(Release ID: 2091066)
Visitor Counter : 16