ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ സിബിഐ വികസിപ്പിച്ച ഭാരത്പോൾ (BHARATPOL) പോർട്ടൽ ഉദ്ഘാടനം ചെയ്തു

Posted On: 07 JAN 2025 3:42PM by PIB Thiruvananthpuram

ന്യൂ ഡൽഹി, 07 ജനുവരി 2025

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) വികസിപ്പിച്ച ഭാരത്‌പോൾ (BHARATPOL) പോർട്ടലിൻ്റെ ഉദ്ഘാടനം ഇന്ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ നിർവഹിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും അന്വേഷണത്തിലെ മികവിനുള്ള ആഭ്യന്തര മന്ത്രിയുടെ മെഡലും ലഭിച്ച 35 സിബിഐ ഉദ്യോഗസ്ഥർക്ക് ശ്രീ അമിത് ഷാ പോലീസ് മെഡലുകളും സമ്മാനിച്ചു. ഈ അവസരത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, സിബിഐ ഡയറക്ടർ, ഡിഒപിടി സെക്രട്ടറി തുടങ്ങി നിരവധി പ്രമുഖർ സന്നിഹിതരായിരുന്നു.

 

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഭാരത്പോളിൻ്റെ സമാരംഭത്തോടെ അന്താരാഷ്ട്ര അന്വേഷണങ്ങളിൽ  ഇന്ത്യ പുതിയ യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ശ്രീ അമിത് ഷാ തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഭാരത്‌പോളിലൂടെ, ഇന്ത്യയിലെ എല്ലാ ഏജൻസികൾക്കും പോലീസ് സേനയ്ക്കും ഇൻ്റർപോളുമായി പരിധികളില്ലാതെ ബന്ധപ്പെടാനും അതുവഴി അന്വേഷണങ്ങൾ വേഗത്തിലാക്കാനും കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 

 

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഒരു പ്രാദേശിക നേതാവെന്ന നിലയിൽ നിന്ന് ആഗോള നേതാവിലേക്കുള്ള ഇന്ത്യയുടെ പ്രയാണം ശാസ്ത്രീയമായ മാർഗരേഖകളിലൂടെയും   സമയബന്ധിതമായ പരിപാടികളിലൂടെയും രൂപപ്പെടുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ പാതയിൽ ഇന്ത്യ മികച്ച മുന്നേറ്റം തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . ആഗോള വെല്ലുവിളികളെ നേരിട്ട്  മുന്നോട്ട് പോകുമ്പോൾ നമ്മുടെ സംവിധാനങ്ങളും  നവീകരിക്കേണ്ടതിൻ്റെ ആവശ്യകത ശ്രീ ഷാ ഊന്നിപ്പറഞ്ഞു, ഭാരത്പോൾ  ആ ദിശയിലേക്കുള്ള സമയോചിതമായ ചുവടുവയ്പ്പാണ്.

 


ഭാരത്പോളിൻ്റെ അഞ്ച് പ്രധാന മൊഡ്യൂളുകൾ - കണക്റ്റ്, ഇൻ്റർപോൾ നോട്ടീസുകൾ, റഫറൻസുകൾ, ബ്രോഡ്കാസ്റ്റ്, റിസോഴ്‌സുകൾ - നമ്മുടെ  എല്ലാ നിയമ നിർവ്വഹണ ഏജൻസികളെയും പിന്തുണയ്ക്കുന്നതിനുള്ള ഒരു സാങ്കേതിക പ്ലാറ്റ്ഫോം പ്രദാനം ചെയ്യുന്നുവെന്ന് ശ്രീ അമിത് ഷാ പ്രസ്താവിച്ചു. കണക്റ്റിലൂടെ, നമ്മുടെ എല്ലാ നിയമ നിർവ്വഹണ ഏജൻസികളും INTERPOL-ൻ്റെ നാഷണൽ സെൻട്രൽ ബ്യൂറോയുടെ (NCB-New Delhi) ഒരു എക്സ്ടെൻഷൻ ആയി  പ്രവർത്തിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

 

ഇൻറർപോൾ നോട്ടീസുകൾക്കായുള്ള അഭ്യർത്ഥനകൾ വേഗത്തിലും സുരക്ഷിതമായും ഘടനാപരമായും പ്രക്ഷേപണം  ചെയ്യാനും ഇന്ത്യയ്‌ക്കുള്ളിൽ നിന്നും ലോകമെമ്പാടുമുള്ള കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താനുള്ള  ഒരു ശാസ്ത്രീയ സംവിധാനം പ്രാപ്‌തമാക്കാനും ഈ സംവിധാനം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 195 രാജ്യങ്ങളിൽ നിന്നുള്ള ഇൻ്റർപോൾ റഫറൻസുകൾ വിദേശത്തുള്ള അന്വേഷണങ്ങൾക്ക് അന്താരാഷ്ട്ര സഹായം തേടുന്നതും നൽകുന്നതും വളരെ ലളിതമാക്കുമെന്ന് ശ്രീ ഷാ എടുത്തുപറഞ്ഞു.195 രാജ്യങ്ങളിൽ നിന്നുള്ള സഹായത്തിനുള്ള അഭ്യർത്ഥനകൾ ഇപ്പോൾ ബ്രോഡ്കാസ്റ്റ് മൊഡ്യൂളിലൂടെ ഉടൻ ലഭ്യമാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു, അതേസമയം റിസോഴ്‌സസ് മൊഡ്യൂൾ, രേഖകളുടെ കൈമാറ്റവും നിർവ്വഹണ  ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങളും സുഗമമാക്കും.


മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ 'ട്രയൽ ഇൻ അബ്‌സെൻഷ്യ 'എന്ന വ്യവസ്ഥ മോദി സർക്കാർ കൊണ്ടുവന്നിട്ടുണ്ടെന്നും, ന്യായമായ ജുഡീഷ്യൽ നടപടിക്രമം ഉറപ്പാക്കിക്കൊണ്ട്, ഒളിച്ചോടിയ കുറ്റവാളികളെ അവരുടെ അഭാവത്തിൽ പോലും കോടതി ഉത്തരവുകളിലൂടെ പ്രോസിക്യൂട്ട് ചെയ്യാൻ പ്രാപ്തരാക്കുന്നുണ്ടെന്നും ശ്രീ അമിത് ഷാ പറഞ്ഞു.ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കൈമാറുന്നതിനുള്ള നടപടിക്രമം ഈ വ്യവസ്ഥ ലളിതമാക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. ഭാരത്‌പോൾ പോർട്ടലിൻ്റെ കഴിവുകൾക്കൊപ്പം, ഈ പുതിയ നടപടി ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികൾക്ക് ഒളിച്ചോടിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പ്രാപ്തമാക്കുമെന്ന് ശ്രീ ഷാ ഊന്നിപ്പറഞ്ഞു.

 

മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, മനുഷ്യക്കടത്ത്, അതിർത്തി കടന്നുള്ള ഭീകരത തുടങ്ങിയ കുറ്റകൃത്യങ്ങളെ നേരിടുന്നതിൽ പുതിയ സംവിധാനത്തിൻ്റെ പരിവർത്തന സാധ്യതകൾ കേന്ദ്ര ആഭ്യന്തര മന്ത്രി എടുത്തുപറഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ പങ്കുവെക്കുന്നതിലൂടെയും , 195 രാജ്യങ്ങളിലെ നിയമ നിർവ്വഹണ ഏജൻസികളുമായി സഹകരിക്കുന്നതുമൂലവും,  സംസ്ഥാന പോലീസ് സേനയെ ഭാരത് പോൾ ശൃംഖല വളരെയധികം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇൻ്റർപോൾ നോട്ടീസുകളെക്കുറിച്ച് നിയമ നിർവ്വഹണ ഏജൻസികൾക്കിടയിൽ അവബോധം വളർത്തേണ്ടതിൻ്റെയും ഈ സംവിധാനം സ്ഥാപനവൽക്കരിക്കുന്നതിൻ്റെയും പ്രാധാന്യം ശ്രീ അമിത് ഷാ ഊന്നിപ്പറഞ്ഞു. 19 തരം ഇൻ്റർപോൾ ഡാറ്റാബേസുകളിലേക്കുള്ള പ്രവേശനം, ഡാറ്റ വിശകലനം ചെയ്യാനും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കാനും കുറ്റവാളികളെ കൂടുതൽ ഫലപ്രദമായി പിടികൂടാനും യുവ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നതുമാണ്  പ്രധാന നേട്ടങ്ങളിലൊന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.സൈബർ കുറ്റകൃത്യങ്ങളിൽ ഉയർന്നുവരുന്ന വെല്ലുവിളികളെ കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും നേരിടാനുള്ള സംവിധാനത്തിൻ്റെ കഴിവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ സംരംഭത്തെ വിപ്ലവകരം എന്ന് വിശേഷിപ്പിച്ച  ശ്രീ അമിത്ഷാ, അന്വേഷണ പ്രക്രിയകളെ പുനർനിർവചിക്കാനും നിയമപാലകരെ പുതിയ ഉയരങ്ങളിലേക്ക് ഉയർത്താനും ഇതിന്  കഴിയും എന്നും പ്രസ്താവിച്ചു .

LPS/ SKY

 
***************

(Release ID: 2090915) Visitor Counter : 95