ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

രാജ്യത്തെ ശ്വസനസംബന്ധ രോഗങ്ങളുടെ നിലവിലെ അവസ്ഥയും അവയുടെ നിയന്ത്രണത്തിനായുള്ള പൊതുജനാരോഗ്യ നടപടികളുടെ സ്ഥിതിയും വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു

രാജ്യത്ത് ശ്വസനസംബന്ധ രോഗങ്ങളുടെ എണ്ണത്തിൽ ഉയർച്ചയില്ല; ഇത്തരം കേസുകൾ കണ്ടെത്താൻ ശക്തമായ നിരീക്ഷണം

പ്രതിരോധ നടപടികളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

ILI/SARI നിരീക്ഷണം ശക്തിപ്പെടുത്താനും അവലോകനം ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

Posted On: 07 JAN 2025 10:26AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 07 ജനുവരി 2025

ചൈനയിൽ HMPV കേസുകളിൽ ഉയർച്ചയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, ഇന്ത്യയിൽ ശ്വസനസംബന്ധ രോഗങ്ങളുടെ നിലവിലെ അവസ്ഥയും HMPV കേസുകളുടെ നിലയും അവയുടെ നിയന്ത്രണത്തിനുള്ള  പൊതുജനാരോഗ്യ നടപടികളും അവലോകനം ചെയ്യുന്നതിനായി ആരോഗ്യ സെക്രട്ടറി ശ്രീമതി പുണ്യ സലില ശ്രീവാസ്തവ സംസ്ഥാനങ്ങ കേന്ദ്രഭരണ പ്രദേശങ്ങളുമായി വിർച്വൽ യോഗം ചേർന്നു. യോഗത്തിൽ ഡോ. രാജീവ് ബഹൽ (DHR സെക്രട്ടറി), ഡോ. (പ്രൊഫ്.) അതുൽ ഗോയൽ (DGHS), സംസ്ഥാനാരോഗ്യ സെക്രട്ടറിമാർ, ഉദ്യോഗസ്ഥർ, NCDC, IDSP, ICMR, NIV, IDSP സംസ്ഥാന നിരീക്ഷണ യൂണിറ്റുകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർ പങ്കെടുത്തു.

IDSP ഡാറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ ഏതെങ്കിലും ഭാഗത്തും ILI/SARI കേസുകളിൽ അസാധാരണമായ വർധനയുണ്ടെന്ന സൂചനയില്ലെന്ന് യോഗത്തിൽ ആവർത്തിച്ചു. ഇത് ICMR സെന്റിനൽ നിരീക്ഷണ ഡാറ്റയും സ്ഥിരീകരിക്കുന്നു.

2001 മുതൽ ആഗോള തലത്തിൽ നിലവിലുള്ള HMPV പൊതു ജനങ്ങൾക്ക് ആശങ്കയുണ്ടാക്കേണ്ട കാര്യമില്ലെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. ILI/SARI നിരീക്ഷണം ശക്തിപ്പെടുത്താനും അവലോകനം ചെയ്യാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. ശീതകാല മാസങ്ങളിൽ ശ്വസന രോഗങ്ങളിൽ വർധന സാധാരണമാണ് എന്ന് അവർ ആവർത്തിച്ചു പറഞ്ഞു. ഭാവിയിൽ ഉയർച്ചയെ നേരിടാൻ  രാജ്യം സജ്ജമാണെന്നും അവർ വ്യക്തമാക്കി.

ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ് (HMPV) എല്ലാ പ്രായത്തിലുള്ള ആളുകളെയും ബാധിക്കാവുന്ന നിരവധി ശ്വസന വൈറസുകളിൽ ഒന്നാണ്. വൈറസ് ബാധ സാധാരണയായി നേരിയതും സ്വയംസീമിതവുമായ അവസ്ഥയാണ്, കൂടുതൽ കേസുകളും സ്വയം സുഖപ്പെടുന്നു. ICMR-VRDL ലബോറട്ടറികളിൽ പര്യാപ്തമായ ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ ലഭ്യമാണ് എന്ന് അറിയിക്കുന്നു.

സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, കഴുകാത്ത കൈകൾ കൊണ്ട് കണ്ണ്, മൂക്ക്, വായ എന്നിവ തൊടാതിരിക്കുക, രോഗലക്ഷണങ്ങൾ കാണിക്കുന്ന ആളുകളുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും മൂടുക തുടങ്ങിയ ലളിതമായ മാർഗങ്ങൾ ഉപയോഗിച്ചു, വൈറസ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ മാർഗങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വർധിപ്പിക്കുന്നതിനും IEC പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. 
***
LPS

(Release ID: 2090809) Visitor Counter : 117