പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സ്വാഭിമാൻ അപ്പാർട്ടുമെൻ്റുകളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 03 JAN 2025 8:24PM by PIB Thiruvananthpuram

'എല്ലാവർക്കും വീട്' എന്ന തൻ്റെ പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഡൽഹിയിലെ അശോക് വിഹാറിലെ സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റിൽ ഇൻ-സിറ്റു ചേരി പുനരധിവാസ പദ്ധതിക്ക് കീഴിലുള്ള ജുഗ്ഗി ജോപ്രി (ജെജെ) ക്ലസ്റ്ററുകളിലെ താമസക്കാർക്കായി പുതുതായി നിർമ്മിച്ച ഫ്ലാറ്റുകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്ദർശിച്ചു. സ്വാഭിമാൻ അപ്പാർട്ടുമെൻ്റുകളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ മോദി സംവദിച്ചു.

സ്വാഭിമാൻ അപ്പാർട്ട്‌മെൻ്റുകളിലേക്ക് താമസം മാറിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കളുമായുള്ള ഹൃദയസ്‌പർശിയായ സംഭാഷണത്തിനിടെ ഗവൺമെൻ്റിൻ്റെ പാർപ്പിട നിർമ്മാണ ഉദ്യമം കൊണ്ടുവന്ന പരിവർത്തനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു. മുമ്പ് ചേരികളിൽ താമസിച്ചിരുന്നതും ഇപ്പോൾ സ്ഥിര ഭവനങ്ങളുള്ളതുമായ കുടുംബങ്ങളുടെ ജീവിതത്തിലെ മികച്ച മാറ്റങ്ങൾ ആശയവിനിമയത്തിൽ പ്രതിഫലിച്ചു.

"അപ്പോൾ, നിങ്ങൾക്ക് വീട് ലഭിച്ചോ?" ആശയവിനിമയത്തിനിടെ, പ്രധാനമന്ത്രി ഗുണഭോക്താക്കളോട് ചോദിച്ചു. അതിന് ഒരു ഗുണഭോക്താവ് ഇങ്ങനെ പ്രതികരിച്ചു," അതെ, സർ, ഞങ്ങൾക്ക് അത് ലഭിച്ചു. ഞങ്ങൾ അങ്ങയോട് വളരെ നന്ദിയുള്ളവരാണ്, അങ്ങ് ഞങ്ങളെ ഒരു കുടിലിൽ നിന്ന് കൊട്ടാരത്തിലേക്ക് മാറ്റി." തനിക്കൊരു വീടില്ലെന്നും എന്നാൽ നിങ്ങൾക്കെല്ലാവർക്കും ഓരോ വീട്  ലഭിച്ചിരിക്കയാണെന്നും വിനയത്തോടെ പ്രധാനമന്ത്രി പറഞ്ഞു.

ആശയവിനിമയത്തിനിടയിൽ ഒരു ഗുണഭോക്താവ് നന്ദി പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു, "അതെ, സർ, അങ്ങയുടെ പതാക എപ്പോഴും ഉയരത്തിൽ പറക്കട്ടെ, അങ്ങ്  വിജയിച്ചുകൊണ്ടേയിരിക്കട്ടെ." അതിനു മറുപടിയായി ജനങ്ങളുടെ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞുകൊണ്ട്  പ്രധാനമന്ത്രി പ്രതികരിച്ചു, "നമ്മുടെ പതാക ഉയർന്നുനിൽക്കണം, അത് ഉയരത്തിൽ സൂക്ഷിക്കേണ്ടത് നിങ്ങൾ തന്നെയാണ്."  ഇത്രയും വർഷങ്ങളായി ഞങ്ങൾ ശ്രീരാമനെ കാത്തിരിക്കുകയായിരുന്നുവെന്ന്, കഷ്ടപ്പാട് നിറഞ്ഞ ജീവിതം സ്വന്തമായ ഒരു വീട്ടിലേക്ക് മാറിയതിൻ്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് ഗുണഭോക്താവ് പറഞ്ഞു. അതുപോലെ, ഞങ്ങൾ അങ്ങയെ കാത്തിരിക്കുകയായിരുന്നു.  അങ്ങയുടെ  പരിശ്രമത്തിലൂടെ ചേരിയിൽ നിന്ന് ഞങ്ങൾ ഈ കെട്ടിടത്തിലേക്ക് മാറിയിരിക്കുന്നു. ഇതിൽപരം സന്തോഷം ഞങ്ങൾക്ക് എന്ത് വേണം? അങ്ങ് ഞങ്ങളുടെ അടുത്ത് നിൽക്കുന്നത് തന്നെ ഞങ്ങളുടെ ഭാഗ്യമാണ്.

ഒരുമിച്ചാൽ ഈ രാജ്യത്ത് നമുക്ക് വളരെയധികം കാര്യങ്ങൾ നേടാൻ കഴിയുമെന്ന് വിശ്വസിക്കാനുള്ള പ്രചോദനം മറ്റുള്ളവർക്ക്  നൽകണമെന്ന് ഐക്യത്തിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു.

ഇത്തരം ദരിദ്രകുടുംബങ്ങളിലെ കുട്ടികൾ, എളിമയിൽ നിന്ന് തുടങ്ങിയിട്ടും, വിവിധ മേഖലകളിൽ, പ്രത്യേകിച്ച് കായികരംഗത്ത്, രാജ്യത്തിന് അഭിമാനമേകുന്നതെങ്ങനെയെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു. അത്തരം സ്വപ്നങ്ങൾ പിന്തുടരാൻ പ്രധാനമന്ത്രി അവരെ പ്രോത്സാഹിപ്പിച്ചു. ഒരു സൈനികനാകണമെന്ന ആഗ്രഹം പങ്കുവെച്ച ഗുണഭോക്താവിനോട് അതിനു അനുകൂലമായി പ്രധാനമന്ത്രി  പ്രതികരിച്ചു.

ഗുണഭോക്താക്കളോട് അവരുടെ പുതിയ വീടുകളിലെ അഭിലാഷങ്ങളെ കുറിച്ച് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഒരു പെൺകുട്ടി പറഞ്ഞു. എന്താകാനാണ് അവൾ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അധ്യാപിക ആകാനാണ് ആഗ്രഹമെന്ന് അവൾ ആത്മവിശ്വാസത്തോടെ മറുപടി പറഞ്ഞു.

കൂലിപ്പണിക്കാരോ ഓട്ടോറിക്ഷാ ഡ്രൈവർമാരോ ആയി ജോലി ചെയ്യുന്ന കുടുംബങ്ങൾക്ക് ഇപ്പോൾ മികച്ച ഭാവിയ്ക്ക് അവസരമുണ്ടെന്നുള്ള പ്രധാനമന്ത്രിയുടെ പരാമർശം, ചേരിനിവാസികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള സംഭാഷണത്തിലേക്കും കടന്നു.  വരാനിരിക്കുന്ന ഉത്സവങ്ങൾ പുതിയ വീടുകളിൽ എങ്ങനെ ആഘോഷിക്കാനാണ് പദ്ധതിയെന്ന്‌ പ്രധാനമന്ത്രി ചോദിച്ചപ്പോൾ  സമൂഹത്തിൽ ഐക്യവും സന്തോഷവും ഉറപ്പാക്കി കൂട്ടായി ആഘോഷിക്കുമെന്ന് ഗുണഭോക്താക്കൾ പ്രതികരിച്ചു. 

സ്ഥിരമായ വീട് ഇല്ലാത്തവർക്ക്   ഇനിയും ഓരോ വീട് ലഭിക്കുമെന്നത് തൻ്റെ ഉറപ്പാണെന്ന് ആശയവിനിമയം അവസാനിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ആവർത്തിച്ച്  പ്രസ്താവിച്ചു. ഈ രാജ്യത്തെ എല്ലാ പാവപ്പെട്ടവർക്കും അവരുടെ തലയ്ക്ക് മേലെ ഒരു സ്ഥിരമായ മേൽക്കൂര ഉണ്ടായിരിക്കുമെന്ന്  ഗവണ്മെന്റ് ഉറപ്പാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

-SK-

(Release ID: 2090055) Visitor Counter : 33