പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളുമായി സംവദിച്ചു

Posted On: 26 DEC 2024 9:54PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ മൂന്നാമത് വീർബാൽ ദിവസിനോടനുബന്ധിച്ച് രാഷ്ട്രീയ ബാല പുരസ്കാരജേതാക്കളായ 17 പേരുമായി സംവദിച്ചു. ധീരത, നൂതനാശയങ്ങൾ, ശാസ്ത്ര-സാങ്കേതികവിദ്യ, കായികരംഗം, കലാരംഗം എന്നീ മേഖലകളിലാണ് പുരസ്കാരങ്ങൾ നൽകുന്നത്.

മനസിൽതൊട്ടുള്ള ആശയവിനിമയത്തിനിടയിൽ, പ്രധാനമന്ത്രി കുട്ടികളുടെ ജീവിത കഥകൾ കേൾക്കുകയും അവരുടെ ജീവിതത്തിൽ കൂടുതൽ കഠിനാധ്വാനം ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പുസ്തകങ്ങൾ രചിച്ച പെൺകുട്ടിയുമായി സംവദിച്ച അദ്ദേഹം, അവളുടെ പുസ്തകങ്ങൾക്ക് ലഭിച്ച പ്രതികരണത്തെക്കുറിച്ച് ചർച്ച ചെയ്തു. മറ്റുള്ളവർ സ്വന്തമായി പുസ്തകങ്ങൾ എഴുതാൻ തുടങ്ങിയിട്ടുണ്ടെന്ന് പെൺകുട്ടി മറുപടി നൽകി. മറ്റ് കുട്ടികൾക്ക് പ്രചോദനമായതിന് ശ്രീ മോദി അവളെ അഭിനന്ദിച്ചു.

വിവിധ ഭാഷകളിൽ പാടാൻ പ്രാവീണ്യമുള്ള മറ്റൊരു പുരസ്കാര ജേതാവുമായി പ്രധാനമന്ത്രി സംവദിച്ചു. ആ കുട്ടിയുടെ പരിശീലനത്തെക്കുറിച്ച് ശ്രീ മോദി ചോദിച്ചപ്പോൾ, തനിക്ക് ഔപചാരിക പരിശീലനം ലഭിച്ചിട്ടില്ലെന്നും ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, കശ്മീരി എന്നീ നാല് ഭാഷകളിൽ പാടാൻ കഴിയുമെന്നും ബാലൻ മറുപടി നൽകി. തനിക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ടെന്നും പരിപാടികൾ അവതരിപ്പിക്കുമെന്നും കുട്ടി കൂട്ടിച്ചേർത്തു. ബാലന്റെ കഴിവിനെ ശ്രീ മോദി പ്രശംസിച്ചു.

ശ്രീ മോദി യുവ ചെസ്സ് താരവുമായി സംവദിക്കുകയും ആരാണ് ചെസ്സ് കളിക്കാൻ ആ ബാലനെ പഠിപ്പിച്ചതെന്ന് ആരായുകയും ചെയ്തു. തന്റെ പിതാവിൽ നിന്നും യൂട്യൂബ് വീഡിയോകൾ കണ്ടുമാണ് താൻ പഠിച്ചതെന്ന് യുവാവ് മറുപടി നൽകി.

കാർഗിൽ വിജയ് ദിവസിന്റെ 25-ാം വാർഷികം ആഘോഷിക്കാൻ ലഡാക്കിലെ കാർഗിൽ യുദ്ധസ്മാരകത്തിൽ നിന്ന് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലേക്ക് 13 ദിവസം കൊണ്ട് 1251 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ മറ്റൊരു കുട്ടിയുടെ നേട്ടത്തെക്കുറിച്ചും പ്രധാനമന്ത്രി ശ്രവിച്ചു. രണ്ടുവർഷം മുമ്പ്, ‘ആസാദി കാ അമൃത് മഹോത്സവും’ നേതാജി സുബാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാർഷികവും ആഘോഷിക്കുന്നതിനായി മണിപ്പുരിലെ മൊയ്‌റാംഗിലെ ഐഎൻഎ സ്മാരകത്തിൽനിന്ന് ന്യൂഡൽഹിയിലെ ദേശീയ യുദ്ധസ്മാരകത്തിലേക്ക് 32 ദിവസം കൊണ്ട് 2612 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടിയതായും കുട്ടി പറഞ്ഞു. ഒരു ദിവസം പരമാവധി 129.5 കിലോമീറ്റർ സൈക്കിൾ ചവിട്ടിയതായും കുട്ടി പ്രധാനമന്ത്രിയെ അറിയിച്ചു.

സെമി ക്ലാസിക്കൽ നൃത്തരൂപത്തിന്റെ 80 സ്പിന്നുകൾ ഒരു മിനിറ്റിൽ പൂർത്തിയാക്കുകയും ഒരു മിനിറ്റിനുള്ളിൽ 13 സംസ്കൃത ശോകങ്ങൾ ചൊല്ലുകയും ചെയ്ത രണ്ട് അന്താരാഷ്ട്ര റെക്കോർഡുകൾ തനിക്കുണ്ടെന്നു പറഞ്ഞ പെൺകുട്ടിയുമായി ശ്രീ മോദി ആശയവിനിമയം നടത്തി. ഇവ രണ്ടും യൂട്യൂബ് വീഡിയോകൾ കണ്ടാണു പഠിച്ചതെന്നും പെൺകുട്ടി പറഞ്ഞു.

ജൂഡോയിൽ ദേശീയതലത്തിൽ സ്വർണമെഡൽ നേടിയ പെൺകുട്ടിയുമായി സംവദിച്ച പ്രധാനമന്ത്രി, ഒളിമ്പിക്‌സിൽ സ്വർണമെഡൽ നേടാൻ ആഗ്രഹിക്കുന്ന ആ പെൺകുട്ടിക്ക് ആശംസകൾ നേർന്നു.

പാർക്കിൻസൺസ് രോഗം ബാധിച്ചവർക്കായി സ്വയം സ്ഥിരതയുള്ള സ്പൂൺ നിർമിക്കുകയും മസ്തിഷ്ക പ്രായം പ്രവചിക്കുന്ന മാതൃക വികസിപ്പിക്കുകയും ചെയ്ത പെൺകുട്ടിയുമായി ശ്രീ മോദി സംവദിച്ചു. താൻ രണ്ട് വർഷമായി ഈ പ്രവർത്തനത്തിലാണെന്നും വിഷയത്തിൽ കൂടുതൽ ഗവേഷണം നടത്താൻ ഉദ്ദേശിക്കുന്നതായും പെൺകുട്ടി പ്രധാനമന്ത്രിയെ അറിയിച്ചു.

കർണാടക സംഗീതവും സംസ്‌കൃത ശ്ലോകങ്ങളും സമന്വയിപ്പിച്ച് ഹരികഥാ പാരായണത്തിന്റെ നൂറോളം അവതരണങ്ങൾ നടത്തിയ പെൺകുട്ടിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ അഞ്ചു വ്യത്യസ്ത രാജ്യങ്ങളിലായി അഞ്ചു കൊടുമുടികൾ കീഴടക്കിയ യുവ പർവതാരോഹകയോട് സംസാരിച്ച പ്രധാനമന്ത്രി, മറ്റ് രാജ്യങ്ങൾ സന്ദർശിച്ചപ്പോൾ ഒരു ഇന്ത്യക്കാരി എന്ന നിലയിൽ അവളുടെ അനുഭവത്തെക്കുറിച്ച് ആരാഞ്ഞു. ഏവരിൽനിന്നും ഒരുപാട് സ്നേഹവും ഊഷ്മളതയും തനിക്ക് ലഭിച്ചുവെന്ന് പെൺകുട്ടി മറുപടി നൽകി. പെൺകുട്ടികളുടെ ശാക്തീകരണവും ശാരീരിക ക്ഷമതയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് പർവതാരോഹണത്തിന് പിന്നിലെ ലക്ഷ്യമെന്നും അവർ പ്രധാനമന്ത്രിയെ അറിയിച്ചു.

ഈ വർഷം ന്യൂസിലൻഡിൽ നടന്ന റോളർ സ്കേറ്റിംഗിൽ അന്താരാഷ്ട്രതലത്തിൽ സ്വർണ മെഡലും ആറ് ദേശീയ മെഡലുകളും നേടിയ ആർട്ടിസ്റ്റിക് റോളർ സ്കേറ്റിംഗ് നടത്തുന്ന പെൺകുട്ടിയുടെ നേട്ടങ്ങളും ശ്രീ മോദി ശ്രവിച്ചു. ഈ മാസം തായ്‌ലൻഡിൽ നടന്ന മത്സരത്തിൽ സ്വർണമെഡൽ നേടിയ പാരാ അത്‌ലറ്റ് പെൺകുട്ടിയുടെ നേട്ടവും അദ്ദേഹം മനസിലാക്കി. ഭാരോദ്വഹന ചാമ്പ്യൻഷിപ്പിൽ ലോകറെക്കോഡ് സൃഷ്ടിച്ച് സ്വർണമെഡൽ നേടിയ മറ്റൊരു പെൺകുട്ടിയുടെ അനുഭവവും അദ്ദേഹം തുടർന്നു കേട്ടു.

തീപിടിത്തമുണ്ടായ അപ്പാർട്ട്മെന്റിൽ നിരവധി ജീവൻ രക്ഷിക്കാൻ ധീരത കാട്ടിയ മറ്റൊരു പുരസ്കാര ജേതാവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. നീന്തലിനിടെ മുങ്ങിമരിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ രക്ഷിച്ച കൊച്ചുകുട്ടിയെയും അദ്ദേഹം അഭിനന്ദിച്ചു.

ശ്രീ മോദി എല്ലാ യുവാക്കളെയും അഭിനന്ദിക്കുകയും അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ നേരുകയും ചെയ്തു.

***

NK


(Release ID: 2088315) Visitor Counter : 13