ആഭ്യന്തരകാര്യ മന്ത്രാലയം
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന സശസ്ത്ര സീമ ബലിൻ്റെ (എസ്എസ്ബി) 61-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ,കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ആയുഷ്മാൻ കാർഡ്, ബാരക്കുകൾ, സിഎപിഎഫ് ഇ-ഹൗസിംഗ്, സ്കോളർഷിപ്പുകൾ തുടങ്ങിയ പദ്ധതികളിലൂടെ കേന്ദ്ര ഗവൺമെന്റ്, സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ജീവിതം സുഗമമാക്കുന്നു.
Posted On:
20 DEC 2024 5:02PM by PIB Thiruvananthpuram
പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ നടന്ന സശസ്ത്ര സീമാ ബലിൻ്റെ (എസ്എസ്ബി) 61-ാമത് സ്ഥാപക ദിനാഘോഷ ചടങ്ങിൽ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പങ്കെടുത്തു. അഗർത്തലയിലെ സംയോജിത ചെക്ക് പോയിൻ്റും (ഐസിപി) പെട്രാപോളിൽ ബിജിഎഫിൻ്റെ പുതുതായി നിർമ്മിച്ച പാർപ്പിട സമുച്ചയവും കേന്ദ്ര ആഭ്യന്തര മന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിൽ ഡയറക്ടർ (ഐബി), ആഭ്യന്തരമന്ത്രാലയത്തിലെ ബോർഡർ മാനേജ്‌മെൻ്റ് സെക്രട്ടറി, ഡിജി എസ്എസ്ബി തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.
ചടങ്ങിൽ, രാജ്യത്തിൻ്റെ അതിർത്തികൾ സംരക്ഷിക്കുന്നതിനും കിഴക്കൻ മേഖലയിൽ നിന്ന് ഇടത് തീവ്രവാദത്തെ ഇല്ലാതാക്കുന്നതിനും ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാർക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. ഈ ധീര പുത്രന്മാരുടെ ത്യാഗം രാജ്യത്തിന് പുതിയ ജീവിതവും ഊർജവും ഉത്സാഹവും നൽകുന്നതായും രാജ്യം മുഴുവൻ അവരെ ഓർത്ത് അഭിമാനിക്കുന്നതായും ആഭ്യന്തരമന്ത്രി രക്തസാക്ഷികളുടെ കുടുംബങ്ങളോട് പറഞ്ഞു. 61 വർഷത്തിനിടെ 4 പത്മശ്രീ, 1 കീർത്തി ചക്ര, 6 ശൗര്യ ചക്ര, രാഷ്ട്രപതിയുടെ 2 ഗാലൻട്രി മെഡലുകൾ, 25 പോലീസ് ഗാലൻട്രി മെഡലുകൾ, 35 ഗാലൻട്രി മെഡലുകൾ എന്നിവ എസ്എസ്ബിക്ക് ലഭിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. എസ്എസ്‌ബിക്ക് ലഭിച്ച ഈ ദേശീയ ബഹുമതികൾ എസ്എസ്‌ബി ജവാൻമാർ തങ്ങളുടെ ചുമതലകൾ നിർവഹിക്കുന്നതിൽ എത്രത്തോളം ദൃഢനിശ്ചയമുള്ളവരാണെന്നതിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ അതിർത്തി ഗ്രാമങ്ങളുടെ സംസ്‌കാരവും ഭാഷയും സമ്പന്നമായ പൈതൃകവും രാജ്യത്തിൻ്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിൽ സശസ്‌ത്ര സീമ ബൽ അതുല്യമായ പ്രവർത്തനമാണ് നടത്തുന്നതെന്ന് ശ്രി അമിത് ഷാ പറഞ്ഞു. 'സേവനം, സുരക്ഷ, സാഹോദര്യം' എന്ന മുദ്രാവാക്യം,എസ്എസ്ബി തങ്ങളുടെ കടമകളിലൂടെ നിറവേറ്റുന്നതായും അദ്ദേഹം പറഞ്ഞു. നേപ്പാളിനോടും ഭൂട്ടാനോടും ഉള്ള വിശ്വാസത്തിൻ്റെയും പൈതൃകത്തിൻ്റെയും സൗഹൃദത്തിൻ്റെയും പാരമ്പര്യം എസ്എസ്ബി മുന്നോട്ടുകൊണ്ടുപോകുന്നതായും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയി 'ഒരു അതിർത്തി, ഒരു സേന' എന്ന നയം സ്വീകരിച്ചിരുന്നുവെന്നും അതിനുശേഷം നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായുള്ള അതിർത്തിയിലെ ജാഗ്രത, സുരക്ഷ എന്നിവയുടെ ചുമതല എസ്എസ്ബിക്ക് നൽകിയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. 1963-ൽ സ്ഥാപിതമായത് മുതൽ, അതിർത്തി ഗ്രാമങ്ങളിൽ ഇന്ത്യയോട് രാജ്യസ്‌നേഹവും അടുപ്പവും എസ്എസ്ബി സൃഷ്ടിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളും ഭൂട്ടാനുമായുള്ള 2450 കിലോമീറ്റർ ദൈർഘ്യമുള്ള ഇന്ത്യൻ അതിർത്തിയിൽ എസ്എസ്ബി ജവാൻമാർ കാവൽ നിൽക്കുന്നതിനാൽ പൗരന്മാർ അവരുടെ സുരക്ഷയിൽ ഉറപ്പുള്ളവരാണെന്ന് ശ്രീ ഷാ പറഞ്ഞു.
61 വർഷത്തെ മഹത്തായ ചരിത്രം ഉയർത്തിപ്പിടിക്കുന്ന SSB, "സേവനം, സുരക്ഷ, സാഹോദര്യം" എന്ന മുദ്രാവാക്യം രാഷ്ട്രത്തിനായുള്ള സേവന മനോഭാവം, രാഷ്ട്രം ആദ്യം എന്ന ചിന്ത എന്നിവയെ മൂർത്തീകരിക്കുന്നു എന്ന് അമിത് ഷാ പറഞ്ഞു. അതിർത്തിയിലെ മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കടത്ത്, ദേശവിരുദ്ധരുടെ നുഴഞ്ഞുകയറ്റം എന്നിവ എസ്എസ്ബി ജവാൻമാർ വളരെ ക്രിയാത്മകമായി തടഞ്ഞിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. സിആർപിഎഫിൻ്റെയും പ്രാദേശിക പൊലീസ് സേനയുടെയും ഏകോപനത്തോടെ കിഴക്കൻ മേഖല നക്സൽ വിമുക്തമാക്കുന്നതിൽ എസ്എസ്ബി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നാല് പതിറ്റാണ്ടുകൾക്ക് ശേഷം ബിഹാറിനെയും ഝാർഖണ്ഡിനെയും നക്‌സൽ വിമുക്തമാക്കുന്നതിൽ എസ്എസ്ബി നിർണായക പങ്കുവഹിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സിലിഗുരി ഇടനാഴി കിഴക്കൻ ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണെന്നും എസ്എസ്ബിയെ ഇവിടെ വിന്യസിക്കുന്നത് രാജ്യത്തിന് ആകെ ഉറപ്പും ആത്മവിശ്വാസവും നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്ബിയുടെ ജാഗ്രത മൂലം കിഴക്കൻ മേഖലയിൽ വിശ്വാസത്തിൻ്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ നാം വിജയിച്ചതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യയും നേപ്പാളും തമ്മിലുള്ള സൗഹൃദ ബന്ധത്തിൻ്റെ അന്തസ്സിനെ മാനിക്കുമ്പോൾ തന്നെ നോ മാൻസ് ലാൻഡിലെ 1100 ലധികം കയ്യേറ്റങ്ങൾ എസ്എസ്ബി ഇല്ലാതാക്കിയത് വലിയ നേട്ടമാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. അതിർത്തിയിൽ നിന്ന് 15 കിലോമീറ്ററിനുള്ളിൽ ഗവൺമെന്റ് ഭൂമി കയ്യേന്നതിനെതിരെ കഴിഞ്ഞ 3 വർഷമായി എസ് എസ് ബി സഹിഷ്ണുത ഇല്ലാത്ത നയമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ശ്രീ ഷാ പറഞ്ഞു. ഗവൺമെന്റിന്റെ ആയിരക്കണക്കിന് ഏക്കർ ഭൂമി, കയ്യേറ്റത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ എസ്എസ്ബി വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവൺമെന്റ് ഭൂമിയിലെ കൈയേറ്റം ഇല്ലാതാക്കുന്നതിനും മയക്കുമരുന്ന്, ആയുധങ്ങൾ, വന്യജീവി, വനം ഉൽപന്നങ്ങൾ, കള്ളപ്പണം എന്നിവയുടെ കള്ളക്കടത്ത് തടയുന്നതിനും സഹിഷ്ണുതയില്ലാത്ത നയത്തോടെ എസ്എസ്ബി തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. 4,000-ത്തിലധികം കള്ളക്കടത്തുകാരും 16000 കിലോയിലധികം മയക്കുമരുന്നും 208 ആയുധങ്ങളും വൻതോതിൽ വെടിക്കോപ്പുകളും എസ്എസ്ബി പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു. 183 മനുഷ്യക്കടത്തുകാരെ എസ്എസ്ബി അറസ്റ്റ് ചെയ്തതായും 231 പെൺകുട്ടികൾ ഉൾപ്പെടെ 301 ഇരകളെ രക്ഷപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കുന്നതിൽ എസ്എസ്ബി തീർച്ചയായും വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു.
ഭീകരവാദം ബാധിച്ച ജമ്മു കശ്മീരിൽ പോലും SSB പൂർണ്ണ ജാഗ്രതയോടെയാണ് തങ്ങളുടെ കടമ നിർവഹിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ജമ്മു കശ്മീരിൽ എസ്എസ്ബിയെ വിന്യസിച്ചത് എല്ലാ സുരക്ഷാ സേനകൾക്കും വലിയ ഉത്തേജനം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ എസ്എസ്ബി ജവാൻമാർ 19 ലധികം ഭീകരരെ വധിക്കുകയും 14 ഭീകരരെ വിവിധ ദൗത്യങ്ങളിൽ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രി പറഞ്ഞു. കഴിഞ്ഞ 7 വർഷത്തിനിടെ 600-ലധികം മാവോയിസ്റ്റുകളെ SSB അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും 15-ലധികം മാവോയിസ്റ്റുകളെ വധിച്ചതായും SSB യുടെ അടിച്ചമർത്തൽ പ്രവർത്തനങ്ങളുടെ ഭാഗമായി 28 മാവോയിസ്റ്റുകൾ കീഴടങ്ങിയതായും അദ്ദേഹം പറഞ്ഞു.
എസ്എസ്ബിയുടെ ചുമതലകൾ സുരക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗമാവുകയും ദുരന്തസമയത്ത് പൂർണ്ണ സന്നദ്ധതയോടെ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പ്രളയമായാലും ഉരുൾപൊട്ടലായാലും ഈ ജവാന്മാർ തങ്ങളുടെ ജീവൻ പരിഗണിക്കാതെ,ദുരിതബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ നടത്തുകയും രാജ്യത്തെ ജനങ്ങൾക്കൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്‌ബി ജവാന്മാരുടെ നിസ്വാർത്ഥ സേവനവും നിശ്ചയദാർഢ്യവും ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ടെന്നും ഇത് രാജ്യത്തെ ജനങ്ങളുടെ ഹൃദയത്തിൽ എസ്എസ്‌ബിയോട് ശുഭ വികാരം സൃഷ്ടിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവണ്മെന്റ് ആയുഷ്മാൻ കാർഡ്, ബാരക്ക്, സിഎപിഎഫ് ഇ-ഹൗസിംഗ്, സ്കോളർഷിപ്പുകൾ തുടങ്ങിയ പദ്ധതികളിലൂടെ സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ജീവിതം സുഗമമാക്കുകയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 10 വർഷത്തിനിടെ കേന്ദ്ര സായുധ പോലീസ് സേനകളുടെ (സിഎപിഎഫ്) ക്ഷേമത്തിനായി മോദി ഗവൺമെന്റ് 41 ലക്ഷത്തിലധികം ആയുഷ്മാൻ കാർഡുകൾ സൃഷ്ടിച്ചു.അതിലൂടെ 1600 കോടി രൂപ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം 13,000 വീടുകൾ, 113 ബാരക്കുകൾ എന്നിവയും , ഇ-ആവാസ് പോർട്ടലിലൂടെ ആയിരക്കണക്കിന് വീടുകളും അനുവദിച്ചു. ഇതുവരെ 6 ലക്ഷത്തി 31,346 സേനാംഗങ്ങൾക്ക് സിഎപിഎഫ് ഇ-ഹൗസിംഗ് പോർട്ടലിൻ്റെ പ്രയോജനം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കായികരംഗത്തു ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ച എസ്എസ്ബി രാജ്യത്തിന് 72 മെഡലുകൾ നേടിക്കൊടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. തേനീച്ച വളർത്തൽ, കംപ്യൂട്ടർ, മൊബൈൽ റിപ്പയറിംഗ്, ഡ്രൈവിംഗ് തുടങ്ങി നിരവധി മേഖലകളിൽ പരിശീലനം നൽകി അതിർത്തി പ്രദേശങ്ങളിലെ യുവാക്കളെ സ്വയംതൊഴിൽ കണ്ടെത്തുന്നതിന് എസ്എസ്ബിയുടെ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം, നശ മുക്ത് ഭാരത് അഭിയാന് കീഴിൽ, മയക്കുമരുന്നിന്റെ വിപത്തിനെക്കുറിച്ച് 36,000 യുവാക്കളെ ബോധവത്കരിക്കുന്നതിൽ എസ്എസ്ബി വലിയ സംഭാവനയും നൽകി. സിഎപിഎഫ് ന്റെ വൃക്ഷത്തൈ നടീൽ പ്രചാരണ പരിപാടി എസ്എസ്‌ബി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ടെന്നും 2024 നവംബർ 15 വരെ 6 കോടിയിലധികം മരങ്ങൾ നട്ടുപിടിപ്പിച്ച് നമ്മുടെ സിഎപിഎഫ് ജവാൻമാർ ഭൂമി മാതാവിനെ സേവിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
(Release ID: 2086674)
Visitor Counter : 11