പ്രധാനമന്ത്രിയുടെ ഓഫീസ്
ജമ്മു & കശ്മീരിലെ ദ്രാസിൽ കാർഗിൽ വിജയ് ദിവസിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
26 JUL 2024 1:26PM by PIB Thiruvananthpuram
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഈ ശബ്ദം മലകൾക്ക് അപ്പുറവും കേൾക്കണം.
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ലഡാക്കിലെ ലെഫ്റ്റനൻ്റ് ഗവർണർ ബി.ഡി. മിശ്ര ജി, കേന്ദ്രമന്ത്രി സഞ്ജയ് സേത്ത്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, മൂന്ന് സായുധ സേനാ മേധാവികൾ, കാർഗിൽ യുദ്ധകാലത്ത് കരസേനാ മേധാവിയായിരുന്ന ജനറൽ വി. പി. മാലിക് ജി, മുൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡേ ജി, ധീര സൈനികർ, വിരമിച്ച സൈനികർ, അമ്മമാർ, ധീര വനിതകൾ, കാർഗിൽ യുദ്ധത്തിലെ ധീരരായ വീരന്മാരുടെ കുടുംബാംഗങ്ങൾ, ധീര സൈനികരേ, എൻ്റെ പ്രിയപ്പെട്ട നാട്ടുകാരേ,
ഇന്ന് കാർഗിൽ വിജയത്തിൻ്റെ 25 വർഷം തികയുന്നതിന് സാക്ഷ്യം വഹിക്കുകയാണ് ലഡാക്കിലെ ഈ മഹാഭൂമി. രാജ്യത്തിനുവേണ്ടി ചെയ്യുന്ന ത്യാഗങ്ങൾ അനശ്വരമാണെന്ന് കാർഗിൽ വിജയ് ദിവസ് നമ്മെ ഓർമ്മിപ്പിക്കുന്നു. ദിവസങ്ങൾ, മാസങ്ങൾ, വർഷങ്ങൾ, പതിറ്റാണ്ടുകൾ, നൂറ്റാണ്ടുകൾ കടന്നുപോകുന്നു, ഋതുക്കൾ മാറുന്നു, പക്ഷേ രാഷ്ട്ര സംരക്ഷണത്തിനായി ജീവൻ വെടിയുന്നവരുടെ പേരുകൾ മായാതെ നിൽക്കുന്നു. നമ്മുടെ സായുധ സേനയിലെ ധീരരായ വീരന്മാരോട് ഈ രാജ്യം എന്നേക്കും കടപ്പെട്ടിരിക്കുന്നു. ഈ രാഷ്ട്രം അവരോട് നന്ദിയുള്ളവരാണ്.
സുഹൃത്തുക്കളേ,
കാർഗിൽ യുദ്ധസമയത്ത് ഒരു സാധാരണ പൗരനെന്ന നിലയിൽ ഞാൻ നമ്മുടെ സൈനികരുടെ ഇടയിൽ ഉണ്ടായിരുന്നു എന്നത് എൻ്റെ ഭാഗ്യമാണ്. ഇന്ന് ഒരിക്കൽ കൂടി കാർഗിൽ മണ്ണിൽ നിൽക്കുമ്പോൾ സ്വാഭാവികമായും ആ ഓർമ്മകൾ എൻ്റെ മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു. ഇത്രയും ഉയരത്തിൽ നമ്മുടെ സൈന്യം എങ്ങനെയാണ് ഇത്രയും ബുദ്ധിമുട്ടുള്ള യുദ്ധം നടത്തിയതെന്ന് ഞാൻ ഓർക്കുന്നു. രാജ്യത്തിന് വിജയം സമ്മാനിച്ച എല്ലാ ധീര യോദ്ധാക്കളെയും ഞാൻ ആദരപൂർവം അഭിവാദ്യം ചെയ്യുന്നു. കാർഗിലിൽ മാതൃരാജ്യത്തെ സംരക്ഷിക്കാൻ പരമമായ ത്യാഗം സഹിച്ച രക്തസാക്ഷികളെ ഞാൻ നമിക്കുന്നു.
സുഹൃത്തുക്കളേ,
നമ്മൾ കാർഗിൽ യുദ്ധത്തിൽ വിജയിക്കുക മാത്രമല്ല ചെയ്തത്, 'സത്യം, സംയമനം, കഴിവ്' എന്നിവയുടെ അവിശ്വസനീയമായ പ്രകടനമാണ് നാം നൽകിയത്. അക്കാലത്ത് ഭാരതം സമാധാനത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നുവെന്ന് നിങ്ങൾക്കറിയാം. പ്രത്യുപകാരമായി പാകിസ്ഥാൻ ഒരിക്കൽക്കൂടി വിശ്വാസയോഗ്യമല്ലാത്ത മുഖം കാണിച്ചു. എന്നാൽ സത്യത്തിന് മുന്നിൽ അസത്യവും തീവ്രവാദവും തോറ്റു.
സുഹൃത്തുക്കളേ,
പാകിസ്ഥാൻ ഇതുവരെ നടത്തിയ എല്ലാ ദുരുദ്ദേശ്യ ശ്രമങ്ങളിലും പരാജയം നേരിട്ടിട്ടുണ്ട്. എന്നാൽ, പാകിസ്ഥാൻ ചരിത്രത്തിൽ നിന്ന് ഒന്നും പഠിച്ചിട്ടില്ല. ഭീകരവാദത്തെ ആശ്രയിച്ച് പ്രസക്തി നിലനിർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഇന്ന് ഞാൻ സംസാരിക്കുന്നത് തീവ്രവാദത്തിൻ്റെ സൂത്രധാരന്മാർക്ക് എൻ്റെ ശബ്ദം നേരിട്ട് കേൾക്കാൻ കഴിയുന്ന ഒരിടത്ത് നിന്നാണ്. തീവ്രവാദത്തിൻ്റെ രക്ഷാധികാരികളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു, അവരുടെ ദുഷിച്ച പദ്ധതികൾ ഒരിക്കലും വിജയിക്കില്ല. നമ്മുടെ ധീരരായ സൈനികർ പൂർണ്ണ ശക്തിയോടെ തീവ്രവാദത്തെ തകർക്കും, ശത്രുവിന് ഉചിതമായ മറുപടി നൽകും.
സുഹൃത്തുക്കളേ,
ലഡാക്കിലായാലും ജമ്മു കാശ്മീരിലായാലും വികസനത്തിനെതിരായ എല്ലാ വെല്ലുവിളികളെയും ഭാരതം അതിജീവിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഓഗസ്റ്റ് 5 ന്, ആർട്ടിക്കിൾ 370 റദ്ദാക്കിയിട്ട് അഞ്ച് വർഷം തികയും. ഇന്ന്, ജമ്മു കശ്മീർ ഒരു പുതിയ ഭാവിയെക്കുറിച്ച് സംസാരിക്കുകയും വലിയ സ്വപ്നങ്ങൾ കാണുകയും ചെയ്യുന്നു. ജി-20 ആഗോള ഉച്ചകോടിയുടെ സുപ്രധാന യോഗത്തിന് ആതിഥേയത്വം വഹിക്കുന്നതിന് ജമ്മു കശ്മീരിന് അംഗീകാരം ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ജമ്മു കശ്മീർ, ലേ, ലഡാക്ക് എന്നിവിടങ്ങളിലെ ടൂറിസം മേഖലയും അതിവേഗം വളരുകയാണ്. പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ ഒരു സിനിമാ തിയേറ്റർ തുറന്നു. മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് ശ്രീനഗറിൽ താസിയ ഘോഷയാത്ര നടത്തിയത്. ഭൂമിയിലെ നമ്മുടെ പറുദീസ സമാധാനത്തിലേക്കും ഐക്യത്തിലേക്കും അതിവേഗം നീങ്ങുകയാണ്.
സുഹൃത്തുക്കളേ,
ഇന്ന്, ഷിൻകുൻ ലാ ടണലിൻ്റെ നിർമ്മാണം ആരംഭിച്ചതോടെ ലഡാക്കിൽ വികസനത്തിൻ്റെ ഒരു പുതിയ പ്രവാഹം ഒഴുകുകയാണ്. ഈ ഷിൻകുൻ ലാ ടണൽ വഴി എല്ലാ സീസണുകളിലും ലഡാക്ക് രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ തുരങ്കം ലഡാക്കിൻ്റെ വികസനത്തിനും മികച്ച ഭാവിക്കുമുള്ള സാധ്യതകളുടെ പുതിയ പാത തുറക്കും. കഠിനമായ കാലാവസ്ഥ കാരണം ലഡാക്കിലെ ജനങ്ങൾ എത്രമാത്രം ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഷിൻകുൻ ലാ ടണലിൻ്റെ നിർമ്മാണവും ഈ ബുദ്ധിമുട്ടുകൾ കുറയ്ക്കും. ഈ തുരങ്കത്തിൻ്റെ പണി ആരംഭിച്ചതിന് ലഡാക്കിലെ എൻ്റെ സഹോദരീ സഹോദരന്മാരെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
ലഡാക്കിലെ ജനങ്ങളുടെ ക്ഷേമത്തിനാണ് ഞങ്ങൾ എപ്പോഴും മുൻഗണന നൽകുന്നത്. കാർഗിൽ മേഖലയിൽ നിന്നുള്ള നമ്മുടെ പലരും കൊറോണ കാലത്ത് ഇറാനിൽ കുടുങ്ങിയത് ഞാൻ ഓർക്കുന്നു. അവരെ തിരികെ കൊണ്ടുവരാൻ ഞാൻ വ്യക്തിപരമായ തലത്തിൽ കാര്യമായ ശ്രമങ്ങൾ നടത്തി. ഇവരെ ഇറാനിൽ നിന്ന് കൊണ്ടുവന്ന് ജയ്‌സാൽമീറിൽ താമസിപ്പിച്ചു, പൂർണ തൃപ്തികരമായ ആരോഗ്യ റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമാണ് അവരെ വീടുകളിലേക്ക് അയച്ചത്. നിരവധി ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സംതൃപ്തരാണ്. ഇവിടുത്തെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനും ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി ഇന്ത്യാ ഗവൺമെന്റ് തുടർച്ചയായി പ്രവർത്തിക്കുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഡാക്കിൻ്റെ ബജറ്റ് 1,100 കോടി രൂപയിൽ നിന്ന് 6,000 കോടി രൂപയായി ഉയർത്തി. അതായത് ഏകദേശം ആറിരട്ടി വർധന! ഈ പണം ഇപ്പോൾ ലഡാക്കിലെ ജനങ്ങളുടെ വികസനത്തിനും ഇവിടെ സൗകര്യങ്ങൾ വർധിപ്പിക്കാനും ഉപയോഗിക്കുന്നു. റോഡുകൾ, വൈദ്യുതി, വെള്ളം, വിദ്യാഭ്യാസം, വൈദ്യുതി വിതരണം, തൊഴിൽ എന്നിവയിൽ ലഡാക്ക് എല്ലാ ദിശകളിലും, രൂപത്തിലും ഭൂപ്രകൃതിയിലും മാറിക്കൊണ്ടിരിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. ആദ്യമായാണ് സമഗ്രമായ ആസൂത്രണത്തോടെ ഇവിടെ പ്രവർത്തനം നടക്കുന്നത്. ജൽ ജീവൻ മിഷൻ കാരണം ലഡാക്കിലെ 90% കുടുംബങ്ങൾക്കും ഇപ്പോൾ പൈപ്പുകളിലൂടെ കുടിവെള്ളം ലഭ്യമാണ്. ലഡാക്കിലെ യുവാക്കൾക്ക് ഗുണനിലവാരമുള്ള ഉന്നത വിദ്യാഭ്യാസം നൽകുന്നതിനായി സിന്ധു സെൻട്രൽ യൂണിവേഴ്സിറ്റി ഇവിടെ സ്ഥാപിക്കുന്നു. ലഡാക്ക് മേഖലയെ മുഴുവൻ 4ജി നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 13 കിലോമീറ്റർ ദൈർഘ്യമുള്ള സോജില ടണലിൻ്റെ നിർമാണവും പുരോഗമിക്കുകയാണ്. പൂർത്തിയാകുമ്പോൾ, ദേശീയ പാത ഒന്നാം നമ്പർ വഴി എല്ലാ കാലാവസ്ഥയിലും കണക്റ്റിവിറ്റി ഉറപ്പാക്കും.
സുഹൃത്തുക്കളേ,
രാജ്യത്തിൻ്റെ അതിർത്തി പ്രദേശങ്ങളുടെ വികസനത്തിനായി ഞങ്ങൾ അസാധാരണമായ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും വെല്ലുവിളി നിറഞ്ഞ ജോലികൾ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (BRO) ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അഭൂതപൂർവമായ വേഗതയിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 330-ലധികം അടിസ്ഥാന സൗകര്യ പദ്ധതികൾ BRO പൂർത്തിയാക്കി. ലഡാക്കിലെ വികസന പദ്ധതികളും വടക്കുകിഴക്കൻ മേഖലയിലെ സെല ടണൽ പോലുള്ള പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു. ദുഷ്‌കരമായ ഭൂപ്രദേശങ്ങളിലെ വികസനത്തിൻ്റെ ഈ വേഗത ഒരു പുതിയ ഭാരതത്തിൻ്റെ കഴിവും ദിശയും പ്രകടമാക്കുന്നു.
സുഹൃത്തുക്കളേ,
ഇന്നത്തെ ആഗോള സാഹചര്യങ്ങൾ പഴയതിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ, നമ്മുടെ സായുധ സേനകൾ ആയുധങ്ങളിലും ഉപകരണങ്ങളിലും മാത്രമല്ല, അവരുടെ പ്രവർത്തന രീതികളിലും സംവിധാനങ്ങളിലും നവീകരിക്കേണ്ടതുണ്ട്. പതിറ്റാണ്ടുകളായി പ്രതിരോധ മേഖലയിൽ കാര്യമായ പരിഷ്‌കാരങ്ങൾ ആവശ്യമാണെന്ന് രാജ്യത്തിന് തോന്നുന്നു. വർഷങ്ങളായി സൈന്യം തന്നെ ഈ പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ടിരുന്നു. നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ ഇതിന് വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, പ്രതിരോധ മേഖലയിൽ പ്രതിരോധ പരിഷ്‌കരണങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകിയത്. ഈ പരിഷ്കാരങ്ങളുടെ ഫലമായി, ഇന്ന് നമ്മുടെ സായുധ സേന കൂടുതൽ കഴിവുള്ളവരും സ്വയം ആശ്രയിക്കുന്നവരുമാണ്. പ്രതിരോധ സംഭരണത്തിൻ്റെ ഗണ്യമായ ഒരു ഭാഗം ഇപ്പോൾ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന് നൽകുന്നു. പ്രതിരോധരംഗത്തെ ഗവേഷണ വികസന ബജറ്റിൻ്റെ ഇരുപത്തിയഞ്ച് ശതമാനവും സ്വകാര്യമേഖലയ്ക്കായി നീക്കിവച്ചിരിക്കുന്നു. അത്തരം ശ്രമങ്ങൾ കാരണം, ഭാരതത്തിൻ്റെ പ്രതിരോധ ഉൽപ്പാദനം ഇപ്പോൾ 1.25 ലക്ഷം കോടി രൂപ കവിഞ്ഞു. ഒരിക്കൽ ഭാരതം ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്ന രാജ്യമായി കണക്കാക്കപ്പെട്ടിരുന്നു. ഇപ്പോൾ, ഭാരതം ഒരു കയറ്റുമതി രാഷ്ട്രം എന്ന നിലയിൽ അതിൻ്റെ വ്യക്തിത്വം സ്ഥാപിക്കുകയാണ്. 5,000-ത്തിലധികം ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും ഒരു ലിസ്റ്റ് നമ്മുടെ സായുധ സേന തയ്യാറാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്, ഇതുവഴി ഈ 5,000 ഇനങ്ങൾ ഇനി ഇറക്കുമതി ചെയ്യില്ലെന്ന് ഉറപ്പാക്കുന്നു. ഈ നേട്ടത്തിന് സൈനിക നേതൃത്വത്തെ ഞാൻ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളേ,
പ്രതിരോധ മേഖലയിലെ പരിഷ്‌കാരങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് ഇന്ത്യൻ സായുധ സേനയെ അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ സായുധ സേന സമീപ വർഷങ്ങളിൽ ധീരമായ നിരവധി തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. സൈന്യം നടപ്പാക്കിയ ആവശ്യമായ പരിഷ്കാരങ്ങളുടെ ഉദാഹരണമാണ് അഗ്നിപഥ് പദ്ധതി. പതിറ്റാണ്ടുകളായി, സായുധ സേനയെ കൂടുതൽ ചെറുപ്പമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പാർലമെൻ്റിലും നിരവധി കമ്മിറ്റികളിലും നടന്നിട്ടുണ്ട്. ഇന്ത്യൻ സൈനികരുടെ ശരാശരി പ്രായം ആഗോള ശരാശരിയേക്കാൾ കൂടുതലായിരുന്നു എന്നത് നമ്മെയെല്ലാം ആശങ്കപ്പെടുത്തുന്ന കാര്യമാണ്! അതിനാൽ, ഈ വിഷയം വർഷങ്ങളായി നിരവധി കമ്മിറ്റികളിൽ ഉന്നയിക്കപ്പെട്ടു. എന്നിരുന്നാലും, ഈ ദേശീയ സുരക്ഷാ വെല്ലുവിളി പരിഹരിക്കാനുള്ള ഇച്ഛാശക്തി നേരത്തെ കാണിച്ചില്ല. നേതാക്കളെ സല്യൂട്ട് ചെയ്യുകയും പരേഡുകൾ നടത്തുകയും ചെയ്യുക എന്നതാണ് സൈന്യത്തിൻ്റെ അർത്ഥമെന്ന ചിന്താഗതി ചിലർക്ക് ഉണ്ടായിരുന്നിരിക്കാം. ഞങ്ങളെ സംബന്ധിച്ചിടത്തോളം സൈന്യം എന്നാൽ 140 കോടി രാജ്യക്കാരുടെ വിശ്വാസമാണ്; ഞങ്ങളെ സംബന്ധിച്ചിടത്തോളം സൈന്യം എന്നാൽ 140 കോടി രാജ്യക്കാർക്ക് സമാധാനത്തിൻ്റെ ഉറപ്പാണ്; ഞങ്ങളെ സംബന്ധിച്ചിടത്തോളം സൈന്യം എന്നാൽ രാജ്യത്തിൻ്റെ അതിർത്തികളുടെ സുരക്ഷയാണ്.
അഗ്നിപഥ് പദ്ധതിയിലൂടെ രാജ്യം ഈ സുപ്രധാന സ്വപ്നത്തെ അഭിസംബോധന ചെയ്തു. സായുധ സേനയെ ചെറുപ്പമാക്കുകയും സായുധ സേനയെ തുടർച്ചയായി യുദ്ധം ചെയ്യാൻ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് അഗ്നിപഥിൻ്റെ ലക്ഷ്യം. ദൗർഭാഗ്യവശാൽ, വളരെ സൂക്ഷ്മവും സചേതനവുമായ ഈ ദേശീയ സുരക്ഷാ പദ്ധതിയെ ചിലർ രാഷ്ട്രീയ വിഷയമാക്കി മാറ്റി. സൈന്യത്തിലെ ഈ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ചിലർ തങ്ങളുടെ വ്യക്തിപരമായ താൽപ്പര്യങ്ങൾ ഉപയോഗിച്ച് വികല രാഷ്ട്രീയത്തിൽ ഏർപ്പെടുകയാണ്. ആയിരക്കണക്കിന് കോടികളുടെ കുംഭകോണം നടത്തി നമ്മുടെ സായുധ സേനയെ ദുർബലപ്പെടുത്തിയതും ഇവരാണ്. വ്യോമസേനയ്ക്ക് ആധുനിക യുദ്ധവിമാനങ്ങൾ ലഭിക്കണമെന്ന് ഒരിക്കലും ആഗ്രഹിക്കാത്ത ആളുകളാണ് ഇവർ. തേജസ് യുദ്ധവിമാനത്തിന് തിരശ്ശീലയിടാൻ തയ്യാറായതും ഇവർ തന്നെയാണ്.
സുഹൃത്തുക്കളേ,
അഗ്‌നിപഥ് പദ്ധതി രാജ്യത്തെ ശക്തിപ്പെടുത്തും, മാതൃരാജ്യത്തെ സേവിക്കാൻ കഴിവുള്ള യുവാക്കളും മുന്നോട്ട് വരും എന്നതാണ് സത്യം. സ്വകാര്യമേഖലയിലും അർധസൈനിക വിഭാഗത്തിലും അഗ്നിവീരന്മാർക്ക് മുൻഗണന നൽകുമെന്ന് പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ചിലരുടെ ധാരണയ്ക്കും ചിന്തയ്ക്കും എന്ത് സംഭവിച്ചു എന്നതിൽ ഞാൻ ആശ്ചര്യപ്പെടുന്നു. പെൻഷൻ തുക ലാഭിക്കാനാണ് സർക്കാർ ഈ പദ്ധതി കൊണ്ടുവന്നതെന്ന തെറ്റിദ്ധാരണയാണ് ഇവർ പ്രചരിപ്പിക്കുന്നത്. അത്തരം ചിന്തകളിൽ എനിക്ക് ലജ്ജ തോന്നുന്നു, എന്നാൽ ഇന്ന് മോദിയുടെ കാലത്ത് റിക്രൂട്ട് ചെയ്ത ഒരാൾക്ക് പെൻഷൻ ഉടൻ നൽകേണ്ടതുണ്ടോ എന്ന് ഇത്തരക്കാരോട് ചോദിക്കണം. 30 വർഷം കഴിഞ്ഞാൽ പെൻഷൻ നൽകണമെന്ന ആവശ്യം ഉയരും. അപ്പോഴേക്കും മോദിക്ക് 105 വയസ്സ് തികയും, അപ്പോഴും മോദി അധികാരത്തിലിരിക്കുമോ? 105 വയസ്സ് തികയുമ്പോഴും 30 വർഷത്തിന് ശേഷം പെൻഷൻ ലഭിക്കുമ്പോഴും മോദി ഭരിക്കുമോ? 30 വർഷങ്ങൾക്ക് ശേഷം ചെയ്യാൻ പോകുന്ന ഒരു കാര്യത്തിന് ഇന്ന് കുറ്റപ്പെടുത്തുന്ന രാഷ്ട്രീയക്കാരനാണോ മോദി? നിങ്ങൾ എന്താണ് ചെയ്യുന്നത്? എന്നാൽ സുഹൃത്തുക്കളേ, എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രം ഏത് പാർട്ടിക്കും മുന്നിലാണ്. സുഹൃത്തുക്കളേ, സായുധ സേനയുടെ തീരുമാനങ്ങളെ ഞങ്ങൾ മാനിച്ചുവെന്ന് ഞാൻ ഇന്ന് അഭിമാനത്തോടെ പറയുന്നു. ഞാൻ മുമ്പ് പറഞ്ഞതുപോലെ, നമ്മൾ പ്രവർത്തിക്കുന്നത് രാഷ്ട്രീയത്തിന് വേണ്ടിയല്ല, മറിച്ച് രാജ്യത്തിൻ്റെ തന്ത്രത്തിന് വേണ്ടിയാണ്. നമ്മെ സംബന്ധിച്ചിടത്തോളം രാജ്യത്തിൻ്റെ സുരക്ഷയാണ് പരമപ്രധാനം. ഞങ്ങളെ സംബന്ധിച്ചിടത്തോളം 140 കോടി ജനങ്ങളുടെ സമാധാനമാണ് ആദ്യം വരുന്നത്.
സുഹൃത്തുക്കളേ,
രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരുടെ ചരിത്രം കാണിക്കുന്നത് സൈനികരെ അവർ ഒരിക്കലും പരിഗണിച്ചിരുന്നില്ല എന്നാണ്. 500 കോടി രൂപയെന്ന തുച്ഛമായ തുക പ്രഖ്യാപിച്ച് വൺ റാങ്ക് വൺ പെൻഷൻ (ഒആർഒപി) എന്ന പേരിൽ കള്ളം പറഞ്ഞത് ഇവരാണ്. OROP നടപ്പിലാക്കിയതും 1.25 ലക്ഷം കോടി രൂപ വിമുക്തഭടന്മാർക്ക് നൽകിയതും നമ്മുടെ ഗവൺമെന്റാണ്. എവിടെ 500 കോടി, എവിടെ 1.25 ലക്ഷം കോടി! ഇത്രയും വലിയ നുണയും രാജ്യത്തെ സൈനികരെ കബളിപ്പിച്ച പാപവും! സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സൈന്യവും ധീര ജവാന്മാരുടെ കുടുംബങ്ങളും ആവശ്യപ്പെട്ടിട്ടും നമ്മുടെ രക്തസാക്ഷികൾക്ക് യുദ്ധസ്മാരകം പണിയാതെ മാറ്റിവച്ചും കമ്മിറ്റികൾ രൂപീകരിച്ചും പദ്ധതികൾ ആവിഷ്‌കരിച്ചും മുന്നോട്ടു പോയത് ഇവരാണ്. അതിർത്തിയിൽ നിലയുറപ്പിച്ച നമ്മുടെ സൈനികർക്ക് മതിയായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ പോലും നൽകാത്തവരും ഇവരാണ്. സുഹൃത്തുക്കളേ, കാർഗിൽ വിജയ് ദിവസ് അവഗണിച്ചുകൊണ്ടിരുന്നത് ഇവരാണ്. ഈ രാജ്യത്തെ എണ്ണമറ്റ ജനങ്ങളുടെ അനുഗ്രഹം കൊണ്ട് മാത്രമാണ് എനിക്ക് മൂന്നാം തവണയും ഗവൺമെന്റ് രൂപീകരിക്കാൻ അവസരം ലഭിച്ചത്, അതിനാൽ ഈ സുപ്രധാന ചരിത്ര സംഭവം നമുക്ക് ഇന്ന് അനുസ്മരിക്കാം. അല്ലാതെ വീണ്ടും അധികാരത്തിൽ വന്നിരുന്നെങ്കിൽ ഈ യുദ്ധവിജയം അവർ ഓർക്കുമായിരുന്നില്ല.
സുഹൃത്തുക്കളേ,
കാർഗിൽ വിജയം ഏതെങ്കിലും ഗവൺമെന്റിൻ്റെയോ ഏതെങ്കിലും പാർട്ടിയുടെയോ വിജയമായിരുന്നില്ല. അത് രാജ്യത്തിൻ്റെ വിജയമായിരുന്നു; അത് രാഷ്ട്രത്തിൻ്റെ പൈതൃകമാണ്. രാജ്യത്തിൻ്റെ അഭിമാനത്തിൻ്റെയും ആത്മാഭിമാനത്തിൻ്റെയും ഉത്സവമാണിത്. 140 കോടി രാജ്യവാസികൾക്ക് വേണ്ടി ഒരിക്കൽ കൂടി ഞാൻ എൻ്റെ ധീര സൈനികരെ ആദരപൂർവം വണങ്ങുന്നു. കാർഗിൽ വിജയത്തിൻ്റെ 25-ാം വാർഷികത്തിൽ എല്ലാ രാജ്യക്കാർക്കും ഞാൻ ഒരിക്കൽ കൂടി എൻ്റെ ആശംസകൾ നേരുന്നു. എന്നോടൊപ്പം പറയൂ - ഭാരത് മാതാ കീ ജയ്!!! ഈ 'ഭാരത് മാതാ കീ ജയ്' ആ ധീര രക്തസാക്ഷികൾക്ക് വേണ്ടിയാണ്, എൻ്റെ ഭാരത മാതാവിൻ്റെ ധീരരായ മക്കൾക്കുള്ളതാണ്.
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
ഭാരത് മാതാ കി - ജയ്!
വളരെ നന്ദി.
***
SK
(Release ID: 2076760)
Visitor Counter : 27
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada