വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
iffi banner
0 6

ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോയുടെ നാലാം പതിപ്പ് ഗോവയില്‍ ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയില്‍ ഉദ്ഘാടനം ചെയ്തു

യുവ ശബ്ദങ്ങൾക്ക് വേദിയൊരുക്കാന്‍ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് അവസരം നല്‍കേണ്ടത് പ്രധാനമാണെന്ന് പ്രസൂൺ ജോഷി

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ആരംഭിച്ച ക്രിയേറ്റീവ് മൈൻഡ്‌സ് ഓഫ് ടുമോറോയുടെ (CMOT) നാലാം പതിപ്പ് 55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFI) ഇന്ന് ഉദ്ഘാടനം ചെയ്തു. 


CMOT യുടെ ഭാഗമായി ഈ വർഷം 13 ചലച്ചിത്ര നിര്‍മാണ മേഖലകളില്‍നിന്നായി 100 യുവപ്രതിഭകളെ തിരഞ്ഞെടുത്തുവെന്നും കഴിഞ്ഞ വര്‍ഷം 10 വിഭാഗങ്ങളിലായി 75 പേരാണ് പങ്കെടുത്തിരുന്നതെന്നും പരിപാടിയുടെ വ്യാപ്തിയും ഉയര്‍ന്ന പങ്കാളിത്തവും ചൂണ്ടിക്കാണിച്ചുകൊണ്ട് ഉദ്ഘാടന പ്രസംഗത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജു പറഞ്ഞു.  ഈ വർഷം യുവ സര്‍ഗാത്മക നിര്‍മാതാക്കള്‍ക്ക്  അവരുടെ കഴിവുകൾ പ്രദർശിപ്പിക്കാനും വിവിധ രംഗങ്ങളില്‍ സഹകരിക്കാനും CMOT അതുല്യ അവസരമൊരുക്കുന്നു. ഇത് ഫിലിം ബസാര്‍ പരിപാടിയിലേക്കുള്ള ആദ്യപടിയാവുമെന്നും അതുവഴി ആഗോള സഹകരണത്തിനും വളർച്ചയ്ക്കും പുതിയ വാതിലുകൾ തുറക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ആഗോള മാധ്യമ രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് 2025 ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടിയെക്കുറിച്ചും  (WAVES)  അദ്ദേഹം സംസാരിച്ചു.


കഴിഞ്ഞ നാല് വർഷത്തിനിടെ യുവ ചലച്ചിത്ര പ്രവർത്തകരുടെ അഭിലഷണീയ വേദിയായി ക്രിയേറ്റീവ് മൈൻഡ്സ് ഓഫ് ടുമോറോ രൂപാന്തരപ്പെട്ടുവെന്ന് CMOTയുടെ സുസ്ഥിര വളർച്ചയിൽ അഭിമാനം പങ്കുവെച്ചുകൊണ്ട് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിലെ സ്‌പെഷ്യൽ സെക്രട്ടറി നീർജ ശേഖർ  പറഞ്ഞു. 


CMOT യുടെ  പ്രധാന സവിശേഷതയായ 48 മണിക്കൂർ ചലച്ചിത്ര നിര്‍മാണ മത്സരം സർഗ്ഗാത്മകതയെ മാത്രമല്ല, ഒരു കൂട്ടായ്മയായി യോജിച്ച് പ്രവർത്തിക്കാനുള്ള  കഴിവിനെയും പരീക്ഷിക്കുന്നുവെന്ന്  വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  മുൻ സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു.  ഇന്ത്യയുടെ സർഗ്ഗാത്മക പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുന്ന SRFTI, FTII പോലുള്ള സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന അംഗീകാരവും അദ്ദേഹം ചൂണ്ടിക്കാട്ടി.


വോയ്‌സ്‌ബോക്‌സ് സംരംഭത്തിന് കീഴിൽ ഇന്ത്യയിലുടനീളം ശബ്ദാവതരണ കലാകാരന്മാരെ  പരിശീലിപ്പിക്കുന്നതിന് CMOT-യുമായി സഹകരിക്കുന്നതിൽ  അഭിമാനമുണ്ടെന്ന് നെറ്റ്ഫ്ലിക്‌സിലെ പൊതുനയ ഡയറക്ടർ മഹിമ കൗൾ പറഞ്ഞു.  CMOT-യിൽ  മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്‍ക്ക് ആസാദി കി അമൃത് കഹാനിയന്‍ എന്ന നെറ്റ്ഫ്ലിക്സിൻ്റെ പ്രത്യേക പരിപാടിയുടെ ഭാഗമാകാമെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കഥകൾ അവതരിപ്പിക്കാന്‍ അവസരം ലഭിക്കുമെന്നും അവര്‍ പറഞ്ഞു. 


ഇന്ത്യയിലുടനീളം സർഗ്ഗാത്മക പ്രതിഭകളെ പരിപോഷിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം വിവരിച്ച പ്രശസ്ത ഗാനരചയിതാവും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (CBFC) ചെയർമാനുമായ പ്രസൂൺ ജോഷിയുടെ പ്രസംഗം ആഴമേറിയതും ദീര്‍ഘവീക്ഷണത്തോടെയുള്ളതുമായിരുന്നു. നമ്മുടെ രാജ്യത്ത് കഥകൾക്കും പ്രതിഭകൾക്കും ക്ഷാമമില്ലെന്നും എന്നാൽ സര്‍ഗാത്മക പ്രവര്‍ത്തനങ്ങള്‍ക്ക് തുറന്ന അവസരങ്ങള്‍ നല്‍കുകയും ഈ ശബ്ദങ്ങൾക്ക് വേദിയൊരുക്കുകയും ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഇന്ത്യൻ സിനിമയുടെ ഭാവി വാഗ്ദാനത്തെക്കുറിച്ച് ഷോട്സ് ഇൻ്റർനാഷണലിൻ്റെ സ്ഥാപകനും സിഇഒയുമായ കാർട്ടർ പിൽച്ചർ എടുത്തുപറഞ്ഞു. 


മുൻ പതിപ്പുകളുടെ വിജയം അനുസ്മരിച്ചുകൊണ്ട്   ഈ മേഖലയ്ക്ക്  മികച്ച സംഭാവനകൾ നൽകിയ  മുന്‍വർഷങ്ങളിലെ അഞ്ച് CMOT ചാമ്പ്യൻമാരെ ചടങ്ങില്‍ ആദരിച്ചു. ഇത്തവണ 48 മണിക്കൂർ ചലച്ചിത്ര നിര്‍മാണ മത്സരത്തില്‍ പങ്കെടുക്കുന്ന  പ്രതിഭകള്‍ക്ക് ഇവര്‍ മാര്‍ഗനിര്‍ദേശം നല്‍കും.

******************

iffi reel

(Release ID: 2075780) Visitor Counter : 8