പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യ-ക്യാരികോം രണ്ടാമത് ഉച്ചകോടിയുടെ സമാപനത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളുടെ പൂർണരൂപം

Posted On: 21 NOV 2024 2:21AM by PIB Thiruvananthpuram

ആദരണീയരേ,

നിങ്ങളേവരും നൽകിയ വിലപ്പെട്ട നിർദേശങ്ങളെയും ക്രിയാത്മക ചിന്തകളെയും ഞാൻ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ നിർദേശങ്ങളുമായി ബന്ധപ്പെട്ട്, എന്റെ സംഘം എല്ലാ വിശദാംശങ്ങളും നിങ്ങളുമായി പങ്കിടും. എല്ലാ വിഷയങ്ങളിലും ഞങ്ങൾ സമയബന്ധിതമായി മുന്നോട്ടു പോകും.

ആദരണീയരേ,

ഇന്ത്യയും ക്യാരികോം രാജ്യങ്ങളും തമ്മിലുള്ള ബന്ധം നാം പങ്കിടുന്ന മുൻകാല അനുഭവങ്ങൾ, നാം പങ്കിടുന്ന ഇന്നത്തെ ആവശ്യങ്ങൾ, ഭാവിക്കായി നാം പങ്കിടുന്ന അഭിലാഷങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്.

ഈ ബന്ധങ്ങളെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകാൻ ഇന്ത്യ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. ഞങ്ങളുടെ എല്ലാ ശ്രമങ്ങളിലും, ഗ്ലോബൽ സൗത്തിന്റെ ആശങ്കകളിലും അതിന്റെ മുൻഗണനകളിലും ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ അധ്യക്ഷതയ്ക്കു കീഴിൽ, കഴിഞ്ഞ വർഷം, ഗ്ലോബൽ സൗത്തിന്റെ ശബ്ദമായി ജി-20 ഉയർന്നുവന്നു. ഇന്നലെ, ബ്രസീലിലും, ഗ്ലോബൽ സൗത്ത് രാജ്യങ്ങൾക്കു മുൻഗണന നൽകാൻ ഞാൻ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു.

ആഗോള സ്ഥാപനങ്ങളിൽ പരിഷ്കാരങ്ങൾ ആവശ്യമാണെന്നത് ഇന്ത്യയും നമ്മുടെ എല്ലാ ക്യാരികോം സുഹൃത്തുക്കളും അംഗീകരിക്കുന്നതിൽ എനിക്കു സന്തോഷമുണ്ട്.

ഇന്നത്തെ ലോകത്തിനും ഇന്നത്തെ സമൂഹത്തിനും അനുസൃതമായി അവർ സ്വയം വാർത്തെടുക്കേണ്ടതുണ്ട്. അതാണു കാലഘട്ടത്തിന്റെ ആവശ്യം. ഇത് യാഥാർഥ്യമാക്കുന്നതിന്, ക്യാരികോമുമായുള്ള വളരെയടുത്ത സഹകരണവും ക്യാരികോമിന്റെ പിന്തുണയും ഏറെ പ്രധാനമാണ്.

ആദരണീയരേ,

ഇന്നത്തെ യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ എല്ലാ മേഖലകളിലെയും നമ്മുടെ സഹകരണത്തിനു പുതിയ മാനങ്ങൾ നൽകും. ഇന്ത്യ-ക്യാരികോം സംയുക്ത കമ്മീഷനും സംയുക്ത കർമസംഘങ്ങൾക്കും അവ നടപ്പിലാക്കുന്നതിൽ പ്രധാന പങ്കുണ്ട്.

നമ്മുടെ ക്രിയാത്മക സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിനായി, മൂന്നാമതു ക്യാരികോം ഉച്ചകോടി ഇന്ത്യയിൽ സംഘടിപ്പിക്കണമെന്നു ഞാൻ നിർദേശിക്കുന്നു.

ഒരിക്കൽ കൂടി, പ്രസിഡന്റ് ഇർഫാൻ അലിയോടും പ്രധാനമന്ത്രി ഡിക്കൺ മിച്ചലിനോടും ക്യാരികോം സെക്രട്ടറിയറ്റിനോടും നിങ്ങൾക്കേവർക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു.

***

SK


(Release ID: 2075345) Visitor Counter : 13