പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ബ്രസീൽ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
Posted On:
20 NOV 2024 8:05PM by PIB Thiruvananthpuram
റിയോ ഡി ജനീറോയിൽ ജി-20 ഉച്ചകോടിക്കിടെ, നവംബർ 19ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ലുലയുടെ ആതിഥ്യമര്യാദയ്ക്കു നന്ദിപറഞ്ഞ പ്രധാനമന്ത്രി, ബ്രസീലിന്റെ ജി-20, ഐബിഎസ്എ അധ്യക്ഷതയുടെ വിജയത്തിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. ദാരിദ്ര്യത്തിനും പട്ടിണിക്കുമെതിരായ ആഗോള സഖ്യം സ്ഥാപിക്കാനുള്ള ബ്രസീലിന്റെ ഉദ്യമത്തെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ഇന്ത്യയുടെ കരുത്തുറ്റ പിന്തുണ അറിയിക്കുകയും ചെയ്തു. ജി-20 ട്രോയ്ക (നിലവിലെയും തൊട്ടുമുൻപത്തെയും അടുത്ത ഊഴത്തിലെയും അധ്യക്ഷർ) അംഗമെന്ന നിലയിൽ, സുസ്ഥിര വികസനത്തിലും ആഗോള ഭരണപരിഷ്‌കരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രസീലിന്റെ ജി-20 കാര്യപരിപാടിക്കുള്ള ഇന്ത്യയുടെ പിന്തുണയും പ്രധാനമന്ത്രി അടിവരയിട്ടു. അടുത്ത വർഷം ബ്രിക്സിനും COP 30നും നേതൃത്വം വഹിക്കുന്ന ബ്രസീലിന് അദ്ദേഹം ആശംസകൾ അറിയിക്കുകയും ഇന്ത്യയുടെ പൂർണപിന്തുണ ഉറപ്പേകുകയും ചെയ്തു.
കൃഷി, പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ, വിനോദസഞ്ചാരം, ജൈവ ഇന്ധനം, ഫാർമസ്യൂട്ടിക്കൽസ്, ബഹിരാകാശം തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ-ബ്രസീൽ തന്ത്രപ്രധാന പങ്കാളിത്തം വർധിപ്പിക്കുന്നതിനെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു.
ആഗോള-പ്രാദേശിക പ്രാധാന്യമുള്ള വിഷയങ്ങളിലും നേതാക്കൾ അഭിപ്രായങ്ങൾ കൈമാറി.
***
SK
(Release ID: 2075253)
Visitor Counter : 15