വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
55-ാമത് ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രൗഢവും താരനിബിഡവുമായ ഉദ്ഘാടന ചടങ്ങിനൊരുങ്ങി ഗോവ
ഓസ്‌ട്രേലിയൻ സംവിധായകന്‍ മൈക്കിള്‍ ഗ്രേസിയുടെ 'ബെറ്റർ മാൻ' ഉദ്ഘാടനചിത്രം
ഇന്ത്യാ രാജ്യാന്തര ചലച്ചിത്രമേളയുടെ 55-ാമത് പതിപ്പ് 2024 നവംബർ 20 ന് വൈകിട്ട് 5ന് ഗോവയിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങോടെ ആരംഭിക്കും. ഉദ്ഘാടനചിത്രമായ ഓസ്‌ട്രേലിയൻ സംവിധായകന്‍ മൈക്കിള്‍ ഗ്രേസിയുടെ 'ബെറ്റർ മാൻ' റെഡ് കാര്‍പ്പറ്റ് പ്രീമിയറായി പനാജിയിലെ ഐനോക്‌സ് തിയറ്ററില്‍ ഉച്ചയ്ക്ക് 2 ന് പ്രദര്‍ശിപ്പിക്കുന്നതോടെ മേളയ്ക്ക് തുടക്കമാവും.
ഉദ്ഘാടനചിത്ര പ്രദര്‍ശനം
ഉദ്ഘാടനചിത്ര പ്രദര്‍ശനത്തില്‍ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവും സഹമന്ത്രി ഡോ. എൽ.മുരുകനും പങ്കെടുക്കും. മനോഹര തീരദേശ സംസ്ഥാനമായ ഗോവയിലേക്ക് മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് ചടങ്ങില്‍ അതിഥികളെ സ്വാഗതം ചെയ്യും.
താരനിബിഡമായ ഉദ്ഘാടന ചടങ്ങ്
പ്രശസ്ത സിനിമാതാരങ്ങളായ അഭിഷേക് ബാനർജിയും ഭൂമി പെഡ്‌നേക്കറും ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിക്കും. പ്രമുഖ ചലച്ചിത്ര സംവിധായകരും നിര്‍മാതാക്കളുമായ സുഭാഷ് ഘായ്, ദിനേശ് വിജൻ, അമർ കൗശിക്, എൻ.എം സുരേഷ്, ആർ.കെ.സെൽവമണി, ഇഷാരി ഗണേശൻ, രവി കൊട്ടാരക്കര തുടങ്ങിയവരും, ഗാനരചയിതാവ് പ്രസൂൺ ജോഷിയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും. നാഗാർജുന, നിത്യാ മേനോൻ, ആംല, വിക്രാന്ത് മാസി, രാകുൽ പ്രീത്, മാനുഷി ചില്ലർ, ബൊമൻ ഇറാനി, രാജ്കുമാർ റാവു, അഭിഷേക് ബാനർജി, ജയ്ദീപ് അഹ്ലാവത്, രൺദീപ് ഹൂഡ, സന്യ മൽഹോത്ര, ജയം രവി, ജാക്കി ഭഗ്‌നാനി, ആര്‍ ശരത് കുമാർ, മുക്ത ബര്‍വെ, സൊനാലി കുൽക്കർണി, രാധാകൃഷ്ണന്‍ പാർത്ഥിബൻ എന്നിവരടക്കം പ്രശസ്ത അഭിനേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. പ്രത്യേക അഭിസംബോധനയിലൂടെ സദസ്സിനെ പ്രചോദിപ്പിക്കാന്‍ ശ്രീ ശ്രീ രവിശങ്കറും താരനിരയിലുണ്ട്.
സാംസ്കാരിക പ്രദർശനവും പ്രകടനങ്ങളും
ബോളിവുഡിലെ ഐതിഹാസിക ജനപ്രിയ ചിത്രങ്ങളിലെ രോമാഞ്ചം കൊള്ളിക്കുന്ന പ്രകടനങ്ങളിലൂടെ ‘90-കളിലെ പുനരാഖ്യാനം: നൃത്ത പ്രകടനം’ പ്രേക്ഷകര്‍ക്ക് ഗൃഹാതുരത്വം പകരും. "ടൈംലെസ് സോള്‍സ്" എന്ന കാവ്യാത്മക ശ്രദ്ധാഞ്ജലിയില്‍ രാജ് കപൂർ, എഎൻആർ, മുഹമ്മദ് റാഫി തുടങ്ങിയ ചലച്ചിത്ര ഇതിഹാസങ്ങളെ ദൃശ്യ - സംഗീത - കാവ്യങ്ങളിലൂടെ ആദരിക്കും.
നിശ്ശബ്ദ കാലഘട്ടത്തിൽ നിന്ന് ആധുനിക ചലച്ചിത്ര കലാസൃഷ്ടികളിലേക്കുള്ള ഇന്ത്യൻ സിനിമയുടെ പരിണാമം പ്രകടമാക്കുന്ന ചടങ്ങ് സണ്ണി കൗശൽ, സന്യ മൽഹോത്ര എന്നിവരുടെ നേതൃത്വത്തില്‍ ഗ്രാൻഡ് ഫിനാലെ: ദി സിനിമാറ്റിക് സിംഫണി എന്ന അവതരണത്തോടെ സമാപിക്കും.
കൂടുതല്‍ പ്രാപ്യമായ ഉദ്ഘാടന ചടങ്ങ്
IFFI-യുടെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന ചടങ്ങിൽ തത്സമയ ഇന്ത്യൻ ആംഗ്യ ഭാഷാ വ്യാഖ്യാനം അവതരിപ്പിക്കുന്നതിലൂടെ ശ്രവണ വൈകല്യമുള്ളവരടക്കം എല്ലാവര്‍ക്കും മേളയില്‍ പൂർണ്ണമായി പങ്കെടുക്കാനും ആസ്വദിക്കാനും കഴിയുന്നുവെന്ന് ഉറപ്പാക്കുന്നു.
*******************
(Release ID: 2074922)
Visitor Counter : 17