വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനും 'ക്രിയേറ്റ് ഇൻ ഇന്ത്യ' സംരംഭത്തെ പിന്തുണയ്ക്കുന്നതിനുമായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവും എബിഎഐയും ചേർന്ന് WAFX WAVES VFX ചലഞ്ച് ആരംഭിച്ചു.
Posted On:
29 OCT 2024 8:35PM by PIB Thiruvananthpuram
നിങ്ങൾക്ക് സർഗ്ഗാത്മക പ്രതിഭയുണ്ടെങ്കിൽ, ഒരു കഥ എങ്ങനെ പറയണമെന്ന് അറിയാമെങ്കിൽ , "നിത്യ ജീവിതത്തിലെ സൂപ്പർഹീറോ" എന്ന പ്രമേയം 30 സെക്കൻഡ് വിഷ്വൽ ഇഫക്‌റ്റ് (VFX) ക്ലിപ്പിലൂടെ ജീവസുറ്റതാക്കാൻ കഴിവുണ്ടെങ്കിൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങളും കൂടാതെ പ്രത്യേക സ്റ്റുഡിയോ ഇൻ്റേൺഷിപ്പുകളും നേടാൻ അവസരം ഉണ്ട് . സമ്മാനങ്ങൾ നേടുക മാത്രമല്ല, നിങ്ങൾക്ക് പരിശീലനാവസരം ലഭിക്കുകയും നിങ്ങളുടെ കലാസൃഷ്ടി ഫെബ്രുവരിയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയിൽ പ്രൊഫഷണലുകളുടെ മുമ്പാകെ പ്രദർശിപ്പിക്കുകയും ചെയ്യും .ഇതിലൂടെ ഒരു കരിയർ ഉണ്ടാക്കാനുള്ള അവസരവും ലഭിക്കും . ഇന്ത്യയിൽ VFX ആവാസവ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിനായി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം, ഇന്ത്യയിലെ മുൻനിര AVGC (ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ്)സംരംഭമായ ABAI- യുമായി സഹകരിച്ച് ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി 2025 (WAVES)യുടെ ഭാഗമായി WAFX WAVES VFX ചലഞ്ച് ആരംഭിച്ചു. രാജ്യത്തിൻറെ സർഗ്ഗാത്മക വളർച്ചയ്‌ക്കായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വീക്ഷണത്തിന് അനുസൃതമായി പ്രാദേശിക പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനും ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏകജാലക ലക്ഷ്യസ്ഥാനമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 'ക്രിയേറ്റ് ഇൻ ഇന്ത്യ' സംരംഭത്തിന്റെ ഭാഗമാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത് .
മത്സരത്തിൽ ചേരുക: ഇന്നുതന്നെ രജിസ്റ്റർ ചെയ്യുക
രാജ്യത്തുടനീളമുള്ള ഉയർന്നുവരുന്ന വിഷ്വൽ ഇഫക്റ്റ് (VFX) കലാകാരന്മാർക്ക് WAFX WAVES VFXചലഞ്ചിൽ ചേരുകയും അതിവേഗം വളരുന്ന VFX വ്യവസായത്തിൽ അംഗീകാരം നേടുകയും ചെയ്യാം. കൂടുതൽ വിവരങ്ങൾ www.wafx.abai.avgc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. രജിസ്‌ട്രേഷൻ ആരംഭിച്ചു .ഈ മത്സരം സർഗാത്മക പ്രദർശനത്തിനുള്ള ഒരു അവസരം മാത്രമല്ല,രാജ്യത്തെ മുൻനിര VFX സ്റ്റുഡിയോകളിൽ വിദഗ്ധരോടൊപ്പം പങ്കെടുത്തുകൊണ്ട് പ്രൊഫഷണൽ വളർച്ചയിലേക്കുള്ള ഒരു ചവിട്ടുപടി കൂടിയാണ്. കൂടുതൽ വിവരങ്ങൾക്ക് wafx@abai.avgc.in, generalsecretary@abai.avgc.in ,www.wafx.abai.avgc.in എന്നിവയുമായി ബന്ധപ്പെടുക.
മത്സര ഘടനയും സമ്മാനങ്ങളും: WAFX 3 ഘട്ടങ്ങൾ ഉൾക്കൊള്ളുന്നതാണ്
ആദ്യ ഘട്ടത്തിൽ ഒരു ഓൺലൈൻ യോഗ്യതാ റൗണ്ട് നടക്കും . അതിൽ 2000-ത്തിലധികം എൻട്രികൾ പ്രതീക്ഷിക്കുന്നു. അതിൽ ഒരു 'പ്രീ-സെലക്ഷൻ' ജൂറി, രണ്ടാം ഘട്ടത്തിലേക്ക് വേണ്ടി 10 വിദ്യാർത്ഥികളെയും 10 പ്രൊഫഷണൽ മത്സരാർത്ഥികളെയും ഉൾപ്പെടുത്തി ചുരുക്കപ്പട്ടിക തയ്യാറാക്കും . ഈ ഘട്ടത്തിൽ വിജയിക്കുന്നവർ മേഖലാ തലത്തിലുള്ള വ്യക്തിഗത മത്സരങ്ങളിൽ പങ്കെടുക്കും .അതിനുശേഷം, മേഖലാ തല വിജയികൾ ഗ്രാൻഡ് ഫിനാലെയിലേക്ക് മുന്നേറും. ദേശീയ അവാർഡ് നേടിയ പ്രശസ്ത വിഎഫ്എക്സ് വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച ഗ്രാൻഡ് ജൂറിക്ക് മുന്നിൽ 24 മണിക്കൂർ വിഎഫ്എക്സ് മാരത്തൺ ഫോർമാറ്റിൽ ആണ് അവസാന ഘട്ട ഗ്രാൻഡ് ഫിനാലെ മത്സരം നടക്കുക
WAFX-ൽ പങ്കെടുക്കുന്നവർ 30-സെക്കൻഡ് VFX ക്ലിപ്പിലൂടെ "നിത്യ ജീവിതത്തിലെ സൂപ്പർഹീറോ" എന്ന പ്രമേയം ജീവസുറ്റതാക്കി , 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന സമ്മാനങ്ങൾക്കും ഒപ്പം എക്സ്ക്ലൂസീവ് സ്റ്റുഡിയോ ഇൻ്റേൺഷിപ്പുകൾക്കുമായി മത്സരിക്കും . യോഗ്യതാ റൗണ്ടിൽ അവരുടെ സൃഷ്ടികൾ ഓൺലൈനായി വേണം സമർപ്പിക്കേണ്ടത് . യോഗ്യതാ ഘട്ടത്തിലെ വിജയികൾ ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവിടങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള മേഖലാതല മത്സരത്തിൽ പങ്കെടുക്കും . അവിടെ ഈ വ്യവസായ രംഗത്തെ വിദഗ്ധരുടെ പാനലിന് മുന്നിൽ അവരുടെ കലാ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കും. 2025 ഫെബ്രുവരി 5 മുതൽ 9 വരെ ഡൽഹിയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മികച്ച ഫൈനലിസ്റ്റുകൾ മത്സരിക്കും.
WAFX മത്സരം , വിഎഫ്എക്സ് കലാകാരന്മാരെ ശാക്തീകരിക്കുകയും ഇന്ത്യയുടെ ആഗോള നിലവാരം ഉയർത്തുകയും ചെയ്യുന്നു
വിഷ്വൽ ഇഫക്‌റ്റുകളിൽ ഇന്ത്യയുടെ ചലച്ചിത്ര-മാധ്യമ വ്യവസായം അഭൂതപൂർവമായ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുമ്പോൾ, ഈ ദേശീയ മത്സരം വ്യവസായ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ആഗോള തലത്തിൽ ഇന്ത്യയുടെ മത്സരശേഷിയും പ്രാഗത്ഭ്യവും മെച്ചപ്പെടുത്തുന്നതിനും VFX പ്രൊഫഷണലുകളുടെ ഒരു തലമുറയെ സജ്ജമാക്കുന്നതിനും ലക്ഷ്യമിടുന്നു. ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് വ്യവസായ മേഖലയിൽ കർണാടക ആസ്ഥാനമായുള്ള ട്രേഡ് അസോസിയേഷൻ ആയ ABAI ആണ് , 'WAFX ചലഞ്ച്' എന്ന ദേശീയ സംരംഭം സംഘടിപ്പിക്കുന്നത് . വിഷ്വൽ ഇഫക്‌ട്‌സ് മേഖലയിലെ എല്ലാ വളർന്നുവരുന്ന കലാകാരന്മാർക്കും അവരുടെ VFX മാസ്റ്റർപീസുകൾ സൃഷ്ടിക്കാനുള്ള ആഹ്വാനമാണ് ഈ മത്സരം .
WAFX Waves VFX ചലഞ്ച്: ഭാവിക്കായി യുവ പ്രതിഭകളെ കണ്ടെത്തുന്നു
സർഗ്ഗാത്മകതയ്ക്കും കഥപറച്ചിലിനും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്ത്യൻ സിനിമ, നമ്മുടെ വിഎഫ്എക്‌സ് കഴിവുകളുടെ പരിണാമത്തിൻ്റെ ഫലമായി ഇപ്പോൾ ആഗോള നിലവാരത്തിൽ അന്താരാഷ്‌ട്ര പ്രതിഭകളുമായി മത്സരിക്കുന്നു. ഈ വളർച്ച ഉണ്ടായിരുന്നിട്ടും, വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റാൻ വിദഗ്ദ്ധരായ പ്രൊഫഷണലുകളുടെ അഭാവം ഈ മേഖല അഭിമുഖീകരിക്കുന്ന പ്രതിസന്ധിയാണ് . സുസ്ഥിര വ്യവസായ വളർച്ചയ്ക്ക് വിഎഫ്എക്‌സിലെ നൈപുണ്യ വികസനവും തൊഴിലും ഇത് നിർണായകമാക്കുന്നു. ABAI-യുടെ നേതൃത്വത്തിൽ നടക്കുന്ന WAFX Waves VFX Challenge മത്സരം, ആനിമേഷൻ, വിഷ്വൽ ഇഫക്‌ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് മേഖലയിലെ ആവേശകരമായ അവസരങ്ങൾക്കായി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ലക്ഷ്യമിട്ടിരിക്കുന്നു
(Release ID: 2069478)
Visitor Counter : 42