പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 23 OCT 2024 7:14PM by PIB Thiruvananthpuram

റഷ്യയിലെ കസാനിൽ 2024 ഒക്ടോബർ 23നു നടന്ന 16-ാം ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ-ചൈന അതിർത്തിപ്രദേശങ്ങളിൽ 2020-ൽ ഉയർന്നുവന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സമ്പൂർണ പിന്മാറ്റത്തിനുമുള്ള സമീപകാല കരാറിനെ സ്വാഗതംചെയ്ത പ്രധാനമന്ത്രി, അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ശരിയായി കൈകാര്യം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തിന് അടിവരയിട്ടു. സമാധാനവും ശാന്തിയും കെടുത്താൻ അവ അവസരമാകാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിപ്രദേശങ്ങളിലെ സമാധാനവും ശാന്തിയും പരിപാലിക്കുന്നതിനും അതിർത്തിപ്രശ്നത്തിനു ന്യായവും യുക്തിസഹവും പരസ്പരസ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുമായി ഇന്ത്യ-ചൈന അതിർത്തിപ്രശ്നത്തെക്കുറിച്ചുള്ള പ്രത്യേക പ്രതിനിധികൾ എത്രയും വേഗം യോഗം ചേരുന്നതിന് ഇരുനേതാക്കളും ധാരണയായി. ഉഭയകക്ഷിബന്ധം സുസ്ഥിരമാക്കുന്നതിനും പുനർനിർമിക്കുന്നതിനും വിദേശകാര്യമന്ത്രിമാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും തലത്തിലുള്ള പ്രസക്തമായ സംഭാഷണസംവിധാനങ്ങളും ഉപയോഗപ്പെടുത്തും.

രണ്ട് അയൽക്കാരെന്ന നിലയിലും ഭൂമിയിലെ ഏറ്റവും വലിയ രണ്ടു രാഷ്ട്രങ്ങളെന്ന നിലയിലും ഇന്ത്യയും ചൈനയും തമ്മിലുള്ള സുസ്ഥിരവും പ്രവചനാത്മകവും സൗഹാർദപരവുമായ ഉഭയകക്ഷിബന്ധം, പ്രാദേശിക-ആഗോള സമാധാനത്തിലും സമൃദ്ധിയിലും ഗുണപരമായ സ്വാധീനം ചെലുത്തുമെന്ന് ഇരുനേതാക്കളും വിലയിരുത്തി. ബഹുധ്രുവ ഏഷ്യക്കും ബഹുധ്രുവ ലോകത്തിനും ഇതു സംഭാവനയേകും. തന്ത്രപ്രധാനവും ദീർഘവീക്ഷണാത്മവുമായ കാഴ്ചപ്പാടിലൂടെ ഉഭയകക്ഷിബന്ധങ്ങൾ മെച്ചപ്പെടുത്തേണ്ടതിന്റെയും, തന്ത്രപ്രധാന ആശയവിനിമയം വർധിപ്പിക്കേണ്ടതിന്റെയും, വികസന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ സഹകരണം അനാവരണം ചെയ്യേണ്ടതിന്റെയും ആവശ്യകത നേതാക്കൾ ചൂണ്ടിക്കാട്ടി.

NK

**




(Release ID: 2067510) Visitor Counter : 46