പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിക്കുന്ന ചടങ്ങിനെയും അഭിസംബോധന ചെയ്തു


അഭിധമ്മം ധർമത്തിൽ അടങ്ങിയിരിക്കുന്നു; ധർമത്തെ അതിന്റെ സത്തയിൽ മനസ്സിലാക്കാൻ പാലി ഭാഷയിലെ പരിജ്ഞാനം ആവശ്യമാണ്: പ്രധാനമന്ത്രി

ഭാഷ ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ല; നാഗരികതയുടെയും സംസ്കാരത്തിന്റെയും ആത്മാവുകൂടിയാണ്: പ്രധാനമന്ത്രി

ഓരോ രാജ്യവും അതിന്റെ പൈതൃകത്തെ സ്വത്വവുമായി ബന്ധപ്പെടുത്തുന്നു; നിർഭാഗ്യവശാൽ, ഇന്ത്യ ഈ ദിശയിൽ വളരെ പിന്നിലായിരുന്നു; എന്നാൽ രാജ്യം ഇപ്പോൾ വലിയ തീരുമാനങ്ങളെടുത്ത് അപകർഷതാബോധത്തിൽനിന്നു മുക്തമായി മുന്നോട്ടുപോകുന്നു: പ്രധാനമന്ത്രി

പുതിയ വിദ്യാഭ്യാസനയത്തിനു കീഴിൽ രാജ്യത്തെ യുവാക്കൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം ലഭിച്ചതുമുതൽ, ഭാഷകൾ കൂടുതൽ കരുത്താർജിക്കുകയാണ്: പ്രധാനമന്ത്രി

ദ്രുതഗതിയിലുള്ള വികസനം, സമൃദ്ധമായ പൈതൃകം എന്നീ രണ്ടു ദൃഢനിശ്ചയങ്ങളും ഒരേസമയം നിറവേറ്റുന്നതിൽ വ്യാപൃതമാണ് ഇന്നത്തെ ഇന്ത്യ: പ്രധാനമന്ത്രി

ഭഗവാൻ ബുദ്ധന്റെ പാരമ്പര്യത്തിന്റെ നവോത്ഥാനത്തിൽ, ഇന്ത്യ അതിന്റെ സംസ്കാരവും നാഗരികതയും പുനരുജ്ജീവിപ്പിക്കുന്നു: പ്രധാനമന്ത്രി

ശ്രീബുദ്ധന്റെ ശിക്ഷണങ്ങൾ ‘മിഷൻ ലൈഫിന്റെ’ കാമ്പി‌ലാണ്; സുസ്ഥിരഭാവിയിലേക്കുള്ള പാത ഓരോ വ്യക്തിയുടെയും സുസ്ഥിര ജീവിതശൈലിയിൽനിന്ന് ഉയർന്നുവരും: പ്രധാനമന്ത്രി

ഇന്ത്യ വികസനത്തിലേക്കു നീങ്ങുകയും വേരുകൾക്കു കരുത്തേകുകയും ചെയ്യുന്നു; ഇന്ത്യയിലെ യുവാക്കൾ ലോകത്തെ ശാസ്ത്ര-സാങ്കേതിക മേഖലകളെ നയിക്കുക മാത്രമല്ല, അവരുടെ സംസ്കാരത്തിലും മൂല്യങ്ങളിലും അഭിമാനിക്കുകയും വേണം: പ്രധാനമന്ത്രി

Posted On: 17 OCT 2024 12:16PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടന്ന അന്താരാഷ്ട്ര അഭിധമ്മ ദിനാഘോഷത്തെയും പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിനെ ആഘോഷിക്കുകയും ചെയ്യുന്ന ചടങ്ങിനെ അഭിസംബോധന ചെയ്തു. അഭിധമ്മം പഠിപ്പിച്ചതിനുശേഷം ബുദ്ധഭഗവാൻ സ്വർഗലോകത്തുനിന്ന് ഇറങ്ങിവന്നതിനെ അഭിധമ്മദിനം അനുസ്മരിക്കുന്നു. മറ്റു നാലു ഭാഷകൾക്കൊപ്പം പാലിയെയും ശ്രേഷ്ഠഭാഷയായി അടുത്തിടെ അംഗീകരിച്ചത് ഈ വർഷത്തെ അഭിധമ്മ ദിനാഘോഷങ്ങളുടെ പ്രാധാന്യം വർധിപ്പിക്കുന്നു. കാരണം അഭിധമ്മയെക്കുറിച്ചുള്ള ഭഗവാൻ ബുദ്ധന്റെ ശിക്ഷണങ്ങൾ യഥാർഥത്തിൽ പാലി ഭാഷയിലാണു ലഭ്യമായിട്ടുള്ളത്.

ചടങ്ങിനെ അഭിസംബോധന ചെയ്യവേ, അഭിധമ്മ ദിനത്തിൽ സന്നിഹിതരായിരുന്നതിനു നന്ദി അറിയിച്ച പ്രധാനമന്ത്രി, സ്നേഹത്തോടും അനുകമ്പയോടുംകൂടി ലോകത്തെ മികച്ച സ്ഥലമാക്കി മാറ്റുന്നതിനെക്കുറിച്ച് ഈ അവസരം ജനങ്ങളെ ഓർമിപ്പിക്കുന്നുവെന്നും പറഞ്ഞു. കഴിഞ്ഞ വർഷം കുശിനഗറിൽ സമാനമായ പരിപാടിയിൽ പങ്കെടുത്തത് അനുസ്മരിച്ച ശ്രീ മോദി, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെടാനുള്ള യാത്ര അദ്ദേഹത്തിന്റെ ജനനത്തോടെ ആരംഭിച്ച് ഇന്നും തുടരുന്നതാണെന്നു പറഞ്ഞു. ഒരു കാലഘട്ടത്തിൽ ബുദ്ധമതത്തിന്റെ ശ്രദ്ധേയ കേന്ദ്രമായിരുന്ന ഗുജറാത്തിലെ വഡ്‌നഗറിലാണു താൻ ജനിച്ചതെന്നും, ഭഗവാൻ ബുദ്ധന്റെ ധർമത്തിലും ശിക്ഷണങ്ങളിലുമുള്ള തന്റെ അനുഭവങ്ങളിലേക്കു നയിച്ച പ്രചോദനമായി അതു മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തുവർഷത്തിനിടെ ബുദ്ധനുമായി ബന്ധപ്പെട്ട് ഇന്ത്യയിലും ലോകമെമ്പാടും ശുഭകരമായ നിരവധി പരിപാടികളിൽ പങ്കെടുത്തതു പ്രധാനമന്ത്രി പരാമർശിച്ചു, നേപ്പാളിൽ ശ്രീബുദ്ധന്റെ ജന്മസ്ഥലം സന്ദർശിച്ചതിന്റെയും മംഗോളിയയിൽ ബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്തതിന്റെയും ശ്രീലങ്കയിലെ ബൈശാഖ് സമാരോഹിന്റെയും ഉദാഹരണങ്ങൾ പ്രധാനമന്ത്രി നൽകി‌. ‘സംഘി’ന്റെയും ‘സാധകി’ന്റെയും സംയോജനം ഭഗവാൻ ബുദ്ധന്റെ അനുഗ്രഹത്തിന്റെ ഫലമാണെന്ന വിശ്വാസം പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഈ അവസരത്തിൽ ആശംസകൾ അറിയിക്കുകയും ചെയ്തു. ശരദ് പൂർണിമയുടെയും വാൽമീകി മഹർഷിയുടെ ജന്മവാർഷികത്തിന്റെയും ശുഭകരമായ സന്ദർഭവും അദ്ദേഹം അനുസ്മരിച്ചു. എല്ലാ പൗരന്മാർക്കും പ്രധാനമന്ത്രി ആശംസകൾ നേർന്നു.

ഭഗവാൻ ബുദ്ധൻ പ്രഭാഷണങ്ങൾ നടത്തിയ പാലി ഭാഷയെ ഈ മാസം ഇന്ത്യാഗവൺമെന്റ് അംഗീകരിക്കുകയും ശ്രേഷ്ഠഭാഷാപദവി നൽകുകയും ചെയ്തതിനാൽ ഈ വർഷത്തെ അഭിധമ്മ ദിവസ് സവിശേഷമാണെന്നതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. അതിനാൽ, ഇന്നത്തെ സന്ദർഭത്തിനു കൂടുതൽ പ്രത്യേകതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലിയെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചതിലൂടെ ലഭിച്ച ബഹുമതി ഭഗവാൻ ബുദ്ധന്റെ മഹത്തായ പാരമ്പര്യത്തിനും പൈതൃകത്തിനുമുള്ള ആദരമാണെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അഭിധമ്മം ധർമത്തിൽ അടങ്ങിയിരിക്കുന്നുവെന്നും ധർമത്തെ അതിന്റെ സത്തയിൽ മനസ്സിലാക്കാൻ പാലി ഭാഷയിലെ പരിജ്ഞാനം ആവശ്യമാണെന്നും ശ്രീ മോദി കൂട്ടിച്ചേർത്തു. ഭഗവാൻ ബുദ്ധന്റെ സന്ദേശവും സിദ്ധാന്തവും, മനുഷ്യന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള പരിഹാരങ്ങൾ, മനുഷ്യരാശിയുടെ സമാധാനത്തിലേക്കുള്ള പാത, ബുദ്ധന്റെ ശാശ്വതമായ ശിക്ഷണങ്ങൾ, മനുഷ്യരാശിയുടെയാകെ ക്ഷേമത്തിനായുള്ള ദൃഢമായ ഉറപ്പ് എന്നിവയാണു ധർമമെന്ന്, ധമ്മയുടെ വിവിധ അർഥങ്ങൾ വിശദീകരിച്ചു ശ്രീ മോദി പറഞ്ഞു. ബുദ്ധന്റെ ധർമത്താൽ ലോകമാകെ നിരന്തരം പ്രബുദ്ധരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർഭാഗ്യവശാൽ ബുദ്ധൻ സംസാരിച്ച പാലി ഭാഷ ഇപ്പോൾ സാധാരണയായി ഉപയോഗത്തിലില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു. ഭാഷ എന്നത് ആശയവിനിമയത്തിനുള്ള മാധ്യമം മാത്രമല്ലെന്നും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ആത്മാവാണെന്നും പറഞ്ഞ പ്രധാനമന്ത്രി, അടിസ്ഥാന പദപ്രയോഗങ്ങളുമായി അതു ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്നത്തെ കാലഘട്ടത്തിലും പാലിയെ ജീവസ്സുറ്റതാക്കുക എന്നത് കൂട്ടുത്തരവാദിത്വമാണെന്നും പറഞ്ഞു. ഇപ്പോഴത്തെ ഗവണ്മെന്റ് ഈ ഉത്തരവാദിത്വം വിനയത്തോടെ നിറവേറ്റിയതിലും കോടിക്കണക്കിനു ബുദ്ധശിഷ്യരെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നതിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.

“ഏതൊരു സമൂഹത്തിന്റെയും ഭാഷ, സാഹിത്യം, കല, ആത്മീയത എന്നിവയുടെ പൈതൃകമാണ് അതിന്റെ ന‌ിലനിൽപ്പിനെ നിർവചിക്കുന്നത്” - ഏതൊരു രാജ്യവും കണ്ടെത്തുന്ന ചരിത്രപരമായ ശേഷിപ്പുകളോ പുരാവസ്തുക്കളോ ലോകത്തിനുമുമ്പാകെ അഭിമാനത്തോടെയാണ് അവതരിപ്പിക്കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു. ഓരോ രാഷ്ട്രവും തങ്ങളുടെ പൈതൃകത്തെ സ്വത്വവുമായി ബന്ധിപ്പിക്കുന്നുണ്ടെങ്കിലും, സ്വാതന്ത്ര്യത്തിനു മുമ്പുള്ള അധിനിവേശങ്ങളും സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള അടിമത്തമനോഭാവവും കാരണം ഇന്ത്യ പിന്നോട്ടുപോയി. രാഷ്ട്രത്തെ വിപരീതദിശയിലേക്കു തള്ളിവിടാൻ പ്രവർത്തിച്ച ആവാസവ്യവസ്ഥയാണ് ഇന്ത്യയെ ഏറ്റെടുത്തതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മാവിൽ കുടികൊള്ളുന്ന ബുദ്ധനും സ്വാതന്ത്ര്യസമയത്തു സ്വീകരിച്ച അദ്ദേഹത്തിന്റെ ചിഹ്നങ്ങളും പിന്നീടുള്ള ദശകങ്ങളിൽ വിസ്മരിക്കപ്പെട്ടതായി അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യംലഭിച്ച് ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും പാലിക്ക് അർഹമായ സ്ഥാനം ലഭിക്കാത്തതിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി‌.

രാഷ്ട്രം ഇപ്പോൾ അപകർഷതാ ബോധത്തിൽ  നിന്ന് മുന്നോട്ട് പോകുകയാണെന്നും വലിയ തീരുമാനങ്ങൾ എടുക്കുകയാണെന്നും പ്രധാനമന്ത്രി അടിവരയിട്ടു. ഒരു വശത്ത് പാലി ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചപ്പോൾ മറുവശത്ത് മറാത്തി ഭാഷയ്ക്കും അതേ ബഹുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മറാത്തി മാതൃഭാഷയായിരുന്നിട്ട് കൂടി ശ്രീ ബാബാ സാഹിബ് അംബേദ്കർ വലിയ ബുദ്ധമതാനുയായിയായിരുന്നു വെന്നും പാലി ഭാഷയിൽ അദ്ദേഹം ധമ്മ ദീക്ഷ നടത്തിയിരുന്നതായതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാളി, അസമീസ്, പ്രാകൃത് ഭാഷകൾക്കും ക്ലാസിക്കൽ ഭാഷാ പദവി നൽകുന്നതിനെക്കുറിച്ചു ശ്രീ മോദി പരാമർശിച്ചു.
"ഇന്ത്യയിലെ വിവിധ ഭാഷകൾ നമ്മുടെ വൈവിധ്യത്തെ പരിപോഷിപ്പിക്കുന്നു", പ്രധാനമന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ നമ്മുടെ ഭാഷകൾ രാഷ്ട്രനിർമ്മാണത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന്, ഭാഷയുടെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ട് ശ്രീ മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ ഇന്ന് അംഗീകരിച്ച പുതിയ ദേശീയ വിദ്യാഭ്യാസ നയവും ഈ ഭാഷകളെ സംരക്ഷിക്കാനുള്ള മാധ്യമമായി മാറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ യുവാക്കൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനുള്ള അവസരം ലഭിച്ചപ്പോൾ മുതൽ മാതൃഭാഷകൾ കൂടുതൽ ശക്തമാകുകയാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. 
പ്രതിജ്ഞകൾ നിറവേറ്റുന്നതിനായി ചെങ്കോട്ടയിൽ നിന്ന് 'പഞ്ചപ്രാൺ' എന്ന ദർശനം കേന്ദ്ര ഗവണ്മെന്റ് മുന്നോട്ട് വെച്ചതായി പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുക, അടിമത്തത്തിൽ  നിന്നുള്ള സ്വാതന്ത്ര്യം, രാജ്യത്തിന്റെ ഐക്യം, കടമകൾ നിറവേറ്റുക, നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുക എന്നിവയാണ് പഞ്ചപ്രാണിന്റെ ലക്ഷ്യം എന്ന് ശ്രീ മോദി വിശദീകരിച്ചു. ദ്രുതഗതിയിലുള്ള വികസനത്തിൻ്റെയും സമ്പന്നമായ പൈതൃകത്തിൻ്റെയും രണ്ട് പ്രമേയങ്ങളും ഒരേസമയം നിറവേറ്റുന്നതിൽ ഏർപ്പെട്ടിരിക്കുകയാണ് ഇന്ന് ഇന്ത്യ എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട പൈതൃക സംരക്ഷണത്തിനാണ് പഞ്ച് പ്രാൺ പ്രചാരണത്തിൻ്റെ മുൻഗണനയെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ഇന്ത്യയിലെയും നേപ്പാളിലെയും ശ്രീബുദ്ധനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നടന്നുവരുന്ന വികസന പദ്ധതികൾ എണ്ണമിട്ടു പറഞ്ഞ ശ്രീ മോദി, കുശിനഗറിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം ആരംഭിച്ചതായും, ലുംബിനിയിൽ ഇന്ത്യ ഇൻ്റർനാഷണൽ സെൻ്റർ ഫോർ ബുദ്ധിസ്റ്റ് കൾച്ചർ ആൻഡ് ഹെറിറ്റേജ് നിർമ്മിക്കുന്നുണ്ടെന്നും, ബുദ്ധഗയ, ശ്രാവസ്തി, കപിലവസ്തു , സാഞ്ചി, സത്‌ന, രേവ തുടങ്ങി നിരവധി സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പദ്ധതികൾക്കൊപ്പം ലുംബിനിയിലെ ബുദ്ധ സർവ്വകലാശാലയിൽ ബുദ്ധമത പഠനത്തിനായി ഡോ. ബാബാ സാഹിബ് അംബേദ്കർ ചെയർ സ്ഥാപിച്ചതായും പറഞ്ഞു.  വാരാണസിയിലെ സാരാനാഥിൽ നടക്കുന്ന നിരവധി വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2024 ഒക്‌ടോബർ 20-ന് താൻ നിർവഹിക്കുമെന്നും ശ്രീ മോദി അറിയിച്ചു. പുതിയ നിർമാണത്തോടൊപ്പം ഇന്ത്യയുടെ സമ്പന്നമായ ഭൂതകാലം സംരക്ഷിക്കാനുള്ള ശ്രമങ്ങളും സർക്കാർ ഏറ്റെടുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദശകത്തിൽ 600-ലധികം പുരാതന പൈതൃകങ്ങളും പുരാവസ്തു ശേഷിപ്പുകളും കേന്ദ്ര ഗവൺമെൻ്റ് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ടെന്നും അവയിൽ പലതും ബുദ്ധമതവുമായി ബന്ധപ്പെട്ടതാണെന്നും ശ്രീ മോദി വ്യക്തമാക്കി. ബുദ്ധ പൈതൃകത്തിൻ്റെ നവോത്ഥാനത്തിൽ ഇന്ത്യ അതിൻ്റെ സംസ്‌കാരത്തെയും നാഗരികതയെയും പുതിയ രീതിയിൽ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീ ബുദ്ധൻ്റെ ഉപദേശങ്ങൾ രാജ്യത്തിൻ്റെ ഉന്നമനത്തിനായി മാത്രമല്ല, മനുഷ്യരാശിയുടെ സേവനത്തിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയാണെന്നും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബുദ്ധൻ്റെ ഉപദേശങ്ങൾ പിന്തുടരുന്ന രാജ്യങ്ങളെ ഒന്നിപ്പിക്കാൻ ആഗോളതലത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മ്യാൻമർ, ശ്രീലങ്ക, തായ്‌ലൻഡ് തുടങ്ങിയ നിരവധി രാജ്യങ്ങൾ പാലി ഭാഷാ വ്യാഖ്യാനങ്ങൾ സജീവമായി സമാഹരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാലിയെ പ്രോത്സാഹിപ്പിക്കുന്നതിനായി പരമ്പരാഗത രീതികളും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും ഡിജിറ്റൽ ആർക്കൈവുകളും ആപ്പുകളും പോലുള്ള ആധുനിക വിദ്യകളും ഉപയോഗിച്ച് ഗവൺമെൻ്റ് ഇന്ത്യയിൽ സമാനമായ ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നുവെന്ന് ശ്രീ മോദി വ്യക്തമാക്കി. ഭഗവാൻ ബുദ്ധനെ മനസ്സിലാക്കുന്നതിൽ ഗവേഷണത്തിൻ്റെ പ്രാധാന്യം വലുതാണെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. "ബുദ്ധൻ അറിവും അന്വേഷണവുമാണ്", ബുദ്ധൻ്റെ ഉപദേശങ്ങളെക്കുറിച്ചുള്ള ആന്തരിക പര്യവേക്ഷണത്തിൻ്റെയും അക്കാദമിക് ഗവേഷണത്തിൻ്റെയും ആവശ്യകത അടിവരയിടുന്നു. യുവാക്കളെ ഈ ദൗത്യത്തിലേക്ക് നയിക്കുന്നതിൽ ബുദ്ധമത സ്ഥാപനങ്ങളും സന്യാസിമാരും നൽകിയ മാർഗനിർദേശങ്ങളിൽ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു.
21-ാം നൂറ്റാണ്ടിൽ വർദ്ധിച്ചുവരുന്ന ആഗോള അസ്ഥിരതയെ പരാമർശിച്ചുകൊണ്ട്, ബുദ്ധൻ്റെ തത്വങ്ങൾ ഇന്നത്തെ ലോകത്ത് പ്രസക്തം മാത്രമല്ല അനിവാര്യവുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭയിൽ നൽകിയ തൻ്റെ സന്ദേശം ആവർത്തിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു, "ഇന്ത്യ ലോകത്തിന് നൽകുന്നത്  യുദ്ധമല്ല, ബുദ്ധനെയാണ് ". ബുദ്ധനിൽ നിന്ന് പഠിക്കാനും യുദ്ധം നിരസിക്കാനും സമാധാനത്തിന് വഴിയൊരുക്കാനും  ലോകത്തോട് ആഹ്വാനം ചെയ്ത അദ്ദേഹം, ഭഗവാൻ ബുദ്ധനിൽ പരിഹാരങ്ങൾ കണ്ടെത്താനാകുമെന്ന് അടിവരയിട്ടു. പ്രതികാരം പ്രതികാരത്തെ ശമിപ്പിക്കുന്നില്ല, അനുകമ്പയും മനുഷ്യത്വവും കൊണ്ട് മാത്രമേ വിദ്വേഷത്തെ മറികടക്കാൻ കഴിയൂ എന്ന ഭഗവാൻ ബുദ്ധൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട്, സമാധാനത്തേക്കാൾ വലിയ സന്തോഷമില്ലെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. എല്ലാവർക്കും സന്തോഷവും ക്ഷേമവും എന്ന ഭഗവാൻ ബുദ്ധൻ്റെ സന്ദേശം അദ്ദേഹം ആവർത്തിച്ചു.
2047 വരെയുള്ള വരാനിരിക്കുന്ന 25 വർഷങ്ങളെ അമൃത് കാലമായി  ഇന്ത്യ തിരിച്ചറിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി, അമൃത് കാലഘട്ടം ഇന്ത്യയുടെ പുരോഗതിയുടെ കാലഘട്ടമാണെന്നും, വികസിത ഇന്ത്യയെ കെട്ടിപ്പടുക്കുന്ന കാലഘട്ടമാണെന്നും ശ്രീ മോദി പറഞ്ഞു. ഭാരതം അതിൻ്റെ വികസനത്തിനായി ഉണ്ടാക്കിയ രൂപരേഖയിൽ  ഭഗവാൻ ബുദ്ധൻ്റെ തത്വങ്ങൾ നമ്മെ നയിക്കും. ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഇന്ന് വൈവിധ്യ വിഭവങ്ങളുടെ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരാണെന്നും  ബുദ്ധൻ്റെ നാട്ടിൽ മാത്രമേ അത് സാധ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മുഴുവൻ അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാന പ്രതിസന്ധിയെക്കുറിച്ച് എടുത്തുപറഞ്ഞ  പ്രധാനമന്ത്രി, ഈ വെല്ലുവിളികൾക്ക് ഇന്ത്യ സ്വന്തമായി പരിഹാരം കണ്ടെത്തുക മാത്രമല്ല, അവ പങ്കിടുകയും ചെയ്യുമെന്നും അഭിപ്രായപ്പെട്ടു. ലോകത്തെ പല രാജ്യങ്ങളെയും ചേർത്തുകൊണ്ടാണ്  ഇന്ത്യ മിഷൻ ലൈഫ് ആരംഭിച്ചതെന്നും അദ്ദേഹം പറയുകയുണ്ടായി.

ഏത് തരത്തിലുള്ള നന്മയ്ക്കും നാം തന്നെ പ്രാരംഭം കുറിക്കണം എന്ന ശ്രീ ബുദ്ധൻ്റെ  സാരോപദേശം ഉദ്ധരിച്ച്   മിഷൻ ലൈഫ് എന്ന ആശയത്തിൻ്റെ കാതലും അത് തന്നെയാണെന്ന് ശ്രീ നരേന്ദ്ര മോദി പറഞ്ഞു. എല്ലാ വ്യക്തിയുടെയും സുസ്ഥിരമായ ജീവിതശൈലിയിൽ നിന്നാണ് സുസ്ഥിരമായ ഭാവിയിലേക്കുള്ള പാത ഉയർന്നുവരുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര സൗര സഖ്യം, ജി-20 അധ്യക്ഷനായിരിക്കെ രൂപീകരിച്ച ആഗോള ജൈവ ഇന്ധന സഖ്യം, ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന ദർശനം എന്നിങ്ങനെ ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകൾ ചൂണ്ടിക്കാട്ടി, അവയെല്ലാം ഭഗവാൻ ബുദ്ധൻ്റെ ചിന്തകൾ പ്രതിഫലിപ്പിക്കുന്നതായി ശ്രീ മോദി പറഞ്ഞു. 
ഇന്ത്യയുടെ എല്ലാ ശ്രമങ്ങളും ലോകത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കുന്നതിലേക്ക് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി, ഇന്ത്യയുടെ ഹരിത ഹൈഡ്രജൻ ദൗത്യം, 2030-ഓടെ ഇന്ത്യൻ റെയിൽവേയെ പൂജ്യം കാർബൺ ബഹിർഗമനത്തിൽ എത്തിക്കൽ , പെട്രോളിൽ എഥനോൾ കലർത്തുന്നത് 20 ശതമാനമായി ഉയർത്തുക തുടങ്ങിയ രാജ്യത്തിന്റെ  വിവിധ സംരംഭങ്ങളെ പരാമർശിച്ച് ഇവയെല്ലാം  ഭൂമിയെ സംരക്ഷിക്കാനുള്ള ഇന്ത്യയുടെ ശക്തമായ ഇച്ഛാശക്തിയുടെ പ്രതിഫലനമാണെന്ന്  പ്രധാനമന്ത്രി പറഞ്ഞു . 
കേന്ദ്ര ഗവൺമെൻ്റിൻ്റെ പല തീരുമാനങ്ങളും ബുദ്ധൻ, ധമ്മ,സംഘ എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ലോകത്തെ  പ്രതിസന്ധി ഘട്ടങ്ങളിൽ ആദ്യം പ്രതികരിക്കുന്ന ഇന്ത്യയുടെ ശ്രമത്തെ  ഉദാഹരണമായി എടുത്തുകാട്ടി. തുർക്കിയെയിലെ ഭൂകമ്പം, ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി, കോവിഡ് 19 മഹാമാരി  തുടങ്ങിയ ആഗോള അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തിൻ്റെ ദ്രുതഗതിയിലുള്ള പ്രവർത്തനങ്ങൾ അദ്ദേഹം പ്രത്യേകം പരാമർശിച്ചു . ഇത് ബുദ്ധൻ്റെ അനുകമ്പാ തത്വത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. "ഒരു വിശ്വ ബന്ധു,അതായത്  ലോകത്തിൻ്റെ സുഹൃത്ത് എന്ന നിലയിൽ, ഇന്ത്യ എല്ലാവരേയും ഒപ്പം കൊണ്ടുപോകുന്നു," അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ, ചെറുധാന്യങ്ങൾ, ആയുർവേദം, പ്രകൃതി കൃഷി വൃത്തി തുടങ്ങിയ സംരംഭങ്ങൾ ഭഗവാൻ ബുദ്ധൻ്റെ ആശയങ്ങളിൽ  നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. 
 പ്രസംഗം ഉപസംഹരിക്കവെ “വികസനത്തിലേക്ക് നീങ്ങുന്ന ഇന്ത്യ, അതിൻ്റെ വേരുകൾ ശക്തിപ്പെടുത്തുന്ന ഉദ്യമത്തിൽ കൂടിയാണെന്ന് ” പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ യുവജനങ്ങൾ അവരുടെ സംസ്കാരത്തിലും മൂല്യങ്ങളിലും അഭിമാനിക്കുന്നതോടൊപ്പം ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ ലോകത്തെ നയിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ ശ്രമങ്ങളിൽ ബുദ്ധൻ്റെ പ്രബോധനങ്ങൾ  നമ്മുടെ ഏറ്റവും വലിയ വഴികാട്ടിയാണെന്ന് പറഞ്ഞ അദ്ദേഹം ഭഗവാൻ  ബുദ്ധൻ്റെ ആശയങ്ങൾക്കൊപ്പം  ഇന്ത്യ  അതിന്റെ വികസന യാത്ര തുടരുമെന്നും  ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കേന്ദ്ര സാംസ്കാരിക മന്ത്രി ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, കേന്ദ്ര പാർലമെൻ്ററികാര്യ-ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പശ്ചാത്തലം

ഇന്ത്യാ ഗവൺമെൻ്റും ഇൻ്റർനാഷണൽ ബുദ്ധിസ്റ്റ് കോൺഫെഡറേഷനും സംയുക്തമായി  സംഘടിപ്പിച്ച അന്താരാഷ്‌ട്ര അഭിധമ്മ ദിവസ് ആഘോഷത്തിൽ 14 രാജ്യങ്ങളിൽ നിന്നുള്ള അക്കാദമിക് വിദഗ്ധരും സന്യാസിമാരും ഉൾപ്പടെ ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ നിന്നും  ബുദ്ധ ധർമ്മത്തെക്കുറിച്ചുള്ള ഗണ്യമായ യുവ വിദഗ്ധരും പങ്കെടുത്തു.

 



(Release ID: 2065730) Visitor Counter : 16