പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി 2024 ഒക്ടോബര്‍ 15ന് ന്യൂഡല്‍ഹിയില്‍ ഐടിയു വേള്‍ഡ് ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി ഉദ്ഘാടനം ചെയ്യും



ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024ന്റെ എട്ടാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഇതാദ്യമായാണ് ഐടിയു-ഡബ്ല്യുടിഎസ്എ ഇന്ത്യയിലും ഏഷ്യ-പസഫിക്കിലും ആതിഥേയത്വം വഹിക്കുന്നത്

190-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 3000 വ്യവസായ പ്രമുഖരും നയരൂപകർത്താക്കളും സാങ്കേതിക വിദഗ്ധരും ഐടിയു-ഡബ്ല്യുടിഎസ്എയില്‍ പങ്കെടുക്കും

‘ഇപ്പോഴാണു ഭാവി’ എന്നതാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ എട്ടാം പതിപ്പിന്റെ പ്രമേയം

400-ലധികം പ്രദര്‍ശകരും 900-ഓളം സംരംഭങ്ങളും 120-ലധികം രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തവും ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024ലുണ്ടാകും


Posted On: 14 OCT 2024 5:31PM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒക്ടോബര്‍ 15ന് രാവിലെ 10ന് ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ ഇന്റര്‍നാഷണല്‍ ടെലികമ്യൂണിക്കേഷന്‍ യൂണിയന്‍ - വേള്‍ഡ് ടെലികമ്യൂണിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ അസംബ്ലി (WTSA) 2024 ഉദ്ഘാടനം ചെയ്യും.

ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024ന്റെ എട്ടാം പതിപ്പിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ഡിജിറ്റൽ സാങ്കേതികവിദ്യകൾക്കായുള്ള ഐക്യരാഷ്ട്രസഭ ഏജൻസിയുടെ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്റെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നാലുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഭരണനിർവഹണ സമ്മേളനമാണ് ഡബ്ല്യുടിഎസ്എ. ഇതാദ്യമായാണ് ഇന്ത്യയിലും ഏഷ്യ-പസഫിക്കിലും ഐടിയു-ഡബ്ല്യുടിഎസ്എ ആതിഥേയത്വം വഹിക്കുന്നത്. ടെലികോം, ഡിജിറ്റല്‍, ഐസിടി മേഖലകളെ പ്രതിനിധാനം ചെയ്ത് 190-ലധികം രാജ്യങ്ങളില്‍നിന്നുള്ള 3000-ലധികം വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ ഒരുമിച്ചു കൊണ്ടുവരുന്ന സുപ്രധാന ആഗോള പരിപാടിയാണിത്.

6 ജി, നിര്‍മിത ബുദ്ധി, ഐഒടി, ബിഗ് ഡാറ്റ, സൈബര്‍ സുരക്ഷ തുടങ്ങിയ അടുത്തതലമുറയുടെ നിര്‍ണായക സാങ്കേതികവിദ്യകളുടെ മാനദണ്ഡങ്ങളുടെ ഭാവിയെക്കുറിച്ചു ചര്‍ച്ച ചെയ്യാനും തീരുമാനിക്കാനും രാജ്യങ്ങള്‍ക്കു ഡബ്ല്യുടിഎസ്എ 2024 വേദി ഒരുക്കും. ഈ പരിപാടി ഇന്ത്യയില്‍ ആതിഥേയത്വം വഹിക്കുന്നത് ആഗോള ടെലികോം കാര്യപരിപാടി രൂപപ്പെടുത്തുന്നതിലും ഭാവി സാങ്കേതികവിദ്യകള്‍ക്കായി ഗതി നിശ്ചയിക്കുന്നതിലും പ്രധാന പങ്കു വഹിക്കാന്‍ രാജ്യത്തിന് അവസരം നല്‍കും. ബൗദ്ധിക സ്വത്തവകാശങ്ങളും അടിസ്ഥാന അവശ്യ പേറ്റന്റുകളും വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക ഉള്‍ക്കാഴ്ചകള്‍ നേടാന്‍ ഇന്ത്യന്‍ സംരഭങ്ങളും ഗവേഷണ സ്ഥാപനങ്ങളും തയ്യാറെടുക്കുകയാണ്.

6 ജി, 5 ജി യൂസ്-കേസ് ഷോകേസ്, ക്ലൗഡ് ആന്‍ഡ് എഡ്ജ് കമ്പ്യൂട്ടിങ്, ഐഒടി, സെമികണ്ടക്ടർ, സൈബര്‍ സുരക്ഷ, ഹരിതസാങ്കേതികവിദ്യ, സാറ്റ്‌കോം, ഇലക്ട്രോണിക്സ് നിര്‍മാണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനൊപ്പം പ്രമുഖ ടെലികോം കമ്പനികളും നൂതനാശയ ഉപജ്ഞാതാക്കളും ക്വാണ്ടം സാങ്കേതികവിദ്യ, ചാക്രിക സമ്പദ്‌വ്യവസ്ഥ എന്നിവയിലെ മുന്നേറ്റങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024 ഇന്ത്യയുടെ നൂതനാശയ ആവാസവ്യവസ്ഥ പ്രദര്‍ശിപ്പിക്കും.

ഏഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ സാങ്കേതികവിദ്യാ വേദിയായ ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വ്യവസായം, ഗവണ്മെന്റ്, അക്കാദമിക്‌സ്, സ്റ്റാര്‍ട്ടപ്പുകള്‍, സാങ്കേതികവിദ്യ, ടെലികോം ആവാസവ്യവസ്ഥയിലെ മറ്റ് പ്രധാന പങ്കാളികള്‍ എന്നിവര്‍ക്കായി നൂതന പ്രതിവിധികൾ, സേവനങ്ങള്‍, അത്യാധുനിക യൂസ് കേസുകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ലോകമെമ്പാടുമുള്ള അറിയപ്പെടുന്ന വേദിയായി മാറി. 120 രാജ്യങ്ങളില്‍ നിന്നുള്ള 400 പ്രദര്‍ശകര്‍, 900 സംരംഭങ്ങള്‍ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് 2024 സംഘടിപ്പിക്കുന്നത്. 900 ലധികം സാങ്കേതിക യൂസ് കേസ് സാഹചര്യങ്ങളുടെ പ്രദര്‍ശനം, നൂറിലധികം സെഷനുകള്‍ സംഘടിപ്പിക്കൽ, 600 ലധികം ആഗോള-ഇന്ത്യന്‍ പ്രഭാഷകരുമായുള്ള ചര്‍ച്ച എന്നിവയും പരിപാടിയുടെ ലക്ഷ്യമാണ്.

 

-NK-



(Release ID: 2064775) Visitor Counter : 34