പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ലാവോസിലെ വിയന്റിയാനിൽ നടന്ന 19-ാം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ നടത്തിയ അഭിസംബോധനയുടെ പൂർണരൂപം

Posted On: 11 OCT 2024 11:49AM by PIB Thiruvananthpuram

ആദരണീയരേ,

നമസ്കാരം.

ആദ്യമായി, “യാഗി ചുഴലിക്കാറ്റി”ന്റെ ദുരിതംപേറിയവർക്ക് എന്റെ ആഴത്തിലുള്ള അനുശോചനം രേഖപ്പെടുത്തുന്നു.

വെല്ലുവിളി നിറഞ്ഞ ഈ വേളയിൽ, ‘ഓപ്പറേഷൻ സദ്ഭവി’ലൂടെ ഞങ്ങൾ മാനുഷിക സഹായം നൽകിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

ആസിയാന്റെ ഐക്യത്തെയും കേന്ദ്രീകരണത്തെയും ഇന്ത്യ നിരന്തം പിന്തുണച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇൻഡോ-പസഫിക് കാഴ്ചപ്പാടിനും ക്വാഡ് സഹകരണത്തിനും ആസിയാൻ നിർണായകമാണ്. ഇന്ത്യയുടെ “ഇൻഡോ-പസഫിക് സമുദ്രസംരംഭം”, “ആസിയാൻ കാഴ്ചപ്പാടിലെ ഇന്തോ-പസഫിക്” എന്നിവ തമ്മിൽ പ്രധാനപ്പെട്ട സമാനതകളുണ്ട്. സ്വതന്ത്രവും തുറന്നതും ഏവരെയും ഉൾക്കൊള്ളുന്നതും സമൃദ്ധവും നിയമാധിഷ്ഠിതവുമായ ഇൻഡോ-പസഫിക്, പ്രദേശത്തിന്റെയാകെ സമാധാനത്തിനും പുരോഗതിക്കും നിർണായകമാണ്.

ദക്ഷിണ ചൈനാ കടലിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവ ഇൻഡോ-പസഫിക് മേഖലയുടെയാകെ താൽപ്പര്യമാണ്.

UNCLOS-ന് അനുസൃതമായി സമുദ്രപ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. സഞ്ചാരസ്വാതന്ത്ര്യവും വ്യോമാതിർത്തിയും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കരുത്തുറ്റതും ഫലപ്രദവുമായ പെരുമാറ്റച്ചട്ടം വികസിപ്പിക്കണം. എന്നാലത്, പ്രാദേശിക രാജ്യങ്ങളുടെ വിദേശനയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതാകരുത്.

നമ്മുടെ സമീപനം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതു വികസനത്തിലാണ്; വിപുലീകരണത്തിലല്ല.

സുഹൃത്തുക്കളേ,

മ്യാന്മറിലെ സ്ഥിതിഗതികളോടുള്ള ആസിയാൻ സമീപനത്തെ ഞങ്ങൾ അംഗീകരിക്കുകയും പഞ്ചനിർദേശസമവായത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ, മാനുഷികസഹായം നിലനിർത്തുന്നതും ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് അനുയോജ്യമായ നടപടികൾ കൈക്കൊള്ളുന്നതും നിർണായകമാണെന്നു ഞങ്ങൾ വിശ്വസിക്കുന്നു. ഒറ്റപ്പെട്ടുനിൽക്കുന്നതിനു പകരം മ്യാന്മർ ഈ പ്രക്രിയയിൽ ഇടപെടേണ്ടതുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു.

അയൽരാജ്യമെന്ന നിലയിൽ, തുടർന്നും ഇന്ത്യ ഉത്തരവാദിത്വങ്ങൾ ഉയർത്തിപ്പിടിക്കും.

സുഹൃത്തുക്കളേ,

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിച്ചതു ഗ്ലോബൽ സൗത്തിൽനിന്നുള്ള രാജ്യങ്ങളെയാണ്. യുറേഷ്യ, മധ്യപൂർവേഷ്യ തുടങ്ങിയ പ്രദേശങ്ങളിൽ എത്രയും വേഗം സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കണമെന്നതു കൂട്ടായ ആഗ്രഹമാണ്.

ഞാൻ ബുദ്ധന്റെ ഭൂമികയിൽനിന്നാണു വരുന്നത്. ഇതു യുദ്ധത്തിന്റെ യുഗമല്ലെന്നു ഞാൻ ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധക്കളത്തിൽ പ്രശ്നങ്ങൾക്കു പ്രതിവിധി കണ്ടെത്താനാക‌ില്ല.

പരമാധികാരം, പ്രാദേശിക സമഗ്രത, അന്താരാഷ്ട്ര നിയമങ്ങൾ എന്നിവ മാനിക്കേണ്ടത് അനിവാര്യമാണ്. മാനുഷിക കാഴ്ചപ്പാടോടെ, സംഭാഷണത്തിനും നയതന്ത്രത്തിനും നാം കരുത്തുറ്റ ഊന്നൽ നൽകണം.

വിശ്വബന്ധു എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങൾ നിറവേറ്റുന്നതിൽ, ഈ ദിശയിൽ സംഭാവനയേകാൻ തുടർന്നും എല്ലാ ശ്രമങ്ങളും ഇന്ത്യ നടത്തും.

ആഗോളസമാധാനത്തിനും സുരക്ഷയ്ക്കും ഭീകരവാദം ഗുരുതരവെല്ലുവിളിയാണ് ഉയർത്തുന്നത്. അതിനെ ചെറുക്കാൻ, മാനവികതയിൽ വിശ്വസിക്കുന്ന ശക്തികൾ യോജിച്ചു പ്രവർത്തിക്കണം.

ഒപ്പം, സൈബർ, സമുദ്രം, ബഹിരാകാശം എന്നീ മേഖലകളിൽ പരസ്പരസഹകരണത്തിനു കരുത്തേകണം.

സുഹൃത്തുക്കളേ,

നാളന്ദയുടെ പുനരുജ്ജീവനം കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ ഞങ്ങൾ നൽകിയ പ്രതിബദ്ധതയായിരുന്നു. ഈ ജൂണിൽ നാളന്ദ സർവകലാശാലയുടെ പുതിയ ക്യാമ്പസ് ഉദ്ഘാടനംചെയ്ത് ആ പ്രതിബദ്ധത ഞങ്ങൾ നിറവേറ്റി. നാളന്ദയിൽ നടക്കുന്ന ‘ഉന്നത വിദ്യാഭ്യാസമേധാവികളുടെ സമ്മേളന’ത്തിൽ പങ്കെടുക്കാൻ ഇവിടെ സന്നിഹിതരായ എല്ലാ രാജ്യങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന സ്തംഭമാണു കിഴക്കൻ ഏഷ്യ ഉച്ചകോടി.

ഇന്നത്തെ ഉച്ചകോടിയുടെ മികച്ച സംഘാടനത്തിനു പ്രധാനമന്ത്രി സോൻസായ് സിഫൻഡോണിന് എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ.

അധ്യക്ഷപദത്തിലേക്ക് അടുത്തതായി വരുന്ന മലേഷ്യക്കു ഞാൻ ആശംസകൾ നേരുകയും വിജയകരമായ അധ്യക്ഷപദത്തിന് ഇന്ത്യയുടെ പൂർണപിന്തുണ അവർക്ക് ഉറപ്പു നൽകുകയും ചെയ്യുന്നു.

വളരെ നന്ദി.

****

NK



(Release ID: 2064105) Visitor Counter : 16