ആയുഷ്‌
azadi ka amrit mahotsav

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ ഏഴാമത് സ്ഥാപക ദിന ആഘോഷങ്ങളിൽ രാഷ്‌ട്രപതി പങ്കെടുത്തു

Posted On: 09 OCT 2024 5:20PM by PIB Thiruvananthpuram

 

ന്യൂഡൽഹിയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയുടെ (എഐഐഎ) ഏഴാമത് സ്ഥാപക ദിനമായ  ഇന്ന് (ഒക്‌ടോബർ 8, 2024) രാഷ്‌ട്രപതി  ശ്രീമതി ദ്രൗപദി  മുർമു പങ്കെടുത്തു . ആയുർവേദം, ലോകത്തിലെ ഏറ്റവും പഴക്കമുള്ള ചികിത്സാ സമ്പ്രദായങ്ങളിലൊന്നാണെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. . ലോകത്തിന് ഇന്ത്യ നൽകിയ അമൂല്യമായ സമ്മാനമാണിത്. മനസും ശരീരവും  ആത്മാവും തമ്മിൽ  സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ട് സമഗ്രമായ ആരോഗ്യ പരിപാലനത്തിന് ആയുർവേദം ഊന്നൽ നൽകുന്നു. നമുക്ക് ചുറ്റുമുള്ള വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ഔഷധമൂല്യം നാം മനസ്സിലാക്കിയിട്ടുണ്ടെന്നും അവ ഉപയോഗിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. ഗോത്ര  സമൂഹത്തിൽ, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള പാരമ്പര്യ അറിവ് കൂടുതൽ സമ്പന്നമാണ്. എന്നാൽ സമൂഹം ആധുനികതയെ സ്വീകരിക്കുകയും പ്രകൃതിയിൽ നിന്ന് അകന്നുപോകുകയും ചെയ്തപ്പോൾ ആ പരമ്പരാഗത അറിവ് പ്രയോജനപ്പെടുത്തുന്നത് നാം ഉപേക്ഷിച്ചു . വീട്ടുവൈദ്യ രീതി  സ്വീകരിക്കുന്നതിനേക്കാൾ ഒരു ഡോക്ടറിൽ നിന്ന് മരുന്ന് വാങ്ങുന്നത് എളുപ്പമായി. ഇപ്പോൾ ജനങ്ങൾക്കിടയിൽ അവബോധം വർധിച്ചുവരികയാണ്. ഇന്ന്, ഇൻറഗ്രേറ്റീവ് സിസ്റ്റം ഓഫ് മെഡിസിൻ എന്ന ആശയം ലോകമെമ്പാടും പ്രചാരത്തിലുണ്ട്. ജനങ്ങൾക്ക്  ആരോഗ്യം നൽകാൻ വ്യത്യസ്ത മെഡിക്കൽ സംവിധാനങ്ങൾ  പരസ്പര പൂരക സംവിധാനങ്ങളായി സഹായിക്കുന്നു.

നമുക്ക് തലമുറകളായി ആയുർവേദത്തിൽ  അചഞ്ചലമായ വിശ്വാസമുണ്ടെന്ന് അവർ  പറഞ്ഞു. ചിലർ ഈ വിശ്വാസം മുതലെടുത്ത് നിരപരാധികളെ വഞ്ചിക്കുന്നു. അവർ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കുകയും തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇത് പൊതുജനങ്ങളുടെ പണത്തിനും ആരോഗ്യത്തിനും നഷ്ടം ഉണ്ടാക്കുക മാത്രമല്ല, ആയുർവേദത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആയുർവേദ കോളേജുകളുടെയും വിദ്യാർത്ഥികളുടെയും എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി അവർ പറഞ്ഞു . വരും കാലങ്ങളിൽ യോഗ്യരായ ആയുർവേദ ഡോക്ടർമാരുടെ ലഭ്യത ഇനിയും വർധിക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ആയുർവേദത്തിൻ്റെ വികസനം മനുഷ്യർക്ക് മാത്രമല്ല ജന്തുക്കൾക്കും പരിസ്ഥിതിക്കും ഗുണകരമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു. ഉപയോഗത്തെക്കുറിച്ച് നമുക്ക് അറിവില്ലാത്തതിനാൽ പല മരങ്ങളും ചെടികളും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു.എന്നാൽ  അവയുടെ പ്രാധാന്യം അറിയുമ്പോൾ നാം അവയെ സംരക്ഷിക്കുമെന്ന് രാഷ്ട്രപതി പറഞ്ഞു .

വിവിധ ചികിത്സാ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ട ആളുകൾ പലപ്പോഴും തങ്ങളുടെ സമ്പ്രദായം മികച്ചതാണെന്ന് അവകാശപ്പെടാറുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പരസ്പരം ആരോഗ്യകരമായ മത്സരങ്ങൾ ഉണ്ടാകുന്നത് നല്ലതാണെങ്കിലും പരസ്പരം വിമർശിക്കാനുള്ള ശ്രമം പാടില്ല. വിവിധ ചികിത്സാ സമ്പ്രദായങ്ങളുമായി ബന്ധപ്പെട്ടവർക്കിടയിൽ സഹകരണ ബോധം ഉണ്ടായിരിക്കണം. രോഗികളെ സുഖപ്പെടുത്തി മനുഷ്യരാശിക്ക് നന്മ ചെയ്യുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യം. ‘സർവേ സന്തു നിരാമയഃ’ - എല്ലാവരും രോഗങ്ങളിൽ നിന്ന് മുക്തരാകണമെന്ന് നാമെല്ലാവരും പ്രാർത്ഥിക്കുന്നു.   ആയുർവേദത്തിൻ്റെ പ്രസക്തി ഉറപ്പാക്കാൻ ഗവേഷണത്തിലും മരുന്നുകളുടെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ആയുർവേദ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ശാക്തീകരിക്കുകയും വേണം. പരമ്പരാഗത വിദ്യാഭ്യാസവും ആധുനിക സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, ചുരുങ്ങിയ സമയത്തിനുള്ളിൽ ആയുർവേദ വൈദ്യം, വിദ്യാഭ്യാസം, ഗവേഷണം, സമഗ്ര  ആരോഗ്യ സംരക്ഷണം എന്നിവയിൽ സുപ്രധാന സ്ഥാനം നേടിയതായി രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു
 


(Release ID: 2063564) Visitor Counter : 34