വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ സമ്മാനിച്ചു
ഇന്ത്യൻ ചലച്ചിത്ര രംഗത്തെ ആജീവനാന്ത നേട്ടത്തിനുള്ള ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മിഥുൻ ചക്രവർത്തി
Posted On:
08 OCT 2024 9:27PM by PIB Thiruvananthpuram
"നിങ്ങൾ ഉറങ്ങിയാലും നിങ്ങളുടെ സ്വപ്നങ്ങളെ ഉറങ്ങാൻ അനുവദിക്കരുത്". രാജ്യതലസ്ഥാനത്ത് വിവിധ വിഭാഗങ്ങളിലായി എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ലഭിച്ച യുവ പുരസ്കാര ജേതാക്കളോട് ചലച്ചിത്ര ഇതിഹാസം മിഥുൻ ദാ പറഞ്ഞ സുവർണ വാക്കുകളാണിത്. മിഥുൻ ചക്രവർത്തി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുർമു അദ്ദേഹത്തെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി ആദരിച്ചപ്പോള്‍ വിജ്ഞാന്‍ ഭവന്‍ ഓഡിറ്റോറിയം ഒന്നടങ്കം എഴുന്നേറ്റ് കരഘോഷം മുഴക്കി. ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത മിഥുൻ ദാ സിനിമാ മേഖലയിലെ തൻ്റെ പോരാട്ടത്തിൻ്റെ അനുഭവങ്ങൾ പങ്കുവെച്ചു. ഇരുണ്ട നിറം കാരണം താൻ നേരിട്ട വിവേചനം ഓര്‍ത്തെടുത്ത അദ്ദേഹം പുരസ്കാര ജേതാക്കളോടും സദസ്സിനോടും തൻ്റെ വിജയമന്ത്രം പങ്കുവെക്കുകയും ചെയ്തു.
സമൂഹത്തെ മാറ്റാനുള്ള ഏറ്റവും ശക്തമായ മാധ്യമമാണ് സിനിമകളും സമൂഹമാധ്യമങ്ങളുമെന്ന് രാഷട്രപതി ശ്രീമതി. ദ്രൗപദി മുർമു എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരദാന ചടങ്ങിൽ പറഞ്ഞു. പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും ചലച്ചിത്ര നിര്‍മാണ സ്ഥാപനങ്ങള്‍ക്കുമൊപ്പം വേദി പങ്കിടാന്‍ ഈ പുരസ്കാരങ്ങളിലൂടെ അവസരമൊരുക്കിയതിന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തെ രാഷ്ട്രപതി പ്രശംസിച്ചു.
മനോജ് വാജ്‌പേയി, വിശാൽ ഭരദ്വാജ്, നീന ഗുപ്ത, കരൺ ജോഹർ, ഋഷഭ് ഷെട്ടി തുടങ്ങിയ പുരസ്കാര ജേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖരായ ഷർമിള ടാഗോർ, പ്രസൂൺ ജോഷി തുടങ്ങിയവരും പരിപാടിയുടെ ഭാഗമായി. ഏഴാം തവണയും ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ എ.ആർ. റഹ്മാനും മണിരത്‌നവുമടക്കം പ്രതിഭാധനരായ വ്യക്തിത്വങ്ങളും പുരസ്കാര ജേതാക്കള്‍ക്കിടയിലുണ്ടായിരുന്നു. ഇത് അവരുടെ ശാശ്വതമായ പ്രതിഭയുടെയും ചലച്ചിത്രരംഗത്തെ സ്വാധീനത്തിന്റെയും തെളിവാണ്.
കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ, റെയിൽവേ - ഇലക്ട്രോണിക്സ് -വിവരസാങ്കേതിക വകുപ്പ് മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്, കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയ സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു, ജൂറി അംഗങ്ങളായ ശ്രീ. രാഹുൽ റാവൈൽ, ശ്രീ. നിള മാധവ് പാണ്ഡെ, ശ്രീ. ഗംഗാധര്‍ മുതലിയാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ സിനിമയ്ക്കും സമൂഹത്തിനും നൽകിയ അസാമാന്യ സംഭാവനകള്‍ മുന്‍നിര്‍ത്തി ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനായ ഐതിഹാസിക നടൻ മിഥുൻ ചക്രവർത്തിയ്ക്ക് ശ്രീ. അശ്വിനി വൈഷ്ണവ് ആദരമര്‍പ്പിച്ചു.
ഒമ്പത് നവാഗത സംവിധായകരുടെ ശ്രദ്ധേയമായ നേട്ടങ്ങൾ എടുത്തുപറഞ്ഞ ശ്രീ. അശ്വിനി വൈഷ്ണവ് അവരുടെ ധീരമായ കഥപറച്ചിലിനെ അഭിനന്ദിച്ചു. ക്രിയാത്മക സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സിനിമാ വ്യവസായത്തിലെയും സ്റ്റാർട്ടപ്പുകളിലെയും യുവതയുടെ നൂതനാശയങ്ങള്‍ വഹിക്കുന്ന പങ്കിനെ അദ്ദേഹം പ്രകീർത്തിച്ചു.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT)
ക്രിയാത്മക വ്യവസായങ്ങളുടെ വളർച്ചയെ കൂടുതൽ പിന്തുണയ്ക്കുന്നതിനുള്ള സുപ്രധാന സംരംഭമായി മുംബൈയിൽ ആദ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ടെക്നോളജി (IICT) സ്ഥാപിക്കുമെന്ന് ശ്രീ. അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. സാങ്കേതിക, നിര്‍വഹണ രംഗങ്ങളില്‍ ലോകത്തിലെ ഏറ്റവും മികച്ച പ്രതിഭകളെ (ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വന്‍കിട ഭീമന്മാരെ നയിക്കുന്നവർ) വളര്‍ത്തിയെടുത്ത IIT-കളും IIM-കളും ഉള്‍പ്പെടെ അഭിമാനകരമായ സ്ഥാപനങ്ങളുടെ മാതൃകയിൽ സർഗാത്മക വൈദഗ്ധ്യവും വിജ്ഞാനവും വികസിപ്പിക്കുന്നതിൽ IICT ശ്രദ്ധ കേന്ദ്രീകരിക്കും. ആഗോള സർഗാത്മക സമ്പദ്‌വ്യവസ്ഥയിൽ രാജ്യം മുൻനിരയിൽ തുടരുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം നവീകരണത്തിൻ്റെയും സർഗ്ഗാത്മകതയുടെയും നൈപുണ്യ വികസനത്തിൻ്റെയും കേന്ദ്രമായി ഈ പുതിയ സ്ഥാപനം പ്രവർത്തിക്കും.
മൂന്ന് പ്രധാന സ്തംഭങ്ങളിലൂടെ ചലച്ചിത്ര വ്യവസായത്തെ വികസിപ്പിക്കാനുള്ള സർക്കാരിൻ്റെ കാഴ്ചപ്പാടും അദ്ദേഹം വിശദീകരിച്ചു:
പ്രതിഭാധനരുടെ സമഗ്ര പരിപോഷണവും വികസനവും: ചലച്ചിത്രനിർമാണത്തിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പങ്ക് തിരിച്ചറിഞ്ഞ അദ്ദേഹം പ്രതിഭാധനരുടെ ശക്തമായ പരിപോഷണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഐടി, അർധചാലക മേഖലകളിലെ ഇന്ത്യയുടെ വിജയത്തിന് സമാന്തരമായി IICT-കളുടെ സുപ്രധാന പങ്കോടെ ക്രിയാത്മക സാങ്കേതിക രംഗത്തെ പ്രതിഭകളെ പരിപോഷിപ്പിക്കേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം: ചലച്ചിത്ര വ്യവസായത്തിൻ്റെ നൂതന ആവശ്യങ്ങൾക്ക് പിന്തുണ ഉറപ്പാക്കാന്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത ശ്രീ. വൈഷ്ണവ് വ്യക്തമാക്കി. ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന് അടിത്തറ പാകാന്‍ ആശയങ്ങൾ സംഭാവന ചെയ്യുന്നതിന് അദ്ദേഹം ചലച്ചിത്ര വ്യവസായരംഗത്തെ പ്രമുഖരെ ക്ഷണിച്ചു.
നടപടിക്രമങ്ങളുടെ ലളിതവൽക്കരണം: ചലച്ചിത്ര പ്രവർത്തകർക്ക് അവരുടെ സൃഷ്ടികളില്‍ റെയിൽവേ, വനം, പുരാവസ്തുമേഖലകള്‍ തുടങ്ങി വിവിധ സ്ഥലങ്ങൾ ഉപയോഗിക്കുന്നത് സുഗമമാക്കാന്‍ അനുമതിയുമായി ബന്ധപ്പെട്ട നടപടിക്രമം ലളിതമാക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി ചർച്ച ചെയ്തു, ഈ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നത് സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും ഉദ്യാഗസ്ഥതല തടസ്സങ്ങൾ കുറയ്ക്കുകയും ചെയ്യും.
ഇതിഹാസ സിനിമകൾ മുതൽ അവയുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പത്രവാര്‍ത്തകളും ഉള്‍പ്പെടെ ഇന്ത്യയിലെ സമ്പന്നമായ ചലച്ചിത്ര പാരമ്പര്യം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും ശ്രീ. വൈഷ്ണവ് ഊന്നിപ്പറഞ്ഞു. ഭാവിതലമുറയ്‌ക്കായി ഈ അമൂല്യ നിധികൾ സംരക്ഷിക്കാന്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
(Release ID: 2063355)
Visitor Counter : 41