പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയും മാലിദ്വീപും: സമഗ്രമായ സാമ്പത്തിക, സമുദ്രസുരക്ഷാ പങ്കാളിത്തത്തിനായുള്ള ഒരു വീക്ഷണം
Posted On:
07 OCT 2024 2:39PM by PIB Thiruvananthpuram
ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസുവും തമ്മിൽ 2024 ഒകേ്ടാബർ 7-ന് കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ ശ്രേണിയും സമഗ്രമായി അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ ചരിത്രപരമായി അടുത്തുനിൽക്കുന്നതും സവിശേഷവുമായ തങ്ങളുടെ ബന്ധം ആഴത്തിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയും ജനങ്ങളുടെ അഭിവൃദ്ധിക്ക് നൽകിയ സംഭാവനകളും ഇരുവരും ചൂണ്ടിക്കാണിക്കുകയും ചെയ്തു.
2. അയൽപക്കം ആദ്യം നയത്തിനും വിഷൻ സാഗറിനും കീഴിൽ മാലിദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യത്തിന് അടിവരയിട്ട ഇന്ത്യൻ പ്രധാനമന്ത്രി, മാലിദ്വീപിന്റെ വികസന യാത്രയിലും മുൻഗണനകളിലും സഹായിക്കാനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു. 2024 മെയ്, സെപ്തംബർ മാസങ്ങളിൽ എസ്.ബി.ഐ സബ്‌സ്‌ക്രൈബ് ചെയ്ത ടി ബില്ലിലൂടെ 100 മില്യൺ യു.എസ് ഡോളർ ഒരുവർഷത്തേയ്ക്ക് കൂടി വീണ്ടും നിക്ഷേപിച്ചത് (റോളിംഗ് ഓവർ) ഉൾപ്പെടെയുള്ള സമയോചിതമായ അടിയന്തര സാമ്പത്തിക സഹായങ്ങൾ മാലിദ്വീപിന് ആവശ്യമായിരുന്ന സാമ്പത്തികദൃഢത നൽകുകയും ഏറ്റവും അടിയന്തിരമായ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്നതിന് സഹായിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു. 2014-ലെ മാലിയിലെ ജലപ്രതിസന്ധിയിലും കോവിഡ്-19 മഹാമാരിയിലും കഴിഞ്ഞ ദശകത്തിൽ ഇന്ത്യ നൽകിയ സഹായത്തെത്തുടർന്ന്, ആവശ്യമുള്ള സമയങ്ങളിൽ മാലിദ്വീപിന് വേണ്ടി ആദ്യ പ്രതികരണം നടത്തുന്നവർ എന്ന നിലയിലെ ഇന്ത്യയുടെ തുടർച്ചയായ പങ്ക് അദ്ദേഹം അംഗീകരിച്ചു.
3. ഉഭയകക്ഷി കറൻസി സ്വാപ്പ് കരാറിന്റെ രൂപത്തിൽ 400 മില്യൺ യു.എസ് ഡോളറും 30 ബില്യൺ ഇന്ത്യൻ രൂപയും പിന്തുണ നൽകാനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ തീരുമാനത്തെ അഭിനന്ദിച്ച മാലിദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു, മാലിദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികൾ നേരിടാനുള്ള തുടർനടപടികൾ നടപ്പാക്കാൻ ഇത് സഹായകമാകുമെന്നും വ്യക്തമാക്കി. മാലിദ്വീപിന്റെ സാമ്പത്തിക വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനുള്ള പിന്തുണയ്ക്കായി കുടുതൽ നടപടികൾ സ്വീകരിക്കുന്നതിനും നേതാക്കൾ സമ്മതിച്ചു.
4. ഉഭയകക്ഷി ബന്ധത്തെ സമഗ്രമായ സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തത്തിലേക്ക് സമ്പൂർണ്ണമായി പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള സഹകരണത്തിന്റെ ഒരു പുതിയ ചട്ടക്കൂട് രൂപപ്പെടുത്തുന്നതിന് ഇരുപക്ഷത്തിനും ഇത് ഉചിതമായ സമയമാണെന്ന് അംഗീകരിച്ച നേതാക്കൾ, അത് ജനകേന്ദ്രീകൃതവും ഭാവിയെ അടിസ്ഥാനമാക്കിയുള്ളതും ഇച്ഛാശക്തിയുള്ളതും ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സ്ഥിരതയുടെ നങ്കൂരമായി പ്രവർത്തിക്കുന്നതുമാകണമെന്നും നിർദ്ദേശിച്ചു. ഈ സാഹചര്യത്തിൽ ഇരുനേതാക്കളും താഴേപ്പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു.
1. രാഷ്ട്രീയ വിനിമയങ്ങൾ
നേതൃതലത്തിലും മന്ത്രിതലത്തിലുമുള്ള കൈമാറ്റം ശക്തമാക്കുന്നതിന്, പാർലമെന്റേറിയൻമാരുടെയും തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വിനിമയങ്ങൾ ഉൾപ്പെടുത്തി ഇരുപക്ഷവും ഇത് വിപുലീകരിക്കും. കൂടാതെ, ഉഭയകക്ഷി ബന്ധങ്ങളുടെ വളർച്ചയിൽ പങ്കാളിത്ത ജനാധിപത്യ മൂല്യങ്ങൾ നൽകുന്ന സംഭാവനകൾ തിരിച്ചറിഞ്ഞുകൊണ്ട് രണ്ട് പാർലമെന്റുകൾ തമ്മിലുള്ള സ്ഥാപനവൽക്കരിക്കപ്പെട്ട സഹകരണം സാദ്ധ്യമാക്കുന്നതിന് ഒരു ധാരണാപത്രത്തിൽ ഏർപ്പെടാൻ അവർ തീരുമാനിച്ചു.
2. വികസന സഹകരണം
മാലിദ്വീപിലെ ജനങ്ങൾക്ക് ഇതിനകം വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാനായ വികസന പങ്കാളിത്ത പദ്ധതികളുടെ പുരോഗതി കണക്കിലെടുത്ത്, ഇരുപക്ഷവും താഴേപ്പറയുന്ന കാര്യങ്ങൾ തീരുമാനിച്ചു:
1. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, ഭവനങ്ങൾ, ആശുപത്രികൾ, റോഡ് ശൃംഖലകൾ, കായിക സൗകര്യങ്ങൾ, സ്‌കൂളുകൾ, ജലം, മലിനജലം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ മാലദ്വീപിന്റെ അനിവാര്യതകളും ആവശ്യങ്ങളും അനുസരിച്ച് വികസന പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക;
2. ഭവനനിർമ്മാണ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് മാലദ്വീപിന് സഹായം നൽകുന്നതിനും ഇന്ത്യയുടെ പിന്തുണാ സഹായത്താൽ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ഭവന പദ്ധതികൾ ത്വരിതപ്പെടുത്തുന്നതിനും;
3. മുൻനിര ഗ്രേറ്റർ മാലെ ബന്ധിപ്പിക്കൽ പദ്ധതി(ജി.എം. സി.പി) സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പൂർണ്ണ പിന്തുണ നൽകാനും തിലഫുഷി, ഗിരാവരു ദ്വീപുകളെ ഒരു കൂട്ടിച്ചേർക്കലിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള സാദ്ധ്യതാ പഠനം നടത്താനും;
4. മാലെ തുറമുഖത്തെ തിരക്ക് കുറയ്ക്കുന്നതിനും തിലഫുഷിയിലെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർദ്ധിപ്പിക്കുന്നതിനുമായി തിലഫുഷി ദ്വീപിൽ അത്യാധുനിക വാണിജ്യ തുറമുഖം വികസിപ്പിക്കുന്നതിൽ സഹകരിക്കുക;
5. മാലിദ്വീപ് സാമ്പത്തിക ഗേറ്റ് വേ പദ്ധതിയിലേക്ക് സംഭാവന ചെയ്യുന്ന ട്രാൻസ്ഷിപ്പ്‌മെന്റ് സൗകര്യങ്ങളുടെയും ബങ്കറിംഗ് സേവനങ്ങളുടെയും വികസനത്തിനായുള്ള സഹകരണം മാലിദ്വീപിലെ ഇഹവന്തിപ്പോലു, ഗാഥോ ദ്വീപുകളിൽ പര്യവേക്ഷണം ചെയ്യുക;
6. ഇന്ത്യൻ സഹായത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഹനിമാധൂ, ഗാൻ വിമാനത്താവളങ്ങളുടെയും മാലിദ്വീപിലെ മറ്റ് വിമാനത്താവളങ്ങളുടെയും മുഴുവൻ സാദ്ധ്യതകളും പ്രയോജനപ്പെടുത്തുന്നതിൽ സംയുക്തമായി പ്രവർത്തിക്കുക. ഈ ലക്ഷ്യത്തിനായി, വ്യോമയാന ബന്ധിപ്പിക്കൽ ശക്തിപ്പെടുത്തുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഈ വിമാനത്താവളങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി സഹകരിക്കുന്നതിനുമുള്ള നടപടികൾ ഇരുപക്ഷവും പരിഗണിക്കും.
7. കാർഷിക സാമ്പത്തിക മേഖല (അഗ്രികൾച്ചർ ഇക്കണോമിക് സോൺ) സ്ഥാപിക്കുന്നതിനും ഇന്ത്യൻ സഹായത്തോടെ ഹാ ധാലു ദ്വീപിൽ
ടൂറിസം നിക്ഷേപങ്ങൾക്കും ഹാ അലിഫു ദ്വീപിൽ മത്സ്യ സംസ്‌കരണത്തിനും കാനിംഗ് (ടിന്നിടലച്ച് ഭദ്രമാക്കുക) സൗകര്യത്തിനും സംയുക്തമായി പ്രവർത്തിക്കുക;
8. ഇന്ത്യ-മാലിദ്വീപ് ജനകീയ-കേന്ദ്രീകൃത വികസന പങ്കാളിത്തം മാലിദ്വീപിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുന്നതിന് വിജയകരമായ ഹൈ ഇംപാക്ട് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോജക്ടുകൾക്ക് (ഉന്നത ഗുണമുള്ള സാമൂഹിക വികസന പദ്ധതികൾ) അധിക ധനസഹായം നൽകി കൂടുതൽ വിപുലീകരിക്കുക.
3. വാണിജ്യ, സാമ്പത്തിക സഹകരണം
ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനുമുള്ള സാധ്യതകൾ കാര്യമായി പ്രയോജനപ്പെടുത്താത്തത് കണക്കിലെടുത്ത്, ഇരുപക്ഷവും താഴെപ്പറയുന്നവ സമ്മതിച്ചു:
1). ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ ആരംഭിക്കുന്നതിന്;
2). വ്യാപാര ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിദേശ കറൻസികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും ലക്ഷ്യമിട്ട് ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള വ്യാപാര ഇടപാടുകൾ പ്രാദേശിക കറൻസികളിൽ തീർപ്പാക്കുന്നത് പ്രവർത്തനക്ഷമമാക്കുക;
3). ഉഭയകക്ഷി നിക്ഷേപങ്ങളും രണ്ട് ബിസിനസ് ചേമ്പറുകളും സ്ഥാപനങ്ങളും തമ്മിലുള്ള അടുത്ത ഇടപഴകലും പ്രോത്സാഹിപ്പിക്കുന്നതിന്; നിക്ഷേപ അവസരങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും വ്യാപാരം ചെയ്യുന്നത് സുഗമമാക്കുന്നതിനും നടപടികൾ കൈക്കൊള്ളും;
4). കാർഷിക, മത്സ്യബന്ധനം, സമുദ്രശാസ്ത്രം, നീല സമ്പദ്വ്യവസ്ഥ എന്നീ മേഖലകളിൽ അക്കാദമിക് ബന്ധങ്ങൾ സ്ഥാപിക്കുന്നതിലൂടെയും ഗവേഷണ വികസന സഹകരണം വിപുലീകരിക്കുന്നതിലൂടെയും ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്തി, സമ്പദ്വ്യവസ്ഥയുടെ വൈവിദ്ധ്യവൽക്കരണത്തിനായുള്ള മാലദ്വീപിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുക;
5) വിപണന പ്രചാരണങ്ങളിലൂടെയും സഹകരണ ശ്രമങ്ങളിലൂടെയും ഇരു രാജ്യങ്ങൾക്കുമിടയിലെ വിനോദസഞ്ചാരം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ വർദ്ധിപ്പിക്കുക.
4. ഡിജിറ്റൽ, ധനകാര്യ സഹകരണം
ഡിജിറ്റൽ,ധനകാര്യ മേഖലകളിലെ സംഭവവികാസങ്ങൾ ഭരണത്തിലും സേവനങ്ങളുടെ വിതരണത്തിലും പരിവർത്തനപരമായ സ്വാധീനം ചെലുത്തുന്നു എന്നതിനാൽ ഇരുപക്ഷവും താഴെപ്പറയുന്നവ സമ്മതിച്ചു:
1) ഡിജിറ്റൽ, ധനകാര്യ സേവനങ്ങൾ നടപ്പിലാക്കുന്നതിലെ വൈദഗ്ധ്യം പങ്കിടൽ;
2) ഇന്ത്യയുടെ ഏകീകൃത പേയ്മെന്റ് ഇന്റർഫേസ് (യു.പി.ഐ), യുണീക് ഡിജിറ്റൽ ഐഡന്റിറ്റി, ഗതി ശക്തി സ്‌കീം, മാലിദ്വീപിലെ ജനങ്ങളുടെ ഗുണത്തിനായി ഡിജിറ്റൽ മേഖലകളിലൂടെ ഇ-ഗവേണൻസും സേവനങ്ങളുടെ വിതരണവും മെച്ചപ്പെടുത്തുന്ന മറ്റ് ഡിജിറ്റൽ സേവനങ്ങൾ തുടങ്ങി ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യ (പബ്ലിക് ഇൻഫ്രാസ്ട്രക്ചറിന്റെ -ഡി.പി.ഐ) മേഖലയുമായി സഹകരിക്കുന്നതിന്.
3). മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് പേയ്മെന്റുകൾ എളുപ്പമാക്കുന്ന റുപേ കാർഡ് മാലിദ്വീപിൽ സമാരംഭിച്ചതിനെ സ്വാഗതം ചെയ്യുന്നതിനോടൊപ്പം ഇന്ത്യ സന്ദർശിക്കുന്ന മാലിദ്വീപ് പൗരന്മാർക്കും സമാനമായ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് അടുത്ത് പ്രവർത്തിക്കാൻ.
5. ഊർജ്ജ സഹകരണം
സുസ്ഥിര വികസനം ഉറപ്പാക്കുന്നതിൽ ഊർജ്ജ സുരക്ഷയുടെ പങ്ക് കണക്കിലെടുത്ത്, ഊർജ്ജ ചെലവ് കുറയ്ക്കുന്നതിനും മാലിദ്വീപിന്റെ എൻ.ഡി.സി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സൗരോർജ്ജം, മറ്റ് പുനരുപയോഗ ഊർജ്ജം, ഊർജ്ജ കാര്യക്ഷമത പദ്ധതികൾ എന്നിവയിലെ സഹകരണം പര്യവേക്ഷണം ചെയ്യാൻ ഇരുപക്ഷവും സമ്മതിച്ചു. പരിശീലനം, സന്ദർശന കൈമാറ്റം, സംയുക്ത ഗവേഷണം, സാങ്കേതിക പദ്ധതികൾ, നിക്ഷേപങ്ങളുടെ പ്രോത്സാഹനം എന്നിവ ഉൾപ്പെടുന്ന ഒരു സ്ഥാപന പങ്കാളിത്തത്തിനുള്ള ചട്ടക്കൂട് ഇതിനായി ഇരുപക്ഷവും സ്ഥാപിക്കും.
ഈ ലക്ഷ്യത്തിനായി ഒരു സൂര്യൻ ഒരു ലോകം ഒരു ഗ്രിഡ് മുൻകൈയിൽ പങ്കാളിയാകാൻ മാലിദ്വീപിനെ പ്രാപ്തമാക്കുന്ന നടപടികൾ തിരിച്ചറിയാൻ ഇരുപക്ഷവും ഒരു സാധ്യതാ പഠനം നടത്തും.
6. ആരോഗ്യരംഗത്തെ സഹകരണം
ഇരുപക്ഷവും താഴേപ്പറയുന്നവ സമ്മതിച്ചു
1) ഇന്ത്യയിലുള്ള മാലിദ്വീപിലെ ജനങ്ങൾക്ക് സുരക്ഷിതവും ഗുണമേന്മയുള്ളതും താങ്ങാനാവുന്നതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിലൂടെയും ഇന്ത്യയിലെ ആശുപത്രികളും സൗകര്യങ്ങളും തമ്മിലുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും മാലിദ്വീപിലെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി മാലദ്വീപിലെ അവശ്യ ആരോഗ്യ സേവനങ്ങളിലേക്കുള്ള പ്രാപ്യത മെച്ചപ്പെടുത്തുന്നതിലൂടെയും നിലവിലുള്ള ആരോഗ്യ സഹകരണം കൂടുതൽ ആഴത്തിലാക്കുക;
2) ഇന്ത്യൻ ഫാർമക്കോപ്പിയയെ മാലിദ്വീപ് ഗവൺമെന്റ് അംഗീകരിക്കുന്നതിനായി പ്രവർത്തിക്കുക, അതിനുശേഷം ഇന്ത്യയിൽ നിന്ന് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ജനറിക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ മാലിദ്വീപിന്റെ ആരോഗ്യ സുരക്ഷാ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനായി മാലിദ്വീപിലുടനീളം ഇന്ത്യ-മാലദ്വീപ് ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിക്കുക;
3) മാനസികാരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാലിദ്വീപിലെ കേന്ദ്ര, പ്രാദേശിക മാനസികാരോഗ്യ സേവനങ്ങൾക്കുള്ള പിന്തുണാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കുക;
4). ആരോഗ്യ സംരക്ഷണ വിദഗ്ധർക്കുള്ള വൈദഗ്ധ്യവും അറിവും വർധിപ്പിക്കുന്നതിന് പരിശീലന പരിപാടികളിലൂടെ സഹകരിക്കുക;
5) അർബുദം, വന്ധ്യത മുതലായവ ഉൾപ്പെടെയുള്ള പൊതുവായ ആരോഗ്യ വെല്ലുവിളികളെ നേരിടാൻ ആരോഗ്യ ഗവേഷണ മുൻകൈകളിൽ ഒരുമിച്ച് പ്രവർത്തിക്കുക;
6) ലഹരിമരുന്ന് ആസക്തിയില്ലാതാക്കുന്നതിനും പുനരധിവാസ നടപടികളിലുമുള്ള വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിലും മാലിദ്വീപിൽ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിലും സഹകരിച്ച് പ്രവർത്തിക്കുക;
7) അടിയന്തര മെഡിക്കൽ ഇവാക്കുവേഷൻ ഏറ്റെടുക്കുന്നതിനുള്ള മാലിദ്വീപിന്റെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുക.
7. പ്രതിരോധ, സുരക്ഷാ സഹകരണം
ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ഇന്ത്യയും മാലിദ്വീപും പൊതുവായ വെല്ലുവിളികൾ പങ്കിടുന്നു, അവ ഇരു രാജ്യങ്ങളുടെയും സുരക്ഷയ്ക്കും വികസനത്തിനും ബഹുമുഖ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. സ്വാഭാവിക പങ്കാളികൾ എന്ന നിലയിൽ, ഇന്ത്യയിലെയും മാലിദ്വീപിലെയും ജനങ്ങളുടെയും ഇന്ത്യൻ മഹാസമുദ്ര മേഖലയുടെബഹൃത്തായതുമായ നേട്ടത്തിനായി സമുദ്ര, സുരക്ഷാ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഒരുമിച്ച് പ്രവർത്തിക്കാൻ അവർ തീരുമാനിച്ചു.
മാലദ്വീപിന്റെ അതിവിശാലമായ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോൺ, കടൽക്കൊള്ള, ഐ.യു.യു മത്സ്യബന്ധനം, ലഹരിമരുന്ന് കള്ളക്കടത്ത്, ഭീകരവാദം എന്നിവയുൾപ്പെടെ പരമ്പരാഗതവും പാരമ്പര്യേതരവുമായ സമുദ്ര വെല്ലുവിളികൾക്ക് വിധേയമാണ്. വിശ്വസ്തവും ആശ്രയയോഗ്യവുമായ പങ്കാളി എന്ന നിലയിൽ, മാലിദ്വീപിന്റെ അനിവാര്യതകളും ആവശ്യങ്ങളും അനുസരിച്ച് വൈദഗ്ധ്യം പങ്കിടുന്നതിലും കാര്യശേഷികൾ വർദ്ധിപ്പിക്കുന്നതിലും സംയുക്ത സഹകരണ നടപടികൾ കൈക്കൊള്ളുകയും ഇന്ത്യ മാലിദ്വീപുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്ന് ഇരു രാജ്യങ്ങളും സമ്മതിച്ചു. ഇന്ത്യയുടെ സഹായത്തോടെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാലിദ്വീപ് നാഷണൽ ഡിഫൻസ് ഫോഴ്‌സിന്റെ (മാലിദ്വീപ് ദേശീയ പ്രതിരോധ സേന-എം.എൻ.ഡി.എഫ്) ഉതുരു തില ഫല്ഹുവിൽ (യു.ടി.എഫ്) നിലവിൽ വരുന്ന 'ഏക്താ' തുറമുഖ പദ്ധതി എം.എൻ.ഡി.എഫിന്റെ പ്രവർത്തന ശേഷി വർദ്ധിപ്പിക്കുന്നതിന് ഗണ്യമായ സംഭാവന നൽകുമെന്ന് അവർ സമ്മതിക്കുകയും സമയബന്ധിതമായി അത് പൂർത്തിയാക്കുന്നതിന് പൂർണ്ണ പിന്തുണ നൽകാനും സമ്മതിക്കുകയും ചെയ്തു.
ഇരുപക്ഷവും അംഗീകരിച്ചത്:
1). എം.എൻ.ഡി.എഫിന്റെയും മാലിദ്വീപ് ഗവൺമെന്റിന്റെയും കാര്യശേഷികൾ വർദ്ധിപ്പിക്കുന്നതിന് പ്രതിരോധവേദികളും ആസ്തികളും നൽകിക്കൊണ്ട് മാലിദ്വീപിനെ അതിന്റെ ദേശീയ മുൻഗണനകൾക്ക് അനുസൃതമായി സമുദ്ര, സുരക്ഷാ ആവശ്യകതകൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സഹായിക്കുന്നതിന്;
2) റഡാർ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും ലഭ്യമാക്കിക്കൊണ്ട് എം.എൻ.ഡി.എഫിന്റെ നിരീക്ഷണവും നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുന്നതിൽ മാലിദ്വീപിനെ പിന്തുണയ്ക്കുന്നതിന്
3) മാലിദ്വീപ് ഗവൺമെന്റിന്റെ ആവശ്യങ്ങൾക്കനുസരിച്ച്, കാര്യശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും പരിശീലനത്തിലൂടെയും ഉൾപ്പെടെ, ഹൈഡ്രോഗ്രാഫിക് കാര്യങ്ങളിൽ മാലിദ്വീപിനെ പിന്തുണയ്ക്കുന്നതിന്;
4) എസ്.ഒ.പികൾ വികസിപ്പിക്കുന്നതിലൂടെയും മെച്ചപ്പെട്ട പരസ്പര പ്രവർത്തനക്ഷമത കൈവരിക്കുന്നതിനുള്ള അഭ്യാസങ്ങളിലൂടെയും ഉൾപ്പെടെ, ദുരന്ത പ്രതികരണത്തിന്റെയും അപകടസാദ്ധ്യത ലഘൂകരണത്തിന്റെയും മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിന്;
5) അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനം, മികച്ച സമ്പ്രദായങ്ങൾ പങ്കിടൽ എന്നിവയിലൂടെ കഴിവുകൾ വികസിപ്പിക്കുന്നതിന് പിന്തുണ നൽകിക്കൊണ്ട് വിവര പങ്കിടൽ മേഖലയിൽ മാലിദ്വീപിനെ സഹായിക്കുന്നതിന്.
6) ഇന്ത്യയുടെ സഹായത്തോടെ നിർമ്മിച്ച മാലിയിലെ അത്യാധുനിക മാലിദ്വീപ് പ്രതിരോധ മന്ത്രാലയം (എം.ഒ.ഡി) കെട്ടിടം നിശ്ചിതതീയതിക്കും മുൻപേ തന്നെ ഉദ്ഘാടനം ചെയ്യുക, അത് എം.ഒ.ഡിയുടെ ആധുനിക അടിസ്ഥാനസൗകര്യ ശേഷി വർദ്ധിപ്പിക്കും;
്7). ഐ.ടി.ഇ.സി പരിപാടികൾക്കും ഇന്ത്യയിലെ മറ്റ് നിർദ്ദേശാനുസൃതം ഭേദഗതി വരുത്തിയ പരിശീലന പരിപാടികൾക്കും കീഴിൽ എം.എൻ.ഡി.എഫ്, മാലിദ്വീപ് പോലീസ് സേവനങ്ങൾ (എം.പി.എസ്), മാലിദ്വീപിലെ മറ്റ് സുരക്ഷാ സംഘടനകൾ എന്നിവയുടെ കാര്യശേഷി വർദ്ധിപ്പിക്കുന്നതിനും പരിശീലനത്തിന്റെ നിശ്ചിത സമയം (സ്ലോട്ടുകൾ) വർദ്ധിപ്പിക്കുന്നതിനും;
8) എം.എൻ.ഡി.എഫ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനും സാമ്പത്തിക സഹായം നൽകുന്നതിന്.
8. കാര്യശേഷി നിർമ്മാണവും പരിശീലനവും
മാലിദ്വീപിന്റെ മാനവ വിഭവശേഷി വികസന ആവശ്യങ്ങൾക്ക് ക്രിയാത്മകമായി സംഭാവന ചെയ്ത നിലവിലുള്ള വിവിധ കാര്യശേഷി നിർമ്മാണ മുൻകൈകൾ അവലോകനം ചെയ്തുകൊണ്ട്, മാലിദ്വീപിന്റെ ആവശ്യകതകൾക്കും മുൻഗണനകൾക്കും അനുസരിച്ച് പരിശീലനത്തിനും കാര്യശേഷി നിർമ്മാണത്തിനുമുള്ള പിന്തുണ കൂടുതൽ വിപുലീകരിക്കാൻ ഇരുപക്ഷവും സമ്മതിച്ചു; അതോടൊപ്പം താഴെപ്പറയുന്നവയും അംഗീകരിച്ചു:
1) മാലിദ്വീപിലെ സിവിൽ സർവീസുകാർക്കും പ്രാദേശിക ഗവൺമെന്റ് പ്രതിനിധികൾക്കുമായി നിർദ്ദേശാനുസൃതം ഭേദഗതി വരുത്തിയ പരിശീലന പരിപാടികൾ തുടരുന്നതിന്.
2) മാലിദ്വീപ് സമ്പദ്വ്യവസ്ഥയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് മാലദ്വീപ് വനിതാ സംരംഭകർക്ക് നൈപുണ്യ പരിശീലനം നൽകുകയും പിന്തുണ നൽകുകയും ചെയ്തുകൊണ്ട് സ്ത്രീകൾ നയിക്കുന്ന വികസനം പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പുതിയ പരിപാടി ആരംഭിക്കുക;
3) യുവജനങ്ങളുടെ നൂതനാശയശേഷികൾ പ്രയോജനപ്പെടുത്തുന്നതിനായി മാലിദ്വീപിൽ ഒരു സ്റ്റാർട്ട്-അപ്പ് ഇൻകുബേറ്റർ-ആക്‌സിലറേറ്റർ സ്ഥാപിക്കുന്നതിന് സഹകരിക്കുക.
9. ജനങ്ങൾ തമ്മിലുള്ള ബന്ധം
ഇന്ത്യയിലേയും മാലിദ്വീപിലേയും ജനങ്ങൾ തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷവും അതുല്യവുമായ ബന്ധത്തിന്റെ അടിത്തറയായി നിലകൊള്ളുന്നു. ഈ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഇരുപക്ഷവും സമ്മതിക്കുകയും തീരുമാനിക്കുകയും ചെയ്തു:
1) വ്യാപാര-സാമ്പത്തിക സഹകരണത്തിന്റെ വിപുലീകരണത്തിനും ജനങ്ങൾ തമ്മിലുള്ള കൂടുതൽ സമ്പർക്കത്തിനും കാരണമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ബെംഗളൂരുവിൽ മാലിദ്വീപിന്റെ ഒരു കോൺസുലേറ്റും അദ്ദു നഗരത്തിൽ ഒരു ഇന്ത്യൻ കോൺസുലേറ്റും സ്ഥാപിക്കുന്നതിന് ക്രിയാത്മകമായി പ്രവർത്തിക്കുക,
2) യാത്ര സുഗമമാക്കുന്നതിനും സാമ്പത്തിക ഇടപെടലുകളെ പിന്തുണയ്ക്കുന്നതിനും വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും വ്യോമ, സമുദ്ര ബന്ധിപ്പിക്കൽ വർദ്ധിപ്പിക്കുക;
3) മാലിദ്വീപിലെ അനിവാര്യതകളും ആവശ്യങ്ങളും അനുസരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നൈപുണ്യ കേന്ദ്രങ്ങൾ, മികവിന്റെ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുക;
4) മാലിദ്വീപ് നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഒരു ഐ.സി.സി.ആർ ചെയർ സ്ഥാപിക്കുന്നതിനായി പ്രവർത്തിക്കുക.
10. പ്രാദേശിക, ബഹുമുഖ ഫോറങ്ങളിലെ സഹകരണം
ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള അടുത്ത സഹകരണം പ്രാദേശിക, അന്തർദേശീയ വേദികളിൽ ഇരു രാജ്യങ്ങൾക്കും ഗുണം ചെയ്യുകയും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളിൽ പരസ്പരം ശബ്ദം വിശാലമാക്കുകയും ചെയ്തു. കൊളംബോ സെക്യൂരിറ്റി കോൺക്ലേവിന്റെ (സി.എസ്.സി) ചാർട്ടറിൽ അടുത്തിടെ ഒപ്പുവെച്ചതോടെ, സി.എസ്.സിയുടെ സ്ഥാപക അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും മാലിദ്വീപും, അപായരഹിതവും സുരക്ഷിതവും സമാധാനപരവുമായ ഇന്ത്യൻ മഹാസമുദ്രമേഖല കൈവരിക്കുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ പൊതു സമുദ്ര, സുരക്ഷാ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അടുത്ത് പ്രവർത്തിക്കുമെന്ന് ആവർത്തിച്ച് ഉറപ്പിച്ചു. ബഹുമുഖ വേദികളിൽ അടുത്ത് പ്രവർത്തിക്കാനും ഇരുപക്ഷവും സമ്മതിച്ചു.
4. ഇന്ത്യയിലേയും മാലിദ്വീപിലേയും ജനങ്ങളുടെ പൊതുവായതും അതോടൊപ്പം ഇന്ത്യൻ മഹാസമുദ്രമേഖലയുടെയും ഗുണത്തിനായി സമഗ്ര സാമ്പത്തിക, സമുദ്ര സുരക്ഷാ പങ്കാളിത്തം മുന്നോട്ടുകൊണ്ടുപോകുക ലക്ഷ്യത്തോടെ, ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ രൂപരേഖയിലെ സഹകരണത്തിന്റെ മേഖലകൾ സമയബന്ധിതവും കാര്യക്ഷമവുമായ രീതിയിൽ നടപ്പിലാക്കാൻ ഇന്ത്യയിലെയും മാലിദ്വീപിലെയും ഉദ്യോഗസ്ഥർക്ക് നേതാക്കൾ നിർദ്ദേശം നൽകി. ഈ വീക്ഷണരേഖ നടപ്പാക്കുന്നതിലെ പുരോഗതിക്ക് മേൽനോട്ടം വഹിക്കാൻ ഒരു പുതിയ ഉന്നതതല കോർ ഗ്രൂപ്പ് രൂപീകരിക്കാനും അവർ തീരുമാനിച്ചു. ഇരുവിഭാഗവും പരസ്പരം ഈ ഗ്രൂപ്പിന്റെ നേതൃത്വത്തെ തീരുമാനിക്കും.
___
(Release ID: 2062871)
Visitor Counter : 49
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada