പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ വാഷിമില്‍ കാര്‍ഷിക, മൃഗസംരക്ഷണ മേഖലയിലെ സംരംഭങ്ങളുടെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
05 OCT 2024 3:49PM by PIB Thiruvananthpuram
രാജ്യത്തുടനീളമുള്ള പങ്കാളികളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു-നമ്മുടെ ബഹുമാനപ്പെട്ട സഹോദരീസഹോദരന്മാരെ! ജയ് സേവാലാല്‍! ജയ് സേവാലാല്‍!
മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ജി, ജനപ്രിയ മുഖ്യമന്ത്രി, ഏകനാഥ് ഷിന്‍ഡേ ജി, കേന്ദ്രമന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകര്‍, ശിവരാജ് സിംഗ് ചൗഹാന്‍, രാജീവ് രഞ്ജന്‍ സിംഗ്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ മറ്റ് മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, ബന്‍ജാര സമുദായത്തില്‍ നിന്നുള്ള എന്റെ സഹോദരീസഹോദരന്മാര്‍, രാജ്യത്തുടനീളമുള്ള കര്‍ഷക സഹോദരീസഹോദരന്മാരേ, മറ്റ് എല്ലാ ബഹുമാന്യ വിശിഷ്ട വ്യക്തികളെ, മഹാരാഷ്ട്രയിലെ എന്റെ സഹോദരീസഹോദരന്മാരേ, വാഷിമിന്റെ ഈ പുണ്യഭൂമിയില്‍ നിന്ന് ഞാന്‍ പൊഹ്രാദേവി ദേവതയെ ആദരവോടെ വണങ്ങുന്നു. നവരാത്രി വേളയില്‍, ഇന്ന് അമ്മ ജഗദംബയില്‍ നിന്ന് അനുഗ്രഹം വാങ്ങാനുനുളള സവിശേഷ അവസരം എനിക്കുണ്ടായി. സന്ത് സേവാലാല്‍ മഹാരാജിന്റെയും സന്ത് റാംറാവു മഹാരാജിന്റെയും സമാധിയും ഞാന്‍ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ഈ വേദിയില്‍ നിന്ന് ഈ രണ്ട് മഹാന്മാര്‍ക്കും ഞാന്‍ തല കുനിച്ച് ആദരവ് അര്‍പ്പിക്കുന്നു.
ഗോണ്ട്വാനയിലെ മഹാനായ പോരാളിയും രാജ്ഞിയുമായ റാണി ദുര്‍ഗാവതി ജിയുടെ ജന്മദിനം കൂടിയാണ് ഇന്ന്. കഴിഞ്ഞ വര്‍ഷം രാജ്യം അവളുടെ 500-ാം ജന്മദിനം ആഘോഷിച്ചു. റാണി ദുര്‍ഗ്ഗാവതിക്കും ഞാന്‍ എന്റെ ആദരം അര്‍പ്പിക്കുന്നു.
സുഹൃത്തുക്കളേ,
ഇന്ന് ഹരിയാനയിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്. ഹരിയാനയിലെ എല്ലാ ദേശസ്നേഹികളോടും വന്‍തോതില്‍ വോട്ട് ചെയ്യാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ വോട്ട് ഹരിയാനയെ വികസനത്തിന്റെ പുതിയ ഉയരങ്ങളിലെത്തിക്കും.
സുഹൃത്തുക്കളേ,
നവരാത്രിയുടെ ഈ പുണ്യ വേളയില്‍, പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധിയുടെ 18-ാം ഗഡു പുറത്തിറക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇന്ന് രാജ്യത്തെ 9.5 കോടി കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 20,000 കോടി രൂപ കൈമാറി. മഹാരാഷ്ട്രയിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ ഇവിടുത്തെ കര്‍ഷകര്‍ക്ക് ഇരട്ടി ആനുകൂല്യങ്ങള്‍ നല്‍കുന്നു. നമോ ഷേത്കാരി മഹാസന്‍മാന്‍ യോജനയ്ക്ക് കീഴില്‍ മഹാരാഷ്ട്രയിലെ 90 ലക്ഷത്തിലധികം കര്‍ഷകര്‍ക്ക് ഏകദേശം 1,900 കോടി രൂപ നല്‍കിയിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം, കര്‍ഷക ഉല്‍പാദക സംഘടനകള്‍ (എഫ്പിഒകള്‍) എന്നിവയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കോടി രൂപയുടെ നിരവധി പദ്ധതികളും ഇന്ന് പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടു. പൊഹ്റാദേവിയുടെ അനുഗ്രഹത്താല്‍, സ്ത്രീശാക്തീകരണം നടത്തുന്ന ലാഡ്ലി ബെഹ്ന യോജനയുടെ ഗുണഭോക്താക്കള്‍ക്ക് സഹായം നല്‍കാനുള്ള ബഹുമതി എനിക്ക് ലഭിച്ചു. മഹാരാഷ്ട്രയിലെ സഹോദരീ സഹോദരന്മാര്‍ക്കും രാജ്യത്തുടനീളമുള്ള എല്ലാ കര്‍ഷക സഹോദരങ്ങള്‍ക്കും ഞാന്‍ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.
സുഹൃത്തുക്കളേ,
ഇവിടെ വരുന്നതിനുമുമ്പ്, പൊഹ്റാദേവിയില്‍ ബന്‍ജാര വിരാസത് (പൈതൃക) മ്യൂസിയം ഉദ്ഘാടനം ചെയ്യാനുള്ള പദവി എനിക്കുണ്ടായിരുന്നു. ഈ മ്യൂസിയം മഹത്തായ ബന്‍ജാര സംസ്‌കാരത്തെയും ഇത്രയും വലിയ പൈതൃകത്തെയും പുരാതന പാരമ്പര്യത്തെയും ഭാവി തലമുറകള്‍ക്ക് പരിചയപ്പെടുത്തും. സ്റ്റേജില്‍ ഇരിക്കുന്നവരുള്‍പ്പെടെ എല്ലാവരോടും പോകുന്നതിന് മുമ്പ് ഈ ബന്‍ജാര വിരാസത് മ്യൂസിയം സന്ദര്‍ശിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ദേവേന്ദ്രജിയെ ഞാന്‍ അഭിനന്ദിക്കുന്നു. തന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് രൂപപ്പെട്ട ആശയമാണ് ഇപ്പോള്‍ ഭംഗിയായി നടപ്പിലാക്കിയിരിക്കുന്നത്. ഇന്ന് കണ്ടപ്പോള്‍ വലിയ സംതൃപ്തിയും സന്തോഷവും തോന്നുന്നു. ഇത് സന്ദര്‍ശിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, പിന്നീട് നിങ്ങളുടെ കുടുംബങ്ങളും ഇത് സന്ദര്‍ശിക്കുന്നുവെന്ന് ഉറപ്പാക്കുക. പൊഹ്റാദേവിയില്‍ വച്ച് ബഞ്ചാര സമുദായത്തിലെ ബഹുമാനപ്പെട്ട ചില അംഗങ്ങളെ ഞാന്‍ കണ്ടു. ഈ മ്യൂസിയത്തിലൂടെ അവരുടെ പൈതൃകത്തിന് ലഭിച്ച അംഗീകാരത്തില്‍ നിന്ന് അവരുടെ മുഖത്ത് അഭിമാനവും സംതൃപ്തിയും ഉണ്ടായിരുന്നു. ബഞ്ചാര വിരാസത് മ്യൂസിയത്തില്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
മറ്റുള്ളവരാല്‍ അവഗണിച്ചവരെയാണ് മോദി ആരാധിക്കുന്നത്. ഭാരതത്തിന്റെ സാമൂഹിക ജീവിതത്തിലും രാഷ്ട്രനിര്‍മ്മാണത്തിനായുള്ള ഭാരതത്തിന്റെ യാത്രയിലും നമ്മുടെ ബന്‍ജാര സമൂഹം ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കല, സാംസ്‌കാരികം, ആത്മീയത, ദേശീയ പ്രതിരോധം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ ഈ സമൂഹത്തില്‍ നിന്നുള്ള മഹത്തായ വ്യക്തികള്‍ രാജ്യത്തിന് വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്. ലഖി ഷാ ബന്‍ജാര രാജാവ് വിദേശ ഭരണാധികാരികളുടെ എത്രയോ ക്രൂരതകള്‍ സഹിച്ചു! അദ്ദേഹം തന്റെ ജീവിതം സമൂഹസേവനത്തിനായി സമര്‍പ്പിച്ചു! സന്ത് സേവലാല്‍ മഹാരാജ്, സ്വാമി ഹാത്തിറാം ജി, സന്ത് ഈശ്വര്‍ സിംഗ് ബാപ്പു ജി, സന്ത് ഡോ. രാംറാവു ബാപ്പു മഹാരാജ്, സന്ത് ലക്ഷ്മണ്‍ ചൈത്ന്യ ബാപ്പു ജി എന്നിവരുള്‍പ്പെടെ നിരവധി സന്യാസിമാരെ നമ്മുടെ ബന്‍ജാര സമൂഹം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി തലമുറകളായി, നൂറുകണക്കിന്, ആയിരക്കണക്കിന് വര്‍ഷങ്ങളായി, ഈ സമൂഹം ഭാരതത്തിന്റെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ ഈ സമൂഹത്തെ മുഴുവന്‍ കുറ്റവാളികളായി പ്രഖ്യാപിക്കുക പോലും ചെയ്തു.
എന്നാല്‍ സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യാനന്തരം, ബന്‍ജാര സമുദായത്തെ പരിപാലിക്കുകയും അവര്‍ക്ക് അര്‍ഹമായ ബഹുമാനം നല്‍കുകയും ചെയ്യേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമായിരുന്നു! പിന്നെ അന്നത്തെ കോണ്‍ഗ്രസ് ഗവണ്‍മെന്റുകള്‍ എന്തു ചെയ്തു? കോണ്‍ഗ്രസ് നയങ്ങള്‍ ഈ സമൂഹത്തെ മുഖ്യധാരയില്‍ നിന്ന് വിച്ഛേദിച്ചു. സ്വാതന്ത്ര്യാനന്തരം, ഒരു പ്രത്യേക കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തുടക്കം മുതല്‍ തന്നെ വിദേശ ചിന്താഗതി ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലെ, ഈ കോണ്‍ഗ്രസ് കുടുംബവും ഒരിക്കലും ദളിതരെയോ പിന്നോക്കക്കാരെയോ ആദിവാസികളെയോ തുല്യരായി കണക്കാക്കിയിരുന്നില്ല. ബ്രിട്ടീഷുകാര്‍ അവര്‍ക്ക് ഈ അവകാശം നല്‍കിയതിനാല്‍ ഒരു കുടുംബം ഭാരതം ഭരിക്കണമെന്ന് അവര്‍ വിശ്വസിച്ചു! അതുകൊണ്ടാണ് ബന്‍ജാര സമുദായത്തോട് അവര്‍ എന്നും അനാദരവുള്ള മനോഭാവം പുലര്‍ത്തിയിരുന്നത്.
സുഹൃത്തുക്കളേ,
നാടോടി, അര്‍ദ്ധ നാടോടി വിഭാഗങ്ങള്‍ക്കായി ക്ഷേമനിധി ബോര്‍ഡ് സ്ഥാപിച്ചത് കേന്ദ്രത്തിലെ എന്‍ഡിഎ സര്‍ക്കാരാണ്. ഈ സമുദായത്തിന്റെ സാംസ്‌കാരിക അസ്തിത്വം ശരിയായി ബഹുമാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാന്‍ ബിജെപിയും എന്‍ഡിഎ സര്‍ക്കാരും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നു. വികസനം ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സന്ത് സേവലാല്‍ മഹാരാജ് ബന്‍ജാര തണ്ട സമൃദ്ധി അഭിയാനും ആരംഭിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ,
ഞങ്ങളുടെ ശ്രമങ്ങള്‍ക്കിടയില്‍, കോണ്‍ഗ്രസും മഹാ അഘാദിയും നിങ്ങളോട് പുലര്‍ത്തിയിരുന്ന മനോഭാവം നിങ്ങള്‍ ഓര്‍ക്കണം. ഫഡ്നാവിസ് മുഖ്യമന്ത്രിയായപ്പോള്‍ പൊഹ്റാദേവി തീര്‍ഥാടന കേന്ദ്രത്തിന്റെ വികസനത്തിന് പദ്ധതി ആവിഷ്‌കരിച്ചു. എന്നാല്‍ മഹാ അഘാഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ അവര്‍ പണി നിര്‍ത്തിവച്ചു. ഷിന്‍ഡെ ജിയുടെ നേതൃത്വത്തില്‍ മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ മാത്രമാണ് പൊഹ്റാദേവി തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വികസനം പുനരാരംഭിച്ചത്. ഇന്ന് 700 കോടി രൂപയാണ് ഈ പദ്ധതിക്കായി ചെലവഴിക്കുന്നത്. ഈ തീര്‍ഥാടന കേന്ദ്രത്തിന്റെ വികസനം ഭക്തര്‍ക്ക് സൗകര്യമൊരുക്കുക മാത്രമല്ല, സമീപ പ്രദേശങ്ങളുടെ വികസനം ത്വരിതപ്പെടുത്തുകയും ചെയ്യും.
സഹോദരീ സഹോദരന്മാരേ,
ബി.ജെ.പി അതിന്റെ നയങ്ങളിലൂടെ സമൂഹത്തിലെ അവശത അനുഭവിക്കുന്ന വിഭാഗങ്ങളുടെ ഉന്നമനമാണ് ലക്ഷ്യമിടുന്നത്, കോണ്‍ഗ്രസിന് അവരെ എങ്ങനെ ചൂഷണം ചെയ്യണമെന്ന് മാത്രമേ അറിയൂ. ദരിദ്രരെ ദാരിദ്ര്യത്തില്‍ നിര്‍ത്താനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ദുര്‍ബലവും ദരിദ്രവുമായ ഒരു ഭാരതം കോണ്‍ഗ്രസിനും അതിന്റെ രാഷ്ട്രീയത്തിനും നന്നായി യോജിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ എല്ലാവരും കോണ്‍ഗ്രസിന്റെ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടത്. ഇന്ന് കോണ്‍ഗ്രസിനെ നയിക്കുന്നത് അര്‍ബന്‍ നക്‌സലുകളുടെ ഒരു സംഘമാണ്. എല്ലാവരും ഒന്നിച്ചാല്‍ രാജ്യത്തെ വിഭജിക്കുക എന്ന തങ്ങളുടെ അജണ്ട പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ് കരുതുന്നു! അതുകൊണ്ടാണ് അവര്‍ നമുക്കിടയില്‍ ഒരു വിള്ളല്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ അപകടകരമായ അജണ്ടകളെ പിന്തുണയ്ക്കുന്നത് ആരാണെന്ന് രാജ്യം മുഴുവന്‍ കാണും! ഭാരതത്തെ പുരോഗതിയില്‍ നിന്ന് തടയാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാലത്ത് കോണ്‍ഗ്രസിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്! അതുകൊണ്ട് ഒന്നിക്കേണ്ട സമയമാണിത്. നമ്മുടെ ഐക്യം മാത്രമേ രാജ്യത്തെ രക്ഷിക്കൂ.
സഹോദരീ സഹോദരന്മാരേ,
കോണ്‍ഗ്രസിന്റെ മറ്റൊരു കൊള്ളരുതായ്മയെക്കുറിച്ച് മഹാരാഷ്ട്രയിലെ ജനങ്ങളോട് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈയിടെ ഡല്‍ഹിയില്‍ ആയിരക്കണക്കിന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയത് നിങ്ങള്‍ വാര്‍ത്തകളില്‍ കണ്ടിരിക്കണം. ദുഃഖകരമായ ഭാഗം കാണുക-ഈ മയക്കുമരുന്ന് റാക്കറ്റിന്റെ മുഖ്യ സൂത്രധാരന്‍ ആരാണ്? ഒരു കോണ്‍ഗ്രസ് നേതാവ് പ്രധാന സൂത്രധാരനായി മാറി! യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കി ആ പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഈ അപകടത്തെക്കുറിച്ച് നാം ജാഗ്രത പുലര്‍ത്തുകയും മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും വേണം. ഒറ്റക്കെട്ടായി ഈ പോരാട്ടത്തില്‍ വിജയിക്കണം.
സുഹൃത്തുക്കളേ,
ഇന്ന്, നമ്മുടെ ഗവണ്‍മെന്റിന്റെ ഓരോ തീരുമാനവും ഓരോ നയവും ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. ഒരു 'വികസിത് ഭാരത'ത്തിന്റെ ശക്തമായ അടിത്തറ നമ്മുടെ കര്‍ഷകരാണ്. കര്‍ഷകരെ ശാക്തീകരിക്കുന്നതിന് ഇന്ന് നിരവധി സുപ്രധാന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇന്ന്, 9,200 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ (എഫ്പിഒകള്‍) രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. കൂടാതെ, കാര്‍ഷികോത്പന്നങ്ങളുടെ സംഭരണം, സംസ്‌കരണം, പരിപാലനം എന്നിവയ്ക്കുള്ള ശേഷി വര്‍ദ്ധിപ്പിക്കുന്ന, കൃഷിയുമായി ബന്ധപ്പെട്ട നിരവധി അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ ഈ ശ്രമങ്ങള്‍ സഹായിക്കും. എന്‍ഡിഎ സര്‍ക്കാരിന്റെ കീഴില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് ഇരട്ടി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഏകനാഥ് ഷിന്‍ഡേ ജിയുടെ സര്‍ക്കാര്‍ കര്‍ഷകരുടെ വൈദ്യുതി ബില്ലുകള്‍ പോലും പൂജ്യമാക്കി. ഇവിടെയുള്ള നമ്മുടെ കര്‍ഷകര്‍ക്ക് പൂജ്യം എന്നെഴുതിയ വൈദ്യുതി ബില്ലുകളാണ് ലഭിക്കുന്നത്, അത് ശരിയല്ലേ?
സുഹൃത്തുക്കളേ,
മഹാരാഷ്ട്രയിലെ, പ്രത്യേകിച്ച് വിദര്‍ഭയിലെ കര്‍ഷകര്‍, പതിറ്റാണ്ടുകളായി കാര്യമായ പ്രതിസന്ധി നേരിടുന്നു. കര്‍ഷകരെ ദുരിതത്തിലും ദാരിദ്ര്യത്തിലും നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിന്റെയും അവരുടെ സഖ്യകക്ഷികളുടെയും സര്‍ക്കാരുകള്‍ ഒരു ശ്രമവും ഉപേക്ഷിച്ചിട്ടില്ല. മഹാ അഘാഡി സര്‍ക്കാര്‍ ഇവിടെ അധികാരത്തിലിരിക്കുമ്പോള്‍ അവര്‍ക്ക് രണ്ട് അജണ്ടകളേ ഉണ്ടായിരുന്നുള്ളൂ. ആദ്യം - കര്‍ഷകരുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും നിര്‍ത്തുക. രണ്ടാമത് - ഈ പദ്ധതികള്‍ക്ക് അനുവദിച്ച പണം കൊണ്ട് അഴിമതിയില്‍ ഏര്‍പ്പെടുക! മഹാരാഷ്ട്രയിലെ കര്‍ഷകരെ സഹായിക്കാന്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പണം അയച്ചു, എന്നാല്‍ മഹാ അഘാഡി സര്‍ക്കാര്‍ അത് ധൂര്‍ത്തടിക്കുകയും തങ്ങള്‍ക്കിടയില്‍ വിഭജിക്കുകയും ചെയ്യും. കോണ്‍ഗ്രസ് എന്നും കര്‍ഷകരുടെ ജീവിതം ദുസ്സഹമാക്കിയിട്ടുണ്ട്. ഇന്നും കോണ്‍ഗ്രസ് പഴയ കളി തന്നെയാണ് കളിക്കുന്നത്. അതുകൊണ്ടാണ് പ്രധാനമന്ത്രി-കിസാന്‍ സമ്മാന്‍ നിധി യോജന കോണ്‍ഗ്രസിന് ഇഷ്ടപ്പെടാത്തത്. കോണ്‍ഗ്രസ് ഈ പദ്ധതിയെ പരിഹസിക്കുകയും കര്‍ഷകര്‍ക്ക് പണം നല്‍കുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു! കാരണം, കര്‍ഷകരുടെ അക്കൗണ്ടുകളിലേക്കെത്തുന്ന പണം അഴിമതിയില്‍ ഏര്‍പ്പെടാനുള്ള അവരുടെ അവസരം ഇല്ലാതാക്കുന്നു. അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്ക് നോക്കൂ! മഹാരാഷ്ട്രയിലെ മഹായുതി സര്‍ക്കാര്‍ കിസാന്‍ സമ്മാന്‍ നിധിയ്ക്കൊപ്പം കര്‍ഷകര്‍ക്ക് അധിക പണം നല്‍കുന്നതുപോലെ, കര്‍ണാടകയിലെ ബിജെപി സര്‍ക്കാരും അതുതന്നെ ചെയ്തു. കര്‍ണാടകയില്‍ നിന്നുള്ള നിരവധി ബന്‍ജാര കുടുംബങ്ങള്‍ ഇന്ന് ഇവിടെയുണ്ട്. എന്നാല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ ഉടന്‍ ആ പണം നല്‍കുന്നത് നിര്‍ത്തി. സംസ്ഥാനത്തെ പല ജലസേചന പദ്ധതികളില്‍ നിന്നും അവര്‍ പിന്തിരിഞ്ഞു. കര്‍ണാടകയില്‍ വിത്തുകളുടെ വില പോലും കോണ്‍ഗ്രസ് വര്‍ധിപ്പിച്ചു. എല്ലാ തിരഞ്ഞെടുപ്പിന് മുമ്പും വായ്പ എഴുതിത്തള്ളുമെന്ന വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുന്നത് കോണ്‍ഗ്രസിന്റെ പ്രിയപ്പെട്ട തന്ത്രമാണ്. തെലങ്കാനയില്‍ വായ്പ എഴുതിത്തള്ളുമെന്ന് വാഗ്ദാനം നല്‍കിയാണ് അവര്‍ അധികാരത്തിലെത്തിയത്! എന്നാല്‍ സര്‍ക്കാര്‍ രൂപീകരിച്ച് ഇത്രയും കാലം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് തങ്ങളുടെ വായ്പ എഴുതിത്തള്ളാത്തതെന്ന് കര്‍ഷകര്‍ ചോദിക്കുന്നു.
സഹോദരീ സഹോദരന്മാരേ,
മഹാരാഷ്ട്രയിലെ കോണ്‍ഗ്രസും മഹാ അഘാഡി സര്‍ക്കാരും എങ്ങനെയാണ് ജലസേചനവുമായി ബന്ധപ്പെട്ട നിരവധി പദ്ധതികള്‍ നിര്‍ത്തിവച്ചതെന്ന് നാം മറക്കരുത്! എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. വെയിന്‍ഗംഗ, നല്‍ഗംഗ നദികളെ ബന്ധിപ്പിക്കുന്ന പദ്ധതിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. 90,000 കോടി രൂപയുടെ ഈ പദ്ധതി അമരാവതി, യവത്മാല്‍, അകോല, ബുല്‍ധാന, വാഷിം, നാഗ്പൂര്‍, വാര്‍ധ എന്നിവിടങ്ങളിലെ ജലക്ഷാമം പരിഹരിക്കാന്‍ സഹായിക്കും. പരുത്തി, സോയാബീന്‍ കര്‍ഷകര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. പരുത്തി, സോയാബീന്‍ കൃഷിക്കായി കര്‍ഷകര്‍ക്ക് 10,000 രൂപ വീതം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ട്. അടുത്തിടെയാണ് അമരാവതി ടെക്‌സ്‌റ്റൈല്‍ പാര്‍ക്കിനും അടിത്തറ പാകിയത്. ഈ പാര്‍ക്ക് പരുത്തി കര്‍ഷകരെ വളരെയധികം സഹായിക്കും.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ നയിക്കാന്‍ നമ്മുടെ മഹാരാഷ്ട്രയ്ക്ക് അപാരമായ കഴിവുണ്ട്. ഗ്രാമങ്ങള്‍, ദരിദ്രര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ദലിതര്‍, ദരിദ്രര്‍ എന്നിവരുടെ ഉന്നമനത്തിനുള്ള ദൗത്യം ശക്തമായി തുടരുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. നിങ്ങളെല്ലാവരും തുടര്‍ന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ അനുഗ്രഹങ്ങള്‍ നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ ഒരുമിച്ച്, ഒരു 'വികസിത് മഹാരാഷ്ട്ര, വികസിത് ഭാരത്' (വികസിത മഹാരാഷ്ട്ര, വികസിത ഇന്ത്യ) എന്ന സ്വപ്നം സാക്ഷാത്കരിക്കും. ഈ പ്രതീക്ഷയോടെ, ഞങ്ങളുടെ കര്‍ഷക സുഹൃത്തുക്കള്‍ക്കും ബന്‍ജാര സമുദായത്തിലെ എന്റെ എല്ലാ സഹോദരങ്ങള്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. ഭാരത് മാതാ കീ-ജയ് എന്ന് പറയുന്നതില്‍ എന്നോടൊപ്പം ചേരൂ!
ഭാരത് മാതാ കി-ജയ്!
ഭാരത് മാതാ കി-ജയ്!
വളരെ നന്ദി.
***
(Release ID: 2062737)
Visitor Counter : 32
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada