മന്ത്രിസഭ
azadi ka amrit mahotsav g20-india-2023

ഉദ്ദേശ്യപത്രത്തിൽ ഒപ്പുവച്ച് അന്താരാഷ്ട്ര ഊർജകാര്യക്ഷമതാ ഹബ്ബിൽ അംഗമാകുന്നതിന് ഇന്ത്യക്കു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


തന്ത്രപരമായ ഊർജസമ്പ്രദായങ്ങളും നൂതന പ്രതിവിധികളും പങ്കിടുന്ന 16 രാജ്യങ്ങളുടെ പ്രത്യേക സംഘത്തിലേക്കു പ്രവേശനം നേടാൻ തീരുമാനം ഇന്ത്യയെ സഹായിക്കും

Posted On: 03 OCT 2024 8:25PM by PIB Thiruvananthpuram

ഇന്ത്യയെ ‘ഊർജകാര്യക്ഷമതാ ഹബ്ബി’ൽ ചേരാൻ പ്രാപ്തമാക്കുന്നുതിനുള്ള ‘​ഉദ്ദേശ്യപത്രം’ ഒപ്പിടുന്നതിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ഇന്നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നൽകി.

സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ലോകമെമ്പാടും ഊർജകാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി സമർപ്പിച്ചിരിക്കുന്ന ആഗോളവേദിയായ അന്താരാഷ്ട്ര ഊർജകാര്യക്ഷമതാ ഹബ്ബിൽ (ഹബ്) ഇന്ത്യ ഭാഗമാകും. ഈ നീക്കം സുസ്ഥിരവികസനത്തിനായുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധത ഉറപ്പിക്കുകയും ഹരിതഗൃഹവാതക പുറന്തള്ളൽ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുമായി പൊരുത്തപ്പെടുകയും ചെയ്യുന്നു.

ഇന്ത്യ അംഗമായിരുന്ന ഊർജകാര്യക്ഷമതാ സഹകരണത്തിനായുള്ള അന്താരാഷ്ട്ര പങ്കാളിത്തം (IPEEC) പിന്തുടർന്ന് 2020-ൽ സ്ഥാപിതമായ ഹബ്, അറിവും മെച്ചപ്പെട്ട പ്രവർത്തനങ്ങളും നൂതന പ്രതിവിധികളും പങ്കിടുന്നതിനു ഗവണ്മെന്റുകളെയും അന്താരാഷ്ട്ര സംഘടനകളെയും സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെയും ഒരുമിച്ചു കൊണ്ടുവരുന്നു. ഹബ്ബിൽ ഭാഗമാകുന്നതിലൂടെ, വിദഗ്ധരുടെയും വിഭവങ്ങളുടെയും വലിയ ശൃംഖലയിലേക്ക് ഇന്ത്യക്കു പ്രവേശനം ലഭിക്കും. ഇതു രാജ്യത്തിന്റെ ആഭ്യന്തര ഊർജകാര്യക്ഷമതാ സംരംഭങ്ങൾ മെച്ചപ്പെടുത്തുന്നതിനു സഹായകമാകും. ജൂലൈ 2024 വരെ, 16 രാജ്യങ്ങൾ (അർജന്റീന, ഓസ്ട്രേലിയ, ബ്രസീൽ, ക്യാനഡ, ചൈന, ഡെന്മാർക്ക്, യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ, കൊറിയ, ലക്സംബർഗ്, റഷ്യ, സൗദി അറേബ്യ, അമേരിക്ക, ബ്രിട്ടൺ) ഹബ്ബിന്റെ ഭാഗമായി.

ഹബ്ബിലെ അംഗമെന്ന നിലയിൽ, മറ്റ് അംഗരാജ്യങ്ങളുമായി സഹകരിക്കാനും സ്വന്തം വൈദഗ്ധ്യം പങ്കിടാനും അന്താരാഷ്ട്രതലത്തിലെ മികച്ച സമ്പ്രദായങ്ങളിൽനിന്നു പഠിക്കാനുമുള്ള അവസരങ്ങളിൽനിന്ന് ഇന്ത്യക്കു പ്രയോജനം ലഭിക്കും. ഊർജകാര്യക്ഷമമായ സാങ്കേതികവിദ്യകളും സമ്പ്രദായങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാലാവസ്ഥാവ്യതിയാനത്തെ നേരിടാനുള്ള ആഗോള ശ്രമങ്ങൾക്കും രാജ്യം സംഭാവനയേകും.

നിയമപരമായ ഏജൻസിയായ ഊർജകാര്യക്ഷമതാ ബ്യൂറോ (BEE) ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഹബ്ബിന്റെ നടപ്പാക്കൽ ഏജൻസിയായി പ്രവർത്തിക്കും. ഹബ്ബിന്റെ പ്രവർത്തനങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം സുഗമമാക്കുന്നതിലും ഇന്ത്യയുടെ സംഭാവനകൾ ദേശീയ ഊർജകാര്യക്ഷമതാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും BEE നിർണായക പങ്കുവഹിക്കും.

ഹബ്ബിൽ ചേരുന്നതിലൂടെ, കൂടുതൽ സുസ്ഥിരമായ ഭാവിയിലേക്കുള്ള സുപ്രധാന ചുവടുവയ്പു നടത്തുകയാണ് ഇന്ത്യ. ഈ ആഗോളവേദിയിലെ രാജ്യത്തിന്റെ പങ്കാളിത്തം കാർബൺ കുറഞ്ഞ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനും ഊർജസുരക്ഷ മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

 ***



(Release ID: 2061787) Visitor Counter : 13