പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാരാഷ്ട്രയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം, സമര്‍പ്പണം, തറക്കല്ലിടല്‍ എന്നിവ നിര്‍വഹിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
29 SEP 2024 5:09PM by PIB Thiruvananthpuram
നമസ്‌കാരം!
മഹാരാഷ്ട്ര ഗവര്‍ണര്‍ ശ്രീ സി.പി. രാധാകൃഷ്ണന്‍ ജി, മഹാരാഷ്ട്രയിലെ ജനപ്രിയ മുഖ്യമന്ത്രി ശ്രീ ഏകനാഥ് ഷിന്‍ഡേ ജി, ഉപമുഖ്യമന്ത്രിമാരായ ശ്രീ ദേവേന്ദ്ര ഫഡ്നാവിസ് ജി, പൂനെയില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം ശ്രീ അജിത് പവാര്‍ ജി, മന്ത്രിസഭയിലെ എന്റെ യുവ സഹപ്രവര്‍ത്തകന്‍ ശ്രീ മുരളീധര്‍, മറ്റ് കേന്ദ്ര മന്ത്രിമാര്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുക്കുന്ന മറ്റ് കേന്ദ്രമന്ത്രിമാര്‍, എന്റെ മുന്നില്‍ കാണുന്ന മഹാരാഷ്ട്രയിലെ എല്ലാ മുതിര്‍ന്ന മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ ഈ പരിപാടിയുമായി ബന്ധപ്പെട്ട സഹോദരീ സഹോദരങ്ങളേ!
പൂനെയിലെ എന്റെ എല്ലാ പ്രിയപ്പെട്ട സഹോദരിമാര്‍ക്കും സഹോദരന്മാര്‍ക്കും എന്റെ ആശംസകള്‍!
രണ്ട് ദിവസം മുമ്പ് പൂനെയില്‍ നിരവധി പ്രധാന പദ്ധതികളുടെ ഉദ്ഘാടനത്തിനും തറക്കല്ലിടലിനും ഞാന്‍ വരേണ്ടതായിരുന്നു. എന്നാല്‍, തോരാതെ പെയ്യുന്ന മഴ കാരണം പരിപാടി മാറ്റിവെക്കേണ്ടി വന്നു. പൂനെയിലെ ഓരോ കണികയും ദേശസ്‌നേഹത്താല്‍ നിറഞ്ഞിരിക്കുന്നു, പൂനെയുടെ ഓരോ ഭാഗവും സാമൂഹിക സേവനത്താല്‍ നിറഞ്ഞിരിക്കുന്നു എന്നതിനാല്‍ ഇത് എനിക്ക് വ്യക്തിപരമായ നഷ്ടമായിരുന്നു. അത്തരമൊരു പൂനെ നഗരം സന്ദര്‍ശിക്കുന്നത് ഒരാള്‍ക്ക് ഊര്‍ജ്ജം പകരുന്നു. അതുകൊണ്ട് ഇന്ന് പൂനെയില്‍ വരാന്‍ പറ്റാത്തത് എനിക്ക് വലിയ നഷ്ടമാണ്. പക്ഷേ, സാങ്കേതികവിദ്യയ്ക്ക് നന്ദി, നിങ്ങളെയെല്ലാം കാണാനുള്ള ഭാഗ്യം എനിക്കുണ്ട്. ഇന്ന്, ഈ പൂനെ നാട്-ഭാരതത്തിന്റെ മഹത്തായ വ്യക്തിത്വങ്ങള്‍ക്ക് പ്രചോദനം നല്‍കുന്ന ഈ നാട്- മഹാരാഷ്ട്രയുടെ വികസനത്തിന്റെ ഒരു പുതിയ അധ്യായത്തിന് സാക്ഷ്യം വഹിക്കുന്നു. ജില്ലാ കോടതി മുതല്‍ സ്വര്‍ഗേറ്റ് ഭാഗത്തേക്ക് ഇപ്പോള്‍ ഉദ്ഘാടനം ചെയ്ത മെട്രോ റൂട്ട് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കും. സ്വര്‍ഗേറ്റ്-കട്രാജ് ഭാഗത്തിന്റെ തറക്കല്ലിടലും ഇന്ന് നടന്നു. കൂടാതെ, നമ്മുടെ ബഹുമാന്യനായ വിപ്ലവകാരി സാവിത്രിഭായ് ഫൂലെയുടെ സ്മാരകത്തിന്റെ തറക്കല്ലിടലും ഇന്ന് നടന്നു. പൂനെയിലെ 'ഈസ് ഓഫ് ലിവിംഗ്' മെച്ചപ്പെടുത്താനുള്ള ഞങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കുന്നതിലേക്ക് ഞങ്ങള്‍ അതിവേഗം പുരോഗമിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്.
സഹോദരീ സഹോദരന്മാരേ,
വിത്തല്‍ ഭഗവാന്റെ കൃപയാല്‍ ഇന്ന് അദ്ദേഹത്തിന്റെ ഭക്തര്‍ക്കും അമൂല്യമായ ഒരു സമ്മാനം ലഭിച്ചു. സോളാപൂരിനെ നേരിട്ട് എയര്‍ കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ വിമാനത്താവളം നവീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയായി. ഇവിടെയുള്ള ടെര്‍മിനല്‍ കെട്ടിടത്തിന്റെ ശേഷി വര്‍ധിപ്പിച്ചു, യാത്രക്കാര്‍ക്കായി പുതിയ സൗകര്യങ്ങള്‍ വികസിപ്പിച്ചെടുത്തു. രാജ്യത്തിനകത്തും പുറത്തുമുള്ള വിത്തല്‍ ഭക്തര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. ഇപ്പോള്‍, വിത്തല്‍ പ്രഭുവിനെ സന്ദര്‍ശിക്കാന്‍ ആളുകള്‍ക്ക് നേരിട്ട് സോളാപ്പൂരില്‍ എത്തിച്ചേരാനാകും. ഇത് വ്യാപാരം, ബിസിനസ്സ്, ടൂറിസം എന്നിവയെ പ്രോത്സാഹിപ്പിക്കും. ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കും നിങ്ങള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.
സുഹൃത്തുക്കളേ,
മഹത്തായ ലക്ഷ്യങ്ങളുള്ള പുതിയ പ്രമേയങ്ങളാണ് ഇന്ന് മഹാരാഷ്ട്രയ്ക്ക് ആവശ്യം. അതിനാല്‍, പുണെ പോലുള്ള നഗരങ്ങളെ പുരോഗതിയുടെയും നഗരവികസനത്തിന്റെയും കേന്ദ്രമാക്കേണ്ടത് അത്യാവശ്യമാണ്. പൂനെ അതിവേഗം വളരുകയാണ്, ഇവിടുത്തെ ജനസംഖ്യാ സമ്മര്‍ദ്ദവും അതേ വേഗതയില്‍ വര്‍ദ്ധിക്കുകയാണ്. പൂനെയുടെ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ നഗരത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കുന്നില്ല, മറിച്ച് അതിന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്ന് ഉറപ്പാക്കാന്‍, ഞങ്ങള്‍ ഇപ്പോള്‍ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്. പൂനെയുടെ പൊതുഗതാഗതം നവീകരിക്കപ്പെടുമ്പോള്‍, നഗരം വികസിക്കുമ്പോള്‍, വിവിധ പ്രദേശങ്ങള്‍ തമ്മിലുള്ള ബന്ധം മികച്ചതായി തുടരുമ്പോള്‍ ഇത് സംഭവിക്കും. ഈ ചിന്താഗതിയിലും സമീപനത്തിലും മഹായുതി സര്‍ക്കാര്‍ രാവും പകലും പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കളേ,
പൂനെയുടെ ആധുനിക ആവശ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ജോലി വളരെ നേരത്തെ തന്നെ ചെയ്യണമായിരുന്നു. മെട്രോ പോലൊരു നൂതന ഗതാഗത സംവിധാനം പൂനെയില്‍ പണ്ടേ വരേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ ദശകങ്ങളില്‍ നമ്മുടെ രാജ്യത്തിന്റെ നഗരവികസനത്തില്‍ ആസൂത്രണത്തിന്റെയും കാഴ്ചപ്പാടിന്റെയും അഭാവം ഉണ്ടായിരുന്നു. ഒരു പദ്ധതി ചര്‍ച്ച ചെയ്താലും വര്‍ഷങ്ങളോളം ഫയലുകളില്‍ കുടുങ്ങിക്കിടന്നു. ഒരു പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ തന്നെ അത് പൂര്‍ത്തിയാകാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരും. ഈ കാലഹരണപ്പെട്ട തൊഴില്‍ സംസ്‌കാരം നമ്മുടെ രാജ്യത്തിനും മഹാരാഷ്ട്രയ്ക്കും പൂനെയ്ക്കും കാര്യമായ ദോഷം വരുത്തി. 2008-ലാണ് പൂനെയില്‍ മെട്രോ നിര്‍മിക്കുക എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. എന്നാല്‍ 2016-ല്‍ നമ്മുടെ സര്‍ക്കാര്‍ തടസ്സങ്ങള്‍ നീക്കി പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങിയപ്പോഴാണ് അതിന് അടിത്തറയിടാന്‍ കഴിഞ്ഞത്. ഇപ്പോള്‍, നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, പൂനെ മെട്രോ പ്രവര്‍ത്തനക്ഷമമാകുക മാത്രമല്ല, വിപുലീകരിക്കുകയും ചെയ്യുന്നു.
ഇന്ന്, ഞങ്ങള്‍ പഴയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുമ്പോള്‍, ഞങ്ങള്‍ സ്വര്‍ഗേറ്റ്-കട്രാജ് ലൈനിന് അടിത്തറയിട്ടു. ഈ വര്‍ഷം മാര്‍ച്ചില്‍ റൂബി ഹാള്‍ ക്ലിനിക്കില്‍ നിന്ന് രാംവാദിയിലേക്കുള്ള മെട്രോ സര്‍വീസ് ഞാന്‍ ഉദ്ഘാടനം ചെയ്തു. 2016 മുതല്‍ ഇന്നുവരെയുള്ള ഈ ഏഴ്-എട്ട് വര്‍ഷങ്ങളില്‍, പുണെ മെട്രോയുടെ പുരോഗതി-പല റൂട്ടുകളിലായി അതിന്റെ വിപുലീകരണവും പുതിയ അടിത്തറ സ്ഥാപിക്കലും- പഴയ തൊഴില്‍ സംസ്‌കാരത്തിന് കീഴില്‍ സാധ്യമാകുമായിരുന്നില്ല. മുന്‍ സര്‍ക്കാരിന് 8 വര്‍ഷത്തിനുള്ളില്‍ മെട്രോയ്ക്കായി ഒരു തൂണ്‍ പോലും സ്ഥാപിക്കാന്‍ കഴിഞ്ഞില്ല, അതേസമയം നമ്മുടെ സര്‍ക്കാര്‍ പൂനെയില്‍ ആധുനിക മെട്രോ ശൃംഖല നിര്‍മ്മിച്ചു.
സുഹൃത്തുക്കളേ,
വികസനത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാരിന്റെ തുടര്‍ച്ച സംസ്ഥാനത്തിന്റെ പുരോഗതിക്ക് നിര്‍ണായകമാണ്. ഇക്കാര്യത്തില്‍ ഒരു തടസ്സം ഉണ്ടാകുമ്പോഴെല്ലാം മഹാരാഷ്ട്ര വളരെ കഷ്ടപ്പെടുന്നു. മെട്രോ പദ്ധതികള്‍, മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍, അല്ലെങ്കില്‍ കര്‍ഷകര്‍ക്കുള്ള സുപ്രധാന ജലസേചന പ്രവൃത്തികള്‍ എന്നിവ നോക്കൂ-മഹാരാഷ്ട്രയുടെ വികസനത്തിനായുള്ള അത്തരത്തിലുള്ള പല നിര്‍ണായക പദ്ധതികളും ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് മുമ്പ് പാളം തെറ്റിയിരുന്നു. മറ്റൊരു ഉദാഹരണം ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയാണ്! ഞങ്ങളുടെ സര്‍ക്കാരിന്റെ കാലത്ത് എന്റെ സുഹൃത്ത് ദേവേന്ദ്ര ജിയാണ് ഔറിക് സിറ്റി എന്ന ആശയം രൂപപ്പെടുത്തിയത്. ഡല്‍ഹി-മുംബൈ വ്യാവസായിക ഇടനാഴിയില്‍ ഷെന്ദ്ര-ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയുടെ അടിത്തറ അദ്ദേഹം സ്ഥാപിച്ചു. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് പ്രോഗ്രാമിന് കീഴിലാണ് ഈ പ്രവൃത്തി നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ പ്രവൃത്തി ഇടയ്ക്ക് മുടങ്ങി. ഇപ്പോഴിതാ ഷിന്‍ഡേ ജിയുടെ നേതൃത്വത്തിലുള്ള ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആ തടസ്സങ്ങള്‍ നീക്കി. ഇന്ന് ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ നോഡും രാജ്യത്തിന് സമര്‍പ്പിച്ചിരിക്കുന്നു. ഛത്രപതി സംഭാജിനഗറില്‍ ഏകദേശം 8,000 ഏക്കറിലാണ് ബിഡ്കിന്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയ വ്യാപിച്ചിരിക്കുന്നത്. നിരവധി വന്‍കിട വ്യവസായങ്ങള്‍ക്ക് ഇതിനകം ഭൂമി അനുവദിച്ചിട്ടുണ്ട്. ഇത് ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഇവിടെ ആകര്‍ഷിക്കും, ഇത് യുവാക്കള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. നിക്ഷേപത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഈ മന്ത്രം ഇന്ന് മഹാരാഷ്ട്രയിലെ യുവാക്കള്‍ക്ക് വലിയ ശക്തിയായി മാറുകയാണ്.
ഒരു 'വികസിത് ഭാരത'ത്തിന്റെ (വികസിത ഇന്ത്യ) പരകോടിയിലെത്താന്‍ നമുക്ക് നിരവധി നാഴികക്കല്ലുകള്‍ താണ്ടണം. നമ്മുടെ അടിസ്ഥാന മൂല്യങ്ങളില്‍ വേരൂന്നിക്കൊണ്ട് ഭാരതം നവീകരിക്കണം. നമ്മുടെ പൈതൃകത്തെ അഭിമാനപൂര്‍വം മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ ഭാരതം വികസിക്കണം. ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ആധുനികവും നമ്മുടെ രാജ്യത്തിന്റെ ആവശ്യങ്ങളെയും മുന്‍ഗണനകളെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. നമ്മുടെ സമൂഹം ഒരേ മനസ്സോടെയും ഒരു ലക്ഷ്യത്തോടെയും മുന്നേറണം. ഇതെല്ലാം മനസ്സില്‍ വെച്ചുകൊണ്ട് നമ്മുടെ മുന്നോട്ടുള്ള പ്രയാണം തുടരണം.
മഹാരാഷ്ട്രയെ സംബന്ധിച്ചിടത്തോളം, വികസനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തിലും എത്തുന്നുവെന്ന് ഉറപ്പാക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭാവിയില്‍ ഒരുങ്ങുന്ന അടിസ്ഥാന സൗകര്യങ്ങളും. എല്ലാ വിഭാഗവും സമൂഹവും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുമ്പോള്‍ മാത്രമേ ഇത് സംഭവിക്കൂ. ഒരു 'വികസിത് ഭാരത്' നേതൃത്വം രാജ്യത്തെ സ്ത്രീകള്‍ ഏറ്റെടുക്കുമ്പോള്‍ അത് സംഭവിക്കും. സാമൂഹിക മാറ്റത്തിന്റെ ഉത്തരവാദിത്തം സ്ത്രീകള്‍ ഏറ്റെടുക്കുമ്പോള്‍, എന്തും സാധ്യമാണ്, മഹാരാഷ്ട്രയുടെ നാട് ഇതിന് സാക്ഷിയാണ്. ഈ മണ്ണിലാണ് സാവിത്രിഭായ് ഫൂലെ സ്ത്രീവിദ്യാഭ്യാസത്തിനായി ഇത്രയും വലിയൊരു പ്രസ്ഥാനം ആരംഭിച്ചത്. പെണ്‍കുട്ടികള്‍ക്കായി ആദ്യമായി സ്‌കൂള്‍ തുറന്നത് ഇവിടെയാണ്. ഈ പ്രസ്ഥാനത്തിന്റെ ഓര്‍മ്മയും പാരമ്പര്യവും സംരക്ഷിക്കേണ്ടത് പ്രധാനമാണ്. ഇന്ന്, രാജ്യത്തെ ആദ്യത്തെ ഗേള്‍സ് സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സാവിത്രിഭായി ഫൂലെ സ്മാരകത്തിന് ഞാന്‍ തറക്കല്ലിട്ടു. ഈ സ്മാരകത്തില്‍ ഒരു നൈപുണ്യ വികസന കേന്ദ്രം, ഒരു ലൈബ്രറി, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവയും ഉള്‍പ്പെടുമെന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ സ്മാരകം ആ സാമൂഹിക ബോധവല്‍ക്കരണ പ്രസ്ഥാനത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തും. ഈ സ്മാരകം നമ്മുടെ സമൂഹത്തിനും പുതുതലമുറയ്ക്കും പ്രചോദനമാകും.
സഹോദരീ സഹോദരന്മാരേ,
സ്വാതന്ത്ര്യത്തിന് മുമ്പ് രാജ്യത്തെ സാമൂഹിക സാഹചര്യങ്ങള്‍ ദാരിദ്ര്യവും വിവേചനവും കൊണ്ട് അടയാളപ്പെടുത്തിയിരുന്നു, അക്കാലത്ത് നമ്മുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസം അങ്ങേയറ്റം ബുദ്ധിമുട്ടായിരുന്നു. അടച്ചിട്ടിരുന്ന പെണ്‍മക്കള്‍ക്ക് സാവിത്രിഭായ് ഫൂലെയെപ്പോലുള്ള പ്രഗത്ഭര്‍ വിദ്യാഭ്യാസത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തു. എന്നാല്‍ സ്വാതന്ത്ര്യത്തിനു ശേഷവും ആ പഴയ ചിന്താഗതിയില്‍ നിന്ന് രാജ്യം പൂര്‍ണമായി മോചിതരായിട്ടില്ല. മുന്‍ സര്‍ക്കാരുകള്‍ പല മേഖലകളിലും സ്ത്രീ പ്രവേശനം നിയന്ത്രിച്ചിരുന്നു. സ്‌കൂളുകളില്‍ ടോയ്ലറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഉണ്ടായിരുന്നു, അതിന്റെ ഫലമായി, സ്‌കൂളുകള്‍ നിലവിലുണ്ടെങ്കിലും, അവരുടെ വാതിലുകള്‍ പെണ്‍മക്കള്‍ക്കായി അടച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ അല്‍പ്പം മുതിര്‍ന്നപ്പോള്‍, അവര്‍ സ്‌കൂള്‍ വിടാന്‍ നിര്‍ബന്ധിതരായി. സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശനം നിരോധിച്ചു, സൈന്യത്തിന്റെ പല മേഖലകളും സ്ത്രീകളുടെ പങ്കാളിത്തം നിയന്ത്രിച്ചു. അതുപോലെ പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് ജോലി ഉപേക്ഷിക്കേണ്ടി വന്നു. മുന്‍ സര്‍ക്കാരുകളുടെ ആ പഴയ ചിന്താഗതികളും സംവിധാനങ്ങളും ഞങ്ങള്‍ മാറ്റി. ഞങ്ങള്‍ സ്വച്ഛ് ഭാരത് അഭിയാന്‍ (ക്ലീന്‍ ഇന്ത്യ കാമ്പെയ്ന്‍) ആരംഭിച്ചു, ഇത് രാജ്യത്തെ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനത്തിന്റെ ആവശ്യകതയില്‍ നിന്ന് അവരെ മോചിപ്പിച്ചുകൊണ്ട് വളരെയധികം പ്രയോജനം ചെയ്തു. സ്‌കൂളുകളില്‍ പ്രത്യേക ശൗചാലയങ്ങള്‍ നിര്‍മിച്ചത് പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കുറച്ചു. സ്ത്രീകള്‍ക്കായി സൈന്യത്തിലും സൈനിക സ്‌കൂളുകളിലും ഞങ്ങള്‍ നിരവധി തസ്തികകള്‍ തുറന്നു. സ്ത്രീ സുരക്ഷയ്ക്കായി ഞങ്ങള്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നു. ഇതിനെല്ലാം ഒപ്പം നാരീശക്തി വന്ദന്‍ അധീനിയത്തിലൂടെ ജനാധിപത്യത്തില്‍ സ്ത്രീ നേതൃത്വവും രാജ്യം ഉറപ്പുനല്‍കിയിട്ടുണ്ട്.
സുഹൃത്തുക്കളേ,
നമ്മുടെ പെണ്‍മക്കള്‍ക്ക് എല്ലാ മേഖലയുടെയും വാതിലുകള്‍ തുറന്നാല്‍ മാത്രമേ നമ്മുടെ നാടിന്റെ വികസനത്തിന്റെ യഥാര്‍ത്ഥ വാതിലുകള്‍ തുറക്കാന്‍ കഴിയൂ. സാവിത്രിഭായ് ഫൂലെ സ്മാരകം സ്ത്രീശാക്തീകരണത്തിനായുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്കും പ്രചാരണത്തിനും കൂടുതല്‍ ഊര്‍ജം പകരുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
സുഹൃത്തുക്കളെ,
മഹാരാഷ്ട്രയില്‍ നിന്നും ഈ മണ്ണില്‍ നിന്നുമുള്ള പ്രചോദനങ്ങള്‍ എല്ലായ്പ്പോഴും എന്നപോലെ രാജ്യത്തെ നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. നമ്മള്‍ ഒരുമിച്ച് ഒരു 'വികസിത് മഹാരാഷ്ട്ര, വികസിത് ഭാരത്' (വികസിത മഹാരാഷ്ട്ര, വികസിത ഇന്ത്യ) എന്ന ലക്ഷ്യം കൈവരിക്കും. ഈ വിശ്വാസത്തോടെ, ഈ സുപ്രധാന പദ്ധതികള്‍ക്ക് ഞാന്‍ ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. എല്ലാവര്‍ക്കും ഞാന്‍ വളരെ നന്ദി പറയുന്നു.
---
(Release ID: 2061048)
Visitor Counter : 32
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada