പ്രധാനമന്ത്രിയുടെ ഓഫീസ്
'മൻ കി ബാത്തിന്റെ' 114-ാം എപ്പിസോഡിൽ പ്രധാനമന്ത്രിയുടെ അഭിസംബോധന (29-09-2024)
Posted On:
29 SEP 2024 12:09PM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, നമസ്കാരം. ഒരിക്കൽക്കൂടി ‘മൻ കീ ബാത്ത്’ലൂടെ ആശയവിനിമയം നടത്താൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരുപാട് പഴയ ഓർമ്മകൾ നിറഞ്ഞ ഈ അധ്യായം എന്നെ വികാരഭരിതനാക്കുകയാണ്. കാരണം, ‘മൻ കീ ബാത്ത്’ന്റെ ഈ യാത്രയ്ക്ക് 10 വർഷം തികയുകയാണ്. 10 വർഷം തികയ്ക്കുമ്പോൾ അത് നവരാത്രിയുടെ പ്രഥമദിനമായത് പവിത്രമായ യാദൃശ്ചികതയാണ്. ‘മൻ കീ ബാത്ത്’ന്റെ ഈ നീണ്ട യാത്രയിൽ എനിയ്ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരുപാട് നാഴികക്കല്ലുകൾ ഉണ്ട്. ‘മൻ കീ ബാത്ത്’ന്റെ കോടിക്കണക്കിന് ശ്രോതാക്കൾ എനിയ്ക്ക് നിരന്തരം പിന്തുണ പ്രധാനം ചെയ്തിട്ടുള്ള കൂട്ടാളികളാണ്. അവർ എനിയ്ക്ക് രാജ്യത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ള വിവരങ്ങൾ നൽകി. ‘മൻ കീ ബാത്ത്’ ശ്രോതാക്കളാണ് ഈ പരിപാടിയുടെ യഥാർത്ഥ ശില്പികൾ. മനം മയക്കുന്നതും നിഷേധാത്മകവുമായ സംസാരമില്ലെങ്കിൽ ശ്രദ്ധിക്കപ്പെടില്ല എന്നാണ് പൊതുവായ ധാരണ. പക്ഷേ, നല്ല വിവരങ്ങൾക്കായി രാജ്യത്തെ ജനങ്ങൾ എത്രത്തോളം ഉത്സുകരാണെന്ന് ‘മൻ കീ ബാത്ത്’ തെളിയിച്ചു. പോസിറ്റീവായ കാര്യങ്ങൾ, പ്രചോദനം നൽകുന്ന ഉദാഹരണങ്ങൾ, ഉത്സാഹം വർദ്ധിപ്പിക്കുന്ന കഥകൾ എന്നിവ ആളുകൾ ഇഷ്ടപ്പെടുന്നു. മഴത്തുള്ളികൾ മാത്രം കുടിക്കുമെന്ന് പറയപ്പെടുന്ന ചകോരം എന്ന പക്ഷിയെപ്പോലെ രാജ്യത്തിന്റെ നേട്ടങ്ങളും ജനങ്ങളുടെ കൂട്ടായ നേട്ടങ്ങളും എത്ര അഭിമാനത്തോടെയാണ് ജനങ്ങൾ കേൾക്കുന്നതെന്ന് നാം കണ്ടതാണ്. ‘മൻ കീ ബാത്ത്’ന്റെ 10 വർഷത്തെ യാത്രയിലെ ഓരോ അധ്യായത്തിനൊപ്പവും പുതിയ കഥകളും പുതിയ യശ്ശസ്സികളായ വ്യക്തിത്വങ്ങളും ചേർന്ന് ഒരു പരമ്പര സൃഷ്ടിച്ചു. നമ്മുടെ സമൂഹത്തിൽ കൂട്ടായ്മയിലൂടെ ചെയ്യപ്പെടുന്ന ഏതൊരു ജോലിയും ‘മൻ കീ ബാത്ത്’ലൂടെ ആദരിക്കപ്പെടുന്നു. ‘മൻ കീ ബാത്ത്’ന് ലഭിച്ച കത്തുകൾ വായിക്കുമ്പോൾ എന്റെ മനസ്സ് അഭിമാനത്താൽ നിറയുന്നു. നമ്മുടെ രാജ്യത്തെ പ്രതിഭാധനരായ ധാരാളം ആളുകൾ രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ ഉത്സുകരാണ്. അവർ സമൂഹത്തെ സേവിക്കുന്നതിനായി സ്വജീവിതം ഉഴിഞ്ഞ് വച്ചിരിക്കുന്നു. അവരെക്കുറിച്ച് അറിയുന്നത് എന്നിൽ ഊർജ്ജം നിറയ്ക്കുന്നു. ‘മൻ കീ ബാത്ത്’ന്റെ ഈ മുഴുവൻ പ്രക്രിയയും എനിയ്ക്ക് ക്ഷേത്രത്തിൽ പോയി ദൈവത്തെ ദർശിക്കുന്നതുപോലെയാണ്. ‘മൻ കീ ബാത്ത്’ലെ ഓരോ കാര്യവും ഓരോ സംഭവവും ഓരോ കത്തും ഓർക്കുമ്പോൾ ഈശ്വരന് തുല്യമായ ജനതയെ കാണുന്നതുപോലെയാണ് എനിയ്ക്ക് തോന്നുന്നത്.
സുഹൃത്തുക്കളേ, ഇന്ന് ദൂരദർശൻ, പ്രസാർഭാരതി, ആകാശവാണി എന്നിവയുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ അശ്രാന്ത പരിശ്രമം മൂലം ‘മൻ കീ ബാത്ത്’ ഈ സുപ്രധാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. ഇത് തുടർച്ചയായി സംപ്രേക്ഷണം ചെയ്ത പ്രാദേശിക ടി.വി. ചാനലുകൾ ഉൾപ്പെടെ വിവിധ ടി.വി. ചാനലുകളോട് ഞാൻ കടപ്പെട്ടിരിക്കുന്നു. ‘മൻ കീ ബാത്ത്’ലൂടെ ഞങ്ങൾ ഉന്നയിച്ച വിവിധ വിഷയങ്ങളെ ആസ്പദമാക്കി പല മാധ്യമസ്ഥാപനങ്ങളും ക്യാംപയിനുകൾ സംഘടിപ്പിച്ചു. വീടുവീടാന്തരം ഇത് എത്തിച്ച അച്ചടിമാധ്യമങ്ങളോടും ഞാൻ നന്ദി പറയുന്നു. ‘മൻ കീ ബാത്’നെ ആസ്പദമാക്കി നിരവധി പരിപാടികൾ ചെയ്ത യൂ ട്യൂബർമാർക്ക് നന്ദി അറിയിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഈ പരിപാടി രാജ്യത്തെ 22 ഭാഷകളിലും അതോടൊപ്പം 12 വിദേശ ഭാഷകളിലും കേൾക്കാൻ കഴിയുന്നതാണ്. ആളുകൾ അവരുടെ പ്രാദേശിക ഭാഷയിൽ ഈ പരിപാടി കേൾക്കുന്നത് എനിയ്ക്ക് ഇഷ്ടമാണ്. മൻ കി ബാത്തിനെ ആസ്പദമാക്കി ഒരു ക്വിസ് മത്സരം നടക്കുന്നുണ്ടെന്ന് നിങ്ങളിൽ പലർക്കും അറിയാമായിരിക്കും. അതിൽ ആർക്കും പങ്കെടുക്കാം. Mygov.in സന്ദർശിക്കുന്നതിലൂടെ നിങ്ങൾക്ക് ഈ മത്സരത്തിൽ പങ്കെടുക്കാനും സമ്മാനങ്ങൾ നേടാനും കഴിയും. ഇന്ന് ഈ സുപ്രധാനഘട്ടത്തിൽ ഞാൻ ഒരിക്കൽക്കൂടി നിങ്ങൾ ഓരോരുത്തരുടെയും അനുഗ്രഹം തേടുന്നു. സംശുദ്ധമായ മനസ്സോടെയും പൂർണ്ണമായ അർപ്പണഭാവത്തോടെയും ഞാൻ തുടർന്നും ഇതുപോലെ ഭാരതീയ ജനതയുടെ മഹത്വം വാഴ്ത്തട്ടെ. രാജ്യത്തിന്റെ പൊതുവായ ശക്തിയെ നമ്മൾ ഓരോരുത്തരും ഇതുപോലെ ആഘോഷിക്കുന്നത് തുടരണം. ഇത് ദൈവത്തോടുള്ള എന്റെ പ്രാർത്ഥനയും പൊതുജനങ്ങളോടുള്ള അഭ്യർത്ഥനയുമാണ്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, കഴിഞ്ഞ കുറച്ച് ആഴ്ചകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ശക്തമായ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ജലസംരക്ഷണം എത്ര പ്രധാനമാണെന്ന് ഈ മഴക്കാലം നമ്മെ ഓർമ്മിപ്പിക്കുന്നു. മഴക്കാലത്ത് സംഭരിക്കുന്ന ജലം ജലപ്രതിസന്ധിയുള്ള മാസങ്ങളിൽ വളരെയധികം സഹായകമാകുന്നു. ഇതാണ് ‘ക്യാച്ച് ദ റെയിൻ’പോലെയുള്ള ക്യാമ്പയിനുകളുടെ ഉദ്ദേശ്യം. ജലസംരക്ഷണവുമായി ബന്ധപ്പെട്ട് പലരും പുതിയ സംരംഭങ്ങൾ സ്വീകരിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഉത്തർപ്രദേശിലെ ഝാൻസിയിൽ ഇത്തരമൊരു ശ്രമം നടന്നു. ഝാൻസി ബുന്ദേൽഘണ്ഡിലാണെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ജലദൗർലഭ്യവുമായി ബന്ധപ്പെട്ട് ഝാൻസിയെക്കുറിച്ച് കേട്ടുകാണും. അവിടെ കുറച്ച് സ്ത്രീകൾ ചേർന്ന് ഘുരാരി നദിയ്ക്ക് പുതുജീവൻ നൽകി. ഈ സ്ത്രീകൾ സ്വയം സഹായ സംഘത്തിലെ അംഗങ്ങളാണ്. കൂടാതെ, അവർ ‘ജൽ സഹേലി’ എന്ന ക്യാമ്പയിനിന് നേതൃത്വം നൽകി. മരണാസന്നയായ ഘുരാരി നദിയെ ഈ സ്ത്രീകൾ രക്ഷിച്ചവിധം നമ്മുടെയൊക്കെ ചിന്തയ്ക്കും അതീതമാണ്. ഈ സ്ത്രീകൾ ചാക്കിൽ മണൽ നിറച്ച് ചെക്ക് ഡാം (Check Dam) നിർമ്മിച്ച് മഴവെള്ളം പാഴാക്കുന്നത് തടഞ്ഞു. ഇതിലൂടെ പുഴ നിറഞ്ഞ് കവിഞ്ഞു. നൂറുകണക്കിന് ജലസംഭരണികളുടെ നിർമ്മാണത്തിലും പുന:രുജ്ജീവനത്തിലും ഈ സ്ത്രീകൾ വിപുലമായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതോടെ ഈ പ്രദേശത്തെ ജനങ്ങളുടെ ജലക്ഷാമത്തിന് പരിഹാരമായെന്നു മാത്രമല്ല, അവരുടെ മുഖത്തെ സന്തോഷവും തിരിച്ചുവന്നു.
സുഹൃത്തുക്കളേ, ചില സ്ഥലങ്ങളിൽ സ്ത്രീശക്തി ജലശക്തിയെ വർദ്ധിപ്പിക്കുന്നു. എന്നാൽ, ചിലയിടങ്ങളിൽ ജലശക്തി സ്ത്രീശക്തിയെ വർദ്ധിപ്പിക്കുന്നു. എനിയ്ക്ക് മദ്ധ്യപ്രദേശിലെ പ്രചോദനാത്മകമായ രണ്ട് ശ്രമങ്ങളെക്കുറിച്ച് അറിവ് ലഭിച്ചു. ഇവിടെ ഡിൻഡോരിയിലെ റയ്പുര ഗ്രാമത്തിൽ ഒരു വലിയ കുളം നിർമ്മിച്ചതിനാൽ ഭൂഗർഭജലനിരപ്പ് ഗണ്യമായി വർദ്ധിച്ചു. ഈ ഗ്രാമത്തിലെ സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു. ഇവിടെ ‘ശാരദാ ഉപജീവന സ്വയംസഹായസംഘ’വുമായി ബന്ധപ്പെട്ട് സ്ത്രീകൾക്ക് മത്സ്യക്കൃഷിയുടെ ഒരു പുതിയ വ്യവസായം ലഭിച്ചു. ഈ സ്ത്രീകൾ ഒരു ‘ഫിഷ് പാർലറും’ ആരംഭിച്ചിട്ടുണ്ട്, അവിടെ മീൻ വില്പനയിൽ നിന്നുള്ള വരുമാനവും വർദ്ധിച്ചുവരുന്നു. മദ്ധ്യപ്രദേശിലെ ഛതർപൂറിലും സ്ത്രീകളുടെ പ്രയത്നം പ്രശംസനീയമാണ്. ഇവിടത്തെ ഖോംപ് ഗ്രാമത്തിലെ വലിയ കുളം വറ്റിത്തുടങ്ങിയപ്പോൾ സ്ത്രീകൾത്തന്നെ പുന:രുജ്ജീവിപ്പിക്കാൻ മുൻകൈയെടുത്തു. ‘ഹരീ ബഗിയ സ്വയം സഹായസംഘ’ത്തിലെ ഈ സ്ത്രീകൾ കുളത്തിൽനിന്ന് വൻതോതിൽ ചെളിയെടുത്ത് തരിശ്ശായി കിടന്ന ഭൂമിയിൽ ‘ഫ്രൂട്ട് ഫോറസ്റ്റ്’ നിർമ്മിച്ചു. ഈ സ്ത്രീകളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കുളത്തിൽ ധാരാളം വെള്ളം നിറഞ്ഞു, എന്നു മാത്രമല്ല, വിളവും ഗണ്യമായി വർദ്ധിച്ചു. രാജ്യത്തിന്റെ ഓരോ കോണിലും നടക്കുന്ന ഇത്തരം ‘ജലസംരക്ഷണ’ ശ്രമങ്ങൾ ജലപ്രതിസന്ധിയെ നേരിടാൻ ഏറെ സഹായകമാകും. നിങ്ങൾക്ക് ചുറ്റും നടക്കുന്ന ഇത്തരം ശ്രമങ്ങളിൽ നിങ്ങളും തീർച്ചയായും പങ്കാളികളാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 'ഝാല' എന്ന അതിർത്തി ഗ്രാമമുണ്ട്. ഇവിടുത്തെ യുവാക്കൾ തങ്ങളുടെ ഗ്രാമം വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേക സംരംഭം ആരംഭിച്ചിരിക്കുകയാണ്. അവർ തന്റെ ഗ്രാമത്തിൽ ‘Thank you Nature’ എന്ന പ്രചാരണം നടത്തുന്നു. ഇതിന് കീഴിൽ എല്ലാ ദിവസവും രണ്ട് മണിക്കൂർ ഗ്രാമത്തിൽ ശുചീകരണം നടത്തുന്നു. ഗ്രാമത്തിലെ തെരുവുകളിൽ ചിതറിക്കിടക്കുന്ന മാലിന്യങ്ങൾ ശേഖരിച്ച് ഗ്രാമത്തിന് പുറത്ത് ഒരു നിശ്ചിത സ്ഥലത്ത് നിക്ഷേപിക്കുന്നു. ഇതുമൂലം ഝാല ഗ്രാമം വൃത്തിയാകുകയും അവിടത്തെ ജനങ്ങൾ ബോധവാന്മാരാകുകയും ചെയ്യുന്നു. ഓരോ ഗ്രാമവും ഓരോ തെരുവും ഓരോ പ്രദേശവും സമാനമായ ‘Thank you campaign’ ആരംഭിച്ചാൽ, എത്രത്തോളം മാറ്റം വരുമെന്ന് ചിന്തിക്കുക.
സുഹൃത്തുക്കളേ, പുതുച്ചേരിയിലെ ബീച്ചുകളിൽ ശുചിത്വവുമായി ബന്ധപ്പെട്ട് വൻ പ്രചാരണമാണ് നടക്കുന്നത്. മാഹി മുനിസിപ്പാലിറ്റിയിലെയും പരിസര പ്രദേശങ്ങളിലെയും യുവാക്കളുടെ സംഘത്തെ നയിക്കുന്നത് ഇവിടെ ശ്രീമതി. രമ്യയാണ്. ഈ ടീമിലെ ആളുകൾ അവരുടെ പ്രയത്‌നത്താൽ മാഹി പ്രദേശവും പ്രത്യേകിച്ച് അവിടത്തെ ബീച്ചുകളും പൂർണ്ണമായും വൃത്തിയാക്കുന്നു.
സുഹൃത്തുക്കളേ, ഞാൻ ഇവിടെ രണ്ട് ശ്രമങ്ങൾ മാത്രമേ ചർച്ച ചെയ്തിട്ടുള്ളൂ, എന്നാൽ നമ്മൾ ചുറ്റും നോക്കിയാൽ, രാജ്യത്തിന്റെ എല്ലാ ഭാഗത്തും, ശുചിത്വവുമായി സംബന്ധിച്ച് ചില പ്രത്യേക ശ്രമങ്ങൾ തീർച്ചയായും നടക്കുന്നുണ്ടെന്ന് നമുക്ക് കാണാം. ഏതാനും ദിവസങ്ങൾക്കുള്ളിൽ, ഒക്ടോബർ 2-ന് 'സ്വച്ഛ് ഭാരത് മിഷന്' 10 വർഷം തികയുകയാണ്. ഇന്ത്യൻ ചരിത്രത്തിലെ ഒരു വലിയ ബഹുജന പ്രസ്ഥാനമാക്കി മാറ്റിയവരെ അഭിനന്ദിക്കാനുള്ള അവസരമാണ്. ജീവിതത്തിലുടനീളം ഈ ലക്ഷ്യത്തിനായി അർപ്പണബോധത്തോടെ നിലകൊണ്ട മഹാത്മാഗാന്ധിജിക്കുള്ള യഥാർത്ഥ ആദരവ് കൂടിയാണിത്.
സുഹൃത്തുക്കളേ, ഇന്ന് 'സ്വച്ഛ് ഭാരത് മിഷന്റെ' വിജയമാണ് Waste to Wealth' എന്ന മന്ത്രത്തിന് ജനപ്രീതി ലഭിക്കുന്നത്. ‘Reduce, Reuse, Recycle' എന്നതിനെ കുറിച്ച് ആളുകൾ സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു, ഉദാഹരണങ്ങൾ നൽകുന്നു. ഇപ്പോഴിതാ, കേരളത്തിലെ കോഴിക്കോട്ട് നടന്ന ഒരു വിസ്മയകരമായ പ്രയത്‌നത്തെ കുറിച്ച് അറിയാൻ കഴിഞ്ഞു. ഇവിടെ, എഴുപത്തിനാലു വയസ്സുള്ള ശ്രീ. സുബ്രഹ്മണ്യൻ ഇരുപത്തി മൂവായിരത്തിലധികം കസേരകൾ നന്നാക്കി വീണ്ടും ഉപയോഗയോഗ്യമാക്കി. ആളുകൾ അദ്ദേഹത്തെ ‘Reduce, Reuse, Recycle' അതായത് RRR (ട്രിപ്പിൾ R) ചാമ്പ്യൻ എന്നും വിളിക്കുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷൻ, പി.ഡബ്ല്യു.ഡി., എൽ.ഐ.സി. ഓഫീസുകളിൽ അദ്ദേഹത്തിന്റെ ഈ അതുല്യമായ പരിശ്രമങ്ങൾ കാണാം.
സുഹൃത്തുക്കളേ, ശുചിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ക്യാമ്പയിനിൽ പരമാവധി ആളുകളെ ഉൾപ്പെടുത്തണം, ഈ ക്യാമ്പയിൻ ഒരു ദിവസമോ ഒരു വർഷമോ അല്ല, കാലങ്ങളായി തുടരുന്ന പ്രവർത്തനമാണ്. ‘ശുചിത്വം’ നമ്മുടെ സ്വഭാവമാകുന്നതുവരെ ഇത് ചെയ്യേണ്ടതാണ്. നിങ്ങളുടെ കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, അയൽക്കാർ അല്ലെങ്കിൽ സഹപ്രവർത്തകർ എന്നിവരോടൊപ്പം ശുചിത്വ ക്യാമ്പയിനിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ‘സ്വച്ഛ് ഭാരത് മിഷന്റെ’ വിജയത്തിൽ ഒരിക്കൽ കൂടി ഞാൻ നിങ്ങളെ എല്ലാവരെയും അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, നമുക്കെല്ലാവർക്കും നമ്മുടെ പൈതൃകത്തിൽ അഭിമാനമുണ്ട്. ഞാൻ എപ്പോഴും പറയാറുണ്ട്, ‘വികസനവും പൈതൃകമാണ്’. അതുകൊണ്ടാണ് ഈയിടെ അമേരിക്കയിലേക്കുള്ള എന്റെ യാത്രയുടെ ഒരു പ്രത്യേക ഘട്ടത്തെക്കുറിച്ച് എനിക്ക് ധാരാളം സന്ദേശങ്ങൾ ലഭിക്കുന്നത്. നമ്മുടെ പുരാവസ്തുക്കളുടെ തിരിച്ചുവരവിനെക്കുറിച്ച് വീണ്ടും ചർച്ചകൾ നടക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ എല്ലാ വികാരങ്ങളും എനിക്ക് മനസ്സിലാക്കാൻ കഴിയും, കൂടാതെ 'മൻ കി ബാത്' ശ്രോതാക്കളോട് ഇതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, എന്റെ അമേരിക്കൻ സന്ദർശന വേളയിൽ അമേരിക്കൻ സർക്കാർ 300 ഓളം പുരാവസ്തുക്കൾ ഭാരതത്തിന് തിരികെ നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ബൈഡൻ നിറഞ്ഞ വാത്സല്യത്തോടെ ഡെലവെയറിലെ തന്റെ സ്വകാര്യ വസതിയിൽ വച്ച് ഈ പുരാവസ്തുക്കളിൽ ചിലത് എന്നെ കാണിച്ചു. ടെറാക്കോട്ട, കല്ല്, ആനക്കൊമ്പ്, മരം, ചെമ്പ്, വെങ്കലം തുടങ്ങിയവയാൽ നിർമ്മിച്ച വസ്തുക്കളാണ് തിരികെ ലഭിച്ചത്. ഇവയിൽ പലതും നാലായിരം വർഷം പഴക്കമുള്ളവയാണ്. നാലായിരം വർഷം പഴക്കമുള്ളവ മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെയുള്ള പുരാവസ്തുക്കൾ അമേരിക്ക തിരികെ നൽകിയിട്ടുണ്ട് - പാത്രങ്ങൾ, ദേവതകളുടെയും ടെറാക്കോട്ട ഫലകങ്ങൾ, ജൈന തീർത്ഥങ്കരന്മാരുടെ പ്രതിമകൾ, കൂടാതെ ബുദ്ധന്റെയും ശ്രീകൃഷ്ണന്റെയും പ്രതിമകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. തിരിച്ചയച്ച സാധനങ്ങളുടെ കൂട്ടത്തിൽ നിരവധി മൃഗങ്ങളുടെ രൂപങ്ങളുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും രൂപങ്ങളുള്ള ജമ്മു കശ്മീരിലെ ടെറാക്കോട്ട ടൈലുകൾ വളരെ മനോഹരമാണ്. ഇവയിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള വെങ്കലത്തിൽ നിർമ്മിച്ച ശ്രീ ഗണപതിയുടെ പ്രതിമകളും ഉണ്ട്. തിരികെ ലഭിച്ച സാധനങ്ങളിൽ മഹാവിഷ്ണുവിന്റെ ചിത്രങ്ങളുമുണ്ട്. ഇവ പ്രധാനമായും ഉത്തരേന്ത്യയുമായും ദക്ഷിണേന്ത്യയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ പുരാവസ്തുക്കൾ കാണുമ്പോൾ, നമ്മുടെ പൂർവ്വികർ വിശദാംശങ്ങളിൽ എത്രമാത്രം ശ്രദ്ധ ചെലുത്തിയിരുന്നുവെന്ന് വ്യക്തമാകും. കലയെക്കുറിച്ച് അവർക്ക് അതിശയകരമായ ധാരണയുണ്ടായിരുന്നു. ഈ പുരാവസ്തുക്കളിൽ പലതും കള്ളക്കടത്തിലൂടെയും മറ്റ് നിയമവിരുദ്ധ മാർഗങ്ങളിലൂടെയും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോയി - ഇത് ഗുരുതരമായ കുറ്റകൃത്യമാണ്, ഒരു തരത്തിൽ ഇത് ഒരാളുടെ പൈതൃകത്തെ നശിപ്പിക്കുന്നു, എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ അത്തരം നിരവധി പുരാവസ്തുക്കളും പുരാതന പൈതൃകം, നാട്ടിലേക്ക് തിരികെയെത്തിയതിൽ എനിയ്ക്ക് സന്തോഷമുണ്ട്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇന്ന് ഭാരതം നിരവധി രാജ്യങ്ങളുമായി പ്രവർത്തിക്കുന്നു. നാം നമ്മുടെ പൈതൃകത്തിൽ അഭിമാനിക്കുമ്പോൾ, ലോകവും അതിനെ ബഹുമാനിക്കുന്നുവെന്നും, അതിന്റെ ഫലമാണ് ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും നമ്മുടെ പക്കൽ നിന്ന് പോയ അത്തരം പുരാവസ്തുക്കൾ തിരികെ നൽകുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ പ്രിയ സുഹൃത്തുക്കളെ, ഒരു കുട്ടി ഏറ്റവും എളുപ്പത്തിലും വേഗത്തിലും ഏത് ഭാഷയാണ് പഠിക്കുന്നതെന്ന് ഞാൻ ചോദിച്ചാൽ - നിങ്ങളുടെ ഉത്തരം 'മാതൃഭാഷ' എന്നായിരിക്കും. നമ്മുടെ രാജ്യത്ത് ഏകദേശം ഇരുപതിനായിരത്തോളം ഭാഷകളും ഭാഷാഭേദങ്ങളും ഉണ്ട്, അവയെല്ലാം ആരുടെയെങ്കിലുമൊക്കെ മാതൃഭാഷ തന്നെയാണ്. ഉപയോക്താക്കളുടെ എണ്ണം വളരെ കുറവുള്ള ചില ഭാഷകളുണ്ട്, എന്നാൽ ആ ഭാഷകൾ സംരക്ഷിക്കാൻ ഇന്ന് അതുല്യമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നറിയുമ്പോൾ നിങ്ങൾക്ക് സന്തോഷമുണ്ടാകും. അത്തരത്തിലുള്ള ഒരു ഭാഷയാണ് നമ്മുടെ 'സന്താലി' ഭാഷ. ഡിജിറ്റൽ നവീകരണത്തിന്റെ സഹായത്തോടെ ‘സന്താലി’ക്ക് പുതിയൊരു ഐഡന്റിറ്റി നൽകാനുള്ള ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും താമസിക്കുന്ന സന്താൽ ഗോത്രവർഗക്കാരാണ് 'സന്താലി' സംസാരിക്കുന്നത്. ഭാരതത്തെ കൂടാതെ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലും സന്താലി സംസാരിക്കുന്ന ഗോത്ര സമൂഹങ്ങളുണ്ട്. ഒഡീഷയിലെ മയൂർഭഞ്ചിൽ താമസിക്കുന്ന ശ്രീ. റാംജിത് ടുഡു, സന്താലി ഭാഷയുടെ ഓൺലൈൻ ഐഡൻ്റിറ്റി സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രചാരണം നടത്തുന്നു. സന്താലി ഭാഷയുമായി ബന്ധപ്പെട്ട സാഹിത്യങ്ങൾ സന്താലി ഭാഷയിൽ വായിക്കാനും എഴുതാനും സഹായിക്കുന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ശ്രീ. രാംജിത് സൃഷ്ടിച്ചു. വാസ്തവത്തിൽ, കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ശ്രീ. രാംജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ, മാതൃഭാഷയിൽ സന്ദേശങ്ങൾ അയക്കാൻ കഴിയാത്തതിൽ അദ്ദേഹം സങ്കടപ്പെട്ടു. ഇതിനുശേഷം, ‘സന്താലി ഭാഷ’യുടെ ‘ഓൾ ചിക്കി’ എന്ന ലിപി ടൈപ്പ് ചെയ്യാനുള്ള സാധ്യതകൾ അദ്ദേഹം അന്വേഷിക്കാൻ തുടങ്ങി. സഹപ്രവർത്തകരിൽ ചിലരുടെ സഹായത്തോടെ ഓൾ ചിക്കിൽ ടൈപ്പ് ചെയ്യാനുള്ള വിദ്യ വികസിപ്പിച്ചെടുത്തു. ഇന്ന് അദ്ദേഹത്തിന്റെ പ്രയത്‌നത്താൽ സന്താലി ഭാഷയിൽ എഴുതുന്ന ലേഖനങ്ങൾ ലക്ഷക്കണക്കിന് ആളുകളിലേക്ക് എത്തുന്നു.
സുഹൃത്തുക്കളേ, കൂട്ടായ പങ്കാളിത്തവും നമ്മുടെ നിശ്ചയദാർഢ്യവും കൂടിച്ചേർന്നാൽ, സമൂഹത്തിനാകെ അത്ഭുതകരമായ ഫലങ്ങൾ ഉണ്ടാകുന്നു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് 'ഏക് പേട് മാ കേ നാം' - ഈ ക്യാമ്പെയിൻ അതിശയകരമായ ഒരു കാമ്പെയ്‌നായിരുന്നു, പൊതുജന പങ്കാളിത്തത്തിന്റെ അത്തരമൊരു ഉദാഹരണം ശരിക്കും വളരെ പ്രചോദനകരമാണ്. പരിസ്ഥിതി സംരക്ഷണത്തിനായി ആരംഭിച്ച ഈ ക്യാമ്പെയിനിൽ രാജ്യത്തിന്റെ എല്ലാ കോണുകളിൽനിന്നും ആളുകൾ അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിച്ച് പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഈ പ്രചാരണത്തിന് കീഴിൽ ഉത്തർപ്രദേശിൽ 26 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ഗുജറാത്തിലെ ജനങ്ങൾ 15 കോടിയിലധികം തൈകൾ നട്ടു. ആഗസ്റ്റ് മാസത്തിൽ മാത്രം 6 കോടിയിലധികം വൃക്ഷത്തൈകളാണ് രാജസ്ഥാനിൽ നട്ടത്. രാജ്യത്തെ ആയിരക്കണക്കിന് സ്‌കൂളുകളും ഈ പ്രചാരണത്തിൽ സജീവമായി പങ്കെടുക്കുന്നുണ്ട്.
സുഹൃത്തുക്കളേ, വൃക്ഷത്തൈ നടീലുമായി ബന്ധപ്പെട്ട നിരവധി ഉദാഹരണങ്ങൾ നമ്മുടെ നാട്ടിൽ വെളിച്ചം കണ്ടുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു ഉദാഹരണമാണ് തെലങ്കാനയിലെ ശ്രീ. കെ.എൻ.രാജശേഖരന്റേത്. മരങ്ങൾ നട്ടുപിടിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത നമ്മെയെല്ലാം അത്ഭുതപ്പെടുത്തുന്നു. ഏകദേശം നാല് വർഷം മുമ്പ് അദ്ദേഹം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ഒരു ക്യാമ്പയിൻ ആരംഭിച്ചു. എല്ലാ ദിവസവും ഒരു മരം നടുമെന്ന് അദ്ദേഹം തീരുമാനിച്ചു. കർശനമായ ഉപവാസം പോലെ അദ്ദേഹം ഈ പ്രചാരണം പിന്തുടർന്നു. 1500ലധികം വൃക്ഷത്തൈകൾ അദ്ദേഹം നട്ടുപിടിപ്പിച്ചിട്ടുണ്ട്. ഈ വർഷം ഒരു അപകടത്തിന് ഇരയായിട്ടും അദ്ദേഹം തന്റെ ദൃഢനിശ്ചയത്തിൽ നിന്ന് വ്യതിചലിച്ചില്ല എന്നതാണ് ഏറ്റവും വലിയ കാര്യം. അത്തരം എല്ലാ ശ്രമങ്ങളെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. ‘ഏക് പേട് മാ കേ നാം’ എന്ന ഈ വിശുദ്ധ കാമ്പെയ്‌നിൽ ചേരാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു.
എന്റെ പ്രിയ സുഹൃത്തുക്കളെ, ദുരന്തങ്ങളിൽ ധൈര്യം നഷ്ടപ്പെടാതെ, അതിൽ നിന്ന് പാഠങ്ങൾ പഠിക്കുന്ന ചില ആളുകൾ നമുക്ക് ചുറ്റും ഉണ്ടെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. അങ്ങനെയുള്ള ഒരാളാണ് ശ്രീമതി. സുബാശ്രീ, തന്റെ പരിശ്രമത്താൽ അപൂർവവും വളരെ ഉപയോഗപ്രദവുമായ ഔഷധസസ്യങ്ങളുടെ ഒരു അത്ഭുതകരമായ പൂന്തോട്ടം അവർ സൃഷ്ടിച്ചു. തമിഴ്‌നാട്ടിലെ മധുര സ്വദേശിനിയാണ്. തൊഴിൽപരമായി അധ്യാപികയാണെങ്കിലും, ഔഷധ സസ്യങ്ങളോട് അവർക്ക് അഗാധമായ താല്പര്യമുണ്ട്. 80-കളിൽ തന്റെ അച്ഛന് വിഷപ്പാമ്പിന്റെ കടിയേറ്റതോടെയാണ് ഈ താല്പര്യമുണ്ടായത്. പിന്നെ പരമ്പരാഗത ഔഷധസസ്യങ്ങൾ അച്ഛന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വളരെയധികം സഹായിച്ചു. ഈ സംഭവത്തിന് ശേഷം അവർ പരമ്പരാഗത മരുന്നുകളും ഔഷധങ്ങളും തിരയാൻ തുടങ്ങി. മധുരയിലെ വെരിച്ചിയൂർ ഗ്രാമത്തിൽ 500-ലധികം അപൂർവ ഔഷധ സസ്യങ്ങളുള്ള ഒരു അതുല്യമായ ഔഷധത്തോട്ടമാണ് ഇന്ന് അവരുടേത്. ഈ പൂന്തോട്ടം ഒരുക്കാൻ അവർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഓരോ ചെടിയും കണ്ടെത്തുന്നതിനായി, ശ്രീമതി. സുബാശ്രീ വളരെ ദൂരം സഞ്ചരിച്ച് വിവരങ്ങൾ ശേഖരിക്കുകയും മറ്റുള്ളവരുടെ സഹായം തേടുകയും ചെയ്തു. കോവിഡ് കാലത്ത് അവർ ജനങ്ങൾക്ക് പ്രതിരോധശേഷി വർധിപ്പിക്കുന്ന ഔഷധച്ചെടികൾ വിതരണം ചെയ്തു. ഇന്ന് അവരുടെ ഔഷധത്തോട്ടം കാണാൻ ദൂരദിക്കുകളിൽ നിന്നും ആളുകൾ വരുന്നു. ഔഷധ ചെടികളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അവർ എല്ലാവരോടും പറയുന്നു. നൂറുകണക്കിനു വർഷങ്ങളായി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന നമ്മുടെ പരമ്പരാഗത പൈതൃകത്തെ സുബശ്രീ മുന്നോട്ട് കൊണ്ടുപോകുകയാണ്. അവരുടെ ഔഷധച്ചെടിത്തോട്ടം നമ്മുടെ ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്നു. അവർക്ക് നമ്മുടെ ആശംസകൾ നേരാം.
സുഹൃത്തുക്കളേ, ഈ മാറുന്ന കാലത്ത് തൊഴിലുകളുടെ സ്വഭാവം മാറുകയും പുതിയ മേഖലകൾ ഉയർന്നുവരുകയും ചെയ്യുന്നു. ഗെയിമിംഗ്, ആനിമേഷൻ, റീൽ മേക്കിംഗ്, ഫിലിം മേക്കിംഗ് അല്ലെങ്കിൽ പോസ്റ്റർ നിർമ്മാണം പോലെ. ഈ കഴിവുകളിലൊന്നിൽ നിങ്ങൾക്ക് മികച്ച പ്രകടനം നടത്താൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരു ബാൻഡുമായി അല്ലെങ്കിൽ കമ്മ്യൂണിറ്റി റേഡിയോയ്‌ക്കായി പ്രവർത്തിക്കുകയാണെങ്കിൽ, നിങ്ങളുടെ കഴിവിന് ഒരു വലിയ വേദി ലഭിക്കും. നിങ്ങളുടെ കഴിവും സർഗ്ഗാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനായി, കേന്ദ്രസർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം 'Create in India' എന്ന പ്രമേയത്തിന് കീഴിൽ 25 challenges ആരംഭിച്ചു. തീർച്ചയായും നിങ്ങൾക്ക് ഇവ രസകരമായി തോന്നും. ഇവയിൽ ചിലത് സംഗീതം, വിദ്യാഭ്യാസം തുടങ്ങി ആന്റി പൈറസി വരെ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയ്ക്ക് പൂർണ്ണ പിന്തുണ നൽകുന്ന നിരവധി പ്രൊഫഷണൽ ഓർഗനൈസേഷനുകളും ഈ പരിപാടിയിൽ ഉൾപ്പെടുന്നു. ഇതിൽ പങ്ക് ചേരാൻ, നിങ്ങൾക്ക് wavesindia.org-ൽ ലോഗിൻ ചെയ്യാം. രാജ്യത്തുടനീളമുള്ള കണ്ടന്റ് ക്രിയേറ്റേഴ്സിനോട് എനിക്ക് ഒരു പ്രത്യേക അഭ്യർത്ഥനയുണ്ട്, തീർച്ചയായായും ഇതിൽ പങ്കാളികളാകുക, നിങ്ങളുടെ സർഗ്ഗാത്മകത പുറത്തുകൊണ്ടുവരുക.
എന്റെ പ്രിയപ്പെട്ട നാട്ടുകാരെ, ഈ മാസം മറ്റൊരു പ്രധാന ക്യാമ്പയിനിന് 10 വർഷം തികയുന്നു. ഈ ക്യാമ്പയിന്റെ വിജയത്തിൽ രാജ്യത്തെ വൻകിട വ്യവസായങ്ങൾ മുതൽ ചെറുകിട കച്ചവടക്കാർ വരെയുള്ള എല്ലാവരുടെയും സംഭാവന ഉൾപ്പെടുന്നു. ഞാൻ സംസാരിക്കുന്നത് 'മേക്ക് ഇൻ ഇന്ത്യ'യെക്കുറിച്ചാണ്. ഇന്ന്, പാവപ്പെട്ടവർക്കും ഇടത്തരക്കാർക്കും എം.എസ്.എം.ഇ.കൾക്കും ഈ ക്യാമ്പയ്‌നിൽ നിന്ന് ധാരാളം നേട്ടങ്ങൾ ലഭിക്കുന്നത് കാണുമ്പോൾ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഈ ക്യാമ്പയിൻ എല്ലാ വിഭാഗത്തിലെയും ആളുകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകി. ഇന്ന്, ഭാരതം ഉൽപ്പാദനത്തിന്റെ ഒരു ശക്തികേന്ദ്രമായി മാറിയിരിക്കുന്നു, രാജ്യത്തിന്റെ യുവശക്തി കാരണം, ലോകത്തിന്റെ മുഴുവൻ കണ്ണുകളും നമ്മിലുണ്ട്. ഓട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, ഏവിയേഷൻ, ഇലക്‌ട്രോണിക്‌സ്, പ്രതിരോധം എന്നിങ്ങനെ എല്ലാ മേഖലകളിലും രാജ്യത്തിന്റെ കയറ്റുമതി തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തുടർച്ചയായി എഫ്ഡിഐ വർധിക്കുന്നത് നമ്മുടെ 'മേക്ക് ഇൻ ഇന്ത്യ'യുടെ വിജയഗാഥ കൂടിയാണ്. ഇപ്പോൾ നമ്മൾ പ്രധാനമായും രണ്ടു കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഒന്നാമത്തേത് 'ഗുണനിലവാരം' അതായത് നമ്മുടെ നാട്ടിൽ ഉണ്ടാക്കുന്ന വസ്തുക്കൾ ആഗോള നിലവാരത്തിലുള്ളതായിരിക്കണം. രണ്ടാമത്തേത് 'വോക്കൽ ഫോർ ലോക്കൽ' അതായത് പ്രാദേശിക ഉത്പന്നങ്ങൾക്ക് പരമാവധി പ്രോത്സാഹിപ്പിക്കണം. 'മൻ കി ബാത്തിൽ' #MyProductMyPride-നെ കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. പ്രാദേശിക ഉൽപന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് ഒരു ഉദാഹരണത്തിലൂടെ മനസ്സിലാക്കാം.
മഹാരാഷ്ട്രയിലെ ഭണ്ഡാര ജില്ലയിൽ തുണിത്തരങ്ങളുടെ ഒരു ടെക്സ്റ്റൈൽ പാരമ്പര്യമുണ്ട് - 'ഭണ്ഡാര ടസർ സിൽക്ക് ഹാൻഡ്‌ലൂം'. ടസർ സിൽക്ക് അതിന്റെ രൂപകൽപ്പനയ്ക്കും നിറത്തിനും കരുത്തിനും പേരുകേട്ടതാണ്. ഭണ്ഡാരയുടെ ചില ഭാഗങ്ങളിൽ 50-ലധികം 'സ്വയം സഹായ സംഘങ്ങൾ' ഇത് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇവയിൽ സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ട്. ഈ പട്ട് കൂടുതൽ ജനപ്രിയമാവുകയും പ്രാദേശിക സമൂഹങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു, ഇതാണ് 'മേക്ക് ഇൻ ഇന്ത്യ'യുടെ ആത്മാവ്.
സുഹൃത്തുക്കളേ, ഈ ആഘോഷവേളയിൽ, നിങ്ങളുടെ പഴയ തീരുമാനം തീർച്ചയായും ഓർമ്മിക്കണം. നിങ്ങൾ എന്ത് വാങ്ങിയാലും അത് 'മെയ്ഡ് ഇൻ ഇന്ത്യ' ആയിരിക്കണം, നിങ്ങൾ എന്ത് സമ്മാനം നൽകിയാലും അത് 'മെയ്ഡ് ഇൻ ഇന്ത്യ' ആയിരിക്കണം. വെറും മൺവിളക്ക് വാങ്ങുന്നത് 'വോക്കൽ ഫോർ ലോക്കൽ' അല്ല. നിങ്ങളുടെ പ്രദേശത്ത് നിർമ്മിച്ച പ്രാദേശിക ഉൽപ്പന്നങ്ങൾ നിങ്ങൾ പരമാവധി പ്രോത്സാഹിപ്പിക്കണം. ഒരു ഭാരതീയ കരകൗശല വിദഗ്ദ്ധൻ വിയർപ്പൊഴുക്കി നിർമ്മിക്കുന്ന, ഭാരതത്തിന്റെ മണ്ണിൽ നിർമ്മിച്ച അത്തരം ഏതൊരു ഉൽപ്പന്നവും നമ്മുടെ അഭിമാനമാണ് - ഈ അഭിമാനത്തിന്റെ ശോഭ വർദ്ധിപ്പിക്കണം.
സുഹൃത്തുക്കളേ, 'മൻ കി ബാത്'ന്റെ ഈ അദ്ധ്യായത്തിൽ നിങ്ങളുമായുള്ള ഒത്തുചേരൽ ഞാൻ ആസ്വദിച്ചു. ഈ പരിപാടിയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഞങ്ങൾക്ക് അയയ്ക്കുക. നിങ്ങളുടെ കത്തുകൾക്കും സന്ദേശങ്ങൾക്കുമായി ഞാൻ കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഉത്സവകാലം വരവായി. അത് നവരാത്രി മുതൽ ആരംഭിക്കും, തുടർന്ന് അടുത്ത രണ്ട് മാസത്തേക്ക്, ഈ ആരാധനയുടെയും വ്രതത്തിന്റെയും ഉത്സവങ്ങളുടെയും ആവേശത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം ചുറ്റും നിലനിൽക്കും. വരാനിരിക്കുന്ന ഉത്സവങ്ങൾക്കായി ഞാൻ നിങ്ങൾക്ക് ആശംസകൾ നേരുന്നു. നിങ്ങളെല്ലാവരും, നിങ്ങളുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ആഘോഷങ്ങൾ നന്നായി ആസ്വദിക്കൂ, നിങ്ങളുടെ സന്തോഷത്തിൽ മറ്റുള്ളവരെ ഉൾപ്പെടുത്തൂ. അടുത്ത മാസം 'മൻ കി ബാത്’ൽ കൂടുതൽ പുതിയ വിഷയങ്ങളുമായി ഒത്തുകൂടാം. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി.
************
(Release ID: 2060041)
Visitor Counter : 62
Read this release in:
Odia
,
Hindi
,
Gujarati
,
Urdu
,
Telugu
,
Manipuri
,
Assamese
,
English
,
Marathi
,
Bengali
,
Punjabi
,
Tamil
,
Kannada