പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രിയുടെ മഹാരാഷ്ട്ര സന്ദർശനം നാളെ (സെപ്റ്റംബർ 26)


22,600 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും.

മൂന്ന് പരം രുദ്ര (PARAM RUDRA) സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.

10,400 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പെട്രോളിയം, പ്രകൃതി വാതക മേഖലയുടെ വിവിധ സംരംഭങ്ങൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും..

സോലാപൂർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ബിഡ്‌കിൻ വ്യവസായ മേഖല പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും.

Posted On: 25 SEP 2024 2:28PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ (സെപ്റ്റംബർ 26)  മഹാരാഷ്ട്രയിലെ പൂനെ സന്ദർശിക്കും. പൂനെ  ജില്ലാ കോടതി സ്റ്റേഷനിൽ  നിന്ന് പൂനെയിലെ സ്വാർഗേറ്റിലേക്ക് സർവീസ് നടത്തുന്ന മെട്രോ ട്രെയിനിന്റെ ഫ്ളാഗ്ഓഫ്   ജില്ലാ കോടതി മെട്രോ സ്റ്റേഷനിൽ വൈകുന്നേരം 6 മണിക്ക് അദ്ദേഹം നിർവ്വഹിക്കും. തുടർന്ന് ഏകദേശം 22,600 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും.

ഇതോടെ പൂനെ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിക്കും. ജില്ലാ കോടതി മുതൽ സ്വർഗേറ്റ് വരെയുള്ള ഭൂഗർഭ റെയിൽപാത നിർമ്മാണത്തിന്  ഏകദേശം 1,810 കോടി രൂപയാണ് ചെലവ്.

കൂടാതെ, ഏകദേശം 2,950 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പൂനെ മെട്രോ ഒന്നാം ഘട്ടത്തിൻ്റെ സ്വർഗേറ്റ്-കട്രജ് പാത വികസനത്തിനും  പ്രധാനമന്ത്രി തറക്കല്ലിടും. ഏകദേശം 5.46 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ലൈൻ  പൂർണ്ണമായും ഭൂഗർഭ പാതയാണ്.  മാർക്കറ്റ് യാർഡ്, പത്മാവതി, കത്രാജ് എന്നിങ്ങനെ മൂന്ന് സ്റ്റേഷനുകളാണ് ഇതിന്റെ ഭാഗമായി ഉണ്ടാവുക.

ക്രാന്തിജ്യോതി സാവിത്രിഭായ് ഫൂലെയുടെ ആദ്യ ഗേൾസ് സ്കൂൾ സ്മാരകത്തിനും  പ്രധാനമന്ത്രി ഭിദേവാഡയിൽ തറക്കല്ലിടും.

സൂപ്പർകമ്പ്യൂട്ടിംഗ് സാങ്കേതിക വിദ്യയിൽ ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനായി, ഏകദേശം 130 കോടി രൂപ വിലമതിക്കുന്ന മൂന്ന് പരം രുദ്ര സൂപ്പർ കമ്പ്യൂട്ടറുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. ദേശീയ സൂപ്പർ കമ്പ്യൂട്ടിംഗ് മിഷൻ (NSM) ന് കീഴിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്തവയാണ് ഇവ. ശാസ്ത്രീയ ഗവേഷണ പ്രവർത്തനങ്ങൾ കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കുന്നതിന് പൂനെ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ  ഈ സൂപ്പർ കമ്പ്യൂട്ടറുകൾ വിന്യസിച്ചിട്ടുണ്ട്. ഫാസ്റ്റ്  റേഡിയോ ബേർസ്റ്റുകളഉം (FRBs) മറ്റ് ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളും പര്യവേക്ഷണം ചെയ്യാൻ പൂനെയിലെ ജയൻ്റ് മീറ്റർ റേഡിയോ ടെലിസ്‌കോപ്പ് (ജിഎംആർടി) സൂപ്പർ കമ്പ്യൂട്ടറിന്റെ സേവനം പൂർണമായി ഉപയോഗിക്കും. ഡൽഹിയിലെ ഇൻ്റർ യൂണിവേഴ്സിറ്റി ആക്സിലറേറ്റർ സെൻ്റർ (ഐയുഎസി) നടത്തുന്ന മെറ്റീരിയൽ സയൻസ്, അറ്റോമിക് ഫിസിക്സ് തുടങ്ങിയ മേഖലകളിലെ ഗവേഷണം സൂപ്പർ കമ്പ്യൂട്ടറിന്റെ സഹായത്തോടെ കൂടുതൽ മെച്ചപ്പെടും. കൊൽക്കത്തയിലെ എസ്.എൻ ബോസ് സെൻ്റർ ഫിസിക്‌സ്, കോസ്‌മോളജി, എർത്ത് സയൻസ് തുടങ്ങിയ മേഖലകളിലെ ഗവേഷണത്തിനും സൂപർ കമ്പ്യൂട്ടറിന്റെ സേവനം പ്രയോജനപ്പെടുത്തും.

കാലാവസ്ഥയുമായി  ബന്ധപ്പെട്ട ഗവേഷണത്തിനായി വികസിപ്പിച്ച  ഹൈ-പെർഫോമൻസ് കംപ്യൂട്ടിംഗ് (എച്ച്പിസി) സംവിധാനവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 850 കോടി രൂപയുടെ പദ്ധതിയാണ് ഇത്.  കാലാവസ്ഥാ പഠന മേഖലയിലെ ഇന്ത്യയുടെ കുതിച്ചുചാട്ടമായിരിക്കും ഈ പദ്ധതി. പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി (IITM), നോയിഡയിലെ നാഷണൽ സെൻ്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റ് (NCMRWF) എന്നീ രണ്ട് പ്രധാന ഇടങ്ങളിൽ  സ്ഥിതി ചെയ്യുന്ന ഈ HPC സംവിധാനം അസാധാരണമായ സാങ്കേതിക മികവ് പ്രദർശിപ്പിക്കുന്ന ഒന്നാണ്. പുതിയ HPC സംവിധാനങ്ങളെ  'അർക്ക' എന്നും 'അരുണിക' എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്.  ഈ പേരുകൾ സൂര്യനുമായുള്ള അവയുടെ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നു. ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, കനത്ത മഴ, ഇടിമിന്നൽ, മഞ്ഞുവീഴ്ച , ഉഷ്‌ണ  തരംഗങ്ങൾ, വരൾച്ച, മറ്റ് പ്രതികൂല കാലാവസ്ഥാ പ്രതിഭാസങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട  പ്രവചനങ്ങളുടെ കൃത്യത ഇതിന്റെ പ്രവർത്തനത്തിലൂടെ ഗണ്യമായി വർദ്ധിപ്പിക്കും.

10,400 കോടി രൂപയുടെ പെട്രോളിയം, പ്രകൃതി വാതക മേഖലയിലെ വിവിധ സംരംഭങ്ങൾ പ്രധാനമന്ത്രി തുടക്കം കുറിക്കും.  ഊർജ്ജം, അടിസ്ഥാന സൗകര്യ വികസനം, ട്രക്ക്, ക്യാബ് ഡ്രൈവർമാരുടെ സുരക്ഷ,  മലിനീകരണമില്ലാത്ത ഗതാഗത സൗകര്യം, സുസ്ഥിര ഭാവി എന്നിവയിൽ പുതിയ പദ്ധതികൾ  ശ്രദ്ധ കേന്ദ്രീകരിക്കും.

ഡ്രൈവിംഗ് സുഗമമാക്കുന്നതിന്, മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ, പഞ്ചാബിലെ ഫത്തേഗഡ് സാഹിബ്, ഗുജറാത്തിലെ സോൻഗധ്, കർണാടകയിലെ ബെലഗാവിയും ബാംഗ്ലൂർ റൂറൽ  എന്നിവിടങ്ങളിൽ ട്രക്ക് ഡ്രൈവർമാർക്കുള്ള വഴിയോര വിശ്രമ സൗകര്യങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; . ട്രക്ക് - ക്യാബ് ഡ്രൈവർമാരുടെ ദീർഘദൂര യാത്രകൾക്കിടയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇവ  രൂപകൽപ്പന ചെയ്‌തിരിക്കുന്നു. യാത്രാ ഇടവേളകളിൽ സുഖപ്രദമായി വിശ്രമം ഉറപ്പാക്കുന്നതിന് ആധുനിക സൗകര്യങ്ങൾ കുറഞ്ഞ ചിലവിൽ ഇവിടെ ലഭ്യമാകും. കുറഞ്ഞ നിരക്കിലുള്ള  താമസ സൗകര്യങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, സുരക്ഷിതമായ പാർക്കിംഗ് സ്ഥലം, പാചകം ചെയ്യുന്നതിനുള്ള സൗകര്യം , വൈഫൈ, ജിം മുതലായവ 1000 റീട്ടെയിൽ ഔട്ട്ലെറ്റുകളിലായി ഏകദേശം 2,170 കോടി രൂപ ചെലവിൽ വികസിപ്പിക്കും.

പെട്രോൾ, ഡീസൽ, സിഎൻജി,ഇലക്ട്രിക്, സിബിജി, എഥനോൾ കലർന്ന പെട്രോൾ (ഇബിപി) തുടങ്ങി ഒന്നിലധികം ഇന്ധന സ്രോതസുകൾ ഒരിടത്തുനിന്നും ലഭിക്കുന്ന തരത്തിലാണ്  ഊർജ സ്റ്റേഷനുകൾ ആരംഭിക്കുന്നത്. അടുത്ത 5 വർഷത്തിനുള്ളിൽ ഗോൾഡൻ ക്വാഡ്രിലാറ്ററൽ, കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ഇടനാഴികൾ  മറ്റ് പ്രധാന ദേശീയപാതകൾ എന്നിവിടങ്ങളിലായി ഏകദേശം 4,000 ഊർജ്ജ സ്റ്റേഷനുകൾ വികസിപ്പിക്കും. ഇതിനായി ഏകദേശം  6000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഊർജം  ഉപഭോക്താക്കൾക്ക്  ഇതര ഇന്ധനങ്ങൾ ഒരു കുടക്കീഴിൽ  നൽകുന്നതിലൂടെ തടസ്സമില്ലാത്ത ചലനാത്മകത നൽകാൻ ഊർജ സ്റ്റേഷനുകൾ സഹായിക്കും.

ഹരിതോർജ്ജം, ഡീകാർബണൈസേഷൻ, നെറ്റ് സീറോ ബഹിർ​ഗമനം എന്നിവയിലേക്കുള്ള  മാറ്റം സുഗമമാക്കുന്നതിനും ഇലക്ട്രിക് വാഹന ഡ്രൈവർമാരുടെ ഉത്കണ്ഠ കുറയ്ക്കുന്നതിനും 500 ഇവി ചാർജിംഗ് സൗകര്യങ്ങൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൂടാതെ, 2025 സാമ്പത്തിക വർഷത്തോടെ 10,000 ഇ വി ചാർജിംഗ് സ്റ്റേഷനുകൾ (EVCS) വികസിപ്പിക്കാൻ ലക്ഷ്യമിടുന്നു. 1,500 കോടി രൂപയാണ് പദ്ധതിച്ചെലവായി വിലയിരുത്തുന്നത്..

മഹാരാഷ്ട്രയിലെ 3 എണ്ണം ഉൾപ്പെടെ രാജ്യത്തുടനീളം  20 ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) സ്റ്റേഷനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ദീർഘദൂര ഗതാഗതത്തിനായി എൽഎൻജി പോലുള്ള ശുദ്ധമായ ഇന്ധനങ്ങൾ സ്വീകരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ്, ഏകദേശം 500 കോടി   രൂപ ചെലവിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 50 എൽഎൻജി ഇന്ധന സ്റ്റേഷനുകൾ എണ്ണ, പ്രകൃതിവാതക കമ്പനികൾ വികസിപ്പിക്കുന്നത്.

ഏകദേശം 225 കോടി രൂപ വിലമതിക്കുന്ന 1500 E20 (20% എഥനോൾ കലർന്ന) പെട്രോൾ റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും.

വിനോദസഞ്ചാരികൾ, ബിസിനസ്സുകാർ, നിക്ഷേപകർ എന്നിവർക്ക് സോലാപൂരിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനായി സോലാപൂർ വിമാനത്താവളം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. സോലാപൂരിലെ നിലവിലുള്ള ടെർമിനൽ കെട്ടിടം പ്രതിവർഷം 4.1 ലക്ഷം യാത്രക്കാർക്ക് സേവനം നൽകുന്നതിനായി നവീകരിച്ചു.
​ഗവൺമെന്റിന്റെ ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിക്ക് കീഴിൽ 7,855 ഏക്കർ വ്യാപിച്ചുകിടക്കുന്ന ബിഡ്കിൻ വ്യാവസായിക മേഖല പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിൽ നിന്ന് 20 കിലോമീറ്റർ തെക്ക് ഭാഗത്തായാണ് ഇത്  സ്ഥിതി ചെയ്യുന്നത്. ഡൽഹി -മുംബൈ വ്യാവസായിക ഇടനാഴിക്ക് കീഴിൽ വികസിപ്പിച്ച പദ്ധതിക്ക് മറാത്വാഡ മേഖലയിലെ ഊർജ്ജസ്വലമായ സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ വലിയ സാധ്യതകളുണ്ട്.  3 ഘട്ടങ്ങളിലായി വികസനത്തിന് 6,400 കോടി രൂപയാണ് ചെലവിലാണ് കേന്ദ്ര​ഗവൺമെന്റ് ഈ പദ്ധതിക്ക് അംഗീകാരം നൽകിയത്.



(Release ID: 2058695) Visitor Counter : 20