പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പലസ്തീന്‍ പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 22 SEP 2024 11:45PM by PIB Thiruvananthpuram

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഭാവി ഉച്ചകോടിയ്ക്കിടയില്‍ 2024 സെപ്റ്റംബര്‍ 22-ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പലസ്തീന്‍ പ്രസിഡന്റ് ആദരണീയനായ മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.


ഗാസയിലെ തുടര്‍ന്നുവരുന്ന മാനുഷിക പ്രതിസന്ധിയിലും മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യത്തിലും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും മാനുഷിക സഹായം ഉള്‍പ്പെടെ പലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ തുടരുമെന്ന്  വീണ്ടും ഉറപ്പിക്കുകയും ചെയ്തു. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ കാലം തെളിയിച്ച ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാട് ആവര്‍ത്തിച്ച പ്രധാനമന്ത്രി, വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍ ശാശ്വതമായ സമാധാനവും സ്ഥിരതയും നല്‍കൂവെന്നും 


അദ്ദേഹം ഊന്നിപ്പറഞ്ഞു. പലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അനുസ്മരിച്ചുകൊണ്ട്, യു.എന്നില്‍ പലസ്തീന്റെ അംഗത്വത്തിന് ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ അറിയിച്ചു.


പലസ്തീന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയും വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ മേഖലകളില്‍ പലസ്തീനുള്ള സഹായവും പിന്തുണയും ഉള്‍പ്പെടെ ഇന്ത്യ-പലസ്തീന്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഇരു നേതാക്കളും ക്രിയാത്മകമായ ചര്‍ച്ച നടത്തി. ഇന്ത്യ-പലസ്തീന്‍ ഉഭയകക്ഷി ബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത ഇരു നേതാക്കളും ആവര്‍ത്തിച്ചു.

----



(Release ID: 2057705) Visitor Counter : 20