പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ക്വാഡ് നേതാക്കളുടെ ക്യാന്‍സര്‍ മൂണ്‍ഷോട്ട് പരിപാടിയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങളുടെ മലയാളപരിഭാഷ

Posted On: 22 SEP 2024 5:16AM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 22

ആദരണീയരെ,

ഈ സുപ്രധാന പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡന്റ് ബൈഡനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നു. താങ്ങാനാവുന്നതും പ്രാപ്യമാകുന്നതും ഗുണമേന്മയുള്ളതുമായ ആരോഗ്യ സംരക്ഷണത്തിനുള്ള നമ്മുടെ പങ്കാളിത്ത പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് ഇത്. കോവിഡ് മഹാമാരിയുടെ സമയത്ത്, ഇന്‍ഡോ-പസഫിക്കിനായി നാം ''ക്വാഡ് വാക്‌സിന്‍ ഇനിഷ്യേറ്റീവ്''ആരംഭിച്ചിരുന്നു. മാത്രമല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള ഒരു വെല്ലുവിളിയെ നേരിടാന്‍ ക്വാഡില്‍ നാം കൂട്ടായി തീരുമാനിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.

ക്യാന്‍സര്‍ പരിചരണത്തില്‍, രോഗശമനത്തിന് സഹകരണം അനിവാര്യമാണ്. പ്രതിരോധം, സ്‌ക്രീനിംഗ്, രോഗനിര്‍ണ്ണയം, ചികിത്സ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സംയോജിത സമീപനം ക്യാന്‍സറിന്റെ ക്ലേശം കുറയ്ക്കുന്നതിന് അനിവാര്യവുമാണ്. വളരെ ചെലവുകുറഞ്ഞ, വന്‍തോതിലുള്ള സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഇന്ത്യയില്‍ നടക്കുന്നുണ്ട്. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും ഇന്ത്യ നടത്തുന്നു. മാത്രമല്ല, മിതമായ നിരക്കില്‍ എല്ലാവര്‍ക്കും മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പ്രത്യേക കേന്ദ്രങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. സെര്‍വിക്കല്‍ ക്യാന്‍സറിന് ഇന്ത്യ സ്വന്തം വാക്‌സിനും വികസിപ്പിച്ചെടുത്തിട്ടുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ (എ.ഐ) സഹായത്തോടെ പുതിയ ചികിത്സാ മാനദണ്ഡങ്ങൾക്കും തുടക്കം കുറിച്ചിട്ടുണ്ട്.

ആദരണീയരെ,

ഇന്ത്യ അതിന്റെ അനുഭവവും വൈദഗ്ധ്യവും പങ്കിടാന്‍ തയാറാണ്. ക്യാന്‍സര്‍ പരിചരണത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള നിരവധി വിദഗ്ധര്‍ ഇന്ന്, ഈ പരിപാടിയില്‍ നമ്മോടൊപ്പം ചേര്‍ന്നു. ''ഒരു ഭൂമി, ഒരു ആരോഗ്യം'' എന്നതാണ് ഇന്ത്യയുടെ കാഴ്ചപ്പാട്. ഈ മനോഭാവത്തോടെ, ക്വാഡ് മൂണ്‍ഷോട്ട് ഇനിഷ്യേറ്റീവിന് കീഴില്‍ സാമ്പിള്‍ കിറ്റുകള്‍, ഡിറ്റക്ഷന്‍ കിറ്റുകള്‍, വാക്‌സിനുകള്‍ എന്നിവയ്ക്കായി ഞങ്ങളുടെ സംഭാവനയായ 7.5 മില്യണ്‍ ഡോളര്‍ പ്രഖ്യാപിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. റേഡിയോ തെറാപ്പി ചികിത്സയിലും കാര്യശേഷി വര്‍ദ്ധിപ്പിക്കുന്നതിലും ഇന്ത്യ പിന്തുണ നല്‍കും.

ഗാവി, ക്വാഡ് എന്നിവയുടെ മുന്‍കൈകളിലൂടെ, ഇന്‍ഡോ-പസഫിക് രാജ്യങ്ങള്‍ക്കായി ഇന്ത്യ 40 ദശലക്ഷം വാക്സിന്‍ ഡോസുകള്‍ സംഭാവന ചെയ്യുമെന്നത് പങ്കുവയ്ക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ 40 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ കോടിക്കണക്കിന് ജനങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷയുടെ കിരണങ്ങളായി മാറും. നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ക്വാഡ് പ്രവര്‍ത്തിക്കുമ്പോള്‍, അത് രാജ്യങ്ങള്‍ക്ക് വേണ്ടി മാത്രമല്ല - അത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. ഇതാണ് നമ്മുടെ മനുഷ്യ കേന്ദ്രീകൃത സമീപനത്തിന്റെ യഥാര്‍ത്ഥ സത്ത.

നന്ദി.

നിരാകരണം - പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളുടെ ഏകദേശ പരിഭാഷയാണിത്. ഹിന്ദിയിലായിരുന്നു യഥാര്‍ത്ഥ പരാമര്‍ശങ്ങള്‍.

****



(Release ID: 2057686) Visitor Counter : 13