പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ഡെലവേയിലെ വിൽമിങ്ടണിൽ അമേരിക്കൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 22 SEP 2024 2:02AM by PIB Thiruvananthpuram

ഡെലവേയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോസഫ് ബൈഡനുമായി കൂടിക്കാഴ്ച നടത്തി. പ്രസിഡന്റ് ബൈഡൻ വിൽമിങ്ടണിലെ അദ്ദേഹത്തിന്റെ വസതിയിൽ കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിച്ചു.

ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിന് ഉത്തേജനം പകരുന്നതിൽ പ്രസിഡന്റ് ബൈഡൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 2023 ജൂണിലെ തന്റെ അമേരിക്കൻ സന്ദർശനവും ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി 2023 സെപ്റ്റംബറിൽ പ്രസിഡന്റ് ബൈഡൻ ഇന്ത്യ സന്ദർശിച്ചതും അദ്ദേഹം  അനുസ്മരിച്ചു. ഈ സന്ദർശനങ്ങൾ ഇന്ത്യ-അമേരിക്ക പങ്കാളിത്തത്തിനു കൂടുതൽ ഊർജസ്വലതയും ആഴവും പകർന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

പൊതുവായ ജനാധിപത്യ മൂല്യങ്ങൾ, താൽപ്പര്യങ്ങളുടെ സമന്വയം, ജനങ്ങൾ തമ്മിലുള്ള ഊർജസ്വലമായ ബന്ധം എന്നിവയാൽ നയിക്കപ്പെടുന്ന, മനുഷ്യപ്രയത്നത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്രമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യയും അമേരിക്കയും ഇന്ന് ആസ്വദിക്കുന്നതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

പരസ്പരതാൽപ്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇൻഡോ-പസഫിക് മേഖല ഉൾപ്പെടെയുള്ള ആഗോള-പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ശക്തിയിലും തുടർച്ചയായ പുനരുജ്ജീവനത്തിലും മാനുഷിക പരിശ്രമത്തിന്റെ എല്ലാ മേഖലകളിലും അതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവരുടെ വിശ്വാസത്തിലും നേതാക്കൾ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

****


(Release ID: 2057457) Visitor Counter : 43