യുവജനകാര്യ, കായിക മന്ത്രാലയം
azadi ka amrit mahotsav

റിസെറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാൻ വിരമിച്ച കായികതാരങ്ങളോട് ഡോ. മൻസുഖ് മാണ്ഡവ്യ ആഹ്വാനം ചെയ്തു.

Posted On: 13 SEP 2024 3:55PM by PIB Thiruvananthpuram

പുതുതായി ആരംഭിച്ച "റിട്ടയേർഡ് സ്‌പോർട്‌സ് പേഴ്‌സൺ എംപവർമെൻ്റ് ട്രെയിനിംഗ്" (റിസെറ്റ്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനും രാജ്യത്തിൻ്റെ കായിക ആവാസവ്യവസ്ഥയിലേക്ക്  സജീവമായി സംഭാവന നൽകാനും ഇന്ത്യയിലുടനീളമുള്ള വിരമിച്ച കായികതാരങ്ങളോട് കേന്ദ്ര യുവജനകാര്യ, കായിക, തൊഴിൽ,   മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ആഹ്വാനം ചെയ്തു. ദേശീയ കായിക ദിനത്തോടനുബന്ധിച്ചാണ് ഡോ. മാണ്ഡവ്യയാണ് ഈ സംരംഭത്തിന് തുടക്കം കുറിച്ചത്.


"തങ്ങളുടെ നേട്ടങ്ങളിലൂടെ രാഷ്ട്രത്തിന് അഭിമാനമുണ്ടാക്കിയ നമ്മുടെ വിരമിച്ച കായികതാരങ്ങളെ അംഗീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്   റിസെറ്റ് പ്രോഗ്രാം" എന്ന് ഈ രംഗത്ത് സർക്കാരിനുള്ള  പ്രതിബദ്ധത ഉയർത്തിക്കാട്ടികൊണ്ട്  ഡോ. മാണ്ഡവ്യ പറഞ്ഞു.  പുതിയ കഴിവുകൾ വികസിപ്പിക്കുന്നതിനും കായികരംഗത്തു തന്നെ  തുടരുന്നതിനും , രാജ്യത്തിൻ്റെ കായിക പാരമ്പര്യത്തിലേക്ക് തുടർന്നും സംഭാവനകൾ നൽകുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താൻ  വിരമിച്ച എല്ലാ കായികതാരങ്ങളോടും  തങ്ങൾ അഭ്യർത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു.


വിരമിച്ച കായികതാരങ്ങളെ അവരുടെ കരിയർ വികസനത്തിൽ പിന്തുണയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന റീസെറ്റ് പ്രോഗ്രാം  , വിവിധ കായിക തലമുറകൾ തമ്മിലുള്ള വിടവ് നികത്താനും ,   വിരമിച്ച കായികതാരങ്ങളുടെ കഴിവുകളും അനുഭവവും യുവ കായിക പ്രതിഭകൾക്ക് പ്രയോജനപ്പെടുത്താനും  ലക്ഷ്യമിടുന്നു. വിരമിച്ച കായികതാരങ്ങളെ പൂർണ്ണമായി പിന്തുണയ്ക്കുന്നതിനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആവർത്തിച്ച  ഡോ. മാണ്ഡവ്യ, പ്രത്യേക നിയുക്ത പോർട്ടലിലൂടെ അപേക്ഷിച്ച് ഈ പദ്ധതി പ്രയോജനപ്പെടുത്താൻ അവരോട്  അഭ്യർത്ഥിച്ചു.  


ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ്റെ (LNIPE) സഹകരണത്തോടെ നടപ്പിലാക്കുന്ന റീ സെറ്റ് പ്രോഗ്രാം , അന്താരാഷ്ട്ര മെഡലുകൾ നേടുകയോ അന്താരാഷ്ട്ര ഇവൻ്റുകളിൽ പങ്കെടുക്കുകയോ ദേശീയ തലത്തിലോ സംസ്ഥാന തലത്തിലോ അംഗീകാരം നേടുകയോ ചെയ്തവരായ    20-50 വയസ് പ്രായമുള്ള വിരമിച്ച കായികതാരങ്ങൾക്ക് വേണ്ടി ഉള്ളതാണ്. ഇതിൽ സ്വയമേവ നേടാവുന്ന  ഓൺലൈൻ പഠനം, ഗ്രൗണ്ട് പരിശീലനം, ഇൻ്റേൺഷിപ്പുകൾ എന്നിവ ഉൾപ്പെടും, പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക്  പ്ലെയ്‌സ്‌മെൻ്റ് സഹായവും സംരംഭകത്വ മാർഗ്ഗനിർദ്ദേശവും നൽകുന്നതാണ്.
റീസെറ്റ് പ്രോഗ്രാമിനായുള്ള അപേക്ഷകൾ https://lnipe.edu.in/resetprogram/ എന്ന പോർട്ടലിൽ ലഭ്യമാണ്. അപേക്ഷകൾ കൃത്യമായി വിലയിരുത്തിയതിനു ശേഷം    കോഴ്‌സ് ആരംഭിക്കും.


വിരമിച്ച കായികതാരങ്ങളുടെ അമൂല്യമായ അനുഭവങ്ങൾ  പ്രയോജനപ്പെടുത്താനും, ഭാവി ചാമ്പ്യന്മാരെ വാർത്തെടുക്കാനും , അതിലൂടെ ഇന്ത്യയുടെ  കായികരംഗത്തെ വളർച്ചയ്ക്ക് സംഭാവന നൽകാനും ഈ സംരംഭം ലക്ഷ്യമിടുന്നു.

********************************

 

 


(Release ID: 2054654) Visitor Counter : 42