മന്ത്രിസഭ
azadi ka amrit mahotsav

2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന - IV (PMGSY-IV) നടപ്പാക്കുന്നതിനു കേന്ദ്രമന്ത്രിസഭാംഗീകാരം


പദ്ധതിയുടെ മൊത്തം വിഹിതം 70,125 കോടി രൂപ

സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങളെ കൂട്ടിയിണക്കും; പുത‌ിയ റോഡുകളിൽ പാലങ്ങൾ നിർമിക്കും/നവീകരിക്കും

Posted On: 11 SEP 2024 8:16PM by PIB Thiruvananthpuram

2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയുള്ള കാലയളവിൽ പ്രധാനമന്ത്രി ഗ്രാം സഡക് യോജന - IV (PMGSY-IV) നടപ്പാക്കുന്നതിനുള്ള ഗ്രാമവികസന വകുപ്പിന്റെ നിർദേശത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം ഇന്ന് അംഗീകാരം നൽകി.

സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങളിൽ പുതിയ ഗതാഗതസൗകര്യമൊരുക്കുന്നതിന് 62,500 കിലോമീറ്റർ റോഡു നിർമിക്കുന്നതിനും പുതിയ സമ്പർക്കറോഡുകളിൽ പാലങ്ങളുടെ നിർമാണത്തിനും നവീകരണത്തിനുമാണു സാമ്പത്തിക സഹായം. ഈ പദ്ധതിയുടെ മൊത്തം ചെലവ് 70,125 കോടി രൂപ.

പദ്ധതിയുടെ വിശദാംശങ്ങൾ:

കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതിന്റെ വിശദാംശങ്ങൾ ഇനിപ്പറയുന്നു:

i.                 2024-25 മുതൽ 2028-29 സാമ്പത്തികവർഷം വരെയാണു പ്രധാനമന്ത്രി ഗ്രാം സഡക് യോജന -IV. പദ്ധതിയുടെ മൊത്തം വിഹിതം 70,125 കോടി രൂപയാണ് (കേന്ദ്രവിഹിതം 49,087.50 കോടി രൂപ, സംസ്ഥാനവിഹിതം 21,037.50 കോടി രൂപ).

ii.                2011ലെ സെൻസസ് അനുസരിച്ച് 500+ ജനസംഖ്യയുള്ള സമതലങ്ങൾ, 250+ ജനസംഖ്യയുള്ള വടക്കുകിഴക്കൻ മേഖലയും മലയോര സംസ്ഥാനങ്ങളും പ്രത്യേക വിഭാഗങ്ങളുടെ മേഖലയും (ട്രൈബൽ ഷെഡ്യൂൾ  V,  വികസനം കാംക്ഷിക്കുന്ന ജില്ലകൾ/ബ്ലോക്കുകൾ, മരുഭൂമി പ്രദേശങ്ങൾ), 100+ ജനസംഖ്യയുള്ള ഇടതു തീവ്രവാദ ജില്ലകൾ എന്നിവിടങ്ങളിൽ സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങൾ പദ്ധതിയിൽ ഉൾപ്പെടുത്തും.

iii.             സമ്പർക്കസൗകര്യമില്ലാത്ത ജനവാസകേന്ദ്രങ്ങളിൽ ഈ പദ്ധതിപ്രകാരം എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ തരത്തിൽ 62,500 കിലോമീറ്റർ റോഡു നിർമിക്കും. ഈ റോഡുകൾക്കൊപ്പം ആവശ്യമായ പാലങ്ങളും നിർമിക്കും.

പ്രയോജനങ്ങൾ:

·     സമ്പർക്കസൗകര്യമില്ലാത്ത 25,000 ജനവാസകേന്ദ്രങ്ങൾക്ക് എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡ് ഗതാഗതസൗകര്യം ലഭിക്കും.

·     വിദൂര ഗ്രാമീണ മേഖലകളുടെ അവശ്യ സാമൂഹ്യ-സാമ്പത്തിക വികസനത്തിനും പരിവർത്തനത്തിനും എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ റോഡുകൾ സുപ്രധാന പങ്കുവഹിക്കും. ജനവാസകേന്ദ്രങ്ങൾ കൂട്ടിയിണക്കപ്പെടുമ്പോൾ, പ്രദേശവാസികളുടെ പ്രയോജനത്തിനായി സമീപത്തെ ഗവണ്മെന്റ് വിദ്യാഭ്യാസ-ആരോഗ്യ-വിപണി-വളർച്ചാ കേന്ദ്രങ്ങൾ സാധ്യമാകുന്നിടത്തോളം ഈ റോഡുമായി ബന്ധിപ്പിക്കും.

·     ശീത മിശ്ര സാങ്കേതികവിദ്യയും പ്ലാസ്റ്റിക് മാലിന്യങ്ങളും, അലംകൃത സിമന്റ് കോൺക്രീറ്റ്, സെൽ ഫിൽഡ് കോൺക്രീറ്റ്, സമ്പൂർണ പുനരുപയോഗം, നിർമാണമേഖലാ മാലിന്യങ്ങളുടെ ഉപയോഗം, ഫ്‌ളൈ ആഷും സ്റ്റീൽ സ്ലാഗും പോലുള്ള മറ്റു മാലിന്യങ്ങൾ തുടങ്ങി റോഡു നിർമാണത്തിനായുള്ള അന്താരാഷ്ട്ര മാനദണ്ഡങ്ങളും മികച്ച രീതികളും PMGSY-IV സംയോജിപ്പിക്കും.

·     PMGSY-IV റോഡ് ക്രമീകരണത്തിനായുള്ള ആസൂത്രണം പിഎം ഗതിശക്തി പോർട്ടൽ വഴി ഏറ്റെടുക്കും. പിഎം ഗതി ശക്തി പോർട്ടലിലെ ആസൂത്രണത്തിനായുള്ള ഉപാധികളും ഡിപിആർ തയ്യാറാക്കാൻ സഹായിക്കും.


*****


(Release ID: 2053973) Visitor Counter : 86