മന്ത്രിസഭ

ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ)യ്ക്ക് കീഴില്‍ വരുമാനം പരിഗണിക്കാതെ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം


4.5 കോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും

Posted On: 11 SEP 2024 8:08PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 സെപ്റ്റംബര്‍ 11

അഭിമാന പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന (എ.ബി പി.എം.-ജെ.എ.വൈ) കീഴില്‍ 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും വരുമാനം പരിഗണിക്കാതെ ആരോഗ്യ പരിരക്ഷ നല്‍കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

ആറ് (6) കോടി മുതിര്‍ന്ന പൗരന്മാരുള്ള ഏകദേശം 4.5 കോടി കുടുംബങ്ങള്‍ക്ക് കുടുംബാടിസ്ഥാനത്തില്‍ 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്.

ഈ അംഗീകാരത്തോടെ, 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ എ.ബി പി.എം.-ജെ.എ.വൈയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടാകും. യോഗ്യരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് എ.ബി പി.എം.-ജെ.എ.വൈക്ക് കീഴിലുള്ള ഒരു പുതിയ വ്യതിരിക്തമായ കാര്‍ഡ് നല്‍കും. എ.ബി പി.എം.-ജെ.എ.വൈക്ക് കീഴില്‍ ഇതിനകം ഉള്‍പ്പെട്ട കുടുംബങ്ങളിലെ 70 വയസും അതില്‍ കൂടുതലുമുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ അധിക ടോപ്പ്-അപ്പ് പരിരക്ഷ ലഭിക്കും (ഇത് അവര്‍ കുടുംബത്തിലെ 70 വയസ്സിന് താഴെയുള്ള മറ്റ് അംഗങ്ങളുമായി പങ്കിടേണ്ടതില്ല.). 70 വയസോ അതില്‍ കൂടുതലോ ഉള്ള മറ്റെല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും കുടുംബാടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ വരെ പരിരക്ഷ ലഭിക്കും. കേന്ദ്ര ഗവണ്‍മെന്റ് ഹെല്‍ത്ത് സ്‌കീം (സി.ജി.എച്ച്.എസ്), എക്‌സ്-സര്‍വീസ്‌മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്‌കീം (ഇ.സി.എച്ച്.എസ്), ആയുഷ്മാന്‍ സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സി.എ.പി.എഫ്) തുടങ്ങിയ മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ഇതിനകം ലഭിക്കുന്ന 70 വയസോ അതില്‍ കൂടുതലോയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് ഒന്നുകില്‍ അവരുടെ നിലവിലുള്ള പദ്ധതിയോ അല്ലെങ്കില്‍ എ.ബി പി.എം.ജെ.എ.വൈയോ തെരഞ്ഞെടുക്കാം. സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ അല്ലെങ്കില്‍ എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് സ്‌കീം എന്നിവയ്ക്ക് കീഴിലുള്ള 70 വയസോ അതില്‍ കൂടുതലോയുള്ള മുതിര്‍ന്ന പൗരന്മാര്‍ എ.ബി. പി.എം.-ജെ.എ.വൈ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുള്ളവരായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പൊതു ധനസഹായമുള്ള ആരോഗ്യ ഉറപ്പ് പദ്ധതിയാണ് എ.ബി. പി.എം.-ജെ.എ.വൈ, ഇത് 12.34 കോടി കുടുംബങ്ങള്‍ക്ക് അനുബന്ധമായ 55 കോടി വ്യക്തികള്‍ക്ക് ദ്വിതീയ ത്രിതീയ പരിരക്ഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനായി ഒരു കുടുംബത്തിന് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നല്‍കുന്നു. പ്രായവ്യത്യാസമില്ലാതെ കുടുംബങ്ങളിലെ യോഗ്യരായ എല്ലാ അംഗങ്ങളും പദ്ധതിയുടെ പരിധിയില്‍ വരും. 49 ശതമാനം സ്ത്രീ ഗുണഭോക്താക്കളുള്‍പ്പെടെ 7.37 കോടി പേരുടെ ആശുപത്രി പ്രവേശനം ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ പ്രയോജനം പൊതുജനങ്ങള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ ലഭിച്ചിട്ടുമുണ്ട്.

70 വയസോ അതില്‍ കൂടുതലോയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പരിരക്ഷ വിപുലീകരിക്കുന്നതിനെക്കുറിച്ച് നേരത്തെ 2024 ഏപ്രിലില്‍ തന്നെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

എ.ബി. പി.എം.-ജെ.എ.വൈ, പദ്ധതി ഗുണഭോക്തൃ അടിത്തറയുടെ തുടര്‍ച്ചയായ വിപുലീകരണത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. തുടക്കത്തില്‍, ഇന്ത്യയിലെ ജനസംഖ്യയുടെ ഏറ്റവും താഴെതട്ടിലുള്ള 40% വരുന്ന പാവപ്പെട്ടവരും ദുര്‍ബലരുമായ 10.74 കോടി കുടുംബങ്ങളാണ് ഈ പദ്ധതിയുടെ കീഴിലുണ്ടായിരുന്നത്. ഒരു ദശകത്തിനിടയില്‍ ഇന്ത്യയുടെ ജസംഖ്യാവര്‍ദ്ധനവ് 2011ലേതിനെക്കാള്‍ 11.7% വര്‍ദ്ധിച്ചത് പരിഗണിച്ചുകൊണ്ട് പിന്നീട്, 2022 ജനുവരിയില്‍, എ.ബി. പി.എം.-ജെ.എ.വൈ ഗുണഭോക്താക്കളുടെ അടിത്തറ 10.74 കോടിയില്‍ നിന്ന് 12 കോടി കുടുംബങ്ങളായി പരിഷ്‌കരിച്ചു. തുടര്‍ന്ന് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന 37 ലക്ഷം ആശാമാര്‍/എ.ഡബ്ല്യു.ഡബ്ല്യുമാര്‍/എ.ഡബ്ല്യു.എച്ചുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനായി പദ്ധതി കൂടുതല്‍ വിപുലീകരിച്ചു. ദൗത്യം മുന്നോട്ടുകൊണ്ടുപോകുന്നതിനായി എ.ബി. പി.എം.-ജെ.എ.വൈയിലൂടെ ഇപ്പോള്‍ രാജ്യത്തുടനീളമുള്ള 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ പൗരന്മാര്‍ക്കും 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കും.

*****



(Release ID: 2053945) Visitor Counter : 386