ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ആരോഗ്യ മന്ത്രാലയം "ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ (അടിസ്ഥാന  സൗകര്യവും മാനവ വിഭവശേഷിയും )  2022-23" പുറത്തിറക്കി

Posted On: 09 SEP 2024 12:38PM by PIB Thiruvananthpuram


ന്യൂ ഡൽഹി: 9  സെപ്റ്റംബർ 2024

ഗ്രാമീണ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ അഥവാ "റൂറൽ ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്" എന്നറിയപ്പെട്ടിരുന്ന വാർഷിക പ്രസിദ്ധീകരണമായ "ഹെൽത്ത് ഡൈനാമിക്സ് ഓഫ് ഇന്ത്യ (അടിസ്ഥാന  സൗകര്യവും മാനവ വിഭവശേഷിയും) 2022-23", കേന്ദ്ര ആരോഗ്യ സെക്രട്ടറി ശ്രീ അപൂർവ ചന്ദ്ര ഇന്ന് ന്യൂഡൽഹിയിൽ  പ്രകാശനം ചെയ്തു. 1992 മുതൽ ഈ രേഖ പ്രസിദ്ധീകരിച്ചുവരികയാണ് .

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ  (NHM) വിവിധ വശങ്ങളെക്കുറിച്ചുള്ള വിശ്വസനീയവും ആധികാരികവുമായ വിവരങ്ങളുടെ സ്രോതസ്സാണ് ഈ  രേഖയെന്ന് ശ്രീ അപൂർവ ചന്ദ്ര അഭിപ്രായപ്പെട്ടു  .  ദേശീയ ആരോഗ്യ ദൗത്യത്തിന്റെ മാനവശേഷിയെയും അടിസ്ഥാന സൗകര്യങ്ങളെയും കുറിച്ച് ആവശ്യമായ വിവരങ്ങൾ നൽകുന്ന  വിലപ്പെട്ട ഈ രേഖ,  നയരൂപീകരണത്തിന് സഹായകരവും  നടപടികൾ മെച്ചപ്പെടുത്തുന്നതിനും പ്രശ്നപരിഹാരങ്ങൾക്കും ഫലപ്രദവുമാണെന്ന് ശ്രീ അപൂർവ ചന്ദ്ര പ്രസ്താവിച്ചു. വിവിധ  സംസ്ഥാനങ്ങളുടെ മനുഷ്യശേഷിയിലും അടിസ്ഥാന സൗകര്യങ്ങളിലുമുള്ള ലഭ്യതയെക്കുറിച്ചും പോരായ്മകളെക്കുറിച്ചും ഒരു വ്യക്തമായ  വിശകലനം ഈ പ്രസിദ്ധീകരണം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളുടെ ആവശ്യകതകൾ, അവരുടെ മുൻഗണനാ മേഖലകൾ, നയങ്ങളും നിശ്ചിത പ്രചാരണപരിപാടികളും രൂപപ്പെടുത്തൽ എന്നിവയ്ക്ക് ഈ ഡാറ്റ വളരെയധികം സഹായകമാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ,  സംസ്ഥാനങ്ങളുടെ  വിവിധ മാനദണ്ഡങ്ങളിലുള്ള  പ്രകടനത്തെ താരതമ്യം ചെയ്യാൻ സഹായിക്കുന്നതായും  അദ്ദേഹം എടുത്തുപറഞ്ഞു.

ആരോഗ്യ പ്രവർത്തകരുടെ ജോലിഭാരം കുറയ്ക്കുന്നതിന് ഹെൽത്ത് മാനേജ്‌മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം (എച്ച്എംഐഎസ്) പോർട്ടലിനെ,  മന്ത്രാലയത്തിൻ്റെ റീപ്രൊഡക്റ്റീവ് ആൻഡ് ചൈൽഡ് ഹെൽത്ത് (ആർസിഎച്ച്),  മറ്റ് പോർട്ടലുകൾ എന്നിവയുമായി സംയോജിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയും കേന്ദ്ര ആരോഗ്യ സെക്രട്ടറി ചൂണ്ടിക്കാട്ടി.

2023 മാർച്ച് 31-ലെ കണക്ക് പ്രകാരം  , രാജ്യത്ത് ആകെ 1,69,615 ഉപകേന്ദ്രങ്ങൾ (എസ്‌സികൾ), 31,882 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പിഎച്ച്‌സികൾ), 6,359 കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകൾ (സിഎച്ച്‌സികൾ), 1,340 സബ്-ഡിവിഷണൽ ജില്ലാ ആശുപത്രികൾ (എസ്‌ഡിഎച്ച്) , 714 ജില്ലാ ആശുപത്രികളും (DHs), 362 മെഡിക്കൽ കോളേജുകളും (MCs) ഗ്രാമങ്ങളിലും നഗരങ്ങളിലും സേവനം നൽകുന്നു.

ഉപകേന്ദ്രങ്ങളിൽ പുരുഷനും സ്ത്രീയും ഉൾപ്പെടെ 2,39,911 ആരോഗ്യ പ്രവർത്തകർ,  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ  40,583 ഡോക്ടർമാർ/മെഡിക്കൽ ഓഫീസർമാർ, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിൽ 26,280 സ്പെഷ്യലിസ്റ്റുകളും മെഡിക്കൽ ഓഫീസർമാരും, സബ്-ഡിവിഷണൽ/ജില്ലാ ആശുപത്രികൾ (എസ്ഡിഎച്ച്),  ജില്ലാ ആശുപത്രികൾ (ഡിഎച്ച്എസ്) എന്നിവയിൽ 45,027 ഡോക്ടർമാരും സ്പെഷ്യലിസ്റ്റുകളും എന്നിവർ  ആരോഗ്യ അടിസ്ഥാന സംവിധാനങ്ങളെ  പിന്തുണയ്ക്കുന്നു. കൂടാതെ, രാജ്യത്തുടനീളമുള്ള പിഎച്ച്‌സികളിൽ 47,932 സ്റ്റാഫ് നഴ്‌സുമാരും, കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററുകളിൽ 51,059 നഴ്സിംഗ് സ്റ്റാഫും, സബ്-ഡിവിഷണൽ ജില്ലാ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലുമായി 1,35,793 പാരാമെഡിക്കൽ സ്റ്റാഫും  ഉണ്ട്.

https://mohfw.gov.in/ എന്ന ലിങ്ക് ഉപയോഗിച്ച് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ ,ഡോക്യുമെൻ്റ് വിഭാഗത്തിന് കീഴിൽ ഈ  രേഖ ലഭ്യമാണ് .

ആരോഗ്യ മന്ത്രാലയം  അഡീ.സെക്രട്ടറിയും മിഷൻ ഡയറക്ടറുമായ എൻഎച്ച്എം ശ്രീമതി. ആരാധന പട്നായിക്, , കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.

 
***********


(Release ID: 2053131) Visitor Counter : 18