തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇപിഎസ് പെൻഷൻകാർക്ക് 2025 ജനുവരി 1 മുതൽ ഇന്ത്യയിലെ ഏത് ബാങ്കിൽ നിന്നും ഏത് ശാഖയിൽ നിന്നും പെൻഷൻ ലഭിക്കും.

Posted On: 04 SEP 2024 2:43PM by PIB Thiruvananthpuram


ന്യൂ ഡൽഹി: സെപ്റ്റംബർ 4, 2024  

എംപ്ലോയീസ് പെൻഷൻ പദ്ധതിയിൽ (1995) കേന്ദ്രീകൃത പെൻഷൻ പേയ്‌മെന്റ് സംവിധാനത്തിനുള്ള (CPPS) നിർദ്ദേശത്തിന് ഇ പി എഫ് സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർപേഴ്‌സൺ കൂടിയായ കേന്ദ്ര തൊഴിൽ , ഉദ്യോഗ വകുപ്പ് മന്ത്രി അംഗീകാരം നൽകി. ദേശീയ തലത്തിലുള്ള കേന്ദ്രീകൃത സംവിധാനം സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയിലുടനീളമുള്ള ഏത് ബാങ്കിലൂടെയും ഏത് ശാഖയിലൂടെയും പെൻഷൻ വിതരണം സാധ്യമാകുന്നു. സിപിപിഎസ് എന്ന ഈ സംവിധാനം ഒരു സുപ്രധാന മാറ്റം അടയാളപ്പെടുത്തുന്നു.

പുതിയ കേന്ദ്രീകൃത പെൻഷൻ പേയ്‌മെൻ്റ് സംവിധാനം ഇപിഎഫ്ഒയുടെ 78 ലക്ഷത്തിലധികം ഇപിഎസ് പെൻഷൻകാർക്ക് പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നൂതന ഐടി, ബാങ്കിംഗ് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, പെൻഷൻകാർക്ക് ഇത് കൂടുതൽ കാര്യക്ഷമവും തടസ്സമില്ലാത്തതും ഉപയോക്തൃ സൗഹൃദവുമായ അനുഭവം പ്രദാനം ചെയ്യും.

 വിരമിച്ച വ്യക്തി ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറുമ്പോഴോ അദ്ദേഹത്തിന്റെ ബാങ്കോ ബ്രാഞ്ചോ മാറുമ്പോഴോ പോലും പെൻഷൻ പേയ്‌മെൻ്റ് ഓർഡറുകൾ (പിപിഒ) ഒരു ഓഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റേണ്ട ആവശ്യമില്ലാതെ തന്നെ ഇന്ത്യയിൽ എവിടെ നിന്നും പെൻഷൻ ലഭിക്കുന്നുവെന്ന് സിപിപിഎസ് ഉറപ്പാക്കും. വിരമിച്ച ശേഷം സ്വന്തം നാട്ടിലേക്ക് പോകുന്ന ജീവനക്കാർക്ക്  ഇത് വലിയ ആശ്വാസമാകും.

 ഇപിഎഫ്ഒയുടെ നിലവിലുള്ള ഐടി നവീകരണ പദ്ധതിയായ സെൻട്രലൈസ്ഡ് ഐടി എനേബിൾഡ് സിസ്റ്റത്തിൻ്റെ (CITES 2.01) ഭാഗമായി ഈ സൗകര്യം, 2025 ജനുവരി 1 മുതൽ ആരംഭിക്കും. അടുത്ത ഘട്ടത്തിൽ, ആധാർ അടിസ്ഥാനമാക്കിയുള്ള പേയ്‌മെൻ്റ് സംവിധാനത്തിലേക്ക് (ABPS) സുഗമമായ മാറ്റം സിപിപിഎസ് പ്രാപ്തമാക്കും.

ഇപിഎഫ്ഒയുടെ ഓരോ മേഖല / പ്രാദേശിക ഓഫീസും 3-4 ബാങ്കുകളുമായി മാത്രം പ്രത്യേക കരാറുകൾ നിലനിർത്തുന്ന വികേന്ദ്രീകൃതമായ നിലവിലുള്ള പെൻഷൻ വിതരണ സംവിധാനത്തിൽ നിന്നുള്ള ഒരു മാതൃകാ മാറ്റമാണ് സി പി പി എസ്. പെൻഷൻ പ്രക്രിയ ആരംഭിക്കുന്ന സമയത്ത് വിരമിച്ച ജീവനക്കാരൻ ഏതെങ്കിലും തിരിച്ചറിയൽ പരിശോധനകൾക്കായി ബ്രാഞ്ച് സന്ദർശിക്കേണ്ട ആവശ്യമില്ല. കൂടാതെ പെൻഷൻ റിലീസ് ആയ   ഉടൻ തന്നെ ക്രെഡിറ്റ് ചെയ്യപ്പെടും. കൂടാതെ, പുതിയ സംവിധാനത്തിലേക്ക് മാറിയതിന് ശേഷം പെൻഷൻ വിതരണത്തിൽ ഗണ്യമായ ചിലവ് കുറയുമെന്ന് ഇപിഎഫ്ഒ പ്രതീക്ഷിക്കുന്നു.


 

 
**************************


(Release ID: 2051764) Visitor Counter : 30