ഉപരാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സാധാരണ സംഭവമാണെന്ന് പറയുന്നതിനെ ശക്തമായി അപലപിക്കുന്നു: ഉപരാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ

Posted On: 30 AUG 2024 3:23PM by PIB Thiruvananthpuram

ന്യൂഡൽഹി: 30 ഓഗസ്റ്റ് 2024

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സാധാരണ സംഭവമാണെന്ന് പറയുന്നതിനെ ഉപരാഷ്‌ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ ശക്തമായി അപലപിച്ചു. ഡൽഹി സർവ്വകലാശാലയിലെ ഭാരതി കോളേജിൽ 'വികസിത  ഭാരതത്തിൽ സ്ത്രീകളുടെ പങ്ക്' എന്ന വിഷയത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതിയിൽ സ്ഥാനം വഹിക്കുന്നതും പാർലമെൻ്റ് അംഗവുമായ ഒരാൾ, ഇത്തരം സംഭവങ്ങൾ സാധാരണമാണെന്ന് പറഞ്ഞതിൽ തനിക്ക് ഞെട്ടലും വേദനയും ആശ്ചര്യവും തോന്നിയതായി ഉപ രാഷ്ട്രപതി പറഞ്ഞു. വഹിക്കുന്ന  ഉന്നത പദവിയോട് ആ വ്യക്തി, ഏറ്റവും വലിയ അനീതിയാണ് ചെയ്യുന്നതെന്നും ശ്രീ ജഗ്ദീപ് ധൻഖർ കൂട്ടിച്ചേർത്തു.

പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണെന്ന് വിശേഷിപ്പിച്ച ഉപരാഷ്ട്രപതി, ഇത്തരം പ്രസ്താവനകൾ നമ്മുടെ പെൺകുട്ടികളുടെ ദുരിതങ്ങളെ നിസ്സാരവൽക്കരിക്കുന്നതിന് തുല്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഒരു പെൺകുട്ടിയോ സ്ത്രീയോ ഇരയാക്കപ്പെടുമ്പോൾ അതിന് എതിരെ സഹിഷ്ണുതയില്ലാത്ത ഒരു സംവിധാനം സൃഷ്ടിക്കാൻ നാം തീരുമാനിക്കണം. അതിക്രമങ്ങളോട്  'മതി' എന്ന് പറയാനുള്ള രാഷ്ട്രപതിയുടെ  ആഹ്വാനം പിന്തുടരാൻ പൗരന്മാരോട് ശ്രീ ധൻഖർ ആവശ്യപ്പെട്ടു.

നമ്മുടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മനസ്സിലുള്ള ഭയം ആശങ്കാജനകമാണെന്ന് പ്രസ്താവിച്ച ശ്രീ ധൻഖർ, സ്ത്രീകളും പെൺകുട്ടികളും സുരക്ഷിതരല്ലാത്ത സമൂഹം ഒരു പരിഷ്കൃത സമൂഹമല്ല എന്ന് പറഞ്ഞു. ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളാണ് ഇന്നത്തെ നമ്മുടെ പുരോഗതിക്കുള്ള ഏറ്റവും വലിയ തടസ്സം. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പെൺകുട്ടിയായ ഡോക്‌ടർ സേവനമനുഷ്ഠിക്കുമ്പോൾ ആശുപത്രിയിൽ പോലും പെൺകുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെടുന്നത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

പെൺകുട്ടികൾക്കും സ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യത്തിൻ്റെ ആവശ്യകതയെക്കുറിച്ചും ശ്രീ ധൻഖർ ഊന്നിപ്പറഞ്ഞു. അവരുടെ ഊർജ്ജവും കഴിവും സ്വതന്ത്രമാക്കേണ്ടത് വളരെ പ്രധാനമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ, കാർഷിക സമ്പദ്‌വ്യവസ്ഥ, അനൗപചാരിക സമ്പദ്‌വ്യവസ്ഥ എന്നിവയുടെ നട്ടെല്ലും ശക്തിയും പെൺകുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് വേതനത്തിലും അവസരങ്ങളിലും സമൂഹത്തിൽ നിലവിലുള്ള ലിംഗാധിഷ്ഠിത അസമത്വങ്ങൾ ഇല്ലാതാക്കാൻ ആഹ്വാനം ചെയ്ത അദ്ദേഹം നമ്മുടെ ചിന്താഗതി മാറേണ്ടതുണ്ടെന്നും പറഞ്ഞു.

പാർലമെൻ്റിലും ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സ്ത്രീ സംവരണം എന്നത്  നയരൂപീകരണത്തിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് ശ്രീ ധൻഖർ അഭിപ്രായപ്പെട്ടു.

************************************


(Release ID: 2050117) Visitor Counter : 43