ഗിരിവര്‍ഗ്ഗകാര്യ മന്ത്രാലയം
പി എം - ജൻമൻ ദൗത്യത്തെക്കുറിച്ചുള്ള അവബോധ പരിപാടി (IEC പ്രചാരണം) 2024 ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 10 വരെ കേരളം ഉൾപ്പെടെ 16 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തിലുമായി നടക്കും
Posted On:
23 AUG 2024 11:39AM by PIB Thiruvananthpuram
ന്യൂ ഡൽഹി: 23 ഓഗസ്റ്റ് 2024
രാജ്യത്തുടനീളമുള്ള 194 ജില്ലകളിലെ ഏറ്റവും ദുർബലരായ ഗോത്ര വിഭാഗങ്ങളിലേക്കും (പിവിടിജി) അത്തരം കുടുംബങ്ങളിലേക്കും എത്തിച്ചേരുകയെന്ന ലക്ഷ്യത്തോടെ, കേന്ദ്ര ഗോത്രകാര്യ മന്ത്രാലയം രാജ്യവ്യാപകമായി വിവര, വിദ്യാഭ്യാസ, ആശയ വിനിമയ (ഐഇസി) പ്രചാരണവും പ്രധാൻ മന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ (PM-JANMAN) ഗുണഭോക്തൃ പൂർത്തീകരണ ക്യാമ്പുകളും (saturation camps) 2024 ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 10 വരെ നടത്തുന്നു.
കേന്ദ്ര ഗോത്രകാര്യ മന്ത്രി ശ്രീ ജുവൽ ഓറമും സഹമന്ത്രി ശ്രീ ദുർഗാദാസ് ഉയികെയും ഇന്നലെ ചേർന്ന യോഗത്തിൽ പ്രധാൻ മന്ത്രി-ജന്മൻ പദ്ധതിയ്ക്ക് കീഴിലുള്ള പരിപാടികളുടെ പുരോഗതി അവലോകനം ചെയ്യുകയും പ്രധാൻ മന്ത്രി-ജന്മനെക്കുറിച്ചുള്ള അവബോധ പരിപാടികളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുകയും ചെയ്തു
ഈ വർഷം, കേരളം, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടെ 16 സംസ്ഥാനങ്ങൾ/കേന്ദ്ര ഭരണ പ്രദേശം എന്നിവിടങ്ങളിലെ 28,700 പിവിടിജി താമസസ്ഥലങ്ങളിലെ 10.7 ലക്ഷം പിവിടിജി കുടുംബങ്ങളിലായി 44.6 ലക്ഷം വ്യക്തികളെ കേന്ദ്രീകരിച്ചാണ് പ്രചാരണം വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനങ്ങളിലെ ജില്ലകൾ, ബ്ലോക്കുകൾ, ഗ്രാമങ്ങൾ, പിവിടിജി ആവാസ മേഖലകൾ തുടങ്ങിയ എല്ലാ തലങ്ങളിലും ബോധവൽക്കരണം നടത്തും. 16,500 ഗ്രാമങ്ങളും 15,000 ഗ്രാമപഞ്ചായത്തുകളും 1000 താലൂക്കുകളും ഇതിലൂടെ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം.
ഈ പ്രചാരണത്തിൽ ഇനി പറയുന്നവ ഉൾപ്പെടുന്നു:
- ആധാർ കാർഡുകൾ, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ, ജൻധൻ അക്കൗണ്ടുകൾ, വനാവകാശ നിയമത്തിന്റെ (എഫ്ആർഎ) ഗുണഭോക്താക്കൾക്കുള്ള പട്ടയങ്ങൾ എന്നിവ മറ്റ് പദ്ധതികൾക്കുള്ള അടിസ്ഥാന ആവശ്യകതകളായതിനാൽ അവ നൽകും.
- പിവിടിജി വിഭാഗങ്ങളുടെ ഭാഷയിൽ പിഎം ജൻമൻ ഇൻ്റർവെൻഷൻ കാർഡുകൾ വിതരണം ചെയ്യും.
- ഗുണഭോക്തൃ പൂർത്തീകരണ ക്യാമ്പുകളും ഹെൽത്ത് ക്യാമ്പുകളും നടത്തുകയും വ്യക്തികൾ/കുടുംബങ്ങൾക്കുള്ള പദ്ധതികൾക്ക് കീഴിൽ ഉടനടി ആനുകൂല്യങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. പിവിടിജി ഗ്രൂപ്പുകൾക്ക് പ്രത്യേകിച്ച് അരിവാൾ രോഗ പരിശോധന പോലുള്ള ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾക്ക് ഉടനടി ശ്രദ്ധ നൽകുകയും ചെയ്യും.
- ലഘുലേഖകൾ, വീഡിയോകൾ, ക്രിയേറ്റീവുകൾ, ഇൻഫോഗ്രാഫിക്സ് തുടങ്ങിയ ബോധവൽക്കരണ സാമഗ്രികൾ പ്രാദേശിക, ഗോത്ര ഭാഷകളിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
- പി എം - ജൻമൻ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചുവർ പെയിൻ്റിംഗുകൾ പിവിടിജി വാസസ്ഥലങ്ങളിൽ പ്രദർശിപ്പിക്കും.
- സ്കോളർഷിപ്പ്, മാതൃത്വ ആനുകൂല്യ പദ്ധതികൾ, കിസാൻ ക്രെഡിറ്റ് കാർഡ്, കിസാൻ സമ്മാൻ നിധി, തുടങ്ങി വിവിധ പദ്ധതികൾക്ക് കീഴിലുള്ള ആനുകൂല്യങ്ങൾ, എസ്‌സിഡി രോഗികൾക്കുള്ള ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ തുടങ്ങിയവ അർഹരായ പിവിടിജി ഗുണഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശ്രമിക്കും.
- ഈ വിഭാഗത്തിലെ മറ്റ് അംഗങ്ങളെ മുന്നോട്ട് വരാൻ പ്രചോദിപ്പിക്കുന്നതിനായി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കൾ പ്രത്യേക സെഷനുകളിൽ അവരുടെ വിജയഗാഥകൾ വിവരിക്കും.
പ്രചാരണ പരിപാടിയുടെ മേൽനോട്ടം വഹിക്കാൻ ഓരോ ജില്ലയിലും ജില്ലാതല ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതേസമയം പ്രചാരണത്തിന്റെയും പദ്ധതിയുടെയും പൂർണ വിജയം ഉറപ്പാക്കാൻ സംസ്ഥാനതല ഉദ്യോഗസ്ഥർ, ഗവണ്മെന്റിന്റെ വിവിധ വകുപ്പുകളുമായി ഏകോപനത്തോടെ പ്രവർത്തിക്കും.
************************************************
(Release ID: 2048090)
Visitor Counter : 34
Read this release in:
English
,
Manipuri
,
Urdu
,
Marathi
,
Hindi
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada