പ്രധാനമന്ത്രിയുടെ ഓഫീസ്‌

പോളണ്ടിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധനചെയ്ത് പ്രധാനമന്ത്രി

Posted On: 22 AUG 2024 12:49AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വാർസോയിൽ ഇന്ത്യൻ സമൂഹം സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു.

പ്രത്യേക ഊഷ്മളതയോടും ആഹ്ലാദത്തോടും കൂടിയാണ് ഇന്ത്യൻ സമൂഹം പ്രധാനമന്ത്രിയെ സ്വീകരിച്ചത്. 45 വർഷത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നതെന്നും ഇന്ത്യ-പോളണ്ട് ബന്ധം ശക്തിപ്പെടുത്തുന്നതിനായി പ്രസിഡന്റ് ആന്ദ്രേ ഡൂഡയെയും പ്രധാനമന്ത്രി ഡൊണാൾഡ് ടസ്കിനെയും കാണാൻ താൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു. ജനാധിപത്യത്തിന്റെ മാതാവ് എന്ന നിലയിൽ ഇന്ത്യ പോളണ്ടുമായി പങ്കിടുന്ന മൂല്യങ്ങൾ ഇരുരാജ്യങ്ങളെയും കൂടുതൽ അടുപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇന്ത്യൻ പ്രവാസികൾ നൽകിയ സുപ്രധാന സംഭാവനയെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി പങ്കുവച്ചു. ഓപ്പറേഷൻ ഗംഗയുടെ വിജയത്തിൽ അവരുടെ പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയിലെ വിനോദസഞ്ചാരത്തിന്റെ ബ്രാൻഡ് അംബാസഡറാകാനും രാജ്യത്തിന്റെ വളർച്ചാഗാഥയുടെ ഭാഗമാകാനും അദ്ദേഹം ഇന്ത്യൻ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഡോബ്രി മഹാരാജ-കോലാപുർ-മോണ്ടെ കാസിനോ യുദ്ധ സ്മാരകങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ഊർജസ്വലമായ, ജനങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഉജ്വല ഉദാഹരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സവിശേഷബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി, പ്രധാനമന്ത്രി ജാംസാഹെബ് സ്മാരക യുവജന വിനിമയ പരിപാടി എന്ന പേരിൽ പുതിയ സംരംഭം പ്രഖ്യാപിച്ചു. അതിനു കീഴിൽ ഓരോ വർഷവും 20 പോളിഷ് യുവാക്കളെ ഇന്ത്യയിലേക്കു ക്ഷണിക്കും. ഗുജറാത്തിലെ ഭൂകമ്പസമയത്തു പോളണ്ട് നൽകിയ സഹായവും അദ്ദേഹം അനുസ്മരിച്ചു.

കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ കൈവരിച്ച പരിവർത്തനപരമായ പുരോഗതിയെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 2047-ഓടെ ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുള്ള കാഴ്ചപ്പാടിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

ലോകം ഏക കുടുംബമാണ് എന്ന ആശയം ഉൾക്കൊള്ളുന്ന ‘വസുധൈവ കുടുംബകം’ എന്ന ഇന്ത്യയുടെ വ‌ിശ്വാസത്തെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, അത് ആഗോള ക്ഷേമത്തിനു സംഭാവന നൽകാനും മാനുഷിക പ്രതിസന്ധികളിൽ അതിവേഗം പ്രതികരിക്കാനും ഇന്ത്യയെ പ്രചോദിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

 

-NS-
 



(Release ID: 2047485) Visitor Counter : 20