പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൂന്നാം വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നേതാക്കളുടെ ഉദ്ഘാടന സെഷനില്‍് പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍

Posted On: 17 AUG 2024 11:03AM by PIB Thiruvananthpuram

ഉന്നത ശ്രേഷ്ഠ വ്യക്തിത്വങ്ങളേ, 

നമസ്‌കാരം!

140 കോടി ഇന്ത്യക്കാരുടെ പേരില്‍, മൂന്നാമത് വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടിയില്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഊഷ്മളമായ സ്വാഗതം. കഴിഞ്ഞ രണ്ട് ഉച്ചകോടികളില്‍, നിങ്ങളില്‍ പലരുമായും അടുത്ത് പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഈ വര്‍ഷത്തെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം, ഈ പ്ലാറ്റ്ഫോമില്‍ എല്ലാവരുമായും ബന്ധപ്പെടാനുള്ള അവസരം വീണ്ടും ലഭിച്ചതില്‍ ഞാന്‍ വളരെ സന്തോഷവാനാണ്.

സുഹൃത്തുക്കളേ,

2022-ല്‍ ഇന്ത്യ ജി20 അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമ്പോള്‍, ജി20ക്ക് പുതിയൊരു സ്വഭാവം നല്‍കാന്‍  തീരുമാനിച്ചിരുന്നു. വോയ്‌സ് ഓഫ് ഗ്ലോബല്‍ സൗത്ത് ഉച്ചകോടി നമുക്ക് വികസനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മുന്‍ഗണനകളും തുറന്ന് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന ഒരു വേദിയായി മാറി.

ഗ്ലോബല്‍ സൗത്തിന്റെ പ്രതീക്ഷകള്‍, അഭിലാഷങ്ങള്‍, മുന്‍ഗണനകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ ജി20 അജണ്ടയ്ക്ക് രൂപം നല്‍കിയത്. സമഗ്രവും വികസന കേന്ദ്രീകൃതവുമായ സമീപനത്തിലൂടെ ജി20യെ മുന്നോട്ട് നയിച്ചു. ആഫ്രിക്കന്‍ യൂണിയനെ (AU) G20-യില്‍ സ്ഥിരാംഗമാക്കിയ ചരിത്ര നിമിഷമായിരുന്നു അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

സുഹൃത്തുക്കളേ, 

ലോകമെമ്പാടും അനിശ്ചിതത്വത്തിന്റെ അന്തരീക്ഷം നിലനില്‍ക്കുന്ന സമയത്താണ് നാം ഇന്ന് കണ്ടുമുട്ടുന്നത്. കൊവിഡിന്റെ ആഘാതത്തില്‍ നിന്ന് ലോകം ഇതുവരെ പൂര്‍ണമായി കരകയറിയിട്ടില്ല. അതേസമയം, യുദ്ധത്തിന്റെ സാഹചര്യം നമ്മുടെ വികസന യാത്രയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികള്‍ നമ്മള്‍ ഇതിനകം തന്നെ അഭിമുഖീകരിക്കുമ്പോള്‍; ഇപ്പോള്‍ ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊര്‍ജ സുരക്ഷ എന്നിവയെക്കുറിച്ചും ആശങ്കയുണ്ട്.

ഭികരവാദം, തീവ്രവാദം, വിഘടനവാദം എന്നിവ നമ്മുടെ സമൂഹത്തിന് ഗുരുതരമായ ഭീഷണിയായി തുടരുകയാണ്. സാങ്കേതിക വിഭജനവും സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പുതിയ സാമ്പത്തിക സാമൂഹിക വെല്ലുവിളികളും ഉയര്‍ന്നുവരുന്നു. കഴിഞ്ഞ നൂറ്റാണ്ടില്‍ സ്ഥാപിതമായ ആഗോള ഭരണത്തിനും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ നൂറ്റാണ്ടിലെ വെല്ലുവിളികളെ ചെറുക്കാന്‍ കഴിയുന്നില്ല.

സുഹൃത്തുക്കളേ,

അങ്ങനെ, ഗ്ലോബല്‍ സൗത്തിലെ രാജ്യങ്ങള്‍ ഒന്നിക്കുകയും ഒരേ ശബ്ദത്തില്‍ ഒരുമിച്ച് നില്‍ക്കുകയും പരസ്പരം ശക്തിയായി മാറുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. നമുക്ക് പരസ്പരം അനുഭവങ്ങളില്‍ നിന്ന് പഠിക്കാം, നമ്മുടെ കഴിവുകള്‍ പങ്കുവെക്കാം, ഒരുമിച്ച് നമ്മുടെ തീരുമാനങ്ങളെ വിജയമാക്കി മാറ്റാം.

മനുഷ്യരാശിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിനും അംഗീകാരം ലഭിക്കാന്‍ നമുക്ക് ഒന്നിക്കാം. ഗ്ലോബല്‍ സൗത്തിലെ എല്ലാ രാജ്യങ്ങളുമായും അതിന്റെ അനുഭവങ്ങളും കഴിവുകളും പങ്കിടാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. പരസ്പര വ്യാപാരം, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച, സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി, സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ നാം ആഗ്രഹിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, അടിസ്ഥാന സൗകര്യങ്ങള്‍, ഡിജിറ്റല്‍, ഊര്‍ജ്ജ കണക്റ്റിവിറ്റി എന്നിവയിലൂടെ നമ്മുടെ പരസ്പര സഹകരണം പരിപോഷിപ്പിക്കപ്പെട്ടു.

മിഷന്‍ ലൈഫിന് കീഴില്‍, ഇന്ത്യയില്‍ മാത്രമല്ല, പങ്കാളി രാജ്യങ്ങളിലും പുരപ്പുറ സോളാര്‍, പുനരുപയോഗിക്കാവുന്ന വൈദ്യുതി ഉല്‍പാദനത്തിന് നാം മുന്‍ഗണന നല്‍കുന്നു. സാമ്പത്തിക ഉള്‍പ്പെടുത്തലിലും അവസാന മൈല്‍ ഡെലിവറിയിലും നാം നമ്മുടെ അനുഭവങ്ങള്‍ പങ്കിട്ടു; കൂടാതെ ഗ്ലോബല്‍ സൗത്തിലെ വിവിധ രാജ്യങ്ങളെ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസുമായി ബന്ധിപ്പിക്കുന്നതിനുള്ള സംരംഭങ്ങള്‍, അതായത് UPI. വിദ്യാഭ്യാസം, ശേഷി വികസനം, വൈദഗ്ധ്യം എന്നീ മേഖലകളിലും നമ്മുടെ പങ്കാളിത്തത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഗ്ലോബല്‍ സൗത്ത് യംഗ് ഡിപ്ലോമാറ്റ് ഫോറവും ആരംഭിച്ചിരുന്നു. കൂടാതെ, 'ദക്ഷിന്‍' അതായത് ഗ്ലോബല്‍ സൗത്ത് എക്സലന്‍സ് സെന്റര്‍ നമുക്കിടയില്‍ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വൈദഗ്ധ്യം നേടുന്നതിനും അറിവ് പങ്കിടുന്നതിനും വേണ്ടി പ്രവര്‍ത്തിക്കുന്നു.

സുഹൃത്തുക്കളേ,

ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ, അതായത് ഡിപിഐയുടെ സമഗ്ര വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്നത് ഒരു വിപ്ലവത്തില്‍ കുറവല്ല. ഇന്ത്യയുടെ
G20 അധ്യക്ഷതയ്ക്ക് കീഴില്‍ സൃഷ്ടിച്ച ഗ്ലോബല്‍ DPI റിപ്പോസിറ്ററി, DPI-യെക്കുറിച്ചുള്ള ആദ്യത്തെ ബഹുമുഖ സമവായമായിരുന്നു.

ഗ്ലോബല്‍ സൗത്തില്‍ നിന്നുള്ള 12 പങ്കാളികളുമായി 'ഇന്ത്യ സ്റ്റാക്ക്' പങ്കിടുന്നതിനുള്ള കരാറുകള്‍ ചെയ്തതില്‍ നമുക്ക്  സന്തോഷമുണ്ട്. ഗ്ലോബല്‍ സൗത്തില്‍ ഡിപിഐ ത്വരിതപ്പെടുത്തുന്നതിന് നാം സോഷ്യല്‍ ഇംപാക്റ്റ് ഫണ്ട് സൃഷ്ടിച്ചു. ഇന്ത്യ അതിന് 25 മില്യണ്‍ ഡോളര്‍ പ്രാരംഭ സംഭാവന നല്‍കും.

സുഹൃത്തുക്കളേ,

ഒരു ലോകം-ഒരു ആരോഗ്യം എന്നത് ആരോഗ്യ സുരക്ഷയ്ക്കുള്ള നമ്മുടെ ദൗത്യമാണ്; നമ്മുടെ കാഴ്ചപ്പാട് - 'ആരോഗ്യ മൈത്രി' അതായത് 'ആരോഗ്യത്തിനുള്ള സൗഹൃദം' എന്നതാണ്. ആഫ്രിക്കന്‍, പസഫിക് ദ്വീപ് രാജ്യങ്ങള്‍ക്ക് ആശുപത്രികള്‍, ഡയാലിസിസ് മെഷീനുകള്‍, ജീവന്‍ രക്ഷാ മരുന്നുകള്‍, 'ജന്‍ ഔഷധി കേന്ദ്രങ്ങള്‍' എന്നിവ നല്‍കി നാം ഈ സൗഹൃദം നിലനിര്‍ത്തി.

മാനുഷിക പ്രതിസന്ധിയുടെ കാലത്ത്, പാപ്പുവ ന്യൂ ഗിനിയയിലെ അഗ്‌നിപര്‍വ്വത സ്ഫോടനമായാലും കെനിയയിലെ വെള്ളപ്പൊക്ക പ്രതിസന്ധിയായാലും, അതിന്റെ ആദ്യ പ്രതികരണമെന്ന നിലയില്‍ ഇന്ത്യ അതിന്റെ സുഹൃത്ത് രാജ്യങ്ങളെ സഹായിക്കുന്നു. ഗാസയിലെയും ഉക്രെയ്നിലേയും പോലെ സംഘര്‍ഷ മേഖലകളില്‍ നമ്മള്‍ മാനുഷിക സഹായവും നല്‍കിയിട്ടുണ്ട്.

സുഹൃത്തുക്കളേ,

വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റ് ഇതുവരെ കേട്ടിട്ടില്ലാത്ത ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും വേണ്ടി ശബ്ദം നല്‍കുന്ന ഒരു വേദിയാണ്. നമ്മുടെ ശക്തി നമ്മുടെ ഐക്യത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഈ ഐക്യത്തിന്റെ ശക്തിയോടെ, നാം ഒരു പുതിയ ദിശയിലേക്ക് നീങ്ങും. അടുത്ത മാസം യുഎന്നില്‍ ഭാവി ഉച്ചകോടി ഷെഡ്യൂള്‍ ചെയ്യുന്നുണ്ട്. ഇതിനുള്ളില്‍, ഭാവിയിലേക്കുള്ള ഉടമ്പടിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നു.

ഈ ഉടമ്പടിയില്‍ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദം ശക്തമാക്കാന്‍ നമുക്കെല്ലാവര്‍ക്കും ഒരുമിച്ച് ക്രിയാത്മകമായ സമീപനം സ്വീകരിക്കാനാകുമോ? ഈ ചിന്തകളോടെ ഞാന്‍ എന്റെ പ്രസംഗം അവസാനിപ്പിക്കുന്നു. ഇപ്പോള്‍ നിങ്ങളുടെ ചിന്തകള്‍ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

വളരെ നന്ദി.

--NS-


(Release ID: 2046419) Visitor Counter : 42