പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാര്‍ഷിക സാമ്പത്തിക വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 03 AUG 2024 12:03PM by PIB Thiruvananthpuram

കൃഷി, കര്‍ഷക ക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാന്‍, കാര്‍ഷിക സാമ്പത്തിക ശാസ്ത്ര അന്താരാഷ്ട്ര കോണ്‍ഫറന്‍സ് പ്രസിഡന്റ് ഡോ. മതിന്‍ ഖൈം, നീതി ആയോഗ് അംഗം ശ്രീ രമേഷ് ജി, ഭാരതത്തിലെയും മറ്റ് രാജ്യങ്ങളിലെയും കാര്‍ഷിക ശാസ്ത്രജ്ഞര്‍, വിവിധ സര്‍വകലാശാലകളിലെ നമ്മുടെ സഹപ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. ഗവേഷണത്തില്‍, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരേ പങ്കാളികളേ, സ്ത്രീകളേ, മാന്യവ്യക്തിത്വങ്ങളേ,

65 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഭാരതത്തില്‍ ഐ സി എ ഇ സമ്മേളനം നടക്കുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നാണ് നിങ്ങള്‍ ഭാരതത്തിലേക്ക് വന്നിട്ടുള്ളത്. ഭാരതത്തിലെ 120 ദശലക്ഷം കര്‍ഷകര്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഭാരതത്തിലെ 30 ദശലക്ഷത്തിലധികം വരുന്ന സ്ത്രീ കര്‍ഷകര്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ 30 ദശലക്ഷം മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. രാജ്യത്തെ 80 ദശലക്ഷത്തിലധികം കന്നുകാലി സംരക്ഷകര്‍ക്ക് വേണ്ടി ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ 550 ദശലക്ഷം മൃഗങ്ങളുള്ള രാജ്യത്താണ്. കാര്‍ഷിക, മൃഗസ്‌നേഹികളുടെ രാജ്യമായ ഭാരതത്തിലേക്ക് ഞാന്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

കൃഷിയും ഭക്ഷണവും സംബന്ധിച്ച നമ്മുടെ വിശ്വാസങ്ങളും അനുഭവങ്ങളും പോലെ ഭാരതവും പുരാതനമാണ്. ഇന്ത്യന്‍ കാര്‍ഷിക പാരമ്പര്യത്തില്‍ ശാസ്ത്രത്തിനും യുക്തിക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇന്ന്, ലോകമെമ്പാടും ഭക്ഷണത്തെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും വളരെയധികം ആശങ്കയുണ്ട്. എന്നാല്‍ ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അത് നമ്മുടെ വേദങ്ങളില്‍ പറഞ്ഞിട്ടുണ്ട്  അന്നം ഹി ഭൂതാനാം ജ്യേഷ്ഠം, തസ്മാത് സര്‍വൗഷധം ഉച്യതേ? ഇതിനര്‍ത്ഥം, എല്ലാ പദാര്‍ത്ഥങ്ങളിലും വെച്ച്, ഭക്ഷണമാണ് ഏറ്റവും മികച്ചത്, അതിനാല്‍, ഭക്ഷണത്തെ എല്ലാ മരുന്നുകളുടെയും ആധാരമായി കണക്കാക്കുന്നു. ഔഷധഗുണങ്ങളുള്ള നമ്മുടെ ഭക്ഷണത്തെ ഉപയോഗപ്പെടുത്തുന്ന ഒരു സമ്പൂര്‍ണ ആയുര്‍വേദ ശാസ്ത്രം നമുക്കുണ്ട്. ഈ പരമ്പരാഗത വിജ്ഞാന സമ്പ്രദായം ഭാരതത്തിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണ്.

സുഹൃത്തുക്കളേ,

ജീവിതത്തെയും ഭക്ഷണത്തെയും കുറിച്ചുള്ള പുരാതന ഇന്ത്യന്‍ ജ്ഞാനമാണിത്, ഈ ജ്ഞാനത്തെ അടിസ്ഥാനമാക്കിയാണ് ഭാരതത്തിലെ കൃഷി വികസിച്ചത്. ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 'കൃഷി പരാശര' എന്ന പേരില്‍ ഒരു ഗ്രന്ഥം ഭാരതത്തില്‍ എഴുതപ്പെട്ടു, അത് എല്ലാ മനുഷ്യ ചരിത്രത്തിന്റെയും പൈതൃകമാണ്. ഇത് ശാസ്ത്രീയ കൃഷിയെക്കുറിച്ചുള്ള സമഗ്രമായ ഒരു രേഖയാണ്, അതിന്റെ വിവര്‍ത്തന പതിപ്പും ലഭ്യമാണ്. ഈ ഗ്രന്ഥം കൃഷിയില്‍ ആകാശഗോളങ്ങളുടെ സ്വാധീനം, മേഘങ്ങളുടെ തരങ്ങള്‍, മഴ അളക്കുന്നതിനും പ്രവചിക്കുന്നതിനുമുള്ള രീതികള്‍, മഴവെള്ള സംഭരണം, ജൈവവളം, കന്നുകാലി പരിപാലനം, വിത്ത് സംരക്ഷണം, സംഭരണം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ വിശദീകരിക്കുന്നു. ഈ പൈതൃകം തുടരുന്നതിലൂടെ, കൃഷിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ശക്തമായ ഒരു ആവാസവ്യവസ്ഥ ഭാരതത്തില്‍ സ്ഥാപിക്കപ്പെട്ടു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന് മാത്രം നൂറിലധികം ഗവേഷണ സ്ഥാപനങ്ങളുണ്ട്. കൃഷിയും അനുബന്ധ വിഷയങ്ങളും പഠിക്കാന്‍ ഭാരതത്തില്‍ 500 ലധികം കോളേജുകളുണ്ട്. കര്‍ഷകര്‍ക്ക് പുതിയ സാങ്കേതികവിദ്യ എത്തിക്കാന്‍ സഹായിക്കുന്ന 700ലധികം കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (അഗ്രികള്‍ച്ചറല്‍ സയന്‍സ് സെന്ററുകള്‍) ഭാരതത്തിനുണ്ട്.

സുഹൃത്തുക്കളേ,

ഇന്ത്യന്‍ കൃഷിയുടെ മറ്റൊരു പ്രത്യേകത, നമ്മള്‍ ഇപ്പോഴും ആറ് സീസണുകള്‍ കണക്കിലെടുത്ത് എല്ലാം പ്ലാന്‍ ചെയ്യുന്നു എന്നതാണ്. പതിനഞ്ച് കാര്‍ഷികകാലാവസ്ഥാ മേഖലകള്‍ക്കുള്ളില്‍ നമ്മുടെ രാജ്യത്തിന് അതിന്റേതായ സവിശേഷതകളുണ്ട്. ഭാരതത്തില്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചാല്‍ കൃഷി മാറും. സമതലങ്ങളിലെ കൃഷി വേറെ, ഹിമാലയത്തിലെ കൃഷി വേറെ, മരുഭൂമിയിലെ കൃഷി വേറെ, വെള്ളം കുറവുള്ള സ്ഥലങ്ങളിലെ കൃഷി വേറെ, തീരദേശത്തെ കൃഷി വേറെ. ഈ വൈവിധ്യം ഭാരതത്തെ ആഗോള ഭക്ഷ്യസുരക്ഷയുടെ പ്രത്യാശയുടെ വെളിച്ചമാക്കി മാറ്റുന്നു.

സുഹൃത്തുക്കളേ

കഴിഞ്ഞ തവണ ഇവിടെ ഐ സി എ ഇ സമ്മേളനം നടന്നപ്പോള്‍ ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്കും കൃഷിക്കും വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു അത്. ഇന്ന് ഭാരതം ഭക്ഷ്യ മിച്ച രാജ്യമാണ്. ഇന്ന്, പാല്‍, പയര്‍വര്‍ഗ്ഗങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഏറ്റവും വലിയ ഉത്പാദക രാജ്യമാണ് ഭാരതം. ഭക്ഷ്യധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പരുത്തി, പഞ്ചസാര, തേയില, വളര്‍ത്തു മത്സ്യം എന്നിവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് ഭാരതം. ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷ ആഗോളതലത്തില്‍ ആശങ്കയുണ്ടാക്കുന്ന ഒരു കാലമുണ്ടായിരുന്നു. ആഗോള ഭക്ഷ്യസുരക്ഷയ്ക്കും ആഗോള പോഷകാഹാര സുരക്ഷയ്ക്കും പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഭാരതം ഏര്‍പ്പെട്ടിരിക്കുന്ന സമയമാണിത്. അതിനാല്‍, 'ഭക്ഷണ വ്യവസ്ഥയുടെ പരിവര്‍ത്തനം' പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഭാരതത്തിന്റെ അനുഭവങ്ങള്‍ വിലമതിക്കാനാവാത്തതാണ്. ഇത് ഗ്ലോബല്‍ സൗത്തിന് പ്രത്യേകിച്ചും ഗുണം ചെയ്യും.

സുഹൃത്തുക്കളേ,

'വിശ്വ ബന്ധു' (ആഗോള സുഹൃത്ത്) എന്ന നിലയില്‍ ഭാരതം മാനവികതയുടെ ക്ഷേമത്തിന് മുന്‍ഗണന നല്‍കുന്നു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന കാഴ്ചപ്പാടാണ് ജി20 കാലത്ത് ഭാരത് അവതരിപ്പിച്ചത്. പരിസ്ഥിതി സൗഹൃദ ജീവിതശൈലിക്ക് ഊന്നല്‍ നല്‍കുന്ന 'മിഷന്‍ ലൈഫ്' എന്ന മന്ത്രവും ഭാരതം് നല്‍കി. ഭാരതം 'ഒരു ഭൂമി ഒരു ആരോഗ്യം' എന്ന സംരംഭവും ആരംഭിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ആരോഗ്യത്തെ നമുക്ക് വേറിട്ട് കാണാന്‍ കഴിയില്ല. സുസ്ഥിരമായ കൃഷിയും ഭക്ഷ്യ സംവിധാനങ്ങളും ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ എന്തായാലും 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന സമഗ്രമായ സമീപനത്തിലൂടെ മാത്രമേ നേരിടാന്‍ കഴിയൂ.


സുഹൃത്തുക്കളേ,

നമ്മുടെ സാമ്പത്തിക നയത്തിന്റെ കേന്ദ്രബിന്ദുവാണ് കൃഷി. നമ്മുടെ രാജ്യത്തെ തൊണ്ണൂറ് ശതമാനം കുടുംബങ്ങള്‍ക്കും വളരെ കുറച്ച് ഭൂമിയേ ഉള്ളൂ. ഭാരതത്തിന്റെ ഭക്ഷ്യസുരക്ഷയുടെ ഏറ്റവും വലിയ ശക്തിയാണ് ഈ ചെറുകിട കര്‍ഷകര്‍. ഏഷ്യയിലെ പല വികസ്വര രാജ്യങ്ങളിലും ഇതേ അവസ്ഥയുണ്ട്. അതിനാല്‍, ഭാരതത്തിന്റെ മാതൃക പല രാജ്യങ്ങള്‍ക്കും പ്രയോജനകരമാകും. ഉദാഹരണത്തിന്, ഭാരതത്തില്‍ വലിയ തോതിലുള്ള രാസരഹിത പ്രകൃതിദത്ത കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒരു മേഖലയാണ് സുസ്ഥിര കൃഷി, ഇതില്‍ ഞങ്ങള്‍ക്ക് വളരെ നല്ല ഫലങ്ങള്‍ സൃഷ്ടിക്കാനായി. ഈ വര്‍ഷത്തെ ബജറ്റ് സുസ്ഥിര കൃഷിയിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന കൃഷിയിലും കാര്യമായ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നമ്മുടെ കര്‍ഷകരെ പിന്തുണയ്ക്കുന്നതിനായി നമ്മൾ ഒരു മുഴുവന്‍ ആവാസവ്യവസ്ഥയും വികസിപ്പിക്കുകയാണ്. കാലാവസ്ഥയെ പ്രതിരോധിക്കുന്ന വിളകളുമായി ബന്ധപ്പെട്ട ഗവേഷണത്തിനും വികസനത്തിനും ഭാരതം ഊന്നല്‍ നല്‍കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍, കാലാവസ്ഥയെ പ്രതിരോധിക്കുന്ന 1900 പുതിയ വിള ഇനങ്ങള്‍ ഞങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. പരമ്പരാഗത ഇനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവ് വെള്ളം ആവശ്യമുള്ള ചില അരികള്‍ നമ്മുടെ നാട്ടില്‍ ഉണ്ട്. സമീപ വര്‍ഷങ്ങളില്‍, കറുത്ത അരി നമ്മുടെ രാജ്യത്ത് ഒരു സൂപ്പര്‍ഫുഡ് ആയി ഉയര്‍ന്നുവന്നിട്ടുണ്ട്. മണിപ്പൂര്‍, അസം, മേഘാലയ എന്നിവിടങ്ങളിലെ കറുത്ത അരി അതിന്റെ ഔഷധമൂല്യം കൊണ്ട് വിലമതിക്കപ്പെടുന്നു. ഈ അനുഭവങ്ങള്‍ ആഗോള സമൂഹവുമായി പങ്കുവയ്ക്കാന്‍ ഭാരതവും ഒരുപോലെ ഉത്സുകരാണ്.

സുഹൃത്തുക്കളേ,

ജലക്ഷാമം, കാലാവസ്ഥാ വ്യതിയാനം, പോഷകാഹാരം എന്നിവ ഇന്നത്തെ കാലത്തെ പ്രധാന വെല്ലുവിളികളാണ്. ഈ വെല്ലുവിളികള്‍ക്ക് ഭാരതത്തിന് പരിഹാരമുണ്ട്. ചെറുധാന്യങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദകരാണ് ഭാരതം, അതിനെ ലോകം സൂപ്പര്‍ഫുഡ് എന്ന് വിളിക്കുന്നു, ഞങ്ങള്‍ അതിനെ 'ശ്രീ അന്ന' എന്ന് തിരിച്ചറിഞ്ഞു. മിനിമം ജലം, പരമാവധി ഉത്പാദനം എന്ന തത്വത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ആഗോള പോഷകാഹാര പ്രശ്‌നത്തെ അഭിസംബോധന ചെയ്യുന്നതില്‍ ഭാരതത്തിന്റെ വിവിധ സൂപ്പര്‍ഫുഡുകള്‍ക്ക് കാര്യമായ പങ്ക് വഹിക്കാനാകും. സൂപ്പര്‍ഫുഡുകളുടെ ഈ കൂട ലോകവുമായി പങ്കിടാന്‍ ഭാരതം ആഗ്രഹിക്കുന്നു. കൂടാതെ, കഴിഞ്ഞ വര്‍ഷം ഭാരതത്തിന്റെ മുന്‍കൈയില്‍ ലോകം മുഴുവന്‍ ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം ആഘോഷിച്ചു.

സുഹൃത്തുക്കളേ,

കഴിഞ്ഞ ദശകത്തില്‍, കൃഷിയെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിക്കുന്നതിന് നാം നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്ന്, ഒരു കര്‍ഷകന് സോയില്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഉപയോഗിച്ച് എന്ത് കൃഷി ചെയ്യണമെന്ന് അറിയാന്‍ കഴിയും. അവര്‍ക്ക് സൗരോര്‍ജ്ജം ഉപയോഗിച്ച് പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനും തരിശുഭൂമിയിലെ സൗരോര്‍ജ്ജ കൃഷിയില്‍ നിന്ന് വരുമാനം നേടാനും കഴിയും. ഭാരതത്തിന്റെ ഡിജിറ്റല്‍ കാര്‍ഷിക വിപണിയായ ഇനാം വഴി അവര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയും. അവര്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയും പ്രധാന്‍ മന്ത്രി ഫസല്‍ ബീമാ യോജന (പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി) വഴി അവരുടെ വിളകളുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു. കര്‍ഷകര്‍ മുതല്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ വരെ, പ്രകൃതി കൃഷി മുതല്‍ ഫാം സ്‌റ്റേകള്‍, ഫാം ടു ടേബിള്‍ ക്രമീകരണങ്ങള്‍, ഭാരതത്തിലെ കൃഷിയും അനുബന്ധ മേഖലകളും തുടര്‍ച്ചയായി ഔപചാരികവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ 90 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയെ നാം മൈക്രോ ഇറിഗേഷനുമായി ബന്ധിപ്പിച്ചു.  നമ്മുടെ എത്തനോള്‍ മിശ്രണം പദ്ധതി കൃഷിക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രയോജനം ചെയ്യുന്നു. പെട്രോളില്‍ 20 ശതമാനം എത്തനോള്‍ കലര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് നാം അതിവേഗം നീങ്ങുകയാണ്.

സുഹൃത്തുക്കളേ,

ഭാരതത്തിലെ കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യ നാം വ്യാപകമായി ഉപയോഗിക്കുന്നു. പി എം കിസാന്‍ സമ്മാന്‍ നിധിയിലൂടെ 10 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഒരു ക്ലിക്കിലൂടെ വെറും 30 സെക്കന്‍ഡിനുള്ളില്‍ പണം കൈമാറുന്നു. ഡിജിറ്റല്‍ വിള സര്‍വേകള്‍ക്കായി നാം ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കുകയാണ്. ഇത് നമ്മുടെ കര്‍ഷകരെ തത്സമയ വിവരങ്ങള്‍ സ്വീകരിക്കാന്‍ സഹായിക്കും, അവര്‍ക്ക് ഡാറ്റാധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കാം. ഈ സംരംഭം കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ഗുണം ചെയ്യുകയും അവരുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുകയും ചെയ്യും. ഭൂരേഖകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള വലിയ പ്രചാരണവും സര്‍ക്കാര്‍ നടത്തുന്നുണ്ട്. കര്‍ഷകര്‍ക്ക് അവരുടെ ഭൂമിക്ക് ഡിജിറ്റല്‍ തിരിച്ചറിയല്‍ നമ്പര്‍ നല്‍കും. കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം നാം അതിവേഗം പ്രോത്സാഹിപ്പിക്കുകയാണ്. നമ്മുടെ 'ഡ്രോണ്‍ ദിദി'കളായ സ്ത്രീകള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് കൃഷി ചെയ്യാന്‍ അധികാരം നല്‍കപ്പെടുന്നു. ഈ നടപടികളെല്ലാം ഇന്ത്യന്‍ കര്‍ഷകര്‍ക്ക് ഗുണം ചെയ്യുകയും ആഗോള ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ എല്ലാവരും ഇവിടെ വിശദമായ ചര്‍ച്ചകള്‍ നടത്തും. സ്ത്രീകളുടെയും യുവാക്കളുടെയും വലിയ പങ്കാളിത്തം കാണുന്നതില്‍ എനിക്ക് പ്രത്യേക സന്തോഷമുണ്ട്. എല്ലാവരും നിങ്ങളുടെ ആശയങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കും. സുസ്ഥിര കാര്‍ഷികഭക്ഷ്യ സംവിധാനങ്ങളുമായി ലോകത്തെ ബന്ധിപ്പിക്കുന്നതിനുള്ള വഴികള്‍ കണ്ടെത്താന്‍ ഈ സമ്മേളനം ഞങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മള്‍ പരസ്പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യും.


സുഹൃത്തുക്കളേ,

നിങ്ങള്‍ കാര്‍ഷിക ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ഒരു വിവരം കൂടി നിങ്ങളുമായി പങ്കിടാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു. ലോകത്തെവിടെയും ഒരു കര്‍ഷക പ്രതിമയും എനിക്കറിയില്ല. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായി സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ ഭാരതത്തിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റേതാണെന്നറിയുന്നതില്‍ കാര്‍ഷിക ലോകത്തെ എന്റെ എല്ലാ സഹപ്രവര്‍ത്തകരും സന്തോഷിക്കും, അദ്ദേഹം കര്‍ഷകരുടെ ശക്തിയെ ഉണര്‍ത്തുകയും അവരെ ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരത്തിന്റെ മുഖ്യധാരയുമായി ബന്ധിപ്പിക്കുകയും ചെയ്തു. സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയുടെ ഇരട്ടി ഉയരമുള്ള ഇത് ഒരു കര്‍ഷക നേതാവിന്റെതാണ്. മറ്റൊരു പ്രത്യേകത, ഈ പ്രതിമ നിര്‍മ്മിച്ചപ്പോള്‍, ഭാരതത്തിലെ ആറ് ലക്ഷം ഗ്രാമങ്ങളില്‍ നിന്നുള്ള കര്‍ഷകരോട് അവരുടെ വയലുകളില്‍ ഉപയോഗിച്ചിരുന്ന ഇരുമ്പ് ഉപകരണത്തിന്റെ ഒരു കഷണം നല്‍കാന്‍ ആവശ്യപ്പെട്ടു. ആറ് ലക്ഷം ഗ്രാമങ്ങളില്‍ നിന്ന് വയലുകളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് ഉപകരണങ്ങള്‍ കൊണ്ടുവന്ന് ഉരുക്കി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കര്‍ഷക നേതാവിന്റെ പ്രതിമയില്‍ ഇരുമ്പ് ഉപയോഗിച്ചു. ഈ രാജ്യത്ത് ഒരു കര്‍ഷകന്റെ മകന് ലഭിച്ച മഹത്തായ ബഹുമതി ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും സംഭവിച്ചിട്ടില്ലെന്ന് ഞാന്‍ ശരിക്കും വിശ്വസിക്കുന്നു. നിങ്ങള്‍ ഇവിടെയുള്ളതിനാല്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാന്‍ നിങ്ങളെ താത്പര്യമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ കൂടി, നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍ നേരുന്നു!

നന്ദി!

NS


(Release ID: 2044439) Visitor Counter : 40