പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജപ്പാൻ സ്പീക്കറുമായും പ്രതിനിധിസംഘവുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന-ആഗോള പങ്കാളിത്ത സഹകരണത്തിന്റെ പ്രധാന മേഖലകൾ ചർച്ച ചെയ്തു

പരമ്പരാഗത ഉൽപ്പാദനത്തിലും സെമികണ്ടക്ടർ, വൈദ്യുതവാഹനങ്ങൾ, ഹരിത-സംശുദ്ധ ഊർജം തുടങ്ങിയ ആധുനിക മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു

ഇന്ത്യയിലെ യുവാക്കൾക്ക് ജാപ്പനീസ് ഭാഷയിലേതുൾപ്പെടെയുള്ള പരിശീലനവും ശേഷി വർധിപ്പിക്കലും ചർച്ച ചെയ്തു

Posted On: 01 AUG 2024 9:25PM by PIB Thiruvananthpuram

ജപ്പാനിലെ ജനപ്രതിനിധിസഭാ സ്പീക്കർ നുകഗ ഫുകുഷിറോയെയും, ജപ്പാൻ പാർലമെന്റ് അംഗങ്ങളും പ്രമുഖ ജപ്പാൻ കമ്പനികളെ പ്രതിനിധാനം ചെയ്യുന്ന വ്യവസായ പ്രമുഖരും ഉൾപ്പെടെയുള്ള പ്രതിനിധിസംഘത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വീകരിച്ചു. ഇന്ത്യയും ജപ്പാനും തമ്മിലുള്ള പാർലമെന്ററി വിനിമയത്തിന്റെ പ്രാധാന്യം ആവർത്തിക്കുന്നതിനൊപ്പം, ജനങ്ങൾ തമ്മിലുള്ള സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, സഹകരണത്തിന്റെയും പരസ്പരതാൽപ്പര്യത്തിന്റെയും പ്രധാന മേഖലകൾ ഉയർത്തിക്കാട്ടി, കരുത്തുറ്റ ഇന്ത്യ-ജപ്പാൻ പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തിനും യോഗം അടിവരയിട്ടു.

2022-27 കാലയളവിൽ ഇന്ത്യയും ജപ്പാനും തമ്മിൽ നിശ്ചയിച്ച 5 ട്രില്യൺ ജാപ്പനീസ് യെൻ നിക്ഷേപം എന്ന ലക്ഷ്യത്തിൽ കൈവരിച്ച പുരോഗതിയിൽ നേതാക്കൾ സംതൃപ്തി രേഖപ്പെടുത്തി. 2027നു ശേഷമുള്ള കാലയളവിൽ വ്യാവസായിക-സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കാനുള്ള വഴികൾ ചർച്ച ചെയ്തു. പരമ്പരാഗത ഉൽപ്പാദനത്തിലും (മോൺസുകുറി) സെമികണ്ടക്ടർ, വൈദ്യുതവാഹനങ്ങൾ, ഹരിത-സംശുദ്ധ ഊർജം തുടങ്ങിയ ആധുനിക മേഖലകളിലും സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു. സുപ്രധാനമായ മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി വിജയകരവും സമയബന്ധിതവുമായി പൂർത്തിയാക്കേണ്ടതിന്റെ പ്രാധാന്യവും അവർ വിലയിരുത്തി.

ജാപ്പനീസ് ഭാഷ, സംസ്കാരം, തൊഴിൽ സമ്പ്രദായങ്ങൾ എന്നിവയിൽ പരിശീലനം നൽകുന്നതുൾപ്പെടെ വിവിധ തൊഴിൽ മേഖലകളിൽ അടുത്തതലമുറ തൊഴിലാളികളെ ഇന്ത്യയും ജപ്പാനും പരിപോഷിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യണമെന്നു നുകഗ നിർദേശിച്ചു. ഈ ഉദ്യമങ്ങളിൽ സ്വകാര്യമേഖലയുടെ പങ്കിനും അദ്ദേഹം അടിവരയിട്ടു. വൈദഗ്ധ്യം നേടുന്ന ഈ വ്യക്തികൾ വരുംകാലങ്ങളിൽ ഇരുപക്ഷത്തെയും കൂട്ടിയിണക്കുന്ന കണ്ണികളായി പ്രവർത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ജപ്പാനിൽനിന്നുള്ള കൂടുതൽ നിക്ഷേപത്തിനും സാങ്കേതികവിദ്യക്കുമായി ഇന്ത്യയിൽ നടപ്പാക്കിയ അനുയോജ്യമായ വ്യാവസായികാന്തരീക്ഷവും പരിഷ്കാരങ്ങളും പ്രധാനമന്ത്രി ഉയർത്തിക്കാട്ടി. ഈ ശ്രമങ്ങൾക്ക് ഇന്ത്യാഗവൺമെന്റിന്റെ പൂർണ പിന്തുണ ജപ്പാൻ പ്രതിനിധിസംഘത്തിന് അദ്ദേഹം ഉറപ്പുനൽകി.

 

-NS-




(Release ID: 2040512) Visitor Counter : 65