ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

2024-25 ലെ കേന്ദ്ര ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി വകയിരുത്തല്‍


400 ജില്ലകളില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ഉപയോഗിച്ച് ഖാരിഫിനായുള്ള ഡിജിറ്റല്‍ വിള സര്‍വേ

എണ്ണക്കുരുക്കള്‍ക്കായി 'സ്വയം പര്യാപ്തത' നേടുന്നതിനുള്ള തന്ത്രം ആവിഷ്‌കരിച്ചു

പച്ചക്കറി ഉല്‍പ്പാദനത്തിനായി വലിയ തോതിലുള്ള ക്ലസ്റ്ററുകള്‍ പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങള്‍ക്ക് സമീപം വികസിപ്പിക്കും

ചെമ്മീന്‍ ബ്രൂഡ്സ്റ്റോക്കുകള്‍ക്കായി ന്യൂക്ലിയസ് പ്രജനന കേന്ദ്രങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം ബജറ്റ് പ്രഖ്യാപിച്ചു

Posted On: 23 JUL 2024 12:59PM by PIB Thiruvananthpuram


കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി, 2024-25 ലെ കേന്ദ്ര ബജറ്റ് ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, എണ്ണ വിത്തുകള്‍ക്കുള്ള സ്വയംപര്യാപ്തത, പച്ചക്കറി ഉല്‍പ്പാദനത്തിനുള്ള വലിയ തോതിലുള്ള ക്ലസ്റ്ററുകള്‍, ചെമ്മീന്‍ ബ്രൂഡ്‌സ്റ്റോക്കുകള്‍ക്കായി ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകളുടെ ശൃംഖലയ്ക്ക് സാമ്പത്തിക സഹായം തുടങ്ങി നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. 

കൃഷിക്കു വേണ്ടിയുള്ള ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യം (ഡി പി ഐ)

പൈലറ്റ് പ്രോജക്ടിന്റെ വിജയത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ, കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും കവറേജിനായി കൃഷിയില്‍ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ (ഡിപിഐ) 3 വര്‍ഷത്തിനുള്ളില്‍ നടപ്പിലാക്കാന്‍ സൗകര്യമൊരുക്കും. ഈ വര്‍ഷം 400 ജില്ലകളില്‍ ഡിപിഐ ഉപയോഗിച്ച് ഖാരിഫിനുള്ള ഡിജിറ്റല്‍ വിള സര്‍വേ നടത്തുമെന്ന് കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി.നിര്‍മ്മല സീതാരാമന്‍, 2024-25 വര്‍ഷത്തേക്കുള്ള ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിക്കവേ പറഞ്ഞു. ആറ് കോടി കര്‍ഷകരുടെയും അവരുടെ ഭൂമിയുടെയും വിശദാംശങ്ങള്‍ കര്‍ഷക-ഭൂമി രജിസ്റ്ററില്‍ കൊണ്ടുവരുമെന്ന് അവര്‍ പറഞ്ഞു. ജന്‍ സമര്‍ഥ് അധിഷ്ഠിത കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണം അഞ്ച് സംസ്ഥാനങ്ങളില്‍ പ്രാപ്തമാക്കുമെന്നും സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.

പയര്‍വര്‍ഗ്ഗങ്ങള്‍ക്കും എണ്ണക്കുരുക്കള്‍ക്കുമായുള്ള ദൗത്യങ്ങള്‍

പയറുവര്‍ഗങ്ങളിലും എണ്ണക്കുരുക്കളിലും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് അവയുടെ ഉല്‍പ്പാദനം, സംഭരണം, വിപണനം എന്നിവ സര്‍ക്കാര്‍ ശക്തിപ്പെടുത്തും. ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ചത് പോലെ കടുക്, നിലക്കടല, എള്ള്, സോയാബീന്‍, സൂര്യകാന്തി തുടങ്ങിയ എണ്ണക്കുരുക്കള്‍ക്ക് സ്വയംപര്യാപ്തത കൈവരിക്കാനുള്ള തന്ത്രമാണ് ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് പാര്‍ലമെന്റില്‍ 2024-25 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കവേ കേന്ദ്രമന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പച്ചക്കറി ഉത്പാദനവും വിതരണ ശൃംഖലയും

പ്രധാന ഉപഭോക്തൃ കേന്ദ്രങ്ങള്‍ക്ക് സമീപം പച്ചക്കറി ഉല്‍പ്പാദനത്തിനായി വലിയ തോതിലുള്ള ക്ലസ്റ്ററുകള്‍ വികസിപ്പിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. ശേഖരണം, സംഭരണം, വിപണനം എന്നിവ ഉള്‍പ്പെടെയുള്ള പച്ചക്കറി വിതരണ ശൃംഖലകള്‍ക്കായി കര്‍ഷക-ഉത്പാദക സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.

ചെമ്മീന്‍ ഉത്പാദനവും കയറ്റുമതിയും

ചെമ്മീന്‍ ബ്രൂഡ്‌സ്‌റ്റോക്കുകള്‍ക്കായി ന്യൂക്ലിയസ് ബ്രീഡിംഗ് സെന്ററുകളുടെ ശൃംഖല സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ചെമ്മീന്‍ കൃഷി, സംസ്‌കരണം, കയറ്റുമതി എന്നിവയ്ക്കുള്ള ധനസഹായം നബാര്‍ഡ് വഴി സുഗമമാക്കുമെന്നും ശ്രീമതി. സീതാരാമന്‍ പറഞ്ഞു.

കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഒമ്പത് മുന്‍ഗണനാ മേഖലകളില്‍ ആദ്യത്തേതാണ് കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും. 2024-25ലെ ബജറ്റില്‍ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായി 1.52 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഊന്നല്‍ നല്‍കേണ്ട നാല് പ്രധാന 'ജാതികളില്‍' ഒന്നായി 'അന്നദാത'യെ(കര്‍ഷകന്‍) വിശേഷിപ്പിച്ച മന്ത്രി, ചെലവിനെ അപേക്ഷിച്ച് എല്ലാ പ്രധാന വിളകള്‍ക്കും കുറഞ്ഞത് 50 ശതമാനം മാര്‍ജിന്‍ എന്ന വാഗ്ദാനത്തില്‍ ഒരു മാസം മുമ്പ് സര്‍ക്കാര്‍ ഉയര്‍ന്ന മിനിമം താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെന്നും പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന അഞ്ച് വര്‍ഷത്തേക്ക് നീട്ടുകയും 80 കോടിയിലധികം ആളുകള്‍ക്ക് പ്രയോജനം ലഭിക്കുകയും ചെയ്തതായി അവര്‍ പറഞ്ഞു.

--NS--


(Release ID: 2036006) Visitor Counter : 69