ധനകാര്യ മന്ത്രാലയം
azadi ka amrit mahotsav

ജിഎസ്ടി മികച്ച വിജയം, സാധാരണക്കാരുടെ നികുതി ഭാരം കുറഞ്ഞു: കേന്ദ്ര ധനമന്ത്രി

Posted On: 23 JUL 2024 1:08PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2024 ജൂലൈ 23

ചരക്ക് സേവന നികുതി (ജി.എസ്.ടി) സാധാരണക്കാരുടെ മേലുള്ള നികുതി ഭാരം  കുറച്ചെന്നും വ്യാപാര-വ്യവസായത്തിനായുള്ള ലോജിസ്റ്റിക്‌സ് ചെലവില്‍ വലിയ കുറവുണ്ടാക്കിയെന്നും കേന്ദ്ര ധനകാര്യ, കോര്‍പ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി. നിര്‍മ്മല സീതാരാമന്‍ തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജി.എസ്.ടിയെ മികച്ച വിജയമെന്ന്  2024-25 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് മന്ത്രി വിശേഷിപ്പിച്ചു.
വ്യാപാരം സുഗമമാക്കുന്നതിന്, ജി.എസ.്ടി നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിനെ കേന്ദ്ര നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കും. സമാനമായ ഭേദഗതികള്‍ ഐ.ജി.എസ്.ടി, യു.ടി.ജി.എസ്.ടി നിയമങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. അതിനുപുറമെ, വ്യാപാരത്തില്‍ പ്രചാരത്തിലുള്ള ഏതെങ്കിലും പൊതു രീതി കാരണം കേന്ദ്ര നികുതിയുടെ നോണ്‍ ലെവി അല്ലെങ്കില്‍ ഷോര്‍ട്ട് ലെവി ക്രമപ്പെടുത്താന്‍ പുതുതായി ചേര്‍ത്ത വകുപ്പ് 11 എ, ഗവണ്‍മെന്റിനെ അധികാരപ്പെടുത്തുകയും ചെയ്യും.

സി.ജി.എസ്.ടിയുടെ 16-ാം വകുപ്പിലേയ്ക്ക് രണ്ട് പുതിയ ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കാനുള്ള സമയ പരിധിയില്‍ ഇളവ് വരുത്തിയിട്ടുമുണ്ട്. ഡിമാന്‍ഡ് നോട്ടീസുകളും ഉത്തരവുകളും നല്‍കുന്നതിനുള്ള പൊതുവായ സമയപരിധിയും ഭേദഗതി ചെയ്ത നിയമം ലഭ്യമാക്കും. അതോടൊപ്പം, നികുതിദായകര്‍ക്ക് പലിശ സഹിതം ആവശ്യപ്പെട്ട നികുതി അടച്ച് കുറഞ്ഞ പിഴയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള സമയപരിധി 30 ദിവസത്തില്‍ നിന്ന് 60 ദിവസമായി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.

അപ്പീല്‍ അതോറിറ്റിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള മുന്‍കൂര്‍ നിക്ഷേപത്തിന്റെ പരമാവധി തുക വ്യാപാരം കൂടുതല്‍ സുഗമമാക്കുന്നതിനായി കേന്ദ്ര നികുതിയായ 25 കോടി രൂപയില്‍ നിന്ന് 20 കോടി രൂപയായി കുറച്ചിട്ടുമുണ്ട്. അപ്പീല്‍ ട്രിബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്യുന്നതിനുള്ള മുന്‍കൂര്‍ നിക്ഷേപ തുക കേന്ദ്ര നികുതിയിലെ  പരമാവധി 50 കോടി രൂപയുടെ യുടെ  20% ല്‍ നിന്ന് കേന്ദ്രനികുതിയിലെ പരമാവധി 20 കോടിരൂപയുടെ 10% ആയും കുറച്ചിട്ടുണ്ട്. കൂടാതെ, അപ്പീല്‍ ട്രിബ്യൂണല്‍ പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍, അപ്പീലുകള്‍ക്കുള്ള സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍, അപ്പീല്‍ ട്രിബ്യൂണലിന് മുമ്പാകെ അപ്പീലുകള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി 2024 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുത്തി.

ഇവ കൂടാതെ, ലാഭവിഹിത വിരുദ്ധ കേസുകള്‍ (ആന്റി പ്രൊഫിറ്ററിംഗ്) കൈകാര്യം ചെയ്യാന്‍ ജി.എസ്.ടി അപ്പലേറ്റ് ട്രിബ്യൂണലിനെ ചുമതലപ്പെടുത്തുന്നതിന് ഗവണ്‍മെന്റിന് അധികാരം നല്‍കുന്നതുന്നത് പോലുള്ള മറ്റ് നിരവധി മാറ്റങ്ങളും വ്യാപാരം സുഗമമാക്കുന്നതിന് കൊണ്ടുവന്നിട്ടുണ്ട്.

ജി.എസ്.ടിയുടെ നേട്ടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി, നികുതി ഘടന കൂടുതല്‍ ലളിതമാക്കുകയും യുക്തിസഹമാക്കുകയും ബാക്കിയുള്ള മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ജി.എസ്.ടിയുടെ വിജയം ചൂണ്ടിക്കാണിച്ചുകൊണ്ട്, ധനമന്ത്രി പറഞ്ഞു.

--NS--


(Release ID: 2035825) Visitor Counter : 77