ധനകാര്യ മന്ത്രാലയം
വൈദ്യുതി സംഭരണത്തിനായുള്ള പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം
Posted On:
23 JUL 2024 12:52PM by PIB Thiruvananthpuram
ന്യൂ ഡൽഹി: ജൂലൈ 23, 2024
തൊഴിൽ, വളർച്ച, പാരിസ്ഥിതിക സുസ്ഥിരത എന്നിവയിലെ ആവശ്യകതകൾ സന്തുലിതമാക്കുന്നതിന് സഹായിക്കുന്ന ഉചിതമായ ഊർജ്ജ പരിവർത്തന പാതകളെക്കുറിച്ചുള്ള നയരേഖ കൊണ്ടുവരുമെന്ന്
കേന്ദ്ര ധന, കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. 2024-2025 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെൻ്റിൽ അവതരിപ്പിച്ചു കൊണ്ട് ലഭ്യത, പ്രവേശനക്ഷമത, താങ്ങാനാവുന്ന വില എന്നിവയിലൂടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം കൂടുതൽ വിഭവശേഷിക്ഷമതയുള്ള സാമ്പത്തിക വളർച്ച നിലനിർത്താനുള്ള ഗവൺമെൻറ് നയത്തിൻ്റെ തുടർച്ചയാണിതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്രമന്ത്രി ഇനിപ്പറയുന്ന നടപടികൾ പ്രഖ്യാപിച്ചു:
വൈദ്യുതി സംഭരണത്തിനായി പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നയം കൊണ്ടുവരുമെന്നും മൊത്തത്തിലുള്ള ഊർജ്ജ മിശ്രിതത്തിൽ പുനരുപയോഗ ഊർജത്തിൻ്റെ വർദ്ധിച്ചുവരുന്ന പങ്ക് സുഗമമായി സംയോജിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
രാജ്യത്ത് സൗരോർജ സെല്ലുകളുടെയും പാനലുകളുടെയും നിർമ്മാണത്തിൽ ഉപയോഗിക്കുന്നതും നികുതി ഒഴിവാക്കിയതുമായ മൂലധന വസ്തുക്കളുടെ പട്ടിക വിപുലീകരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. കൂടാതെ, സോളാർ ഗ്ലാസിൻ്റെയും ടിൻഡ്-കോപ്പർ ഇൻ്റർകണക്റ്റിൻ്റെയും മതിയായ ആഭ്യന്തര നിർമ്മാണ ശേഷി കണക്കിലെടുത്ത്, ഇപ്പോൾ നൽകിയിട്ടുള്ള കസ്റ്റംസ് തീരുവയുടെ ഇളവ് തുടർന്ന് ദീർഘപ്പിക്കരുതെന്ന് നിർദ്ദേശിച്ചു.
ഭാരത് സ്മോൾ റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും, ഭാരത് സ്മോൾ മോഡുലാർ റിയാക്ടറിൻ്റെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ, ആണവോർജ്ജത്തിനായുള്ള പുതിയ സാങ്കേതികവിദ്യകളുടെ ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കുമായി ഗവൺമെൻറ്, സ്വകാര്യ മേഖലയുമായി സഹകരിക്കും. ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച ആർ ആൻഡ് ഡി ഫണ്ട് ഈ മേഖലയ്ക്ക് ലഭ്യമാക്കും.
അഡ്വാൻസ്ഡ് അൾട്രാ സൂപ്പർ ക്രിട്ടിക്കൽ (എയുഎസ്‌സി) താപവൈദ്യുത നിലയങ്ങൾക്കായുള്ള ഉയർന്ന കാര്യക്ഷമതയുള്ള തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനം പൂർത്തിയായതായും ധനമന്ത്രി പറഞ്ഞു. എൻടിപിസിയും ഭെല്ലും ചേർന്നുള്ള സംരംഭം എയുഎസ്‌സി സാങ്കേതികവിദ്യ ഉപയോഗിച്ച് 800 MW വാണിജ്യ പ്ലാൻ്റ് സ്ഥാപിക്കുമെന്നും ഇതിന് ആവശ്യമായ ധനസഹായം ഗവൺമെൻറ് നൽകുമെന്നും ശ്രീമതി സീതാരാമൻ പറഞ്ഞു. ഈ പ്ലാൻ്റുകൾക്കായി ഉയർന്ന ഗ്രേഡ് സ്റ്റീലിൻ്റെയും മറ്റ് 15 നൂതന മെറ്റലർജി വസ്തുക്കളുടെയും ഉൽപ്പാദനത്തിനുള്ള തദ്ദേശീയ ശേഷി വികസിപ്പിക്കുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് മറ്റു നേട്ടങ്ങൾക്കും കാരണമാകുമെന്ന് അവർ പറഞ്ഞു.
പരമ്പരാഗത സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ നിക്ഷേപ നിലവാരത്തിന്റെ ഊർജ ഓഡിറ്റ് 60 ക്ലസ്റ്ററുകളിലായി നടത്തുമെന്ന് ധനമന്ത്രി പറഞ്ഞു. ശുദ്ധ ഊർജ രൂപങ്ങളിലേക്ക് അവയെ മാറ്റുന്നതിനും ഊർജ കാര്യക്ഷമത നടപടികൾ വേഗത്തിലാക്കുന്നതിനും സാമ്പത്തിക സഹായം നൽകും. അടുത്ത ഘട്ടത്തിൽ 100 ക്ലസ്റ്ററുകളിൽ കൂടി പദ്ധതി ആവർത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇടക്കാല ബജറ്റിലെ പ്രഖ്യാപനത്തിന് അനുസൃതമായി,ഒരു കോടി കുടുംബങ്ങൾക്ക് പ്രതിമാസം 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി ലഭിക്കുന്നതിന് പുരപ്പുറ സൗരോർജ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിന് പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന ആരംഭിച്ചു. 1.28 കോടിയിലധികം രജിസ്‌ട്രേഷനുകളും 14 ലക്ഷം അപേക്ഷകളുമായി ഈ പദ്ധതി ശ്രദ്ധേയമായ പ്രതികരണം സൃഷ്ടിച്ചു. ഇത് ഗവൺമെൻറ് കൂടുതൽ പ്രോത്സാഹിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
****
(Release ID: 2035747)
Visitor Counter : 61