ധനകാര്യ മന്ത്രാലയം

നികുതി ലളിതമാക്കൽ, നികുതിദായകർക്കായുള്ള സേവനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കാണു ഗവണ്മെന്റ് ശ്രമിക്കുന്നത്: കേന്ദ്ര ധനമന്ത്രി


1961ലെ ആദായനികുതി നിയമത്തിന്റെ സമഗ്ര അവലോകനം ആറുമാസത്തിനകം

ജിഎസ്‌ടി, കസ്റ്റംസ്, ആദായനികുതി എന്നിവയ്ക്ക് കീഴിലുള്ള എല്ലാ സേവനങ്ങളും രണ്ട് വർഷത്തിനുള്ളിൽ ഡിജിറ്റൽവൽക്കരിച്ച് കടലാസ്‌രഹിതമാക്കും

ആദായനികുതി തർക്കത്തിൽ തീർപ്പുകൽപ്പിക്കാത്ത അപ്പീലുകൾ പരിഹരിക്കുന്നതിന് ‘വിവാദ് സേ വിശ്വാസ് പദ്ധതി 2024’

Posted On: 23 JUL 2024 1:09PM by PIB Thiruvananthpuram

2024-2025 ലെ കേന്ദ്ര ബജറ്റ് ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കവേ, കേന്ദ്ര ധനകാര്യമന്ത്രി ശ്രീമതി നിർമല സീതാരാമൻ, തിരിച്ചറിഞ്ഞ ഒമ്പത് മുൻഗണനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബജറ്റ് വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര വേഗത്തിലാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി.

നികുതി ലളിതമാക്കുന്നതിനും നികുതിദായകരുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വ്യവഹാരങ്ങൾ കുറയ്ക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ നിരന്തരമായ ശ്രമമാണിതെന്ന് പറഞ്ഞ ധനമന്ത്രി, ഇതു നികുതിദായകരുടെ പ്രശംസ പിടിച്ചുപറ്റാൻ ഇടയാക്കിയതായി നിരീക്ഷിച്ചു. കോർപ്പറേറ്റ് നികുതിയുടെ 58 ശതമാനം 2022-23 സാമ്പത്തിക വർഷത്തിലെ ലളിതമാക്കിയ നികുതിവ്യവസ്ഥയിൽ നിന്നാണ് വന്നത്. ലഭ്യമായ വിവരങ്ങൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മൂന്നിൽ രണ്ടുപേരും പുതിയ വ്യക്തിഗത ആദായ നികുതി വ്യവസ്ഥ പ്രയോജനപ്പെടുത്തിയെന്നും അവർ പറഞ്ഞു.

നികുതി ലളിതമാക്കുക എന്ന പ്രക്രിയ പിന്തുടരുന്ന കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ നിരവധി നടപടികൾ വിശദീകരിച്ചു. 1961-ലെ ആദായനികുതി നിയമം സംക്ഷിപ്തവും വ്യക്തവുമാക്കുന്നതിനായി ആറ് മാസത്തിനുള്ളിൽ സമഗ്രമായ അവലോകനം മന്ത്രി പ്രഖ്യാപിച്ചു. നികുതിദായകർക്ക് തർക്കങ്ങളും വ്യവഹാരങ്ങളും കുറയ്ക്കുന്ന തരത്തിൽ ഇത് നികുതി ഉറപ്പ് നൽകുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു.

നികുതി-അനിശ്ചിതത്വവും തർക്കങ്ങളും കുറയ്ക്കുന്നതിനുള്ള മറ്റൊരു നടപടിയായി, പുനർമൂല്യനിർണയത്തിന്റെ സമഗ്രമായ ലളിതവൽക്കരണം നിർദ്ദേശിച്ചു. 50 ലക്ഷം രൂപയോ അതിൽ കൂടുതലോ വരുമാനം ഉണ്ടെങ്കിൽ മാത്രമേ മൂല്യനിർണ്ണയ വർഷാവസാനം മുതൽ മൂന്ന് വർഷത്തിനപ്പുറം ഇനി മുതൽ മൂല്യനിർണയം പുനരാരംഭിക്കാൻ കഴിയൂ എന്ന് നിർദ്ദേശം വിശദീകരിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. തെരയൽ കേസുകളിൽ, നിലവിലുള്ള പത്ത് വർഷത്തെ സമയപരിധിയിൽ നിന്ന്, തെരയൽ വർഷത്തിന് മുമ്പുള്ള സമയപരിധി ആറ് വർഷമായി നിജപ്പെടുത്തുമെന്നു ധനമന്ത്രി പ്രഖ്യാപിച്ചു.

ധനകാര്യ ബില്ലിൽ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും ടിഡിഎസിനുമുള്ള നികുതി ലളിതമാക്കൽ പ്രക്രിയക്കു തുടക്കംകുറിച്ച ശ്രീമതി നിർമല സീതാരാമൻ, ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള രണ്ട് നികുതി ഇളവ് വ്യവസ്ഥകൾ ഒന്നായി ലയിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. പല പണമിടപാടുകളുടെയും 5 ശതമാനം ടിഡിഎസ് നിരക്ക് 2 ശതമാനം ടിഡിഎസ് നിരക്കിലേക്ക് ലയിപ്പിക്കുകയും മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ യുടിഐ വഴി യൂണിറ്റുകൾ തിരികെ വാങ്ങുമ്പോൾ 20 ശതമാനം ടിഡിഎസ് നിരക്ക് പിൻവലിക്കുകയും ചെയ്യുന്നു. ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരുടെ ടിഡിഎസ് നിരക്ക് ഒന്നിൽ നിന്ന് 0.1 ശതമാനമായി കുറയ്ക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല, ശമ്പളത്തിൽ നിന്ന് കുറയ്ക്കുന്നതിന് ടിഡിഎസിൽ ടിസിഎസിന്റെ ക്രെഡിറ്റ് നൽകാനും നിർദ്ദേശിച്ചു. കൂടാതെ, ടിഡിഎസ് അടയ്ക്കുന്നതിനുള്ള കാലതാമസം, പ്രസ്താവന സമർപ്പിക്കേണ്ട തീയതി വരെ കുറ്റകരമല്ലെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

ജിഎസ്‌ടിക്ക് കീഴിലുള്ള എല്ലാ പ്രധാന നികുതിദായക സേവനങ്ങളുടെയും കസ്റ്റംസ്- ആദായനികുതിക്ക് കീഴിലുള്ള മിക്ക സേവനങ്ങളുടെയും ഡിജിറ്റൽവൽക്കരണം ഉയർത്തിക്കാട്ടിയ ശ്രീമതി നിർമല സീതാരാമൻ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ അപ്പീൽ ഓർഡറുകൾ പ്രാബല്യത്തിൽ വരുത്തുന്ന തിരുത്തലും ഉത്തരവുകളും ഉൾപ്പെടെയുള്ള ബാക്കിയുള്ള എല്ലാ സേവനങ്ങളും ഡിജിറ്റൽ രൂപത്തിലാക്കുകയും കടലാസ്‌രഹിതമാക്കുകയും ചെയ്യുമെന്ന് പ്രഖ്യാപിച്ചു.

വിവിധ അപ്പീലുകളിൽ ദൃശ്യമാകുന്ന മികച്ച ഫലങ്ങൾ പരാമർശിച്ച്, വ്യവഹാരങ്ങൾക്കും അപ്പീലുകൾക്കും ഗവൺമെന്റിന്റെ ഏറ്റവും ഉയർന്ന ശ്രദ്ധ തുടർന്നും ലഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം പിന്തുടർന്ന്, അപ്പീലിൽ തീർപ്പാക്കാത്ത ചില ആദായനികുതി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ‘വിവാദ് സേ വിശ്വാസ് പദ്ധതി 2024’ ഉം ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. കൂടാതെ, നികുതി ട്രിബ്യൂണലുകൾ, ഹൈക്കോടതികൾ, സുപ്രീം കോടതികൾ എന്നിവയിൽ നേരിട്ടുള്ള നികുതി, എക്സൈസ്, സേവന നികുതി എന്നിവയുമായി ബന്ധപ്പെട്ട അപ്പീലുകൾ ഫയൽ ചെയ്യുന്നതിനുള്ള സാമ്പത്തിക പരിധി യഥാക്രമം 60 ലക്ഷം രൂപ, 2 കോടി രൂപ, 5 കോടി രൂപ എന്നിങ്ങനെ വർധിപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. വ്യവഹാരങ്ങൾ കുറയ്ക്കുന്നതിലും അന്താരാഷ്ട്ര നികുതിയിൽ ഉറപ്പ് വരുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച്,ട്രാൻസ്ഫർ പ്രൈസിംഗ് മൂല്യനിർണയ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനൊപ്പം സുരക്ഷിത ഹാർബർ നിയമങ്ങളുടെ വ്യാപ്തി വിപുലീകരിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.

നികുതി അടിത്തറ ശക്തമാക്കുന്നതിനെക്കുറിച്ച് സംസാരിച്ച ശ്രീമതി നിർമല സീതാരാമൻ, രണ്ട് പ്രധാന നടപടികൾ പ്രഖ്യാപിച്ചു. ഒന്നാമതായി, സെക്യൂരിറ്റികളുടെ ഫ്യൂച്ചറുകളുടെയും ഓപ്ഷനുകളുടെയും സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്‌സ് യഥാക്രമം 0.02 ശതമാനമായും 0.1 ശതമാനമായും വർദ്ധിപ്പിക്കാൻ നിർദ്ദേശിച്ചു. രണ്ടാമതായി, ഓഹരികൾ തിരികെ വാങ്ങുമ്പോൾ ലഭിക്കുന്ന വരുമാനത്തിന് നികുതി ചുമത്തുന്നത് ഇക്വിറ്റിയുടെ അളവുകോലായി നിർദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ നിർദ്ദേശങ്ങളുടെ സൂചനകൾ വിശദീകരിച്ച്, പ്രത്യക്ഷ നികുതി ഇനത്തിൽ 29,000 കോടി രൂപയും പരോക്ഷ നികുതിയായി 8,000 കോടി രൂപയും ഉൾപ്പെടെ ഏകദേശം 37,000 കോടി രൂപയുടെ വരുമാനം നഷ്ടമാകുമെന്നും ഏകദേശം 30,000 കോടി രൂപയുടെ വരുമാനം അധികമായി സമാഹരിക്കുമെന്നും ശ്രീമതി നിർമല സീതാരാമൻ പറഞ്ഞു. അങ്ങനെ, മൊത്തം വരുമാനം പ്രതിവർഷം ഏകദേശം 7,000 കോടി രൂപയാണ്.
 

--NS--



(Release ID: 2035727) Visitor Counter : 27