ധനകാര്യ മന്ത്രാലയം
സാമ്പത്തിക വർഷം 2025 ൽ 6.5 - 7 ശതമാനത്തിന്റെ യഥാർത്ഥ ജി ഡി പി വളർച്ച പ്രവചിച്ച് സാമ്പത്തിക സർവേ
Posted On:
22 JUL 2024 3:28PM by PIB Thiruvananthpuram
സാമ്പത്തിക വർഷം 2024 ൽ യഥാർത്ഥ ജി ഡി പി 8.2 ശതമാനം വളർച്ച കൈവരിച്ചു; നാലിൽ മൂന്ന് പാദങ്ങളിലും 8 ശതമാനം കവിഞ്ഞു
ഭരണപരവും ധനപരവുമായ നയങ്ങൾ കാരണം ചില്ലറ പണപ്പെരുപ്പം സാമ്പത്തിക വർഷം 2024 ൽ 5.4 ശതമാനമായി കുറഞ്ഞു
9.5 ശതമാനം വ്യാവസായിക വളർച്ചാ നിരക്കിനെ പിന്തുണയ്ക്കുന്ന 8.2 ശതമാനം സാമ്പത്തിക വളർച്ച
29 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിൽ താഴെ
ഇന്ത്യയുടെ ബാങ്കിങ്, ധനകാര്യ മേഖല മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു; ആർ ബി ഐ സ്ഥിരമായ പോളിസി നിരക്ക് നിലനിർത്തുന്നു
ബാങ്ക് വായ്പയിൽ ഇരട്ട-അക്കത്തിലുള്ളതും വിശാലാടിസ്ഥാനത്തിലുള്ളതുമായ വളർച്ച
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും വായ്പയിലെ ഇരട്ട അക്ക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു
സാമ്പത്തിക വർഷം 2025 ൽ പണപ്പെരുപ്പം 4.5 ശതമാനമായി കുറയുമെന്ന പ്രതീക്ഷയിൽ ആർ ബി ഐ
2023 ൽ 120 ബില്യൺ ഡോളർ എന്ന നിലയിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണമടയ്ക്കൽ സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി
അമൃതകാലത്തിൽ പ്രാധാന്യം നൽകുന്ന ആറു മേഖലകൾ - സ്വകാര്യ നിക്ഷേപം വർധിപ്പിക്കൽ, ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വിപുലീകരണം, വളർച്ചാ യന്ത്രമാകുന്ന കൃഷി, ഹരിത പരിവർത്തനത്തിന് ധനസഹായം നൽകൽ, വിദ്യാഭ്യാസ-തൊഴിൽ അന്തരം നികത്തൽ, സംസ്ഥാനങ്ങളുടെ ശേഷി വർധിപ്പിക്കൽ
കാലാവസ്ഥാ പ്രവർത്തനത്തിലും ഊർജ കാര്യക്ഷമതയിലും ഇന്ത്യ പുരോഗതി കൈവരിച്ചു; ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് 45.4 ശതമാനം വൈദ്യുതി ഉൽപ്പാദനം
ഹരിതഗൃഹ വാതക പുറന്തള്ളലിൽ നിന്നുള്ള സാമ്പത്തിക വളർച്ച ഇന്ത്യ വേർതിരിക്കുന്നു; 2005-19 കാലഘട്ടത്തിൽ ജി ഡി പി 7 ശതമാനവും പുറന്തള്ളൽ 4 ശതമാനവും ആയിരുന്നു
ജിനി ഗുണാങ്കം കുറഞ്ഞ്, സാമൂഹിക മേഖലയിലെ സംരംഭങ്ങൾ അസമത്വം കുറയ്ക്കുന്നതിന് അടിവരയിടുന്നു
34.7 കോടിയിലധികം ആയുഷ്മാൻ ഭാരത് കാർഡുകൾ നൽകി; 7.37 കോടി ആശുപത്രി പ്രവേശനത്തിന് സഹായമേകി
ആയുഷ്മാൻ ഭാരതിന്റെ പരിധിയിൽ 22 മാനസിക വൈകല്യങ്ങളും ഉൾപ്പെടുത്തി
ഗവേഷണ – വികസനത്തിൽ ദ്രുതഗതിയിലുള്ള പുരോഗതി, സാമ്പത്തിക വർഷം 2020 ലെ 25,000 - ത്തിൽ താഴെയുള്ള പേറ്റന്റുകളെ അപേക്ഷിച്ച്, സാമ്പത്തിക വർഷം 2024 - ൽ ഒരു ലക്ഷം പേറ്റന്റുകൾക്ക് അനുമതി നൽകി
ഇ പി എഫ് ഒ - യിലേക്കുള്ള അറ്റ ശമ്പള കൂട്ടിച്ചേർക്കലുകൾ 2019 സാമ്പത്തിക വർഷത്തിലെ 61.1 ലക്ഷത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 131.5 ലക്ഷം എന്ന നിലയിൽ ഇരട്ടിയായി
2029-30 ഓടെ ഗിഗ് തൊഴിൽശക്തി 2.35 കോടിയായി വികസിപ്പിക്കും
കൃഷിയും അനുബന്ധ മേഖലകളും കഴിഞ്ഞ 5 വർഷമായി 4.18 ശതമാനം ശരാശരി വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി
കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള ശക്തമായ വളർച്ചാ കേന്ദ്രങ്ങളായും സ്രോതസ്സുകളായും അനുബന്ധ കാർഷിക മേഖലകൾ ഉയർന്നുവരുന്നു
കാർഷിക ഗവേഷണത്തിലെ നിക്ഷേപം ഭക്ഷ്യസുരക്ഷയ്ക്ക് സംഭാവന നൽകുന്നു; നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും 13.85 രൂപ പ്രതിഫലം
50 ബില്യൺ യുഎസ് ഡോളർ എന്ന നിലയിൽ ഇന്ത്യയുടെ ഔഷധ വിപണി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ വിപണിയായി
'സ്വയം പര്യാപ്ത ഭാരതം' ആകുന്നതിനുള്ള പി എൽ ഐ പദ്ധതികൾ 1.28 ലക്ഷം കോടി രൂപ നിക്ഷേപം ആകർഷിക്കുന്നു
2022-ലെ ലോകത്തിലെ വാണിജ്യ കയറ്റുമതിയുടെ 4.4 % ഇന്ത്യയുടെ സേവന കയറ്റുമതിയാണ്
ഡിജിറ്റൽ സേവന കയറ്റുമതിയിൽ ഇന്ത്യയുടെ പങ്ക് 2023 ൽ 6 % ആണ്; ഇന്ത്യയിൽ 1,580 ആഗോള ശേഷി കേന്ദ്രങ്ങളുണ്ട്
2023-ൽ 92 ലക്ഷം വിദേശ വിനോദ സഞ്ചാരികളുടെ വരവിന് ഇന്ത്യ സാക്ഷ്യം വഹിച്ചു
ഇന്ത്യൻ ഇ-കൊമേഴ്‌സ് വ്യവസായം 2030-ഓടെ 350 ബില്യൺ ഡോളർ കടക്കും
ദേശീയ പാത നിർമ്മാണത്തിന്റെ ശരാശരി വേഗത സാമ്പത്തിക വർഷം 2014 ലെ പ്രതിദിനം 11.7 കി.മീ എന്ന നിലയിൽ നിന്ന് സാമ്പത്തിക വർഷം 2024-ഓടെ പ്രതിദിനം 34 കി.മീ എന്ന നിലയിൽ 3 മടങ്ങ് വർദ്ധിച്ചു
കഴിഞ്ഞ 5 വർഷത്തിനിടെ റെയിൽവേ പദ്ധതിച്ചെലവ് 77 ശതമാനം വർധിച്ചു
21 വിമാനത്താവളങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കി
മിഷൻ ലൈഫ് മാനുഷിക-പ്രകൃതി സൗഹാർദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു; ശ്രദ്ധാപൂർവ്വമായ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നു
സാമ്പത്തിക സർവേ 2023-24 പ്രധാന സവിശേഷതകൾ
കേന്ദ്ര ധനകാര്യ കോർപ്പറേറ്റ് കാര്യ മന്ത്രി ശ്രീമതി നിർമല സീതാരാമൻ സാമ്പത്തിക സർവേ 2023-24 ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചു. സാമ്പത്തിക സർവേയുടെ പ്രധാന സവിശേഷതകൾ ഇനി പറയുന്നു:
അധ്യായം 1: സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥ – സുസ്ഥിരമായ മുന്നേറ്റം
· സാമ്പത്തിക സർവേ 6.5-7 ശതമാനം യഥാർത്ഥ ജിഡിപി വളർച്ച പ്രവചിക്കുന്നു, അപായസാധ്യതകൾ തുല്യമായി സന്തുലിതമാണ്, വിപണി പ്രതീക്ഷകൾ ഉയർന്ന നിലയിലാണെന്ന വസ്തുത മനസ്സിലാക്കുന്നു.
· ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ബാഹ്യമായ വെല്ലുവിളികൾക്കിടയിലും 2023 സാമ്പത്തിക വർഷത്തിൽ സൃഷ്ടിച്ച വേഗത 2024 വരെ മുന്നോട്ട് കൊണ്ടുപോയി. സ്ഥൂല സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്, ബാഹ്യ വെല്ലുവിളികൾ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയിൽ ചെലുത്തുന്ന സ്വാധീനം കുറവായിരിക്കുമെന്ന് ഉറപ്പാക്കി.
· 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം വർദ്ധിച്ചു, 2024 സാമ്പത്തിക വർഷത്തിലെ നാലിൽ മൂന്ന് പാദങ്ങളിലും ഇത് 8 ശതമാനം കവിഞ്ഞു.
· വിതരണ വശത്ത്, മൊത്ത മൂല്യവർദ്ധിത (ജി വി എ) 2024 സാമ്പത്തിക വർഷത്തിൽ 7.2 ശതമാനവും (2011-12 വിലയിൽ) സ്ഥിരമായ വിലകളിലെ അറ്റ നികുതി 2024 സാമ്പത്തിക വർഷത്തിൽ 19.1 ശതമാനവും വർദ്ധിച്ചു.
· ഭരണനിർവഹണ – പണ നയങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്തതിലൂടെ റീട്ടെയിൽ പണപ്പെരുപ്പം സാമ്പത്തിക വർഷം 2023 ലെ 6.7 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിൽ 5.4 ശതമാനമായി കുറഞ്ഞു.
· കറന്റ് അക്കൗണ്ട് കമ്മി (സി എ ഡി) 2024 സാമ്പത്തിക വർഷത്തിൽ ജിഡിപിയുടെ 0.7 ശതമാനമായിരുന്നു, ഇത് 2023 സാമ്പത്തിക വർഷത്തിലെ ജി ഡി പി യുടെ 2.0 ശതമാനം എന്ന നിലയിൽ നിന്ന് മെച്ചപ്പെട്ടു.
· മഹാമാരിക്കു ശേഷം ക്രമാനുഗതമായ രീതിയിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ തിരിച്ചു വരികയും വികസിക്കുകയും ചെയ്തു. സാമ്പത്തിക വർഷം 2024 ലെ യഥാർത്ഥ ജിഡിപി 2020 സാമ്പത്തിക വർഷത്തിലെ നിലവാരത്തേക്കാൾ 20 ശതമാനം കൂടുതലായിരുന്നു. വളരെ കുറച്ച് പ്രധാന സമ്പദ്‌വ്യവസ്ഥകൾ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്.
· നികുതിയുടെ 55% പ്രത്യക്ഷ നികുതിയിൽ നിന്നും ബാക്കി 45% പരോക്ഷ നികുതിയിൽ നിന്നുമാണ്.
· 81.4 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കാൻ ഗവണ്മെന്റിനു കഴിഞ്ഞു. മൂലധനച്ചെലവിനായി അനുവദിച്ച ആകെ ചെലവ് പടിപടിയായി വർദ്ധിച്ചു.
അധ്യായം 2: പണ നിർവഹണവും സാമ്പത്തിക ഇടനിലയും - സ്ഥിരതയാണ് കാവൽവചനം
· 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ബാങ്കിംഗ്, സാമ്പത്തിക മേഖലകൾ മികച്ച പ്രകടനം കാഴ്ചവച്ചു.
· മൊത്തത്തിലുള്ള പണപ്പെരുപ്പ നിരക്ക് നിയന്ത്രണവിധേയമായതോടെ ആർ ബി ഐ വർഷം മുഴുവനും സ്ഥിരമായ നയ നിരക്ക് നിലനിർത്തി.
· ധന നയ സമിതി (എം പി സി) 2024 സാമ്പത്തിക വർഷത്തിൽ പോളിസി റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തി. വളർച്ചയെ പിന്തുണയ്ക്കുമ്പോൾ പണപ്പെരുപ്പം അതിന്റെ ലക്ഷ്യവുമായി ക്രമേണ പൊരുത്തപ്പെടാൻ കാരണമായി.
· ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ (എസ് സി ബി) വായ്പ വിതരണം, 2024 മാർച്ച് അവസാനത്തോടെ 20.2 ശതമാനം വളർച്ച നേടി 164.3 ലക്ഷം കോടി രൂപയായി.
· എച്ച്‌ഡിഎഫ്‌സി ബാങ്കുമായുള്ള എച്ച്‌ഡിഎഫ്‌സി ലയനത്തിന്റെ ആഘാതം ഒഴികെയുള്ള ബ്രോഡ് മണി (എം3) വളർച്ച, 2024 മാർച്ച് 22 ലെ കണക്കനുസരിച്ച് 11.2 ശതമാനമാണ് (YoY); ഒരു വർഷം മുമ്പ് ഇത് 9 ശതമാനമായിരുന്നു.
· ബാങ്ക് വായ്പയിലെ ഇരട്ട അക്കമുള്ളതും വിശാലവുമായ വളർച്ച, ഒന്നിലധികം വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള മൊത്ത - അറ്റ നിഷ്‌ക്രിയ ആസ്തികൾ, ബാങ്ക് ആസ്തി ഗുണനിലവാരത്തിലെ പുരോഗതി എന്നിവ ആരോഗ്യകരവും സുസ്ഥിരവുമായ ബാങ്കിംഗ് മേഖലയോടുള്ള ഗവണ്മെന്റിനെറ പ്രതിബദ്ധത എടുത്തു കാണിക്കുന്നു.
· വായ്പ വളർച്ച ശക്തമായി തുടരുന്നത് പ്രധാനമായും സേവനങ്ങൾക്കും വ്യക്തിഗത വായ്പകൾക്കും നൽകുന്നതിനാലാണ്.
· 2024 സാമ്പത്തിക വർഷത്തിൽ വായ്പയിൽ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും ഇരട്ട അക്ക വളർച്ച കൈവരിച്ചു.
· വ്യാവസായിക വായ്പാ വളർച്ച ഒരു വർഷം മുമ്പത്തെ 5.2 ശതമാനത്തിൽ നിന്ന് 8.5 ശതമാനമായി.
· ഇരട്ട നീക്കിയിരിപ്പ് ഷീറ്റ് പ്രശ്‌നത്തിനുള്ള ഫലപ്രദമായ പരിഹാരമായി ഐ ബി സി അംഗീകരിക്കപ്പെട്ടു. കഴിഞ്ഞ 8 വർഷത്തിനിടെ, 2024 മാർച്ച് വരെ, 13.9 ലക്ഷം കോടി രൂപ മൂല്യമുള്ള 31,394 കോർപ്പറേറ്റ് കടക്കാരുടെ കാര്യം തീർപ്പാക്കി.
· 2024 സാമ്പത്തിക വർഷത്തിൽ 10.9 ലക്ഷം കോടി രൂപ മൂലധന രൂപീകരണത്തിന് പ്രാഥമിക മൂലധന വിപണി സഹായിച്ചു (സാമ്പത്തിക വർഷത്തിൽ സ്വകാര്യ, പൊതു കോർപ്പറേറ്റുകളുടെ മൊത്തത്തിലുള്ള മൂലധന രൂപീകരണത്തിന്റെ ഏകദേശം 29 ശതമാനം).
· ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂലധനം ശ്രദ്ധേയമായ കുതിച്ചുചാട്ടത്തിനു സാക്ഷ്യം വഹിച്ചു. വിപണി മൂലധനവും ജിഡിപി അനുപാതവും ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തേതാണ്.
· സാമ്പത്തിക ഉൾപ്പെടുത്തൽ ഒരു ലക്ഷ്യം മാത്രമല്ല, സുസ്ഥിര സാമ്പത്തിക വളർച്ചയ്ക്കും അസമത്വം കുറയ്ക്കുന്നതിനും ദാരിദ്ര്യ നിർമാർജനത്തിനും സഹായകമാണ്. അടുത്ത വലിയ വെല്ലുവിളി ഡിജിറ്റൽ സാമ്പത്തിക ഉൾച്ചേർക്കൽ (ഡി എഫ് ഐ) ആണ്.
· വായ്പയ്ക്കുള്ള ബാങ്കിംഗ് പിന്തുണയുടെ ആധിപത്യം ക്രമാനുഗതമായി കുറയുകയും മൂലധന വിപണികളുടെ പങ്ക് ഉയരുകയും ചെയ്യുന്നു. ഇന്ത്യയുടെ സാമ്പത്തിക മേഖല നിർണായകമായ പരിവർത്തനത്തിന് വിധേയമാകുമ്പോൾ, അത് അപായ സാധ്യതകളെ നേരിടണം.
· വരും ദശകത്തിൽ അതിവേഗം വളരുന്ന ഇൻഷുറൻസ് വിപണികളിലൊന്നായി ഉയർന്നുവരാൻ ഇന്ത്യ ഒരുങ്ങുകയാണ്.
· ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മൈക്രോഫിനാൻസ് മേഖലയാണ് ഇന്ത്യൻ മൈക്രോഫിനാൻസ് മേഖല.
അധ്യായം 3: വിലയും പണപ്പെരുപ്പവും- നിയന്ത്രണത്തിൽ
· കേന്ദ്ര ഗവൺമെന്റിന്റെ സമയോചിതമായ നയ ഇടപെടലുകളും റിസർവ് ബാങ്കിന്റെ വിലസ്ഥിരതാ നടപടികളും റീട്ടെയിൽ പണപ്പെരുപ്പം 5.4 ശതമാനത്തിൽ നിലനിർത്താൻ സഹായിച്ചു – മഹാമാരിക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്.
· കേന്ദ്ര ഗവണ്മെന്റ് എൽപിജി, പെട്രോൾ, ഡീസൽ എന്നിവയുടെ വില കുറച്ചു. തൽഫലമായി, 24 സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ ഇന്ധന പണപ്പെരുപ്പം താഴ്ന്ന നിലയിലാണ്.
· 2023 ഓഗസ്റ്റിൽ, ഇന്ത്യയിലെ എല്ലാ വിപണികളിലും ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില സിലിണ്ടറിന് 200 രൂപ കുറച്ചിരുന്നു. അതിനുശേഷം, എൽപിജി വിലക്കയറ്റം പണപ്പെരുപ്പ മേഖലയിലാണ്.
· കൂടാതെ, കേന്ദ്രം പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 2 രൂപ കുറച്ചു. തൽഫലമായി, വാഹനങ്ങളിൽ ഉപയോഗിക്കുന്ന പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിലക്കയറ്റവും പണപ്പെരുപ്പ മേഖലയിലേക്ക് നീങ്ങി.
· ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും വിലസ്ഥിരത ഉറപ്പാക്കി വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ നയം നൈപുണ്യത്തോടെ മുന്നോട്ടു നയിച്ചു.
· അടിസ്ഥാന സേവന പണപ്പെരുപ്പം സാമ്പത്തിക വർഷം 2024-ൽ ഒമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി; അതേ സമയം, പ്രധാന ചരക്ക് പണപ്പെരുപ്പവും നാല് വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്ക് താഴ്ന്നു.
· വ്യവസായങ്ങളിലേക്കുള്ള പ്രധാന ചേരുവ സാമഗ്രികളുടെ മെച്ചപ്പെട്ട വിതരണം കാരണം 2024 സാമ്പത്തിക വർഷത്തിൽ, പ്രധാന ദീർഘകാല ഉപഭോക്തൃ പണപ്പെരുപ്പം കുറഞ്ഞു.
· കാലാവസ്ഥാ വ്യതിയാനങ്ങൾ, ശോഷിച്ച ജലസംഭരണികൾ, വിളനാശം എന്നിവ കാരണം കാർഷിക മേഖല വെല്ലുവിളികൾ നേരിട്ടു. ഇത് കാർഷിക ഉൽപാദനത്തെയും ഭക്ഷ്യവിലയെയും ബാധിച്ചു. 2023 സാമ്പത്തിക വർഷത്തിൽ 6.6 ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 7.5 ശതമാനമായി ഉയർന്നു.
· ഡൈനാമിക് സ്റ്റോക്ക് മാനേജ്മെന്റ്, തുറന്ന വിപണി പ്രവർത്തനങ്ങൾ, അവശ്യ ഭക്ഷ്യവസ്തുക്കളുടെ സബ്സിഡി വിതരണം, ഭക്ഷ്യ വിലക്കയറ്റം ലഘൂകരിക്കാൻ സഹായിക്കുന്ന വ്യാപാര നയ നടപടികൾ എന്നിവ ഉൾപ്പെടെയുള്ള ഉചിതമായ ഭരണപരമായ നടപടികൾ ഗവണ്മെന്റ് സ്വീകരിച്ചു.
· 29 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും 2024 സാമ്പത്തിക വർഷത്തിൽ 6 ശതമാനത്തിൽ താഴെയാണ് പണപ്പെരുപ്പം രേഖപ്പെടുത്തിയത്.
· കൂടാതെ, ഉയർന്ന മൊത്തത്തിലുള്ള പണപ്പെരുപ്പം അനുഭവിക്കുന്ന സംസ്ഥാനങ്ങൾക്ക് ഗ്രാമീണ-നഗര പണപ്പെരുപ്പ അന്തരം കൂടുതലാണ്. ഗ്രാമീണ പണപ്പെരുപ്പം നഗര പണപ്പെരുപ്പത്തെ മറികടക്കുന്നു.
· മുന്നോട്ട് പോകുമ്പോൾ, സാധാരണ മൺസൂൺ ആണെങ്കിൽ, ബാഹ്യമോ നയപരമോ ആയ ആഘാതങ്ങളോ ഇല്ലെങ്കിൽ, സാമ്പത്തിക വർഷം 2025-ൽ പണപ്പെരുപ്പം 4.5 ശതമാനമായും 2026-ൽ 4.1 ശതമാനമായും കുറയുമെന്ന് ആർ ബി ഐ പ്രതീക്ഷിക്കുന്നു.
· ഇന്ത്യയിൽ പണപ്പെരുപ്പം 2024ൽ 4.6 ശതമാനവും 2025ൽ 4.2 ശതമാനവും ആയിരിക്കുമെന്ന് ഐ എം എഫ് പ്രവചിക്കുന്നു.
അധ്യായം 4 : ബാഹ്യ മേഖല – സമൃദ്ധിക്കിടയിൽ സ്ഥിരത
· നാണയപ്പെരുപ്പത്തോടൊപ്പമുള്ള ഭൗമരാഷ്ട്രീയ പ്രതിസന്ധികൾക്ക് ഇടയിലും ഇന്ത്യയുടെ ബാഹ്യമേഖല കരുത്തോടെ തുടർന്നു.
· ലോകബാങ്കിന്റെ ലോജിസ്റ്റിക് പ്രകടന സൂചികയിൽ 139 രാജ്യങ്ങളിൽ ഇന്ത്യയുടെ റാങ്ക് ആറ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി, 2018-ലെ 44-ൽ നിന്ന് 2023-ൽ 38-ാം സ്ഥാനത്തേക്ക് ഉയർന്നു.
· ചരക്ക് ഇറക്കുമതിയിലെ മിതത്വവും വർദ്ധിച്ചുവരുന്ന സേവന കയറ്റുമതിയും ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി മെച്ചപ്പെടുത്തി, ഇത് 2024 സാമ്പത്തിക വർഷത്തിൽ 0.7 ശതമാനം കുറഞ്ഞു.
· ചരക്കുകളുടെയും സേവനങ്ങളുടെയും ആഗോള കയറ്റുമതിയിൽ ഇന്ത്യ വിപണി വിഹിതം നേടുന്നു. ആഗോള ചരക്ക് കയറ്റുമതിയിൽ അതിന്റെ പങ്ക് സാമ്പത്തിക വർഷം 2024-ൽ 1.8 ശതമാനമായിരുന്നു, സാമ്പത്തിക വർഷം 2016-സാമ്പത്തിക വർഷം 2020 കാലത്ത് ഇത് ശരാശരി 1.7 ശതമാനമായിരുന്നു.
· 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സേവന കയറ്റുമതി 4.9 ശതമാനം വർധിച്ച് 341.1 ബില്യൺ ഡോളറിലെത്തി.
· 2023-ൽ പണമയയ്ക്കൽ 120 ബില്യൺ ഡോളർ എന്ന നാഴികക്കല്ലിലെത്തി; ഇതിലൂടെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പണം സ്വീകരിക്കുന്ന രാജ്യമായി ഇന്ത്യ മാറി.
· ഇന്ത്യയുടെ വിദേശ കടം വർഷങ്ങളായി സുസ്ഥിരമാണ്, 2024 മാർച്ച് അവസാനത്തോടെ വിദേശ കടം- ജിഡിപി അനുപാതം 18.7 ശതമാനമാണ്.
അധ്യായം 5: ഇടത്തരം കാഴ്ചപ്പാട് – നവ ഇന്ത്യക്കായുള്ള വളർച്ചാ തന്ത്രം
· ഹ്രസ്വവും ഇടത്തരവുമായ കാലയളവിൽ നയപരമായ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖലകൾ - തൊഴിലും നൈപുണ്യ സൃഷ്ടിയും, കാർഷിക മേഖലയുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തൽ, എം എസ് എം ഇ പ്രതിസന്ധികൾ പരിഹരിക്കൽ, ഇന്ത്യയുടെ ഹരിത പരിവർത്തനം കൈകാര്യം ചെയ്യൽ, ചൈനീസ് പ്രശ്നം സമർത്ഥമായി കൈകാര്യം ചെയ്യൽ, കോർപ്പറേറ്റ് ബോണ്ട് വിപണിയെ ആഴത്തിലാക്കൽ, അസമത്വം കൈകാര്യം ചെയ്യൽ, നമ്മുടെ യുവജനങ്ങളുടെ ആരോഗ്യനിലവാരം മെച്ചപ്പെടുത്തൽ
· സ്വകാര്യ നിക്ഷേപം വർധിപ്പിക്കൽ, എം എസ് എം ഇ - കളുടെ വികാസം, വളർച്ചാ യന്ത്രമാകുന്ന കൃഷി, ഹരിത പരിവർത്തനത്തിന് ധനസഹായം, വിദ്യാഭ്യാസ-തൊഴിൽ അന്തരം നികത്തൽ, സംസ്ഥാനങ്ങളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നീ ആറ് പ്രധാന മേഖലകളെ അടിസ്ഥാനമാക്കിയുള്ള അമൃതകാലത്തിന്റെ വളർച്ചാ തന്ത്രം
· ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ 7 ശതമാനത്തിൽ അധികമായി വളരണമെങ്കിൽ, കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും സ്വകാര്യമേഖലയും തമ്മിൽ ത്രികക്ഷി കരാർ ആവശ്യമാണ്.
അധ്യായം 6: കാലാവസ്ഥാ വ്യതിയാനവും ഊർജ പരിവർത്തനവും: വ്യാപാരം കൈകാര്യം ചെയ്യൽ
· 2-ഡിഗ്രി സെന്റിഗ്രേഡ് താപനത്തിന് അനുസൃതമായ ഒരേയൊരു ജി-20 രാജ്യമായ ഇന്ത്യയുടെ കാലാവസ്ഥാ പ്രവർത്തനങ്ങൾ കൈവരിക്കാനുള്ള പ്രതിബദ്ധതയെ അംഗീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര ധനകാര്യ കോർപ്പറേഷന്റെ ഒരു റിപ്പോർട്ട് എടുത്തുകാണിക്കുന്നു.
· പുനരുൽപ്പാദക ഊർജ്ജ ശേഷിയിലെ വർദ്ധനയുടെയും ഊർജ്ജ കാര്യക്ഷമതയിലെ പുരോഗതിയുടെയും അടിസ്ഥാനത്തിൽ കാലാവസ്ഥാ പ്രവർത്തനത്തിൽ ഇന്ത്യ ഗണ്യമായ പുരോഗതി കൈവരിച്ചു.
· 2024 മെയ് 31 വരെയുള്ള കണക്കനുസരിച്ച്, സ്ഥാപിതമായ വൈദ്യുതി ഉൽപാദന ശേഷിയിൽ ഫോസിൽ ഇതര സ്രോതസ്സുകളുടെ പങ്ക് 45.4 ശതമാനത്തിലെത്തി.
· കൂടാതെ, രാജ്യം അതിന്റെ ജിഡിപിയുടെ പുറന്തള്ളൽ തീവ്രത 2005 ലെ നിലവാരത്തിൽ നിന്ന് 2019 ൽ 33 ശതമാനം കുറച്ചു.
· 2005-നും 2019-നും ഇടയിൽ ഇന്ത്യയുടെ ജിഡിപി ഏകദേശം 7 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കോടെ (സി എ ജി ആർ) വളർന്നു. അതേസമയം പുറന്തള്ളൽ ഏകദേശം 4 ശതമാനം സി എ ജി ആറിൽ വളർന്നു.
· കൽക്കരി വാതകവൽക്കരണ ദൗത്യം ഉൾപ്പെടെ നിരവധി സംശുദ്ധ കൽക്കരി സംരംഭങ്ങൾ ഗവണ്മെന്റ് ആരംഭിച്ചിട്ടുണ്ട്.
· മൊത്തം 51 ദശലക്ഷം ടൺ എണ്ണയ്ക്കു തുല്യമായ വാർഷിക ഊർജ ലാഭം, മൊത്തം വാർഷിക ചെലവ് 1,94,320 കോടി രൂപ ലാഭിക്കുകയും ഏകദേശം 306 ദശലക്ഷം ടൺ പുറന്തള്ളൽ കുറയ്ക്കുകയും ചെയ്യുന്നു.
· പുനരുപയോഗ ഊർജവും സംശുദ്ധ ഇന്ധനങ്ങളും വികസിപ്പിക്കുന്നത് ഭൂമിയുടെയും വെള്ളത്തിന്റെയും ആവശ്യം വർദ്ധിപ്പിക്കും.
· ഗവണ്മെന്റ് 2023 ജനുവരി -ഫെബ്രുവരി മാസങ്ങളിൽ 16,000 കോടി രൂപയുടെയും തുടർന്ന് 2023 ഒക്ടോബർ - ഡിസംബർ മാസങ്ങളിൽ 20,000 കോടി രൂപയുടെയും സോവറിൻ ഹരിത ബോണ്ടുകൾ പുറത്തിറക്കി.
അധ്യായം 7: സാമൂഹിക മേഖല - ശാക്തീകരിക്കുന്ന നേട്ടങ്ങൾ
· പുതിയ ക്ഷേമ സമീപനം ഓരോ രൂപയ്ക്കും ചെലവഴിക്കുന്ന സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭരണം എന്നിവയുടെ ഡിജിറ്റൽ രൂപാന്തരണം ഒരു ക്ഷേമ പരിപാടിക്കായി ചെലവഴിക്കുന്ന ഓരോ രൂപയുടെയും ശക്തി വർദ്ധിപ്പിക്കുന്നു.
· സാമ്പത്തിക വർഷം 2018-നും സാമ്പത്തിക വർഷം 2024-നും ഇടയിൽ, നാമമാത്രമായ ജി ഡി പി 9.5% സി എ ജി ആറിൽ വളർന്നു; അതേസമയം ക്ഷേമ ചെലവ് 12.8 % സി എ ജി ആറിൽ വളർന്നു.
· അസമത്വത്തിന്റെ സൂചകമായ ജിനി ഗുണാങ്കം ഗ്രാമീണ മേഖലയിൽ 0.283ൽ നിന്ന് 0.266 ആയും രാജ്യത്തെ നഗരമേഖലയിൽ 0.363ൽ നിന്ന് 0.314 ആയും കുറഞ്ഞു.
· 34.7 കോടിയിലധികം ആയുഷ്മാൻ ഭാരത് കാർഡുകൾ നൽകി. കൂടാതെ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന 7.37 കോടി പേരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
· മാനസികാരോഗ്യം ഉറപ്പാക്കുക എന്ന വെല്ലുവിളി ആന്തരികമായും സാമ്പത്തികമായും വിലപ്പെട്ടതാണ്. ആയുഷ്മാൻ ഭാരത് – പി എം ജെ എ വൈ ആരോഗ്യ ഇൻഷുറൻസിന് കീഴിൽ 22 മാനസിക വൈകല്യങ്ങൾ ഉൾപ്പെടുത്തി.
· അങ്കണവാടി കേന്ദ്രങ്ങളിൽ ലോകത്തിലെ ഏറ്റവും വലുതും സാർവത്രികവും ഉയർന്ന നിലവാരമുള്ളതുമായ പ്രീസ്‌കൂൾ ശൃംഖല വികസിപ്പിക്കാൻ ബാല്യകാല വിദ്യാഭ്യാസത്തിനായുള്ള ‘പോഷൺ ഭി പധായ് ഭി’ പരിപാടി ലക്ഷ്യമിടുന്നു.
· സാമുദായിക ഇടപഴകലിലൂടെയും സന്നദ്ധ സംഭാവനകളിലൂടെയും വിദ്യാർത്ഥികൾക്ക് സൗകര്യമൊരുക്കുന്ന വിദ്യാഞ്ജലി സംരംഭം 1.44 കോടിയിലധികം വിദ്യാർഥികളുടെ വിദ്യാഭ്യാസ അനുഭവങ്ങൾ വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
· ഉന്നതവിദ്യാഭ്യാസത്തിലെ പ്രവേശനത്തിലെ വർധനയ്ക്ക് എസ് സി, എസ് ടി, ഒ ബി സി തുടങ്ങിയ വിഭാഗങ്ങൾ കാരണമായി. ഈ വിഭാഗങ്ങളിലുടനീളം സ്ത്രീ പ്രവേശനത്തിൽ അതിവേഗ വളർച്ചയുണ്ടായി, സാമ്പത്തിക വർഷം 2015 മുതൽ 31.6 ശതമാനം വർദ്ധന രേഖപ്പെടുത്തി.
· 2020 സാമ്പത്തിക വർഷത്തിൽ 25,000-ൽ താഴെ പേറ്റന്റ് ഗ്രാന്റുകൾ ലഭിച്ചപ്പോൾ, 2024-ൽ ഒരു ലക്ഷത്തോളം പേറ്റന്റുകൾ അനുവദിച്ചുകൊണ്ട്, ഗവേഷണ-വികസനത്തിൽ ഇന്ത്യ അതിവേഗം പുരോഗമിക്കുകയാണ്.
· 2025 സാമ്പത്തിക വർഷത്തിൽ ഗവണ്മെന്റ് വകയിരുത്തിയത് 3.10 ലക്ഷം കോടി രൂപയാണ്; ഇത് സാമ്പത്തിക വർഷം 2014 (ബിഇ) നെ അപേക്ഷിച്ച് 218.8 ശതമാനം വർദ്ധന കാണിക്കുന്നു.
· പിഎം ആവാസിനു (ഗ്രാമീൺ) കീഴിൽ, കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ 2.63 കോടി വീടുകൾ പാവപ്പെട്ടവർക്കായി നിർമ്മിച്ചു (2024 ജൂലൈ 10 വരെ).
· 2014-15 മുതൽ (2024 ജൂലൈ 10 വരെ) ഗ്രാം സഡക് യോജന പ്രകാരം 15.14 ലക്ഷം കിലോമീറ്റർ റോഡ് നിർമാണം പൂർത്തിയാക്കി.
അധ്യായം 8: തൊഴിലും നൈപുണ്യ വികസനവും: ഗുണനിലവാരത്തിലേക്ക്
· 2022-23ൽ തൊഴിലില്ലായ്മ നിരക്ക് 3.2 ശതമാനമായി കുറഞ്ഞതോടെ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ത്യൻ തൊഴിൽ വിപണി സൂചികകൾ മെച്ചപ്പെട്ടു.
· 15 വയസും അതിനുമുകളിലും പ്രായമുള്ളവരുടെ ത്രൈമാസ നഗര തൊഴിലില്ലായ്മ നിരക്ക് 2024 മാർച്ചിൽ അവസാനിച്ച പാദത്തിൽ മുൻവർഷത്തെ ഇതേ പാദത്തിലെ 6.8 ശതമാനത്തിൽ നിന്ന് 6.7 ശതമാനമായി കുറഞ്ഞു.
· പി എൽ എഫ് എസ് അനുസരിച്ച്, 45 ശതമാനത്തിലധികം തൊഴിലാളികൾ കാർഷിക മേഖലയിലും 11.4 ശതമാനം ഉൽപ്പാദന മേഖലയിലും 28.9 ശതമാനം സേവന മേഖലയിലും 13.0 ശതമാനം നിർമ്മാണ മേഖലയിലും ജോലി ചെയ്യുന്നു.
· പി എൽ എഫ് എസ് അനുസരിച്ച്, യുവാക്കളുടെ (പ്രായം 15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 2017-18 ലെ 17.8 ശതമാനത്തിൽ നിന്ന് 2022-23 ൽ 10 ശതമാനമായി കുറഞ്ഞു.
· ഇ പി എഫ് ഒ ശമ്പളപ്പട്ടികയിലെ പുതിയ വരിക്കാരിൽ ഏകദേശം മൂന്നിൽ രണ്ട് പേരും 18-28 വയസ് പ്രായമുള്ളവരാണ്.
· ലിംഗപരമായ വീക്ഷണകോണിൽ, ആറ് വർഷമായി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (എഫ് എൽ എഫ് പി ആർ) വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
· എ എസ് ഐ 2021-22 പ്രകാരം, സംഘടിത ഉൽപ്പാദന മേഖലയിലെ തൊഴിൽ മഹാമാരിക്കു മുമ്പുള്ള തലത്തേക്കാൾ ഉയർന്നു, മഹാമാരിക്കു മുമ്പുള്ള വർധന തുടരുന്നതിനാൽ ഓരോ ഫാക്ടറിയിലും തൊഴിൽ അവസസരങ്ങൾ വർധിക്കുകയാണ്.
· 2015-2022 സാമ്പത്തിക വർഷ കാലയളവിൽ, ഗ്രാമപ്രദേശങ്ങളിലെ ഓരോ തൊഴിലാളിയുടെയും വേതനം നഗരപ്രദേശങ്ങളിലെ 6.1 ശതമാനം സി എ ജി ആറിനെ അപേക്ഷിച്ച് 6.9 % സി എ ജി ആറായി വർദ്ധിച്ചു.
· 100-ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന ഫാക്ടറികളുടെ എണ്ണം 2018-22 സാമ്പത്തിക വർഷത്തേക്കാൾ 11.8 ശതമാനം വളർച്ച കൈവരിച്ചു.
· ചെറിയ ഫാക്ടറികളേക്കാൾ വലിയ ഫാക്ടറികളിൽ (100-ലധികം തൊഴിലാളികൾ ജോലിചെയ്യുന്ന) തൊഴിൽ വർധിച്ചുവരികയാണ്, ഇത് നിർമ്മാണ യൂണിറ്റുകളുടെ തോത് വർദ്ധിപ്പിക്കാൻ നിർദ്ദേശിക്കുന്നു.
· ഇ പി എഫ് ഒയിൽ വാർഷിക അറ്റ ശമ്പളം കൂട്ടിച്ചേർക്കുന്നത് 2019 സാമ്പത്തിക വർഷത്തിലെ 61.1 ലക്ഷത്തിൽ നിന്ന് 24 സാമ്പത്തിക വർഷത്തിൽ 131.5 ലക്ഷം എന്ന നിലയിൽ ഇരട്ടിയായി.
· ഇ പി എഫ് ഒ അംഗത്വ സംഖ്യ സാമ്പത്തിക വർഷം 2015 നും സാമ്പത്തിക വർഷം 2024 നും ഇടയിൽ 8.4 ശതമാനം സി എ ജി ആർ വർദ്ധിച്ചു.
· വ്യാവസായിക റോബോട്ടുകൾ മനുഷ്യാധ്വാനം പോലെ വേഗതയുള്ളതോ ചെലവ് കുറഞ്ഞതോ അല്ലാത്തതിനാൽ നിർമ്മാണ മേഖല നിർമിത ബുദ്ധിയുമായി സമ്പർക്കം പുലർത്തുന്നില്ല.
· 2029-30 ഓടെ ഗിഗ് തൊഴിൽ ശക്തി 2.35 കോടിയായി വികസിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
· ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 2030 വരെ ശരാശരി 78.5 ലക്ഷം തൊഴിലവസരങ്ങൾ കാർഷികേതര മേഖലയിൽ സൃഷ്ടിക്കേണ്ടതുണ്ട്.
· 2022-ലെ 50.7 കോടി പേരുമായി താരതമ്യം ചെയ്യുമ്പോൾ, 2050-ൽ രാജ്യം 64.7 കോടി പേരെ പരിപാലിക്കേണ്ടതുണ്ട്.
· ജി ഡി പി - യുടെ 2 ശതമാനത്തിന് തുല്യമായ നേരിട്ടുള്ള പൊതു നിക്ഷേപത്തിന് 11 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയും, അതിൽ 70 ശതമാനവും സ്ത്രീകൾക്ക് ലഭിക്കും.
അധ്യായം 9: കൃഷിയും ഭക്ഷ്യ പരിപാലനവും – നാം ശരിയായി മുന്നേറുന്നുവെങ്കിൽ നിരവധി അവസരങ്ങൾ
· കൃഷിയും അനുബന്ധ മേഖലകളും കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സ്ഥിരമായ നിലയിൽ 4.18 ശതമാനം വാർഷിക വളർച്ചാ നിരക്ക് രേഖപ്പെടുത്തി.
· ഇന്ത്യൻ കാർഷികമേഖലയുടെ അനുബന്ധ മേഖലകൾ ശക്തമായ വളർച്ചാ കേന്ദ്രങ്ങളായും കാർഷിക വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള വാഗ്ദാന സ്രോതസ്സുകളായും ക്രമാനുഗതമായി ഉയർന്നുവരുന്നു.
· 2024 ജനുവരി 31 വരെയുള്ള കണക്കനുസരിച്ച്, കാർഷിക മേഖലയ്ക്ക് വിതരണം ചെയ്ത മൊത്തം വായ്പ 22.84 ലക്ഷം കോടി രൂപയാണ്.
· 2024 ജനുവരി 31 വരെ, 9.4 ലക്ഷം കോടി രൂപ പരിധിയിൽ 7.5 കോടി കിസാൻ ക്രെഡിറ്റ് കാർഡ് (കെ സി സി) ബാങ്കുകൾ വിതരണം ചെയ്തു.
· 2015-16 മുതൽ 2023-24 വരെ ‘ഓരോ തുള്ളിക്കും കൂടുതൽ വിള’യ്ക്കു (പി ഡി എം സി) കീഴിൽ രാജ്യത്ത് 90.0 ലക്ഷം ഹെക്ടർ പ്രദേശം കണിക ജലസേചനത്തിനു കീഴിലാണ്.
· കാർഷിക ഗവേഷണത്തിൽ (വിദ്യാഭ്യാസമുൾപ്പെടെ) നിക്ഷേപിക്കുന്ന ഓരോ രൂപയ്ക്കും 13.85 രൂപ പ്രതിഫലം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
അധ്യായം 10: വ്യവസായം - ചെറുകിട, ഇടത്തരം കാര്യങ്ങൾ
· 2024 സാമ്പത്തിക വർഷത്തിലെ 8.2 ശതമാനം സാമ്പത്തിക വളർച്ചയെ വ്യാവസായിക വളർച്ചാ നിരക്ക് 9.5 ശതമാനമായി പിന്തുണച്ചു.
· പല മേഖലകളിലും തടസ്സങ്ങൾ ഉണ്ടെങ്കിലും, കഴിഞ്ഞ ദശകത്തിൽ ഉൽപ്പാദന മേഖല ശരാശരി വാർഷിക വളർച്ചാ നിരക്ക് 5.2 ശതമാനം കൈവരിച്ചു. രാസവസ്തുക്കൾ, മരം ഉൽപന്നങ്ങൾ, ഫർണിച്ചറുകൾ, ഗതാഗത ഉപകരണങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് പ്രധാന വളർച്ചാ ചാലക ശക്തികൾ.
· കഴിഞ്ഞ അഞ്ച് വർഷമായി കൽക്കരി ഉൽപ്പാദനം ത്വരിതപ്പെടുത്തിയത് ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാൻ സഹായിച്ചു.
· 50 ബില്യൺ ഡോളർ മൂല്യമുള്ള ഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ വിപണി വ്യാപ്തി അനുസരിച്ച് ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാണ്.
· ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര നിർമ്മാതാക്കളും കയറ്റുമതി ചെയ്യുന്ന മികച്ച അഞ്ച് രാജ്യങ്ങളിൽ ഒന്നുമാണ് ഇന്ത്യ.
· 2022 സാമ്പത്തിക വർഷത്തിലെ ആഗോള വിപണി വിഹിതത്തിന്റെ 3.7 ശതമാനം ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയാണ്.
· പി എൽ ഐ പദ്ധതികൾ 2024 മെയ് വരെ 1.28 ലക്ഷം കോടി രൂപയിലധികം നിക്ഷേപം ആകർഷിച്ചു. ഇത് 10.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദന/വിൽപ്പനയ്ക്കും 8.5 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമായി.
· ഗവേഷണ-വികസനത്തിനും നവീകരണത്തിനും പ്രോത്സാഹനം നൽകുന്നതിനും അക്കാദമിക മേഖലയുമായി സജീവമായ സഹകരണം ഉണ്ടാക്കി തൊഴിലാളികളുടെ നൈപുണ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനും വ്യവസായം മുൻകൈ എടുക്കണം.
അധ്യായം 11: സേവനങ്ങൾ - വളർച്ചാ അവസരങ്ങൾക്ക് ഊർജം പകരുന്നു
· മൊത്തത്തിലുള്ള മൂല്യവർധനയിലേക്കുള്ള (ജി വി എ) സേവന മേഖലയുടെ സംഭാവന ഇപ്പോൾ മഹാമാരിക്ക് മുമ്പുള്ള നിരക്കിലെത്തി, അതായത് ഏകദേശം 55% ആയി.
· സേവന മേഖലയിലാണ് ഏറ്റവും കൂടുതൽ സജീവമായ കമ്പനികൾ ഉള്ളത് (65 ശതമാനം). 2024 മാർച്ച് 31 വരെ ഇന്ത്യയിൽ ആകെ 16,91,495 സജീവ കമ്പനികൾ നിലവിലുണ്ട്.
· ആഗോളതലത്തിൽ, 2022-ലെ ലോക വാണിജ്യ സേവന കയറ്റുമതിയുടെ 4.4 ശതമാനമാണ് ഇന്ത്യയുടെ സേവന കയറ്റുമതി.
· കമ്പ്യൂട്ടർ സേവനങ്ങളും ബിസിനസ് സേവനങ്ങളും ഇന്ത്യയുടെ സേവന കയറ്റുമതിയുടെ 73 ശതമാനവും വഹിക്കുന്നു. കൂടാതെ 2024 സാമ്പത്തിക വർഷത്തിൽ മുൻവർഷത്തേക്കാൾ 9.6 ശതമാനം വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.
· ആഗോളതലത്തിൽ ഡിജിറ്റലായി വിതരണം ചെയ്യുന്ന സേവന കയറ്റുമതിയിൽ ഇന്ത്യയുടെ വിഹിതം 2019 ലെ 4.4 ശതമാനത്തിൽ നിന്ന് 2023 ൽ 6.0 ശതമാനമായി ഉയർന്നു.
· ഇന്ത്യയിലെ വ്യോമയാന മേഖല ഗണ്യമായി വളർന്നു, 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തുന്ന വിമാന യാത്രക്കാരുടെ ആകെ എണ്ണത്തിൽ 15 ശതമാനം വർധനവുണ്ടായി.
· ഇന്ത്യൻ വിമാനത്താവളങ്ങളിൽ കൈകാര്യം ചെയ്യുന്ന വ്യോമ ചരക്ക് നീക്കം 2024 സാമ്പത്തിക വർഷത്തിൽ 7 ശതമാനം വർധിച്ച് 33.7 ലക്ഷം ടണ്ണായി.
· 22.9 ശതമാനം വാർഷിക വളർച്ചയോടെ 2024 മാർച്ചിൽ സേവന മേഖലയുടെ വിഹിതം 45.9 ലക്ഷം കോടി രൂപയായാണ് 2024 സാമ്പത്തിക വർഷം അവസാനിച്ചത്.
· ഇന്ത്യൻ റെയിൽവേ സേവനം പ്രയോജനപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ ഏകദേശം 5.2 ശതമാനം വർധനയുണ്ടായി.
· റവന്യു വരുമാനം ലഭിക്കുന്ന ചരക്ക് കടത്ത് (കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡ് ഒഴികെ) മുൻ വർഷത്തെ അപേക്ഷിച്ച് 2024 സാമ്പത്തിക വർഷത്തിൽ 5.3 ശതമാനം വർധന രേഖപ്പെടുത്തി.
· 2023, വിനോദസഞ്ചാര വ്യവസായത്തിൽ, 92 ലക്ഷം വിദേശ വിനോദസഞ്ചാരികളുടെ വരവിനു സാക്ഷ്യം വഹിച്ചു, ഇത് 43.5 ശതമാനം വർദ്ധനവ് സൂചിപ്പിക്കുന്നു.
· 2023-ൽ, ഇന്ത്യയിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിൽപ്പന 2013-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലായിരുന്നു. ഇത് 33 ശതമാനം വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. മികച്ച എട്ട് നഗരങ്ങളിൽ മൊത്തം 4.1 ലക്ഷം യൂണിറ്റുകൾ വിറ്റു.
· ഇന്ത്യയിലെ ആഗോള വിഭവശേഷി കേന്ദ്രങ്ങൾ (ജിസിസി) 2015 സാമ്പത്തിക വർഷത്തിലെ 1,000-ലധികം കേന്ദ്രങ്ങളിൽ നിന്ന് 2023-ഓടെ 1,580-ലധികം കേന്ദ്രങ്ങളായി വളർന്നു.
· 2030-ഓടെ ഇന്ത്യൻ ഇ-കൊമേഴ്‌സ് വ്യവസായം 350 ശതകോടി ഡോളർ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.
· ഇന്ത്യയിലെ മൊത്തത്തിലുള്ള ടെലി സാന്ദ്രത ( ജനസംഖ്യയിലെ 100 പേരിൽ ടെലിഫോണുകൾ ഉള്ളവരുടെ എണ്ണം) 2014 മാർച്ചിലെ 75.2 ശതമാനത്തിൽ നിന്ന് 2024 മാർച്ചിൽ 85.7 ശതമാനമായി ഉയർന്നു. ഇന്റർനെറ്റ് സാന്ദ്രതയും 2024 മാർച്ചിൽ 68.2 ശതമാനമായി വർദ്ധിച്ചു.
· 2024 മാർച്ച് 31 വരെ, ഭാരത് നെറ്റ് I & II ഘട്ടങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ വഴി മൊത്തം 2,06,709 ഗ്രാമപഞ്ചായത്തുകളെ (GPs) ബന്ധിപ്പിക്കുന്ന 6,83,175 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ (OFC) സ്ഥാപിച്ചു.
· രണ്ട് സുപ്രധാന പരിവർത്തനങ്ങൾ ഇന്ത്യയുടെ സേവന മേഖലയെ പുനർനിർമ്മിക്കുന്നു: ആഭ്യന്തര സേവന വിതരണത്തിൽ ദ്രുതഗതിയിലുള്ള സാങ്കേതികവിദ്യാധിഷ്ഠിത പരിവർത്തനവും ഇന്ത്യയുടെ സേവന കയറ്റുമതിയുടെ വൈവിധ്യവൽക്കരണവും.
അധ്യായം 12: അടിസ്ഥാന സൗകര്യം - വളർച്ചാസാധ്യതയെ വർധിപ്പിക്കുന്നു
· സമീപ വർഷങ്ങളിൽ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വലിയ തോതിലുള്ള ധനസഹായം നൽകുന്നതിൽ പൊതുമേഖലാ നിക്ഷേപങ്ങൾ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
· ദേശീയപാത നിർമ്മാണത്തിൻ്റെ ശരാശരി വേഗത 2014 സാമ്പത്തിക വർഷത്തിലെ പ്രതിദിനം 11.7 കിലോമീറ്ററിൽ നിന്ന് ഏകദേശം 3 മടങ്ങ് വർദ്ധിച്ച് 2024 സാമ്പത്തിക വർഷം ആയപ്പോഴേക്കും പ്രതിദിനം 34 കിലോമീറ്ററായി.
· പുതിയ പാതകളുടെ നിർമ്മാണം, ഗേജ് പരിവർത്തനം,പാത ഇരട്ടിപ്പിക്കൽ എന്നിവയിൽ ഗണ്യമായ നിക്ഷേപം നടത്തിയതോടെ റെയിൽവേയുടെ മൂലധനച്ചെലവ് കഴിഞ്ഞ 5 വർഷത്തിനിടെ 77 ശതമാനം വർദ്ധിച്ചു.
· ഇന്ത്യൻ റെയിൽവേ 2025 സാമ്പത്തിക വർഷത്തിൽ, വന്ദേ മെട്രോ ട്രെയിൻസെറ്റ് കോച്ചുകൾ അവതരിപ്പിക്കും.
· 2024 സാമ്പത്തിക വർഷത്തിൽ, 21 വിമാനത്താവളങ്ങളിൽ പുതിയ ടെർമിനൽ കെട്ടിടങ്ങൾ പ്രവർത്തനക്ഷമമാക്കി. ഇത് യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി പ്രതിവർഷം ഏകദേശം 62 ദശലക്ഷം യാത്രക്കാർ എന്ന രീതിയിൽ വർദ്ധനയ്ക്കു കാരണമായി.
· ലോകബാങ്കിന്റെ ചരക്ക് നീക്ക പ്രകടന സൂചികയിൽ, അന്താരാഷ്ട്ര ഷിപ്പ്‌മെന്റ് വിഭാഗത്തിൽ ഇന്ത്യയുടെ റാങ്ക് 2014-ലെ 44-ൽ നിന്ന് 2023-ൽ 22-ാം സ്ഥാനത്തേക്ക് ഉയർന്നു.
· 2014-നും 2023-നും ഇടയിൽ സംശുദ്ധ ഊർജ്ജ മേഖലയിൽ 8.5 ലക്ഷം കോടി രൂപയുടെ (102.4 ശതകോടി ഡോളർ) പുതിയ നിക്ഷേപം ഉണ്ടായി
അധ്യായം 13: കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയും: എന്തുകൊണ്ട് നാം പ്രശ്നത്തെ നമ്മുടെ ലെൻസിലൂടെ നോക്കണം
· കാലാവസ്ഥ വ്യതിയാനം നേരിടുന്നതിനുള്ള നിലവിലെ ആഗോള തന്ത്രങ്ങൾ വികലവും സാർവത്രികമായി ബാധകവുമല്ല.
· പാശ്ചാത്യ സമീപനം പ്രശ്നത്തിന്റെ യഥാർത്ഥ കാരണത്തെ, അതായത് അമിത ഉപഭോഗത്തെ അഭിസംബോധന ചെയ്യാൻ ശ്രമിക്കുന്നില്ല. മറിച്ച് അമിത ഉപഭോഗം നേടുന്നതിനുള്ള ബദൽ മാർഗങ്ങൾ കണ്ടെത്തുന്നു.
· എല്ലാവർക്കും അനുയോജ്യമായ ഒരു സമീപനം പ്രായോഗികം അല്ല. വികസ്വര രാജ്യങ്ങൾക്ക് അവരുടെ സ്വന്തം വഴികൾ തിരഞ്ഞെടുക്കാൻ സ്വാതന്ത്ര്യം ആവശ്യമാണ്.
· വികസിത ലോകത്തിന്റെ പല ഭാഗങ്ങളിലെയും അമിത ഉപഭോഗ സംസ്‌കാരത്തിൽ നിന്ന് വ്യത്യസ്തമായി, പ്രകൃതിയുമായുള്ള പരസ്പര ചേർച്ചയുള്ള ബന്ധത്തിന് ഇന്ത്യയുടെ ധർമചിന്ത ഊന്നൽ നൽകുന്നു.
· 'പരമ്പരാഗത ബഹു-തലമുറ കുടുംബങ്ങളിലേക്ക്' മാറുന്നത് സുസ്ഥിര ഭവന സംവിധാനത്തിലേക്കുള്ള പാത സൃഷ്ടിക്കും.
· "മിഷൻ ലൈഫ്"-ആഗോള കാലാവസ്ഥാ വ്യതിയാനത്തിൻ്റെ മൂലകാരണമായ അമിത ഉപഭോഗത്തേക്കാൾ, വിവേകത്തോടെയുള്ള ഉപഭോഗം പ്രോത്സാഹിപ്പിക്കുന്ന മനുഷ്യ-പ്രകൃതി ഐക്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
--NS--
(Release ID: 2035449)
Visitor Counter : 339
Read this release in:
Telugu
,
Tamil
,
Odia
,
English
,
Urdu
,
Hindi
,
Nepali
,
Manipuri
,
Punjabi
,
Gujarati
,
Kannada