പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓസ്ട്രിയൻ ചാൻസലറുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നടത്തിയ പത്രപ്രസ്താവന

Posted On: 10 JUL 2024 5:27PM by PIB Thiruvananthpuram

ഏറ്റവും ശ്രേഷ്ഠനായ ചാന്‍സലര്‍ കാള്‍ നെഹാമര്‍,

ഇരു രാജ്യങ്ങളിലെയും പ്രതിനിധികളേ,
മാധ്യമ പ്രവര്‍ത്തകരേ

ആശംസകള്‍.

ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും ചാന്‍സലര്‍ നെഹാമറിനോട് ഞാന്‍ ആദ്യമേ നന്ദി രേഖപ്പെടുത്തുന്നു. എന്റെ മൂന്നാം ഊഴത്തിന്റെ തുടക്കത്തില്‍ തന്നെ ഓസ്ട്രിയ സന്ദര്‍ശിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്റെ ഈ സന്ദര്‍ശനം ചരിത്രപരവും സവിശേഷവുമാണ്. നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നു. നമ്മുടെ ഉഭയകക്ഷി ബന്ധം 75 വര്‍ഷം തികയുന്ന വേളയിലാണ് ഈ സന്ദര്‍ശനം നടക്കുന്നത് എന്നതും സന്തോഷകരമായ യാദൃശ്ചികതയാണ്.

സുഹൃത്തുക്കളേ,

ജനാധിപത്യവും നിയമവാഴ്ചയും പോലുള്ള മൂല്യങ്ങളിലുള്ള നമ്മുടെ പരസ്പര വിശ്വാസം നമ്മുടെ ബന്ധത്തിന്റെ ശക്തമായ അടിത്തറയാണ്. പരസ്പര വിശ്വാസവും സംയുക്ത താല്‍പ്പര്യങ്ങളും നമ്മുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ഇന്ന് ചാന്‍സലര്‍ നെഹാമറും ഞാനും വളരെ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ നടത്തി. നമ്മുടെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ അവസരങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. നമ്മുടെ ബന്ധത്തിന് തന്ത്രപരമായ ദിശാബോധം നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വരും ദശകങ്ങളിലെ സഹകരണത്തിനുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഇത് സാമ്പത്തിക സഹകരണത്തിലും നിക്ഷേപത്തിലും മാത്രം ഒതുങ്ങുന്നില്ല. അടിസ്ഥാന സൗകര്യ വികസനം, നവീകരണം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ഹൈഡ്രജന്‍, ജലം, മാലിന്യ സംസ്‌കരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ക്വാണ്ടം ടെക്നോളജി തുടങ്ങിയ മേഖലകളില്‍ ഞങ്ങളുടെ ശക്തികള്‍ സംയോജിപ്പിക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കും. ഇരു രാജ്യങ്ങളിലെയും യുവാക്കളെയും ആശയങ്ങളെയും ബന്ധിപ്പിക്കുന്നതിന്, സ്റ്റാര്‍ട്ടപ്പ് ബ്രിഡ്ജ് ത്വരിതപ്പെടുത്തും. മൊബിലിറ്റി ആന്റ് മൈഗ്രേഷന്‍ പാര്‍ട്ണര്‍ഷിപ്പ് സംബന്ധിച്ച ഒരു കരാറില്‍ എത്തിക്കഴിഞ്ഞു. ഇത് നിയമപരമായ കുടിയേറ്റത്തിനും വിദഗ്ധ തൊഴിലാളികളുടെ നീക്കത്തിനും സഹായകമാകും. സാംസ്‌കാരിക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള കൈമാറ്റം പ്രോത്സാഹിപ്പിക്കും.

സുഹൃത്തുക്കളേ,

ഞങ്ങള്‍ നില്‍ക്കുന്ന ഈ ഹാള്‍ വളരെ ചരിത്രപരമാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചരിത്രപ്രസിദ്ധമായ വിയന്ന കോണ്‍ഗ്രസ് ഇവിടെ നടന്നിരുന്നു. ആ സമ്മേളനം യൂറോപ്പിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ദിശാബോധം നല്‍കി. ഉക്രെയ്നിലെ സംഘര്‍ഷമായാലും പശ്ചിമേഷ്യയിലെ സാഹചര്യമായാലും ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങളെക്കുറിച്ച് ഞാനും ചാന്‍സലര്‍ നെഹാമറും വിശദമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇത് യുദ്ധത്തിനുള്ള സമയമല്ലെന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. യുദ്ധഭൂമിയില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവില്ല. എവിടെയും നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത് അംഗീകരിക്കാനാവില്ല. സമാധാനവും സുസ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയും ഓസ്ട്രിയയും സംഭാഷണത്തിനും നയതന്ത്രത്തിനും ഊന്നല്‍ നല്‍കുന്നു. ഇത് നേടുന്നതിന് സാധ്യമായ എല്ലാ സഹകരണവും നല്‍കാന്‍ ഞങ്ങള്‍ രണ്ടുപേരും തയ്യാറാണ്.

സുഹൃത്തുക്കളേ,

ഇന്ന്, കാലാവസ്ഥാ വ്യതിയാനം, ഭീകരത തുടങ്ങിയ മാനവികത നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ഞങ്ങളുടെ ചിന്തകളും ഞങ്ങള്‍ പങ്കുവെച്ചു. കാലാവസ്ഥയുമായി ബന്ധപ്പെട്ട്, അന്താരാഷ്ട്ര സൗരോര്‍ജ സഖ്യം, ദുരന്തങ്ങളെ പ്രതിരോധിക്കാനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സഖ്യം, ജൈവ ഇന്ധന സഖ്യം തുടങ്ങിയ ഞങ്ങളുടെ സംരംഭങ്ങളില്‍ ചേരാന്‍ ഞങ്ങള്‍ ഓസ്ട്രിയയെ ക്ഷണിക്കുന്നു. ഞങ്ങള്‍ രണ്ടുപേരും തീവ്രവാദത്തെ ശക്തമായി അപലപിക്കുന്നു. ഇത് ഒരു തരത്തിലും സ്വീകാര്യമല്ലെന്നും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും ഞങ്ങള്‍ സമ്മതിക്കുന്നു. ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിലും പരിഷ്‌കാരങ്ങള്‍ കൂടുതല്‍ സമകാലികവും ഫലപ്രദവുമാക്കേണ്ടതിന്റെ ആവശ്യകതയെ ഞങ്ങള്‍ അംഗീകരിക്കുന്നു.

സുഹൃത്തുക്കളേ,

വരും മാസങ്ങളില്‍ ഓസ്ട്രിയയില്‍ തിരഞ്ഞെടുപ്പ് നടക്കും. ജനാധിപത്യത്തിന്റെ മാതാവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായ ഇന്ത്യയിലെ, ജനതയുടെ പേരില്‍ ചാന്‍സലര്‍ നെഹാമറിനും ഓസ്ട്രിയയിലെ ജനങ്ങള്‍ക്കും ഞാന്‍ എന്റെ ആശംസകള്‍ നേരുന്നു. അല്‍പസമയത്തിനകം ഇരു രാജ്യങ്ങളിലെയും സി ഇ ഒമാരുമായി ഞങ്ങള്‍ കൂടിക്കാഴ്ച നടത്തും. ബഹുമാനപ്പെട്ട ഓസ്ട്രിയന്‍ പ്രസിഡന്റിനെ കാണാനുള്ള സൗഭാഗ്യവും എനിക്കുണ്ടാകും. ഒരിക്കല്‍ കൂടി, ചാന്‍സലര്‍ നെഹാമറിന്റെ സൗഹൃദത്തിന് ഞാന്‍ എന്റെ നന്ദി അറിയിക്കുകയും അദ്ദേഹത്തെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു. വളരെ നന്ദി.

 

-NS-



(Release ID: 2033814) Visitor Counter : 12