പ്രധാനമന്ത്രിയുടെ ഓഫീസ്
എസ്‌സിഒ കൗൺസിൽ രാഷ്ട്രത്തലവന്മാരുടെ യോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന
യോഗത്തിൻറെ പ്രമേയം : ‘ബഹുമുഖ ചർച്ച ശക്തിപ്പെടുത്തൽ – സുസ്ഥിര സമാധാനത്തിനും വികസനത്തിനും വേണ്ടിയുള്ള പരിശ്രമം’.
Posted On:
04 JUL 2024 6:04PM by PIB Thiruvananthpuram
യോഗത്തിൽ പങ്കെടുത്ത കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന അവതരിപ്പിച്ചത്.
ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങൾ, ഭൗമ-സാമ്പത്തിക ശക്തികൾ, ഭൗമ-സാങ്കേതിക മുന്നേറ്റങ്ങൾ എന്നിവയാൽ അപാരമായ മാറ്റങ്ങൾക്കാണ് ലോകം ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. അവയ്‌ക്കെല്ലാം വ്യാപകമായ പ്രത്യാഘാതങ്ങളുണ്ട്. നാം ശ്രദ്ധിച്ചു നോക്കുമ്പോൾ, അവയിൽ നിന്ന് വ്യവസ്ഥാപിതമായ വെല്ലുവിളികളും അവസരങ്ങളും ഉയർന്നുവരുന്നതായി കാണാം . നാം അവയെ അഭിസംബോധന ചെയ്യുമ്പോൾ പോലും, ലോകം ഒഴിച്ചുകൂടാനാവാത്തവിധം ബഹുധ്രുവത്തിലേക്ക് നീങ്ങുകയാണെന്ന് നമുക്ക് വ്യക്തമാകുന്നു . അത്തരമൊരു സാഹചര്യത്തിൽ, എസ്‌സിഒ കൂടുതൽ പ്രാധാന്യമർഹിക്കുന്നു . എന്നാൽ അതിൻറെ യഥാർത്ഥ മൂല്യം നാം എല്ലാവരും എത്രത്തോളം മികച്ച രീതിയിൽ സഹകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. എസ്‌സിഒയ്ക്കുള്ളിൽ ഞങ്ങൾ ആ ചർച്ച നടത്തിക്കഴിഞ്ഞു.ആ ചർച്ച ശേഷിക്കുന്ന കുടുംബാംഗങ്ങൾക്കും ബാധകമാണ്.
വെല്ലുവിളികളെക്കുറിച്ച് പറയുമ്പോൾ, തീർച്ചയായും നമ്മിൽ പലർക്കും ആദ്യം പറയാനുള്ളത് ഭീകരവാദത്തെ കുറിച്ചായിരിക്കും . ലോകത്തെ അസ്ഥിരപ്പെടുത്താനുള്ള ഉപകരണമായി ചില രാഷ്ട്രങ്ങൾ അതിനെ ഉപയോഗിക്കുന്നത് തുടരുന്നു എന്നതാണ് സത്യം. അതിർത്തി കടന്നുള്ള ഭീകരതയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് സ്വന്തം അനുഭവങ്ങളുണ്ട്. ഏതെങ്കിലും തരത്തിലോ രൂപത്തിലോ ഉള്ള ഭീകരവാദത്തെ ന്യായീകരിക്കാനോ അംഗീകരിക്കാനോ കഴിയില്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു . ഭീകരർക്ക് അഭയം നൽകുന്നത് ശക്തമായി അപലപിക്കേണ്ടതാണ്. അതിർത്തി കടന്നുള്ള ഭീകരതയ്ക്ക് ശക്തമായ പ്രതികരണം ആവശ്യമാണ്. ഭീകരവാദ പ്രവർത്തനങ്ങൾക്കായി ധനസഹായവും റിക്രൂട്ട്മെൻറും നടത്തുന്നത് ഫലപ്രദമായി നേരിടണം. എസ്‌സിഒ ഒരിക്കലും അതിൻറെ പ്രതിബദ്ധതയിൽ വീഴ്ച വരുത്തരുത്. ഇക്കാര്യത്തിൽ നമുക്ക് ഇരട്ടത്താപ്പ് പാടില്ല.
ഭൗമ-സാമ്പത്തികശാസ്ത്രത്തിൻറെ കാര്യം വരുമ്പോൾ, വിശ്വസനീയവും, പുനരുജീവനശേഷിയുള്ളതുമായ ഒന്നിലധികം വിതരണ ശൃംഖലകൾ സൃഷ്ടിക്കുക എന്നതാണ് ഇന്നത്തെ ആവശ്യം. കോവിഡ് സാഹചര്യത്തിൽ നിന്നുള്ള ഒരു പ്രധാന അനുഭവ പാഠമാണിത് . 'മെയ്ക്ക് ഇൻ ഇന്ത്യ'യ്ക്ക് ആഗോള വളർച്ചാ എഞ്ചിനുകളുടെ ഭാഗമാകാനും ആഗോള സമ്പദ്‌വ്യവസ്ഥയെ ജനാധിപത്യവൽക്കരിക്കാൻ സഹായിക്കാനും കഴിയും. വിഭവ ശേഷി വർദ്ധിപ്പിക്കുന്നതിൽ മറ്റുള്ളവരുമായി, പ്രത്യേകിച്ച് ഗ്ലോബൽ സൗത്തിലെ രാജ്യങ്ങളുമായി പങ്കാളിത്തത്തിന് ഇന്ത്യ സന്നദ്ധമായിരിക്കുന്നു.
സാങ്കേതികവിദ്യ നമ്മുടെ കാലത്ത് വലിയ വാഗ്ദാനങ്ങൾ നൽകുന്നുവെന്ന് മാത്രമല്ല, വികസനത്തിലും സുരക്ഷയിലും കൂടുതൽ നിർണായക ഘടകമായി മാറിയിരിക്കുന്നു. ഡിജിറ്റൽ യുഗത്തിന് കൂടുതൽ വിശ്വാസ്യതയും സുതാര്യതയും ആവശ്യമാണ്. നിർമ്മിത ബുദ്ധിയും സൈബർ സുരക്ഷയും അവയുടേതായ ചില നിർണായക പ്രശ്‌നങ്ങൾ ഉയർത്തുന്നു. അതേസമയം, പൊതു ഡിജിറ്റൽ അടിസ്ഥാന സൗകര്യത്തിനും ഡിജിറ്റൽ സാമ്പത്തിക ഉൾച്ചേർക്കലിനും എത്ര വലിയ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു.ഇവ രണ്ടും ഞങ്ങളുടെ എസ്‌സിഒ ആധ്യക്ഷ കാലയളവിൽ ചർച്ച ചെയ്യപ്പെട്ടു. എസ്‌സിഒ അംഗങ്ങളും പങ്കാളികളും ഉൾപ്പെടുന്ന അന്താരാഷ്ട്ര സഹകരണത്തിനുള്ള സാധ്യതയും അത് വിപുലീകരിക്കുന്നു.
വെല്ലുവിളികളില്‍ ഉറച്ചുനില്‍ക്കുമ്പോഴൂം, സജീവതയോടെയും സഹകരണത്തോടെയും പുരോഗതിയുടെ വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതും അതുപോലെ പ്രധാനമാണ്. മികച്ച രീതിയില്‍ പുനഃസന്തുലിതമായ ലോകത്തെ സേവിക്കുന്ന പുതിയ ബന്ധിപ്പിക്കല്‍ ലിങ്കേജുകള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ആഗോള സംവാദം. ഇതിന് ഗൗരവമായ ആക്കം കൂട്ടണമെങ്കില്‍ നിരവധിപേരുടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. ഇത് രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കുന്നതും വിവേചനരഹിതമായ വ്യാപാരത്തിന്റെയും അയല്‍ക്കാര്‍ക്കുള്ള സഞ്ചാര അവകാശങ്ങളുടെയും അടിത്തറയില്‍ രൂപപ്പെടുത്തിയതുമായിരിക്കണം. വിപുലീകൃതമായ എസ്.സി.ഒ കുടുംബത്തിന് വേണ്ടി, ഇന്ത്യയും ഇറാനും തമ്മിലുള്ള ദീര്‍ഘകാല കരാറിലൂടെ അടുത്തിടെ ചബഹാര്‍ തുറമുഖത്ത് കൈവരിച്ച പുരോഗതിയെ ഞങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. ഇത് ഭൂപ്രദേശമായ മധ്യേഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ മൂല്യം നല്‍കുക മാത്രമല്ല, ഇന്ത്യയും യുറേഷ്യയും തമ്മിലുള്ള വാണിജ്യത്തിനുള്ള അപകടം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ മേഖലയെക്കുറിച്ചാകുമ്പോള്‍, അഫ്ഗാനിസ്ഥാനെക്കുറിച്ചും ഞാന്‍ സംസാരിക്കട്ടെ. നമ്മുടെ ജനവിഭാഗങ്ങള്‍ തമ്മിലുള്ള ചരിത്രപരമായ ബന്ധം നമുക്കുണ്ട്, അത് നമ്മുടെ ബന്ധങ്ങളുടെ അടിത്തറയാണ്. വികസന പദ്ധതികള്‍, മാനുഷിക സഹായം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍, കായികം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഞങ്ങളുടെ സഹകരണം. അഫ്ഗാന്‍ ജനതയുടെ ആവശ്യങ്ങളോടും അഭിലാഷങ്ങളോടും ഇന്ത്യ സംവേദനക്ഷമത പുലര്‍ത്തുന്നുമുണ്ട്.
നിലവിലെ അന്താരാഷ്ട്ര ക്രമം പരിഷ്‌കരിക്കുന്നതിനുള്ള പ്രതിബദ്ധത എസ്.സി.ഒ വിപുലീകൃത കുടുംബം പങ്കിടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലേക്കും അതിന്റെ രക്ഷാസമിതിയിലേക്കും ആ ശ്രമങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ മാത്രമേ ഇത് സാദ്ധ്യമാകൂ. സമീപഭാവിയില്‍, മുന്നോട്ടുള്ള പാതയിലേയ്ക്ക് ശക്തമായ ഒരു സമവായം വളര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
എസ്.സി.ഒയുടെ സാമ്പത്തിക അജന്‍ഡ മെച്ചപ്പെടുത്തുന്നതില്‍ ഇന്ത്യ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്. എസ്.സി.ഒ സ്റ്റാര്‍ട്ടപ്പ് ഫോറം, സ്റ്റാര്‍ട്ടപ്പിലേയും നൂതനാശയങ്ങളിലേയും പ്രത്യേക കര്‍മ്മസമിതി തുടങ്ങിയ സ്ഥാപനവല്‍ക്കരിച്ച സംവിധാനങ്ങള്‍ നമുക്കുണ്ട്. 100 യൂണികോണുകള്‍ ഉള്‍പ്പെടെ 130,000 സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയില്‍ ഉള്ളതിനാല്‍, ഞങ്ങളുടെ അനുഭവം മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാകും.
മെഡിക്കല്‍, സൗഖ്യ ടൂറിസത്തിന്റെ കാര്യം വരുമ്പോള്‍, ലോകാരോഗ്യ സംഘടന ഗുജറാത്തില്‍ പരമ്പരാഗത വൈദ്യശാസ്ത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള ഒരു ആഗോള കേന്ദ്രത്തെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കാം. എസ്.സി.ഒയില്‍, പരമ്പരാഗത വൈദ്യശാസ്ത്രത്തെക്കുറിച്ചുള്ള പുതിയ എസ്.സി.ഒ കര്‍മ്മസമിതിക്ക് ഇന്ത്യ മുന്‍കൈ എടുത്തിട്ടുണ്ട്.
വിദ്യാഭ്യാസം, പരിശീലനം, കാര്യശേഷി വര്‍ദ്ധിപ്പിക്കല്‍ എന്നിവ ഇന്ത്യയുടെ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രധാന സ്തംഭങ്ങളാണ്. സി5 പങ്കാളികള്‍ക്കൊപ്പമോ അയല്‍പക്കം ആദ്യത്തിനൊപ്പമോ അല്ലെങ്കില്‍ വിപുലമായ അയല്‍പക്കത്തിലോ എന്തിലായാലും, അത് കൂടുതല്‍ കെട്ടിപ്പടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
കൂടുതല്‍ രാജ്യങ്ങള്‍ നിരീക്ഷകരോ സംഭാഷണ പങ്കാളികളോ ആയി എസ്.സി.ഒയുമായി സഹകരിക്കാന്‍ ആഗ്രഹിക്കുന്നതിനാല്‍, മികച്ച ആശയവിനിമയം നടത്താനും നമ്മുടെ സമവായം കൂടുതല്‍ ആഴത്തിലാക്കാനും നാം ശ്രമിക്കണം. ഇംഗ്ലീഷിന് മൂന്നാമത്തെ ഔദ്യോഗിക ഭാഷ എന്ന പദവി നല്‍കുന്നതും നിര്‍ണായകമാകും.
വിജയകരമായ ഒരു ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിന് ഞങ്ങള്‍ കസാഖ് പക്ഷത്തെ അഭിനന്ദിക്കുന്നു. വിശ്വബന്ധു, അല്ലെങ്കില്‍ ലോകത്തിന്റെ സുഹൃത്ത് എന്ന നിലയില്‍, എല്ലാ പങ്കാളികളുമായും സഹകരണം ആഴത്തിലാക്കാന്‍ ഇന്ത്യ എപ്പോഴും പരിശ്രമിക്കും. വരാനിരിക്കുന്ന ചൈനയുടെ ആദ്ധ്യക്ഷത്തിലുള്ള എസ്.സി.ഒയുടെ വിജയത്തിനും ഞങ്ങള്‍ ആശംസകള്‍ നേരുന്നു.
NS
(Release ID: 2030835)
Visitor Counter : 101
Read this release in:
Tamil
,
English
,
Urdu
,
Marathi
,
Hindi
,
Hindi_MP
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada