പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജി7 ഉച്ചകോടിക്കിടെ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

Posted On: 14 JUN 2024 4:28PM by PIB Thiruvananthpuram

ഇറ്റലിയിലെ അപുലിയയില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ശ്രീ ഇമ്മാനുവല്‍ മാക്രോണും തമ്മില്‍ ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തി. തുടര്‍ച്ചയായി മൂന്നാം തവണയും അധികാരമേറ്റതിന് പ്രസിഡന്റ് മാക്രോൺ നേർന്ന ഊഷ്മളമായ ആശംസകള്‍ക്ക് പ്രധാനമന്ത്രി നന്ദി പറഞ്ഞു.

ഹൊറൈസണ്‍ 2047 മാര്‍ഗ്ഗരേഖയിലും ഇന്തോ-പസഫിക് മാര്‍ഗ്ഗരേഖയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ഇരു നേതാക്കളും ഇന്ത്യ-ഫ്രാന്‍സ് ഉഭയകക്ഷി ബന്ധം അവലോകനം ചെയ്തു. പ്രതിരോധ, ആണവ, ബഹിരാകാശ, വിദ്യാഭ്യാസ, കാലാവസ്ഥാ പ്രവര്‍ത്തന, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, ബന്ധിപ്പിക്കല്‍, ദേശീയ മ്യൂസിയം പങ്കാളിത്തം തുടങ്ങിയ സാംസ്‌കാരിക മുന്‍കൈകള്‍, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തല്‍ എന്നിവയിലെ സഹകരണം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെടുന്നു. 'മേക്ക് ഇന്‍ ഇന്ത്യയി'ല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് തന്ത്രപ്രധാനമായ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് ഇരുകക്ഷികളും ധാരണയില്‍ എത്തി.
2025-ല്‍ ഫ്രാന്‍സ് ആതിഥേയത്വം വഹിക്കാനിരിക്കുന്ന നിര്‍മ്മിത ബുദ്ധി ഉച്ചകോടിയുടെയും ഐക്യരാഷ്ട്രസഭയുടെ ഓഷ്യന്‍സ് കോണ്‍ഫറന്‍സിന്റെയും പശ്ചാത്തലത്തില്‍ കൂട്ടായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം, നിര്‍മ്മിത ബുദ്ധി, നിര്‍ണായകവും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകള്‍, ഊര്‍ജ്ജം, കായികം എന്നീ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനും ധാരണയായി.

പ്രധാന ആഗോള, പ്രാദേശിക വിഷയങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ഇരു നേതാക്കള്‍ കൈമാറി. സുസ്ഥിരവും സമൃദ്ധവുമായ ആഗോള ക്രമത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ശക്തവും വിശ്വസനീയവുമായ തന്ത്രപരമായ പങ്കാളിത്തം നിര്‍ണായകമാണെന്ന് ഊന്നിപ്പറഞ്ഞ അവര്‍, അത് കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിന് യോജിച്ച് പ്രവര്‍ത്തിക്കാനും തീരുമാനിച്ചു.
നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിനും പാരാലിമ്പിക്‌സിനും പ്രസിഡന്റ് മാക്രോണിന് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.

 

SK



(Release ID: 2025331) Visitor Counter : 44